നമ്മുടെ ആരാധനാസ്ഥലം
“നിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ തിന്നുകളയും.”—യോഹ. 2:17.
1, 2. (എ) യഹോവയുടെ ദാസർ മുൻകാലങ്ങളിൽ എവിടെവെച്ചായിരുന്നു അവനെ ആരാധിച്ചിരുന്നത്? (ബി) യെരുശലേമിലെ യഹോവയുടെ ആലയത്തോട് യേശുവിനുണ്ടായിരുന്ന വികാരം എന്താണ്? (സി) ഈ ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
മുൻകാല ദൈവദാസർക്ക് ദൈവത്തെ ആരാധിക്കാനുള്ള സ്ഥലങ്ങളുണ്ടായിരുന്നു; ഇക്കാലത്തും അങ്ങനെതന്നെയാണ്. ഉദാഹരണത്തിന്, ദൈവത്തിന് യാഗം അർപ്പിച്ചപ്പോൾ ഹാബേൽ ഒരു യാഗപീഠം പണിതിരിക്കാൻ ഇടയുണ്ട്. (ഉല്പ. 4:3, 4) നോഹ, അബ്രാഹാം, യിസ്ഹാക്ക്, യാക്കോബ്, മോശ എന്നിവരും യാഗപീഠങ്ങൾ പണിതു. (ഉല്പ. 8:20; 12:7; 26:25; 35:1; പുറ. 17:15) ഒരു സമാഗമനകൂടാരം പണിയാൻ യഹോവ ഇസ്രായേല്യരോട് പറഞ്ഞു. (പുറ. 25:8) പിന്നീട്, ഒരു ആലയം പണിയാനുള്ള നിർദേശം ദൈവം അവർക്ക് നൽകി. (1 രാജാ. 8:27, 29) ബാബിലോണിലെ പ്രവാസത്തിൽനിന്ന് തിരിച്ചുവന്നശേഷം ദൈവജനം ക്രമമായി സിനഗോഗുകളിൽ കൂടിവരുമായിരുന്നു. (മർക്കോ. 6:2; യോഹ. 18:20; പ്രവൃ. 15:21) ആദ്യകാലക്രിസ്ത്യാനികൾ വീടുകളിൽ കൂടിവന്നിരുന്നു. (പ്രവൃ. 12:12; 1 കൊരി. 16:19) ഇന്ന് ലോകമെമ്പാടുമുള്ള യഹോവയുടെ ജനം പതിനായിരക്കണക്കിന് വരുന്ന രാജ്യഹാളുകളിലാണ് കൂടിവരുന്നത്. അവർ അവിടെ യഹോവയെക്കുറിച്ച് പഠിക്കുന്നു, അവനെ ആരാധിക്കുന്നു.
2 യെരുശലേമിലെ യഹോവയുടെ ആലയത്തോട് യേശുവിന് അതിയായ ആദരവുണ്ടായിരുന്നു. ആലയത്തോടുള്ള യേശുവിന്റെ സ്നേഹം, അവന്റെ ശിഷ്യന്മാരെ സങ്കീർത്തനക്കാരന്റെ ഈ വാക്കുകൾ ഓർമിപ്പിച്ചു: “നിന്റെ ആലയത്തെക്കുറിച്ചുള്ള തീക്ഷ്ണത എന്നെ തിന്നുകളയും.” (യോഹ. 2:17; സങ്കീ. 69:9) യെരുശലേമിലെ ആലയത്തെ വിളിച്ചിരുന്ന അതേ അർഥത്തിൽ ഇന്നത്തെ രാജ്യഹാളുകളെ ‘യഹോവയുടെ ആലയം’ എന്ന് വിളിക്കാനാകില്ല എന്നത് ശരിയാണ്. (2 ദിന. 5:13; 33:4) എങ്കിലും നമ്മുടെ ആരാധനാസ്ഥലങ്ങളോട് നമുക്ക് ആഴമായ ആദരവുണ്ടായിരിക്കണം. രാജ്യഹാളിൽ എങ്ങനെ പെരുമാറണം, അത് എങ്ങനെ പരിപാലിക്കണം, അതിനുള്ള സാമ്പത്തികപിന്തുണ എങ്ങനെ കൊടുക്കാം എന്നീ കാര്യങ്ങളെക്കുറിച്ചുള്ള ബൈബിൾതത്ത്വങ്ങൾ നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.a
യോഗങ്ങളോട് ആദരവ് കാണിക്കുന്നു
3-5. എന്താണ് ഒരു രാജ്യഹാൾ, അവിടെ നടക്കുന്ന യോഗങ്ങളെ നമ്മൾ എങ്ങനെ വീക്ഷിക്കണം?
