മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കുക ഭാഗം 2
“നിങ്ങൾക്കു വേണ്ടത് എന്താണെന്ന് . . . നിങ്ങളുടെ പിതാവ് അറിയുന്നുവല്ലോ.”—മത്താ. 6:8.
1-3. തന്റെ ആവശ്യങ്ങൾ യഹോവ മനസ്സിലാക്കിയെന്ന് ഒരു സഹോദരി അനുഭവിച്ചറിഞ്ഞത് എങ്ങനെ?
ജർമനിയിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ ആ സംഭവം സാധാരണ മുൻനിരസേവകയായ ലാന ഒരിക്കലും മറക്കില്ല. 2012-ൽ ആയിരുന്നു അത്. തന്റെ രണ്ടു പ്രാർഥനകൾക്ക് യഹോവ ഉത്തരം നൽകിയത് അവൾ അനുഭവിച്ചറിഞ്ഞു. എയർപോർട്ടിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ തനിക്ക് സുവാർത്ത അറിയിക്കാൻ പറ്റിയ ആരെയെങ്കിലും കണ്ടെത്താൻ സഹായിക്കണമേ എന്ന് അവൾ യഹോവയോടു പ്രാർഥിച്ചു. എയർപോർട്ടിൽ എത്തിയപ്പോഴാണ് താൻ പോകാനിരുന്ന വിമാനം ചില കാരണങ്ങളാൽ അടുത്ത ദിവസമേ പോകുകയുള്ളൂ എന്ന് അവൾ അറിഞ്ഞത്. ലാന സഹായത്തിനായി യഹോവയോട് പ്രാർഥിച്ചു. കാരണം, അന്ന് അവൾക്ക് താമസിക്കാൻ ഒരിടം വേണമായിരുന്നു. കയ്യിലാകട്ടെ അധികം പണവുമില്ലായിരുന്നു.
2 ലാന പ്രാർഥിച്ച് കഴിഞ്ഞപ്പോൾ “ലാനാ, നീ എന്താ ഇവിടെ” എന്നാരോ ചോദിക്കുന്നത് അവൾ കേട്ടു. അവളോടൊപ്പം സ്കൂളിൽ പഠിച്ചിരുന്ന ഒരു ചെറുപ്പക്കാരനായിരുന്നു അത്. അവന്റെ അമ്മയും അമ്മൂമ്മയും കൂടെയുണ്ടായിരുന്നു. സൗത്ത് ആഫ്രിക്കയിലേക്കു പോകുന്ന അവനെ യാത്ര അയയ്ക്കാൻ വന്നതായിരുന്നു അവർ. തന്റെ അപ്പോഴത്തെ അവസ്ഥ ലാന പറഞ്ഞപ്പോൾ അവർ അവളെ താമസിക്കാൻ വീട്ടിലേക്കു വിളിച്ചു. അവളുടെ വിശ്വാസത്തെക്കുറിച്ചും മുൻനിരസേവകയെന്ന നിലയിലുള്ള പ്രവർത്തനത്തെക്കുറിച്ചും അവർ അവളോട് അനേകം ചോദ്യങ്ങൾ ചോദിച്ചു.
3 അടുത്ത ദിവസം പ്രഭാതഭക്ഷണത്തിനു ശേഷം ബൈബിളിനെക്കുറിച്ചുള്ള അവരുടെ മറ്റു ചോദ്യങ്ങൾക്കും ലാന ഉത്തരം കൊടുത്തു. അവരുമായി തുടർന്നും ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യാൻ ആരെയെങ്കിലും ഏർപ്പാടാക്കുന്നതിനുവേണ്ടി ലാന അവരുടെ അഡ്രസ്സ് വാങ്ങി. ലാന സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തി. അവൾ ഇപ്പോഴും മുൻനിരസേവനം തുടരുന്നു. യഹോവ തന്റെ ആവശ്യങ്ങൾ അറിഞ്ഞ് പ്രാർഥനയ്ക്ക് ഉത്തരം നൽകിയതായി അവൾക്ക് അനുഭവപ്പെട്ടു.—സങ്കീ. 65:2.
