യഹോവ—സ്നേഹത്തിന്റെ ദൈവം
“ദൈവം സ്നേഹമാകുന്നു.”—1 യോഹ. 4:8, 16.
1. ദൈവത്തിന്റെ മുഖ്യഗുണം ഏതാണ്, ഇത് നമുക്ക് അവനെക്കുറിച്ച് എന്ത് തോന്നാൻ ഇടയാക്കുന്നു?
“ദൈവം സ്നേഹമാകുന്നു” എന്ന് ബൈബിൾ നമ്മോട് പറയുന്നു. (1 യോഹ. 4:8) എന്നാൽ എന്താണ് യഥാർഥത്തിൽ ഇതിന്റെ അർഥം? യഹോവയ്ക്ക് ശ്രേഷ്ഠമായ അനേകം ഗുണങ്ങളുണ്ട്. എന്നാൽ സ്നേഹമാണ് അവന്റെ മുഖ്യഗുണം. ദൈവത്തിന് കേവലം സ്നേഹം ഉണ്ട് എന്നല്ല പറഞ്ഞിരിക്കുന്നത്; ദൈവം സ്നേഹം ആണ്. സ്നേഹമാണ് അവന്റെ സകല പ്രവൃത്തികളെയും നിയന്ത്രിക്കുന്നത്. മുഴുപ്രപഞ്ചത്തെയും സകല ജീവജാലങ്ങളെയും സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ചത് സ്നേഹമാണ്. അതിന് നമ്മൾ എത്ര നന്ദിയുള്ളവരാണ്!
2. ദൈവത്തിന്റെ സ്നേഹം നമുക്ക് എന്ത് ഉറപ്പ് നൽകുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 യഹോവയ്ക്ക് തന്റെ സൃഷ്ടികളോട് കരുണയും മൃദുലവികാരങ്ങളും ഉണ്ട്. നമ്മളോടുള്ള അവന്റെ സ്നേഹം, മുഴുമനുഷ്യരെക്കുറിച്ചുമുള്ള അവന്റെ ഉദ്ദേശ്യം സാധ്യമായ ഏറ്റവും നല്ല വിധത്തിൽത്തന്നെ സത്യമായിത്തീരുമെന്ന് ഉറപ്പ് തരുന്നു. അവനെ അനുസരിക്കുന്നവർക്ക് അത് യഥാർഥ സന്തോഷം നൽകുകയും ചെയ്യും. ഉദാഹരണത്തിന്, സ്നേഹം നിമിത്തം, “താൻ നിയമിച്ച ഒരു പുരുഷൻ (യേശുക്രിസ്തു) മുഖാന്തരം ഭൂലോകത്തെ മുഴുവനും നീതിയിൽ ന്യായംവിധിക്കാൻ ഉദ്ദേശിച്ച് അവൻ ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു.” (പ്രവൃ. 17:31) ഈ ന്യായവിധി നടക്കുമെന്ന് നമുക്ക് ഉറപ്പുണ്ട്. അനുസരണമുള്ള മനുഷ്യർക്ക് എന്നേക്കുമുള്ള ശോഭനമായ ഭാവിയാണ് ഇത് അർഥമാക്കുന്നത്.
ചരിത്രം കാണിച്ചുതന്നിരിക്കുന്നത്
3. ദൈവം നമ്മളെ സ്നേഹിച്ചില്ലായിരുന്നെങ്കിൽ മനുഷ്യകുടുംബത്തിന്റെ ഭാവി എന്താകുമായിരുന്നു?
3 സ്നേഹം ദൈവത്തിന്റെ മുഖ്യഗുണമല്ലായിരുന്നെങ്കിൽ നമ്മുടെ ഭാവി എന്താകുമായിരുന്നു? മനുഷ്യൻ മനുഷ്യന്റെ മേൽ ഭരണം നടത്തിക്കൊണ്ടിരിക്കുകയും സാത്താൻ എന്ന പകയും വെറുപ്പും ഉള്ള, സ്നേഹമില്ലാത്ത ദൈവത്തിന്റെ സ്വാധീനത്തിൻ കീഴിൽ എക്കാലവും കഴിയേണ്ടിവന്നേനേ. (2 കൊരി. 4:4; 1 യോഹ. 5:19; വെളിപാട് 12:9, 12 വായിക്കുക.) അതെ, യഹോവ നമ്മളെ സ്നേഹിച്ചില്ലായിരുന്നെങ്കിൽ നമ്മുടെ ഭാവി ഭയാനകമായിരുന്നേനേ!