3 യഹോവയെ ആരാധിക്കാനായി ഓരോ പ്രദേശത്തുമുള്ളവർ കൂടിവരുന്ന പ്രധാനസ്ഥലമാണ് രാജ്യഹാൾ. സഭായോഗങ്ങൾ ദൈവത്തിൽനിന്നുള്ള ഒരു ദാനമാണ്. അവനുമായുള്ള ബന്ധം ശക്തമാക്കാൻ നമ്മളെ അത് സഹായിക്കും. യോഗങ്ങളിലൂടെ അവന്റെ സംഘടന നമുക്ക് ആവശ്യമായ പ്രോത്സാഹനവും മാർഗനിർദേശവും നൽകുന്നു. ക്രമമായി “യഹോവയുടെ മേശ”യിൽനിന്ന് ഭക്ഷിക്കാൻ യഹോവയും അവന്റെ പുത്രനും നമ്മളെ ക്ഷണിക്കുന്നത് എത്ര വലിയ ഒരു പദവിയാണ്! (1 കൊരി. 10:21) ഈ ക്ഷണം സവിശേഷമായ ഒന്നാണെന്ന് നമ്മൾ ഒരിക്കലും മറക്കരുത്.
4 തന്നെ ആരാധിക്കാനും പരസ്പരം പ്രോത്സാഹിപ്പിക്കാനും ആയി നമ്മൾ യോഗങ്ങളിൽ സംബന്ധിക്കണമെന്ന് യഹോവ വ്യക്തമായി പറയുന്നു. (എബ്രായർ 10:24, 25 വായിക്കുക.) യഹോവയോട് ആദരവുള്ളതുകൊണ്ട് ഒട്ടും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിൽ മാത്രമേ നമ്മൾ യോഗങ്ങൾ മുടക്കുകയുള്ളൂ. യോഗങ്ങൾക്ക് തയ്യാറായി അതിൽ ഹൃദയപൂർവം പങ്കുപറ്റുമ്പോൾ നമ്മൾ യോഗങ്ങളോട് വിലമതിപ്പ് കാണിക്കുകയാണ്.—സങ്കീ. 22:22.
5 സഭായോഗങ്ങളിലെ നമ്മുടെ പെരുമാറ്റവും നമ്മൾ രാജ്യഹാൾ പരിപാലിക്കുന്ന വിധവും യഹോവയോട് നമുക്ക് എത്രയധികം ആദരവുണ്ട് എന്നതിന് തെളിവ് നൽകുന്നു. രാജ്യഹാളിന്റെ പേര് എഴുതിയിരിക്കുന്ന ബോർഡിൽ സാധാരണഗതിയിൽ കാണാറുള്ള യഹോവ എന്ന നാമത്തിന് നമ്മുടെ നല്ല പെരുമാറ്റത്തിലൂടെ മഹത്ത്വം കൊടുക്കാൻ നമ്മൾ ശ്രമിക്കുന്നു.—1 രാജാ. 8:17 താരതമ്യം ചെയ്യുക.