4. ഏത് ആവശ്യങ്ങളെക്കുറിച്ച് നമ്മൾ ചർച്ച ചെയ്യും?
4 പെട്ടെന്ന് എന്തെങ്കിലും ഒരു പ്രശ്നമുണ്ടാകുമ്പോൾ നമ്മൾ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നത് സ്വാഭാവികമാണ്. നമ്മുടെ പ്രാർഥനകൾ കേൾക്കുന്നത് അവന് സന്തോഷവുമാണ്. (സങ്കീ. 34:15; സദൃ. 15:8) എന്നാൽ പ്രാർഥനയിൽ ഉൾപ്പെടുത്തേണ്ട കൂടുതൽ പ്രാധാന്യമർഹിക്കുന്ന നമ്മുടെ ചില ആവശ്യങ്ങളെക്കുറിച്ചും യേശു മാതൃകാപ്രാർഥനയിൽ പഠിപ്പിച്ചു. യഹോവയോട് വിശ്വസ്തരായി നിലനിൽക്കാൻ മാതൃകാപ്രാർഥനയിലെ അവസാനത്തെ നാല് യാചനകൾ നമ്മളെ സഹായിക്കുന്ന വിധം ഈ ലേഖനത്തിൽ ചർച്ച ചെയ്യും.—മത്തായി 6:11-13 വായിക്കുക.
“ഇന്നത്തേക്കുള്ള അപ്പം ഞങ്ങൾക്ക് ഇന്നു നൽകേണമേ”
5, 6. നമുക്ക് സമൃദ്ധമായി ഭക്ഷണമുണ്ടെങ്കിലും ‘ഞങ്ങൾക്ക് അപ്പം’ തരേണമേയെന്ന് യാചിക്കാൻ യേശു പഠിപ്പിച്ചത് എന്തുകൊണ്ട്?
5 ‘ഞങ്ങൾക്ക് അപ്പം’ തരേണമേ എന്ന് യാചിക്കാനാണ് യേശു പറഞ്ഞത്; അല്ലാതെ ‘എനിക്ക് അപ്പം’ തരേണമേ എന്നല്ല. ആഫ്രിക്കയിലെ ഒരു സർക്കിട്ട് മേൽവിചാരകനായ വിക്ടർ പറഞ്ഞത് ഇങ്ങനെയാണ്: “അടുത്ത നേരത്തെ ഭക്ഷണം എവിടെയായിരിക്കും, വാടക ആരു കൊടുക്കും എന്നൊക്കെ എനിക്കും ഭാര്യയ്ക്കും ഉത്കണ്ഠപ്പെടേണ്ടതില്ലാത്തതിൽ ഞാൻ മിക്കപ്പോഴും യഹോവയോട് ഹൃദയത്തിൽനിന്നു നന്ദി പറയാറുണ്ട്. സഹോദരങ്ങൾ എല്ലാ ദിവസവും ഞങ്ങൾക്കായി സ്നേഹപുരസ്സരം കരുതുന്നു. ഞങ്ങളെ സഹായിക്കുന്നവരുടെ സാമ്പത്തികാവശ്യങ്ങൾ നന്നായി നിറവേറ്റാൻ അവരെ സഹായിക്കണമേ എന്നും ഞാൻ പ്രാർഥിക്കുന്നു.”
6 നമുക്ക് കഴിക്കാൻ സമൃദ്ധമായി ഭക്ഷണമുണ്ടായിരിക്കാം. പക്ഷേ നമ്മുടെ അനേകം സഹോദരങ്ങൾ പാവപ്പെട്ടവരാണ്; ചിലരാകട്ടെ പ്രകൃതിദുരന്തങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്നവരും. അവർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാമെന്നു മാത്രമല്ല, അവരെ സഹായിക്കാൻ എന്തെങ്കിലും ചെയ്യാനും കഴിയും. ഉദാഹരണത്തിന്, നമുക്കുള്ളത് അവരുമായി പങ്കുവെക്കാനായേക്കും. അതുപോലെ, യഹോവയുടെ ജനത്തിന്റെ ലോകവ്യാപകവേലയ്ക്ക് ക്രമമായി സംഭാവന ചെയ്യാനാകും. ദുരിതത്തിലായിരിക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കാനുംകൂടിയാണ് നമ്മുടെ സംഭാവനകൾ ഉപയോഗിക്കുന്നതെന്ന് നമുക്ക് അറിയാം.—1 യോഹ. 3:17.