4. തന്റെ ഭരണത്തിനെതിരെയുള്ള മത്സരം യഹോവ അനുവദിച്ചത് എന്തുകൊണ്ട്?
4 സാത്താൻ ദൈവത്തിന്റെ ഭരണത്തിനെതിരെ മത്സരിച്ചപ്പോൾ അവൻ നമ്മുടെ ആദ്യമാതാപിതാക്കളെയും അതിന് പ്രേരിപ്പിച്ചു. മുഴുപ്രപഞ്ചത്തിന്റെയും പരമാധികാരിയായിരിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ അവൻ ചോദ്യംചെയ്തു. അവന്റെ ഭരണം ദൈവത്തിന്റെ ഭരണത്തെക്കാളും മെച്ചമായിരിക്കുമെന്ന് അവൻ വാദിച്ചു. (ഉല്പ. 3:1-5) യഹോവയാകട്ടെ, ജ്ഞാനപൂർവം അവന്റെ അവകാശവാദം തെളിയിക്കാൻ അവന് അൽപ്പസമയം കൊടുക്കുകയും ചെയ്തു. എന്നാൽ സാത്താനോ മനുഷ്യർക്കോ നല്ല ഭരണാധികാരികളായിരിക്കാൻ കഴിയില്ലെന്ന് ചരിത്രം വ്യക്തമായി കാണിച്ചുതന്നിരിക്കുന്നു.
5. മാനവചരിത്രം വ്യക്തമായി എന്ത് തെളിയിച്ചിരിക്കുന്നു?
5 ഇന്ന് ലോകം അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ 100 വർഷത്തിനിടയിൽ പത്തുകോടിയിലേറെ ആളുകളാണ് യുദ്ധങ്ങളിൽ കൊല്ലപ്പെട്ടത്. ‘അന്ത്യകാലത്തെക്കുറിച്ച്’ ബൈബിൾ പറയുന്നത്, “ദുഷ്ടമനുഷ്യരും കപടനാട്യക്കാരും . . . ദോഷത്തിൽനിന്നു ദോഷത്തിലേക്ക് അധഃപതിക്കും” എന്നാണ്. (2 തിമൊ. 3:1, 13) കൂടാതെ, “യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു” എന്നും ബൈബിളിൽ പറയുന്നു. (യിരെ. 10:23) ഈ വാക്കുകൾ സത്യമായിത്തീർന്നെന്ന് ചരിത്രം വ്യക്തമായി തെളിയിച്ചിരിക്കുന്നു. തന്റെ മാർഗനിർദേശം കൂടാതെ സ്വയം ഭരിക്കാനുള്ള കഴിവോ അവകാശമോ കൊടുത്തുകൊണ്ടല്ല യഹോവ മനുഷ്യരെ സൃഷ്ടിച്ചത്.
6. ദൈവം ദുഷ്ടത അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ട്?
6 ഒരു നിശ്ചിതകാലഘട്ടത്തേക്ക് ദുഷ്ടത തുടരാൻ അനുവദിക്കുന്നതിലൂടെ തന്റെ ഭരണം മാത്രമേ വിജയിക്കുകയുള്ളൂ എന്ന് യഹോവ തെളിയിച്ചിരിക്കുന്നു. ഭാവിയിൽ അവൻ എല്ലാ ദുഷ്ടന്മാരെയും നശിപ്പിക്കും. അതിനു ശേഷം അവന്റെ സ്നേഹപൂർവമായ ഭരണവിധത്തെ ആരെങ്കിലും എന്നെങ്കിലും ചോദ്യംചെയ്താൽ അവർക്ക് വീണ്ടുമൊരു അവസരം കൊടുക്കേണ്ട യാതൊരു ആവശ്യവും ദൈവത്തിനില്ല. ഉടൻതന്നെ ദൈവം അവരെ നശിപ്പിക്കും. മനുഷ്യഭരണാധിപത്യം കഴിഞ്ഞ കാലങ്ങളിൽ വരുത്തിവെച്ച നിരവധി ദുരിതങ്ങളുടെ അടിസ്ഥാനത്തിൽ ദൈവം മേലാൽ ദുഷ്ടത വെച്ചുപൊറുപ്പിക്കില്ല!