6. നമ്മുടെ രാജ്യഹാളുകളെക്കുറിച്ചും അവിടെ യോഗങ്ങൾക്ക് വരുന്നവരെക്കുറിച്ചും ചിലർ എന്ത് പറഞ്ഞിരിക്കുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
6 രാജ്യഹാളിനോട് നമ്മൾ ആദരവ് കാണിക്കുമ്പോൾ മറ്റുള്ളവർ അത് ശ്രദ്ധിക്കും. ഉദാഹരണത്തിന് തുർക്കിയിലുള്ള ഒരു വ്യക്തി ഇങ്ങനെ പറഞ്ഞു: “രാജ്യഹാളിൽ കണ്ട വൃത്തിയും അടുക്കും ചിട്ടയും എല്ലാം എന്നെ ഒരുപാട് ആകർഷിച്ചു. അവിടെയുള്ളവർ മാന്യമായി വസ്ത്രം ധരിച്ചിരുന്നു. അവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. അവർ എന്നെ ഹൃദ്യമായി സ്വാഗതം ചെയ്തു. അതെല്ലാം എന്നിൽ ഒരുപാട് മതിപ്പുളവാക്കി.” തുടർന്ന് അദ്ദേഹം എല്ലാ യോഗങ്ങൾക്കും വരാൻതുടങ്ങി, താമസിയാതെതന്നെ സ്നാനമേറ്റു. ഇന്തൊനീഷ്യയിലെ ഒരു നഗരത്തിൽ സഹോദരങ്ങൾ തങ്ങളുടെ പുതിയ രാജ്യഹാൾ കാണാനായി അയൽക്കാരെയും അവിടത്തെ മേയറിനെയും മറ്റ് അധികാരികളെയും ക്ഷണിച്ചു. കെട്ടിടത്തിന്റെ ഡിസൈൻ, ഗുണമേന്മ, പൂന്തോട്ടത്തിന്റെ മനോഹാരിത എന്നിവയിൽ മതിപ്പുതോന്നിയ മേയർ ഇങ്ങനെ പറഞ്ഞു: “ഈ ഹാളിന്റെ വൃത്തി നിങ്ങളുടെ ശക്തമായ വിശ്വാസത്തെയാണ് എടുത്തുകാട്ടുന്നത്.”
നമ്മുടെ പെരുമാറ്റം ദൈവത്തോടുള്ള അനാദരവായേക്കും (7, 8 ഖണ്ഡികകൾ കാണുക)
7, 8. രാജ്യഹാളിലായിരിക്കുമ്പോൾ നമുക്ക് എങ്ങനെ യഹോവയോട് ആദരവ് കാണിക്കാം?
7 നമ്മളെ യോഗങ്ങൾക്ക് ക്ഷണിച്ചിരിക്കുന്ന യഹോവയോടുള്ള ആദരവ് നമ്മുടെ മാന്യമായ വസ്ത്രധാരണത്തിലും ചമയത്തിലും പെരുമാറ്റത്തിലും പ്രതിഫലിക്കണം. ഇക്കാര്യങ്ങളിലെല്ലാം സമനിലയുള്ളവരായിരുന്നുകൊണ്ടും നമ്മൾ ആദരവ് കാണിക്കുന്നു. അതായത്, യോഗങ്ങളിൽ ഇന്നിന്നപോലെ മാത്രമേ പെരുമാറാനും പ്രവർത്തിക്കാനും പാടുള്ളൂ എന്ന് ചില പ്രത്യേകനിയമങ്ങൾ നമ്മൾ വെക്കുന്നില്ല; അതേസമയം വീട്ടിലായിരുന്നാൽ എന്നപോലെ നമ്മുടെ ഇഷ്ടാനുസരണം എന്തും ചെയ്യുന്നുമില്ല. രാജ്യഹാളിൽ നമ്മളും താത്പര്യക്കാരും ഏറ്റവും സുഖപ്രദമായ രീതിയിലിരുന്ന് യോഗങ്ങൾ കൂടാനാണ് യഹോവ ആഗ്രഹിക്കുന്നത്. എന്നുകരുതി, യോഗങ്ങളോട് ഏതെങ്കിലും തരത്തിൽ അനാദരവ് കാണിക്കാൻ നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് യോഗങ്ങൾക്ക് വരുമ്പോൾ നമ്മൾ വൃത്തിയില്ലാത്തതോ മാന്യമല്ലാത്തതോ ആയ വസ്ത്രങ്ങൾ ധരിക്കില്ല. അതുപോലെ യോഗങ്ങൾക്കിടയിൽ മെസേജുകൾ അയയ്ക്കുകയോ സംസാരിക്കുകയോ ഭക്ഷണപാനീയങ്ങൾ കഴിക്കുകയോ ഒക്കെ ചെയ്തുകൊണ്ട് യോഗങ്ങളുടെ വില കുറച്ചു കാണാതിരിക്കാനും നമ്മൾ ശ്രദ്ധിക്കും. മാത്രമല്ല, രാജ്യഹാളിൽ ഓടിക്കളിക്കാതിരിക്കാൻ മാതാപിതാക്കൾ മക്കളെ പഠിപ്പിക്കണം.—സഭാ. 3:1.