7. നമ്മൾ “നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്ന് യേശു പഠിപ്പിച്ചത് എങ്ങനെ?
7 മാതൃകാപ്രാർഥന പഠിപ്പിച്ചതിനു ശേഷം പണത്തിനും മറ്റു വസ്തുവകകൾക്കും അമിതപ്രാധാന്യം നൽകരുതെന്നും യേശു പഠിപ്പിച്ചു. “വയൽച്ചെടികളെ ദൈവം ഇങ്ങനെ ചമയിക്കുന്നു എങ്കിൽ, അൽപ്പവിശ്വാസികളേ, നിങ്ങളെ എത്രയധികം! അതിനാൽ, . . . ‘ഞങ്ങൾ എന്ത് ഉടുക്കും?’ എന്ന് ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്ന് യേശു പറഞ്ഞു. തുടർന്ന്, “നാളെയെക്കുറിച്ച് ഒരിക്കലും ഉത്കണ്ഠപ്പെടരുത്” എന്ന് യേശു ആവർത്തിച്ചു. (മത്താ. 6:30-34) ഭാവിയിലെ നമ്മുടെ ആവശ്യങ്ങൾ ഓർത്ത് നമ്മൾ ആകുലപ്പെടേണ്ടതില്ല. പകരം ഓരോ ദിവസത്തെയും നമ്മുടെ അടിസ്ഥാനാവശ്യങ്ങൾ നിറവേറുന്നതിൽ നമ്മൾ തൃപ്തരായിരിക്കണം. ഉദാഹരണത്തിന്, താമസിക്കാൻ ഒരിടം, കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്ന ഒരു ജോലി, ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ ശരിയായ തീരുമാനങ്ങളെടുക്കാനുള്ള ജ്ഞാനം എന്നിവയ്ക്കെല്ലാമായി നമുക്ക് പ്രാർഥിക്കാം. ഇതിലും പ്രാധാന്യമർഹിക്കുന്ന മറ്റൊരു കാര്യത്തിനുവേണ്ടിയും നമ്മൾ പ്രാർഥിക്കണം.
8. അന്നന്നത്തേക്കുവേണ്ട അപ്പത്തെക്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ നമ്മളെ എന്ത് ഓർമിപ്പിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 അന്നന്നത്തേക്കുള്ള അപ്പത്തെക്കുറിച്ച് യേശു പറഞ്ഞ വാക്കുകൾ മറ്റൊരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു” എന്ന യേശുവിന്റെതന്നെ വാക്കുകൾ. (മത്താ. 4:4) അതുകൊണ്ട്, ആത്മീയാഹാരം യഥാസമയം നൽകി ഞങ്ങളെ പഠിപ്പിക്കണമെന്ന് തുടർന്നും നമ്മൾ പ്രാർഥിക്കണം.
“ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ”
9. നമ്മുടെ പാപങ്ങൾ കടങ്ങൾപോലെ ആയിരിക്കുന്നത് എന്തുകൊണ്ടാണ്?
9 ‘ഞങ്ങളുടെ കടങ്ങൾ ഞങ്ങളോടു ക്ഷമിക്കേണമേ’ എന്ന് യേശു പറഞ്ഞു. മറ്റൊരു സന്ദർഭത്തിൽ, ‘ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടു ക്ഷമിക്കേണമേ’ എന്നും അവൻ പറഞ്ഞു. (മത്താ. 6:12; ലൂക്കോ. 11:4) നമ്മുടെ പാപങ്ങൾ കടങ്ങൾപോലെയായതുകൊണ്ടാണ് യേശു അങ്ങനെ പറഞ്ഞത്. പാപം ചെയ്യുമ്പോൾ നമ്മൾ യഹോവയ്ക്ക് കടക്കാരാകുന്നതിനു തുല്യമാണെന്ന് 1951-ലെ ഒരു വീക്ഷാഗോപുരത്തിൽ പറയുന്നു. യഹോവയെ സ്നേഹിക്കാനും അനുസരിക്കാനും നമ്മൾ കടപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ദൈവത്തോട് പാപം ചെയ്യുമ്പോൾ അവന് കടപ്പെട്ടിരിക്കുന്നത് നമ്മൾ കൊടുക്കാതിരിക്കുകയാണ്. വേണമെങ്കിൽ യഹോവയ്ക്ക് നമ്മളുമായുള്ള സൗഹൃദം വേണ്ടെന്നുവെക്കാം എന്ന് വീക്ഷാഗോപുരത്തിൽ പറഞ്ഞു. അത് ഇങ്ങനെ കൂട്ടിച്ചേർത്തു: “പാപം ചെയ്യുന്നത് ദൈവത്തോടുള്ള സ്നേഹമില്ലായ്മയാണ്.”—1 യോഹ. 5:3.