ദൈവം സ്നേഹം കാണിച്ചിരിക്കുന്ന വിധം
7, 8. യഹോവ തന്റെ സ്നേഹം കാണിച്ചിരിക്കുന്നത് എങ്ങനെ?
7 യഹോവ അനേകവിധങ്ങളിൽ തന്റെ മഹത്തായ സ്നേഹം കാണിച്ചിരിക്കുന്നു. നമ്മുടെ പ്രപഞ്ചത്തിന്റെ വലിപ്പവും മനോഹാരിതയും ഒന്ന് ചിന്തിച്ചുനോക്കൂ! പ്രപഞ്ചത്തിൽ ശതകോടിക്കണക്കിന് താരാപംക്തികളും ഓരോന്നിലും ശതകോടിക്കണക്കിന് നക്ഷത്രങ്ങളും ഗ്രഹങ്ങളും ഉണ്ട്. നമ്മുടെ താരാപംക്തിയായ ക്ഷീരപഥത്തിലെ ഒരു നക്ഷത്രമാണ് സൂര്യൻ. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ ജീവൻ സാധ്യമല്ല. യഹോവയുടെ ഈ സൃഷ്ടികളെല്ലാം അവന്റെ ദൈവത്ത്വത്തിന് തെളിവ് നൽകുന്നു. അവന്റെ ശക്തി, ജ്ഞാനം, സ്നേഹം തുടങ്ങിയ ഗുണങ്ങൾ ഈ സൃഷ്ടികൾ പ്രതിഫലിപ്പിക്കുന്നു. അതെ, “ലോകസൃഷ്ടിമുതൽ അവന്റെ അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ് വെളിവായിരിക്കുന്നു.”—റോമ. 1:20.
8 ജീവൻ സാധ്യമാകുന്ന വിധത്തിലാണ് യഹോവ ഭൂമിയെ ഒരുക്കിയിരിക്കുന്നത്. ഭൂമിയിലുള്ളതെല്ലാം മനുഷ്യരുടെയും മൃഗങ്ങളുടെയും പ്രയോജനത്തിനുവേണ്ടിയുള്ളതാണ്. ജീവിക്കാനായി മനോഹരമായ ഒരു ഉദ്യാനഭവനവും എക്കാലവും നിലനിൽക്കാനായി രൂപകല്പന ചെയ്ത തികവുറ്റ മനസ്സും ശരീരവും ദൈവം മനുഷ്യർക്ക് നൽകി. (വെളിപാട് 4:11 വായിക്കുക.) കൂടാതെ, അവൻ “സർവ ജീവികൾക്കും ആഹാരം” നൽകുന്നു; കാരണം “അവന്റെ അചഞ്ചലസ്നേഹം എന്നെന്നും നിലനില്ക്കുന്ന”താണ്.—സങ്കീ. 136:25, ഓശാന.
9. സ്നേഹത്തിന്റെ ദൈവമാണെങ്കിലും യഹോവ എന്ത് വെറുക്കുന്നു?
9 യഹോവ സ്നേഹത്തിന്റെ ദൈവമാണ്. എങ്കിലും അവൻ തിന്മ വെറുക്കുന്നു. ഉദാഹരണത്തിന്, സങ്കീർത്തനം 5:4-6 യഹോവയെക്കുറിച്ച് ഇങ്ങനെ പറയുന്നു: “നീ ദുഷ്ടതയിൽ പ്രസാദിക്കുന്ന ദൈവമല്ല; . . . നീതികേടു പ്രവർത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.” കൂടാതെ, ‘രക്തപാതകവും ചതിവുമുള്ളവനെയും’ അവൻ വെറുക്കുന്നു.
ദുഷ്ടതയ്ക്ക് ഉടൻ അവസാനം
10, 11. (എ) ദുഷ്ടന്മാർക്ക് എന്ത് സംഭവിക്കും? (ബി) അനുസരണമുള്ളവർക്ക് യഹോവ എന്ത് പ്രതിഫലം നൽകും?