8 ദൈവാലയത്തിൽ ആളുകൾ കച്ചവടം നടത്തുന്നത് കണ്ട് ദേഷ്യംവന്ന യേശു കച്ചവടസാധനങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞുകളഞ്ഞു. (യോഹ. 2:13-17) യഹോവയെ ആരാധിക്കാനും അവനെക്കുറിച്ച് പഠിക്കാനും ആണ് നമ്മൾ രാജ്യഹാളിൽ വരുന്നത്. അതുകൊണ്ട് അവിടെവെച്ച് ഒരു തരത്തിലുമുള്ള ബിസിനെസ്സ് കാര്യങ്ങളിലും ഉൾപ്പെടുന്നത് ശരിയല്ല.—നെഹെ. 13:7, 8.
രാജ്യഹാളുകൾ പണിയാൻ സഹായിക്കുന്നു
9, 10. (എ) യഹോവയുടെ ജനത്തിന് രാജ്യഹാളുകൾ നിർമിക്കാൻ കഴിയുന്നത് എങ്ങനെ, അതിന്റെ ഫലം എന്താണ്? (ബി) സ്വന്തമായി രാജ്യഹാൾ നിർമിക്കാൻ സാമ്പത്തികശേഷിയില്ലാത്ത സഭകളെ യഹോവയുടെ സംഘടന എങ്ങനെയാണ് സഹായിക്കുന്നത്?
9 ലോകമെമ്പാടുമുള്ള യഹോവയുടെ ജനം രാജ്യഹാളുകൾ പണിയാൻ നന്നായി അധ്വാനിക്കുന്നു. അതിന്റെ ഫലമായി കഴിഞ്ഞ 15 വർഷംകൊണ്ട് ലോകവ്യാപകമായി 28,000—ത്തിലേറെ മനോഹരമായ രാജ്യഹാളുകൾ നിർമിച്ചിരിക്കുന്നു. അതായത് ഓരോ ദിവസവും ഏതാണ്ട് അഞ്ച് രാജ്യഹാളുകൾ! പ്രതിഫലമൊന്നും കൈപ്പറ്റാതെയാണ് സ്വമേധാസേവകർ അവ രൂപകല്പന ചെയ്യുന്നതും നിർമിക്കുന്നതും പുതുക്കിപ്പണിയുന്നതും.
10 ആവശ്യമുള്ളിടത്ത് രാജ്യഹാളുകൾ പണിയാൻ യഹോവയുടെ സംഘടന സ്വമേധാസേവകരെ നിയമിക്കുകയും അതിനുവേണ്ടി സംഭാവനകൾ ഉപയോഗിക്കുകയും ചെയ്യുന്നു. സാമ്പത്തികശേഷിയുള്ളവർക്ക് സാമ്പത്തികബുദ്ധിമുട്ടുള്ളവരെ സഹായിക്കാനാകും എന്ന ബൈബിൾതത്ത്വമാണ് ഇവിടെ പിൻപറ്റുന്നത്. (2 കൊരിന്ത്യർ 8:13-15 വായിക്കുക.) എന്താണ് അതിന്റെ ഫലം? സ്വന്തമായി രാജ്യഹാൾ നിർമിക്കാൻ സാമ്പത്തികശേഷിയില്ലാത്ത സഭകൾക്കുവേണ്ടി അനേകം രാജ്യഹാളുകൾ നിർമിക്കാൻ കഴിഞ്ഞിരിക്കുന്നു!