10. യഹോവയ്ക്ക് എന്തുകൊണ്ടാണ് നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ കഴിയുന്നത്, അതിനോടുള്ള നമ്മുടെ മനോഭാവം എന്തായിരിക്കണം?
10 നമ്മുടെ പാപങ്ങൾ ക്ഷമിക്കാൻ യഹോവ യേശുവിനെ ഒരു മറുവിലയാഗമായി തന്നതിൽ നമ്മൾ എത്ര നന്ദിയുള്ളവരാണ്! എല്ലാ ദിവസവും നമുക്ക് യഹോവയുടെ ക്ഷമ ആവശ്യമാണ്. ഏതാണ്ട് 2,000 വർഷം മുമ്പാണ് യേശു നമുക്കായി മരിച്ചത്. എന്നാൽ ഇന്നും നമ്മൾ ആ മറുവിലയിൽനിന്ന് പ്രയോജനം നേടുന്നു. ഈ അത്യമൂല്യമായ സമ്മാനത്തിന് നമ്മൾ യഹോവയോട് എല്ലായ്പോഴും നന്ദിയുള്ളവരായിരിക്കണം. കാരണം പാപത്തിൽനിന്നും മരണത്തിൽനിന്നും മുഴുമനുഷ്യരെയും മോചിപ്പിക്കുന്നതിന് ആവശ്യമായിരുന്ന മറുവില നൽകാൻ നമ്മളിലാർക്കും കഴിയില്ലായിരുന്നു. (സങ്കീർത്തനം 49:7-9; 1 പത്രോസ് 1:18, 19 വായിക്കുക.) മാതൃകാപ്രാർഥനയിലെ, “ഞങ്ങളുടെ പാപങ്ങൾ ഞങ്ങളോടും ക്ഷമിക്കേണമേ” എന്ന വാക്കുകൾ, നമ്മളെപ്പോലെതന്നെ നമ്മുടെ സഹോദരീസഹോദരന്മാർക്കും മറുവില ആവശ്യമാണെന്ന് ഓർമിപ്പിക്കുന്നു. അവരെക്കുറിച്ചും അവർക്ക് യഹോവയുമായുള്ള ബന്ധത്തെക്കുറിച്ചും നമ്മൾ ചിന്തിക്കണമെന്ന് യഹോവ ആഗ്രഹിക്കുന്നു. അവർ നമ്മളോട് തെറ്റു ചെയ്താൽ പെട്ടെന്നുതന്നെ അവരോട് ക്ഷമിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. സാധാരണഗതിയിൽ ഇതെല്ലാം ചെറിയചെറിയ തെറ്റുകളായിരിക്കാം. എന്നാൽ അവരോടു ക്ഷമിക്കുമ്പോൾ നമ്മൾ അവരെ സ്നേഹിക്കുന്നു എന്നതിന് തെളിവു നൽകുകയായിരിക്കും. കൂടാതെ, യഹോവ നമ്മളോടു ക്ഷമിക്കുന്നതിൽ നമ്മൾ അതിയായ നന്ദിയുള്ളവരാണെന്നും തെളിയിക്കുകയായിരിക്കും.—കൊലോ. 3:13.