10 സ്നേഹത്തിന്റെ ദൈവമായതുകൊണ്ടും തിന്മ വെറുക്കുന്നതുകൊണ്ടും തക്ക സമയത്ത് യഹോവ മുഴുപ്രപഞ്ചത്തിൽനിന്നും ദുഷ്ടത നീക്കിക്കളയും. ദൈവവചനം ഈ ഉറപ്പ് തരുന്നു: “ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും. കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല.” യഹോവയുടെ ശത്രുക്കൾ “പുകപോലെ ക്ഷയിച്ചുപോകും.”—സങ്കീ. 37:9, 10, 20.
11 ദൈവവചനം ഇങ്ങനെയും ഉറപ്പ് തരുന്നു: “നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും.” (സങ്കീ. 37:29) വിശ്വസ്തരായ മനുഷ്യർ, “സമാധാനസമൃദ്ധിയിൽ . . . ആനന്ദിക്കും” (സങ്കീ. 37:11) എന്തുകൊണ്ട്? തന്റെ വിശ്വസ്തരായ ദാസർക്ക് ഏറ്റവും നല്ലത് എന്താണോ, അതാണ് നമ്മുടെ സ്നേഹവാനായ ദൈവം അവർക്കുവേണ്ടി എപ്പോഴും ചെയ്യുന്നത്. ബൈബിൾ നമ്മോട് പറയുന്നു: “അവൻ അവരുടെ കണ്ണിൽനിന്നു കണ്ണുനീരെല്ലാം തുടച്ചുകളയും. മേലാൽ മരണം ഉണ്ടായിരിക്കുകയില്ല. വിലാപമോ മുറവിളിയോ വേദനയോ ഇനി ഉണ്ടായിരിക്കുകയില്ല. ഒന്നാമത്തേതു കഴിഞ്ഞുപോയി.” (വെളി. 21:4) ദൈവത്തിന്റെ സ്നേഹം വിലമതിക്കുന്ന അനുസരണമുള്ള മനുഷ്യരെ കാത്തിരിക്കുന്നത് എത്ര അത്ഭുതകരമായ ഭാവിയാണ്!
12. ആരെയാണ് ‘നിഷ്കളങ്കനായി’ കണക്കാക്കുന്നത്?
12 ബൈബിൾ പറയുന്നു: “നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും. എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.” (സങ്കീ. 37:37, 38) ‘നിഷ്കളങ്കൻ’ യഹോവയെയും അവന്റെ പുത്രനെയും അറിയാനിടയാകുകയും അനുസരണയോടെ ദൈവേഷ്ടം ചെയ്യുകയും ചെയ്യും. (യോഹന്നാൻ 17:3 വായിക്കുക.) “ലോകവും അതിന്റെ മോഹവും നീങ്ങിപ്പോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും നിലനിൽക്കുന്നു” എന്ന കാര്യം നിഷ്കളങ്കൻ ആത്മാർഥമായി വിശ്വസിക്കുന്നു. (1 യോഹ. 2:17) ലോകത്തിന്റെ അന്ത്യം അടുത്തിരിക്കുന്നതുകൊണ്ട്, “യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു” നടക്കേണ്ടത് വളരെ അടിയന്തിരമാണ്.—സങ്കീ. 37:34.
ദൈവസ്നേഹത്തിന്റെ ഏറ്റവും മഹത്തായ പ്രവൃത്തി
13. ദൈവസ്നേഹത്തിന്റെ ഏറ്റവും മഹത്തായ തെളിവ് ഏതാണ്?