11. തങ്ങളുടെ പുതിയ രാജ്യഹാളിനെക്കുറിച്ച് ചില സഹോദരങ്ങൾ എന്ത് പറഞ്ഞു, അതെക്കുറിച്ച് നിങ്ങൾക്ക് എന്ത് തോന്നുന്നു?
11 കോസ്റ്ററിക്കയിലെ ഒരു സഭയിലുള്ള സഹോദരങ്ങൾ ഇങ്ങനെ എഴുതി: “രാജ്യഹാളിന്റെ മുമ്പിൽ നിന്നപ്പോൾ എല്ലാം ഒരു സ്വപ്നംപോലെ ഞങ്ങൾക്ക് തോന്നി. ഞങ്ങൾക്കത് വിശ്വസിക്കാനേ കഴിഞ്ഞില്ല. വെറും എട്ടു ദിവസംകൊണ്ടാണ് ഞങ്ങളുടെ മനോഹരമായ രാജ്യഹാളിന്റെ പണി പൂർത്തിയായത്! യഹോവയുടെ അനുഗ്രഹവും സംഘടന ചെയ്ത ക്രമീകരണങ്ങളും സഹോദരങ്ങളുടെ പിന്തുണയും കൊണ്ടാണ് അത് സാധ്യമായത്. ഈ ആരാധനാസ്ഥലം തീർച്ചയായും ഒരു അമൂല്യദാനമാണ്, യഹോവ ഞങ്ങൾക്ക് തന്ന ഒരു രത്നം! അതെക്കുറിച്ച് ഓർക്കുമ്പോൾ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്.” യഹോവ തങ്ങൾക്ക് ചെയ്തിരിക്കുന്ന കാര്യങ്ങളെപ്രതി സഹോദരീസഹോദരന്മാർ അവനോട് നന്ദി പ്രകടിപ്പിക്കുമ്പോൾ നമുക്ക് അത് എന്തെന്നില്ലാത്ത സന്തോഷം തരുന്നു. ലോകമെമ്പാടുമുള്ള സഹോദരങ്ങൾക്ക് സ്വന്തമായി രാജ്യഹാൾ ലഭിക്കുന്നതിൽ നമ്മൾ എത്ര സന്തുഷ്ടരാണ്! അതിന്റെ പണി പൂർത്തിയാകുന്നതോടെ യഹോവയെക്കുറിച്ച് പഠിക്കാൻ കൂടുതൽ ആളുകൾ യോഗങ്ങൾക്ക് വന്നുതുടങ്ങും. അതെ, രാജ്യഹാളുകളുടെ നിർമാണവേലയെ യഹോവ അനുഗ്രഹിക്കുന്നു എന്നത് വ്യക്തമാണ്.—സങ്കീ. 127:1.
12. രാജ്യഹാളുകൾ നിർമിക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
12 രാജ്യഹാളുകൾ നിർമിക്കുന്നതിൽ നിങ്ങൾക്ക് എങ്ങനെ സഹായിക്കാം? സാധ്യമാകുന്നെങ്കിൽ നിങ്ങൾക്ക് സ്വമേധാസേവനം ചെയ്യാനാകും. കൂടാതെ നമുക്ക് എല്ലാവർക്കും ചെയ്യാനാകുന്ന ഒന്നാണ്, രാജ്യഹാൾനിർമാണത്തിന് സംഭാവന നൽകുക എന്നത്. ഈ പ്രവർത്തനത്തെ പിന്തുണയ്ക്കാൻ നമ്മളാലാകുന്നതെല്ലാം ചെയ്യുമ്പോൾ കൊടുക്കുന്നതിന്റെ സന്തോഷം നമ്മൾ അനുഭവിക്കുന്നു; അതിലും പ്രധാനമായി യഹോവയെ സ്തുതിക്കാനും കഴിയുന്നു. ആരാധനാസ്ഥലങ്ങൾ പണിയാനായി ഉത്സാഹത്തോടെ സംഭാവനകൾ നൽകിയ ബൈബിൾക്കാലങ്ങളിലെ ദൈവജനത്തിന്റെ മാതൃകയാണ് നമ്മൾ അനുകരിക്കുന്നത്.—പുറ. 25:2; 2 കൊരി. 9:7.