ദൈവം നിങ്ങളോട് ക്ഷമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, മറ്റുള്ളവരോട് ക്ഷമിക്കുന്നവരായിരിക്കുക (11-ാം ഖണ്ഡിക കാണുക)
11. നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
11 അപൂർണരായതുകൊണ്ട് നമ്മളെ ദ്രോഹിക്കുന്നവരോടു ക്ഷമിക്കുന്നത് എല്ലായ്പോഴും നമുക്കത്ര എളുപ്പമായിരിക്കണമെന്നില്ല. (ലേവ്യ. 19:18) അവർ ചെയ്തത് നമ്മൾ സഭയിലുള്ള മറ്റുള്ളവരോടു പറഞ്ഞുനടന്നാൽ, സഭയിലെ സഹോദരങ്ങൾ അതിൽ ഇടപെടാനും അങ്ങനെ സഭയുടെ സമാധാനത്തിനു കോട്ടംതട്ടാനും ഇടയുണ്ട്. ഇത്തരമൊരു സാഹചര്യം തുടരാൻ അനുവദിക്കുകയാണെങ്കിൽ ദൈവം നൽകിയ മറുവില എന്ന ദാനത്തിന് നമ്മൾ ഒരു മൂല്യവും കല്പിക്കുന്നില്ലെന്നായിരിക്കും കാണിക്കുന്നത്. (മത്താ. 18:35) അതുപോലെ നമുക്ക് മറുവിലയിൽനിന്നുള്ള പ്രയോജനവും ലഭിക്കില്ല. നമ്മൾ മറ്റുള്ളവരോടു ക്ഷമിക്കുന്നില്ലെങ്കിൽ യഹോവയ്ക്ക് നമ്മളോടു ക്ഷമിക്കാനാവില്ല. (മത്തായി 6:14, 15 വായിക്കുക.) യഹോവ നമ്മളോട് ക്ഷമിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കിൽ അവൻ വെറുക്കുന്ന കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത് നമ്മൾ ഒഴിവാക്കണം.—1 യോഹ. 3:4, 6.
‘ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ’
12, 13. (എ) സ്നാനമേറ്റശേഷം യേശുവിന് എന്ത് സംഭവിച്ചു? (ബി) പ്രലോഭനത്തിൽ വീണുപോകുന്നതിന് നമ്മൾ മറ്റുള്ളവരെ കുറ്റപ്പെടുത്തരുതാത്തത് എന്തുകൊണ്ട്? (സി) മരണംവരെ വിശ്വസ്തനായി തുടർന്നതിലൂടെ യേശു എന്ത് തെളിയിച്ചു?
12 മാതൃകാപ്രാർഥനയിലെ ‘ഞങ്ങളെ പ്രലോഭനത്തിൽ അകപ്പെടുത്തരുതേ’ എന്ന വാക്കുകൾ, സ്നാനമേറ്റ് അധികം വൈകാതെ യേശുവിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം നമ്മളെ ഓർമിപ്പിക്കുന്നു. ‘പിശാചിനാൽ പ്രലോഭിപ്പിക്കപ്പെടേണ്ടതിന്’ ദൈവത്തിന്റെ ആത്മാവ് അവനെ മരുഭൂമിയിലേക്ക് കൊണ്ടുപോയി. (മത്താ. 4:1; 6:13) എന്തുകൊണ്ടാണ് യഹോവ അത് അനുവദിച്ചത്? യഹോവ യേശുവിനെ ഭൂമിയിലേക്ക് അയച്ചത്, ആദാമും ഹവ്വായും യഹോവയുടെ ഭരണത്തെ തള്ളിക്കളഞ്ഞപ്പോൾ ഉയർന്നുവന്ന വിവാദവിഷയം തീർപ്പാക്കാനാണ്. അവരുടെ മത്സരത്തിലൂടെ ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കുന്നതിന് സമയം ആവശ്യമായിരുന്നു. ഉദാഹരണത്തിന് പിൻവരുന്ന ചോദ്യങ്ങൾ അന്ന് ഉയർന്നുവന്നു: യഹോവ മനുഷ്യരെ സൃഷ്ടിച്ച വിധത്തിന് എന്തെങ്കിലും കുഴപ്പമുണ്ടായിരുന്നോ? ‘ദുഷ്ടനിൽനിന്ന്’ പ്രലോഭനം നേരിട്ടാൽ ഒരു പൂർണമനുഷ്യന് യഹോവയോടു വിശ്വസ്തനായി നിലനിൽക്കാനാകുമോ? മനുഷ്യൻ മനുഷ്യനെത്തന്നെ ഭരിക്കുന്നതായിരിക്കില്ലേ കൂടുതൽ നല്ലത്? (ഉല്പ. 3:4, 5) ഭാവിയിൽ ഈ ചോദ്യങ്ങൾക്കെല്ലാം തൃപ്തികരമായ ഉത്തരം ലഭിക്കുമ്പോൾ സ്വർഗത്തിലും ഭൂമിയിലും ഉള്ള എല്ലാവരും യഹോവയുടെ ഭരണംതന്നെയാണ് ഏറ്റവും നല്ലതെന്ന് തിരിച്ചറിയും.