രാജ്യഹാൾ വൃത്തിയായി സൂക്ഷിക്കുന്നു
13, 14. നമ്മുടെ രാജ്യഹാൾ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കണമെന്ന് ബൈബിളിൽനിന്ന് നമ്മൾ എങ്ങനെ മനസ്സിലാക്കി?
13 എല്ലാ കാര്യങ്ങളും നമ്മൾ ക്രമീകൃതമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്ന വിശുദ്ധനും നിർമലനും ആയ ദൈവത്തെയാണ് നമ്മൾ ആരാധിക്കുന്നത്. അതുകൊണ്ട് നമ്മൾ രാജ്യഹാൾ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കണം. (1 കൊരിന്ത്യർ 14:33, 40 വായിക്കുക.) വിശുദ്ധിയെയും ആത്മീയശുദ്ധിയെയും ബൈബിൾ ശാരീരികശുദ്ധിയുമായി ബന്ധപ്പെടുത്തുന്നു. (വെളി. 19:8) അതിനാൽ യഹോവയുടെ അംഗീകാരം ആഗ്രഹിക്കുന്നവർ നല്ല ശുചിത്വശീലങ്ങൾ ഉള്ളവരായിരിക്കണം.
14 നമ്മുടെ രാജ്യഹാൾ വൃത്തിയും വെടിപ്പും ഉള്ളതായി സൂക്ഷിക്കുമ്പോൾ യോഗങ്ങൾക്കായി നമുക്ക് ആളുകളെ അഭിമാനത്തോടെ ക്ഷണിക്കാം. അതുവഴി, ശുദ്ധിയുള്ള ഒരു പുതിയ ലോകത്തെക്കുറിച്ച് കേവലം പ്രസംഗിക്കുന്നവർ മാത്രമല്ല, ആ വാക്കുകൾക്കു ചേർച്ചയിൽ പ്രവർത്തിക്കുന്നവരും ആണ് നമ്മളെന്ന് അവർ മനസ്സിലാക്കും. ഈ ഭൂമിയെ മനോഹരമായ ഒരു പറുദീസയാക്കാൻപോകുന്ന വിശുദ്ധനായ ദൈവത്തെയാണ് നമ്മൾ ആരാധിക്കുന്നതെന്ന് അവർ തിരിച്ചറിയും.—യെശ. 6:1-3; വെളി. 11:18.
15, 16. (എ) രാജ്യഹാൾ വൃത്തിയുള്ളതായി സൂക്ഷിക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ലാത്തത് എന്തുകൊണ്ട്, എന്നാൽ നമ്മൾ അത് വൃത്തിയുള്ളതായി സൂക്ഷിക്കേണ്ടത് എന്തുകൊണ്ട്? (ബി) നിങ്ങളുടെ രാജ്യഹാളിൽ ശുചീകരണം എങ്ങനെ സംഘടിപ്പിച്ചിരിക്കുന്നു, നമുക്ക് എല്ലാവർക്കും എന്തിനുള്ള പദവിയുണ്ട്?
15 ശുചിത്വത്തെക്കുറിച്ച് ആളുകൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണുള്ളത്. എന്തുകൊണ്ട്? അത് അവർ വളർന്നുവന്ന സാഹചര്യങ്ങൾകൊണ്ടായിരിക്കാം. കൂടാതെ, പൊടിയും അഴുക്കും, ചെളിപിടിച്ച റോഡുകളും ഒക്കെയുള്ള സ്ഥലത്തായിരിക്കാം ചിലർ ജീവിക്കുന്നത്. മറ്റു ചിലർക്ക് ആവശ്യത്തിന് വെള്ളമോ ശുചീകരണസാധനങ്ങളോ ഇല്ലായിരിക്കാം. നമ്മൾ ജീവിക്കുന്നത് എവിടെയാണെങ്കിലും, ശുചിത്വത്തെക്കുറിച്ച് അവിടെയുള്ള ആളുകളുടെ വീക്ഷണം എന്തുതന്നെയാണെങ്കിലും നമ്മുടെ രാജ്യഹാൾ വൃത്തിയും വെടിപ്പും ഉള്ളതായി നമ്മൾ സൂക്ഷിക്കണം. കാരണം, അവിടെവെച്ചാണ് നമ്മൾ യഹോവയെ ആരാധിക്കുന്നത്.—ആവ. 23:14.
16 നമ്മുടെ രാജ്യഹാൾ പരമാവധി വൃത്തിയുള്ളതായി സൂക്ഷിക്കുന്നതിന് നല്ല സംഘാടനം ആവശ്യമാണ്. അതിനായി മൂപ്പന്മാർ ഒരു പട്ടികയുണ്ടാക്കുകയും ശുചീകരണത്തിന് ആവശ്യമായ സാധനസാമഗ്രികൾ എല്ലായ്പോഴും ഉണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. എല്ലാം കൃത്യമായി നടക്കുന്നതിന് അവർ കാര്യങ്ങൾ നന്നായി ആസൂത്രണം ചെയ്യുന്നു. ചില ശുചീകരണപ്രവർത്തനങ്ങൾ ഓരോ യോഗത്തിനു ശേഷവും ചെയ്യേണ്ടതുണ്ട്; മറ്റു ചിലതാകട്ടെ അത്ര കൂടെക്കൂടെ ചെയ്യേണ്ടതല്ല. രാജ്യഹാൾ വൃത്തിയാക്കാനുള്ള പദവി നമുക്ക് എല്ലാവർക്കുമുണ്ട്.
രാജ്യഹാൾ പരിപാലിക്കുന്നു
17, 18. (എ) യഹോവയുടെ ജനം മുൻകാലത്ത് ആലയം പരിപാലിച്ച വിധത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം? (ബി) നമ്മൾ രാജ്യഹാൾ പരിപാലിക്കേണ്ടത് എന്തുകൊണ്ട്?
17 ആവശ്യമായ അറ്റകുറ്റപ്പണികൾ ചെയ്തുകൊണ്ട് നമ്മൾ രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കുന്നു. മുൻകാലങ്ങളിലെ യഹോവയുടെ ദാസരും അങ്ങനെ ചെയ്തിരുന്നു. ഉദാഹരണത്തിന്, യെഹൂദാരാജാവായ യെഹോവാശിന്റെ ഭരണകാലത്ത് ആളുകൾ ആലയത്തിലേക്ക് സംഭാവന നൽകിയിരുന്നു. ആ പണം ഉപയോഗിച്ച് ആലയത്തിന്റെ കേടുപാടുകളെല്ലാം തീർക്കാൻ രാജാവ് പുരോഹിതന്മാരോട് കല്പിച്ചു. (2 രാജാ. 12:4, 5) 200-ലധികം വർഷം കഴിഞ്ഞ് യോശിയാരാജാവും ആലയത്തിൽനിന്ന് ലഭിച്ച സംഭാവനകൾ അറ്റകുറ്റപ്പണികൾക്കായി വിനിയോഗിച്ചു.—2 ദിനവൃത്താന്തം 34:9-11 വായിക്കുക.