13 യഹോവ വിശുദ്ധനാണ്. അതുകൊണ്ട് അവൻ ഒരിക്കലും ആരെയും മോശമായ കാര്യങ്ങൾ ചെയ്യാൻ പ്രലോഭിപ്പിക്കുകയില്ല. സാത്താനാണ് “പ്രലോഭകൻ.” (മത്താ. 4:3) അവൻ പല വിധങ്ങളിൽ നമ്മളെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നു. പക്ഷേ പ്രലോഭനത്തെ ചെറുക്കണമോ വേണ്ടയോ എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. (യാക്കോബ് 1:13-15 വായിക്കുക.) സാത്താൻ പ്രലോഭിപ്പിച്ചപ്പോൾ യേശു ഉടൻതന്നെ ദൈവവചനത്തിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അതിനെ എതിർത്തു. യേശു ദൈവത്തോടു വിശ്വസ്തനായിരുന്നു. എന്നിരുന്നാലും സാത്താൻ ശ്രമം ഉപേക്ഷിച്ചില്ല. പകരം, പ്രലോഭിപ്പിക്കാൻ “മറ്റൊരവസരം കിട്ടുന്നതുവരെ” അവൻ കാത്തിരുന്നു. (ലൂക്കോ. 4:13) സാത്താൻ എന്ത് ചെയ്താലും ശരി, യേശു എല്ലായ്പോഴും ദൈവത്തെ തന്റെ ഭരണാധികാരിയായി അനുസരിച്ചു. അങ്ങനെ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽപ്പോലും ഒരു പൂർണമനുഷ്യന് യഹോവയോടു വിശ്വസ്തനായിരിക്കാനാകുമെന്ന് യേശു തെളിയിച്ചു. ഇതു തിരിച്ചറിഞ്ഞിട്ടും സാത്താൻ യേശുവിന്റെ എല്ലാ അനുഗാമികളെയും, നിങ്ങൾ ഉൾപ്പെടെ എല്ലാവരെയും, പ്രലോഭിപ്പിച്ച് യഹോവയോട് അനുസരണക്കേടു കാണിക്കാൻ പ്രേരിപ്പിക്കുന്നു.
14. പ്രലോഭനങ്ങളെ ചെറുത്തുനിൽക്കാൻ നമ്മൾ എന്ത് ചെയ്യണം?
14 യഹോവയുടെ ഭരണത്തിന് എതിരെ ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടിയിട്ടില്ല. അതുകൊണ്ട് നമ്മളെ പ്രലോഭിപ്പിക്കാൻ യഹോവ സാത്താനെ ഇപ്പോൾ അനുവദിച്ചിരിക്കുന്നു. എന്നാൽ യഹോവ നമ്മളെ ‘പ്രലോഭനത്തിൽ അകപ്പെടുത്തുന്നില്ല.’ യഹോവയോടു വിശ്വസ്തരായി തുടരാൻ നമുക്കാകുമെന്ന് അവന് ഉറപ്പുണ്ട്. അതിനു നമ്മളെ സഹായിക്കാനും അവൻ ആഗ്രഹിക്കുന്നു. എന്നാൽ, ശരി ചെയ്യാൻ അവൻ നമ്മളെ ഒരിക്കലും നിർബന്ധിക്കുന്നില്ല. ശരിയും തെറ്റും തിരഞ്ഞെടുക്കാനുള്ള നമ്മുടെ സ്വാതന്ത്ര്യത്തെ യഹോവ മാനിക്കുന്നു. അതുകൊണ്ട് തന്നോടു വിശ്വസ്തരായിരിക്കണമോ എന്നു തീരുമാനിക്കാൻ യഹോവ നമ്മെ അനുവദിച്ചിരിക്കുന്നു. പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ നമ്മൾ രണ്ടു കാര്യങ്ങൾ ചെയ്യണം. ഒന്ന്, യഹോവയുമായി ഒരു അടുത്തബന്ധമുണ്ടായിരിക്കുക. രണ്ട്, യഹോവയുടെ സഹായത്തിനായി പ്രാർഥിച്ചുകൊണ്ടേയിരിക്കുക. പ്രലോഭനങ്ങളെ ചെറുക്കാനുള്ള നമ്മുടെ പ്രാർഥനകൾക്ക് യഹോവ എങ്ങനെയാണ് ഉത്തരം നൽകുന്നത്?
ആത്മീയതയും ശുശ്രൂഷയിലെ തീക്ഷ്ണതയും നിലനിറുത്തുക (15-ാം ഖണ്ഡിക കാണുക)
15, 16. (എ) നമ്മൾ ചെറുത്തുനിൽക്കേണ്ട ചില പ്രലോഭനങ്ങൾ ഏതെല്ലാമാണ്? (ബി) നമ്മൾ ഒരു പ്രലോഭനത്തിൽ അകപ്പെട്ടാൽ ആരാണ് അതിന് ഉത്തരവാദി?
15 സാത്താന്റെ പ്രലോഭനങ്ങളെ എതിർത്തുനിൽക്കുന്നതിന് യഹോവ തന്റെ പരിശുദ്ധാത്മാവിനെ നൽകി നമ്മളെ സഹായിക്കുന്നു. കൂടാതെ, ബൈബിളിലൂടെയും സഭയിലൂടെയും അവൻ അപകടങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പ് നൽകുന്നു. ഉദാഹരണത്തിന്, നമുക്ക് ആവശ്യമില്ലാത്ത കാര്യങ്ങൾക്കായി ധാരാളം സമയവും പണവും ഊർജവും ചെലവഴിക്കുന്നതിന് എതിരെ യഹോവ നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. യൂറോപ്പിലെ ഒരു സമ്പന്നനഗരത്തിലാണ് എസ്പെനും യാനും താമസിക്കുന്നത്. പ്രചാരകരുടെ ആവശ്യം അധികമായിരുന്ന, രാജ്യത്തിന്റെ ഒരു ഭാഗത്ത്, വർഷങ്ങളോളം അവർ സാധാരണ മുൻനിരസേവകരായിരുന്നു. ഒരു കുഞ്ഞ് ജനിച്ചപ്പോൾ അവർക്ക് മുൻനിരസേവനം നിറുത്തേണ്ടിവന്നു. ഇപ്പോൾ അവർക്ക് രണ്ട് കുട്ടികളുണ്ട്. എസ്പെൻ പറയുന്നു: “ദിവ്യാധിപത്യപ്രവർത്തനങ്ങളിൽ ഇപ്പോൾ മുമ്പത്തെപ്പോലെ ഏർപ്പെടാനാകാത്തതുകൊണ്ട്, പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ സഹായിക്കണമേ എന്ന് ഞങ്ങൾ കൂടെക്കൂടെ പ്രാർഥിക്കാറുണ്ട്. ഞങ്ങളുടെ ആത്മീയതയും ശുശ്രൂഷയിലെ തീക്ഷ്ണതയും നിലനിറുത്താനുള്ള സഹായത്തിനായും ഞങ്ങൾ യഹോവയോട് അപേക്ഷിക്കാറുണ്ട്.”