18 തങ്ങളുടെ രാജ്യത്തുള്ള ആളുകൾക്ക് കെട്ടിടങ്ങളും മറ്റ് ഉപകരണങ്ങളും ശരിയായ വിധത്തിൽ പരിപാലിക്കുന്ന രീതിയില്ലെന്ന് ചില ബ്രാഞ്ച് കമ്മിറ്റികളുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ രാജ്യങ്ങളിൽ, ചിലർക്ക് മാത്രമായിരിക്കാം അതെല്ലാം എങ്ങനെ ചെയ്യണമെന്ന് അറിയാവുന്നത്. അതല്ലെങ്കിൽ അറ്റകുറ്റപ്പണികൾക്ക് ആവശ്യമായ പണം അവരുടെ പക്കലില്ലായിരിക്കാം. വേണ്ടസമയത്ത് നമ്മൾ രാജ്യഹാളിന്റെ അറ്റകുറ്റപ്പണി ചെയ്തില്ലെങ്കിൽ അത് വൃത്തികേടാകാൻ തുടങ്ങും; ആളുകൾ അത് ശ്രദ്ധിക്കുകയും ചെയ്യും. അങ്ങനെ സംഭവിക്കുന്നെങ്കിൽ ഒരു നല്ല സാക്ഷ്യമായിരിക്കില്ല നമ്മൾ അവർക്ക് നൽകുന്നത്. രാജ്യഹാൾ പരിപാലിക്കാൻ നമ്മളാലാകുന്നതെല്ലാം ചെയ്യുമ്പോൾ നമ്മൾ യഹോവയെ സ്തുതിക്കുകയാണ്. അതോടൊപ്പം സഹോദരങ്ങളുടെ സംഭാവനകൾ പാഴാക്കുന്നില്ലെന്നും നമ്മൾ ഉറപ്പുവരുത്തുന്നു.
നമ്മൾ രാജ്യഹാൾ നല്ല നിലയിൽ സൂക്ഷിക്കണം (16, 18 ഖണ്ഡികകൾ കാണുക)
19. യഹോവയെ ആരാധിക്കാൻ കൂടിവരുന്ന സ്ഥലത്തോട് നിങ്ങൾ എങ്ങനെ ആദരവ് കാണിക്കും?
19 യഹോവയ്ക്ക് സമർപ്പിച്ചിരിക്കുന്ന ഒരു കെട്ടിടമാണ് രാജ്യഹാൾ. അല്ലാതെ ഏതെങ്കിലും ഒരു വ്യക്തിയുടെയോ സഭയുടെയോ സ്വകാര്യസ്വത്തല്ല അത്. നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്തതുപോലെ ദൈവത്തെ ആരാധിക്കാൻ കൂടിവരുന്ന സ്ഥലത്തോട് ശരിയായ ഒരു മനോഭാവമുണ്ടായിരിക്കാൻ ബൈബിൾതത്ത്വങ്ങൾ നമ്മളെ സഹായിക്കും. യഹോവയോട് ആദരവ് ഉള്ളതുകൊണ്ട് നമ്മൾ രാജ്യഹാളിനോടും യോഗങ്ങളോടും ആദരവ് കാണിക്കുന്നു. രാജ്യഹാളുകൾ പണിയുന്നതിന് സംഭാവന നൽകാൻ നമുക്ക് സന്തോഷമേയുള്ളൂ. കൂടാതെ അത് പരിപാലിക്കാനും വൃത്തിയായി സൂക്ഷിക്കാനും നമ്മൾ കഠിനമായി ശ്രമിക്കുന്നു. അങ്ങനെയെല്ലാം ചെയ്തുകൊണ്ട് നമ്മളും യേശുവിനെപ്പോലെ, യഹോവയെ ആരാധിക്കാൻ കൂടിവരുന്ന സ്ഥലത്തോട് തീക്ഷ്ണതയും ആദരവും കാണിക്കുന്നു.—യോഹ. 2:17.
a ഈ ലേഖനം പ്രധാനമായും രാജ്യഹാളുകളെ കുറിച്ചുള്ളതാണെങ്കിലും യഹോവയെ ആരാധിക്കാൻ കൂടിവരുന്ന സമ്മേളനഹാളുകൾക്കും മറ്റ് സ്ഥലങ്ങൾക്കും ഇത് ബാധകമാണ്.