16 അശ്ലീലം കാണാനുള്ള പ്രലോഭനമാണ് നമ്മൾ ചെറുത്തുനിൽക്കേണ്ട മറ്റൊന്ന്. അതിനു വഴിപ്പെട്ടുപോയാൽ നമുക്ക് സാത്താനെ കുറ്റപ്പെടുത്താനാകില്ല. എന്തുകൊണ്ട്? കാരണം, സാത്താനും അവന്റെ ലോകത്തിനും, തെറ്റായ എന്തെങ്കിലും കാര്യം നമ്മളെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കാനാകില്ല. തെറ്റായ ചിന്തകൾ തള്ളിക്കളയാത്തതുകൊണ്ടാണ് ചിലർ അശ്ലീലം കാണുന്നത്. എന്നാൽ നമ്മുടെ അനേകം സഹോദരീസഹോദരന്മാർ ഈ പ്രലോഭനത്തെ ചെറുത്തുനിന്നിട്ടുണ്ട്. നമുക്കും അതിനാകും.
“ദുഷ്ടനിൽനിന്നു ഞങ്ങളെ വിടുവിക്കേണമേ”
17. (എ) യഹോവ നമ്മെ ‘ദുഷ്ടനിൽനിന്നു വിടുവിക്കാൻ’ നമ്മൾ ആഗ്രഹിക്കുന്നെന്ന് എങ്ങനെ കാണിക്കാം? (ബി) എന്ത് ആശ്വാസമാണ് നമുക്ക് മുമ്പിലുള്ളത്?
17 യഹോവ നമ്മെ ‘ദുഷ്ടനിൽനിന്നു വിടുവിക്കാൻ’ നമ്മൾ ആഗ്രഹിക്കുന്നെന്ന് എങ്ങനെ കാണിക്കാം? നമ്മൾ ‘ലോകത്തിന്റെ ഭാഗമായിരിക്കരുത്.’ അതുപോലെ ‘ലോകത്തെയോ ലോകത്തിലുള്ളതിനെയോ സ്നേഹിക്കുകയും ചെയ്യരുത്.’ (യോഹ. 15:19; 1 യോഹ. 2:15-17) യഹോവ സാത്താനെ നീക്കം ചെയ്ത് ഈ ദുഷ്ടലോകത്തെ നശിപ്പിക്കുമ്പോൾ നമുക്ക് എന്തൊരു ആശ്വാസമായിരിക്കും! എന്നാൽ അതുവരെ, “പിശാച് തനിക്ക് അൽപ്പകാലമേയുള്ളൂ എന്നറിഞ്ഞ് മഹാക്രോധ”ത്തിലാണെന്ന കാര്യം നമ്മൾ മറക്കരുത്. യഹോവയെ സേവിക്കുന്നതിൽനിന്ന് നമ്മളെ തടയാൻ തനിക്ക് എന്തെല്ലാം ചെയ്യാനാകുമോ അതെല്ലാം അവൻ ചെയ്യും. അതുകൊണ്ട് സാത്താനിൽനിന്ന് ഞങ്ങളെ സംരക്ഷിക്കേണമേ എന്ന് യഹോവയോടു പ്രാർഥിക്കുന്നതിൽ നമ്മൾ തുടരണം.—വെളി. 12:12, 17.
18. സാത്താന്റെ ലോകത്തിന്റെ നാശത്തെ അതിജീവിക്കണമെങ്കിൽ നമ്മൾ എന്ത് ചെയ്യണം?
18 സാത്താനില്ലാത്ത ഒരു ലോകത്തിൽ ജീവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയെങ്കിൽ, ദൈവരാജ്യം വരാനും ദൈവനാമം വിശുദ്ധീകരിക്കപ്പെടാനും അവന്റെ ഇഷ്ടം ഭൂമിയിൽ നിറവേറാനും വേണ്ടി നമ്മൾ പ്രാർഥിച്ചുകൊണ്ടേയിരിക്കണം. നിങ്ങളുടെ സംരക്ഷണത്തിനും വിശ്വസ്തരായി നിൽക്കാൻ നിങ്ങൾക്ക് ആവശ്യമായ എല്ലാ സഹായത്തിനും യഹോവയിൽ എപ്പോഴും ആശ്രയിക്കുക. അതെ, മാതൃകാപ്രാർഥനയ്ക്കു ചേർച്ചയിൽ ജീവിക്കാൻ നിങ്ങളാലാകുന്നതെല്ലാം ചെയ്യുക.