13 അപൂർണരാണെങ്കിലും നമുക്ക് ദൈവത്തെ അനുസരിക്കാൻ കഴിയും. നമുക്ക് യഹോവയുമായി ഒരു അടുത്ത ബന്ധമുണ്ടായിരിക്കാനും കഴിയും. ഇത് സാധ്യമാകുന്നത് ദൈവസ്നേഹത്തിന്റ ഏറ്റവും മഹത്തായ പ്രവൃത്തിയായ യേശുവിന്റെ മറുവിലയാഗത്തിലൂടെയാണ്. അനുസരണമുള്ളവരെ പാപത്തിൽനിന്നും മരണത്തിൽനിന്നും സ്വതന്ത്രരാക്കുന്നതിനാണ് യഹോവ മറുവില എന്ന ക്രമീകരണം ചെയ്തിരിക്കുന്നത്. (റോമർ 5:12; 6:23 വായിക്കുക.) യുഗങ്ങളോളം ദൈവത്തോട് വിശ്വസ്തനായി യേശു സ്വർഗത്തിലുണ്ടായിരുന്നു. അതുകൊണ്ട് തന്റെ പുത്രൻ ഭൂമിയിൽ വിശ്വസ്തനായി തുടരുമെന്ന് യഹോവയ്ക്ക് ഉറപ്പായിരുന്നു. തന്റെ പുത്രനോട് ആളുകൾ എത്ര നീചമായാണ് പെരുമാറുന്നതെന്ന് കണ്ടത് സ്നേഹമുള്ള ഒരു പിതാവെന്ന നിലയിൽ യഹോവയെ വല്ലാതെ വേദനിപ്പിച്ചു. ഈ പീഡനങ്ങൾക്ക് മധ്യേയും ഭരിക്കാനുള്ള യഹോവയുടെ അവകാശത്തെ യേശു വിശ്വസ്തമായി പിന്തുണച്ചു. അങ്ങനെ, അങ്ങേയറ്റം ബുദ്ധിമുട്ടുനിറഞ്ഞ സാഹചര്യങ്ങളിൽപ്പോലും ഒരു പൂർണമനുഷ്യന് ദൈവത്തോട് വിശ്വസ്തനായിരിക്കാൻ കഴിയുമെന്ന് അവൻ തെളിയിച്ചു.
സ്നേഹം നിമിത്തം മനസ്സൊരുക്കമുള്ള തന്റെ പുത്രനെ ദൈവം ഭൂമിയിലേക്ക് അയച്ചു (13-ാം ഖണ്ഡിക കാണുക)
14, 15. യേശുവിന്റെ മരണത്തിലൂടെ മുഴുമനുഷ്യർക്കും എന്ത് സാധ്യമായി?
14 കഠിനമായ പരിശോധനകളുണ്ടായിരുന്നിട്ടും യേശു ദൈവത്തോട് വിശ്വസ്തനായി നിൽക്കുകയും ഭരിക്കാനുള്ള യഹോവയുടെ അവകാശത്തെ പിന്തുണയ്ക്കുകയും ചെയ്തു. നമുക്കുവേണ്ടി മരിച്ചുകൊണ്ട് യേശു മറുവില നൽകിയതിൽ നമ്മൾ നന്ദിയുള്ളവരായിരിക്കണം. കാരണം, അതാണ് മനുഷ്യർക്ക് ദൈവത്തിന്റെ പുതിയ ലോകത്തിൽ എന്നേക്കും ജീവിക്കാനുള്ള വഴി തുറന്നുകൊടുത്തത്. മറുവിലയിലൂടെ യഹോവയും യേശുവും കാണിച്ച സ്നേഹത്തെ വർണിച്ചുകൊണ്ട് അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “നാം ബലഹീനരായിരിക്കുമ്പോൾത്തന്നെ, നിശ്ചയിക്കപ്പെട്ട സമയത്ത് ക്രിസ്തു അഭക്തരായ മനുഷ്യർക്കുവേണ്ടി മരിച്ചു. നീതിനിഷ്ഠനായ ഒരുവനുവേണ്ടി ആരെങ്കിലും മരിക്കുന്നത് അപൂർവം; നന്മപ്രിയനായ ഒരുവനുവേണ്ടി ഒരുപക്ഷേ ആരെങ്കിലും മരിക്കാൻ തുനിഞ്ഞേക്കാം; ക്രിസ്തുവോ നാം പാപികളായിരിക്കുമ്പോൾത്തന്നെ നമുക്കുവേണ്ടി മരിച്ചു. ഇതിലൂടെ ദൈവം നമ്മോടുള്ള തന്റെ സ്നേഹം കാണിച്ചുതരുന്നു.” (റോമ. 5:6-8) അപ്പൊസ്തലനായ യോഹന്നാൻ ഇങ്ങനെ എഴുതി: “തന്റെ ഏകജാതപുത്രനിലൂടെ നാം ജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ ലോകത്തിലേക്ക് അയച്ചു. ഇങ്ങനെ, ദൈവത്തിനു നമ്മോടുള്ള സ്നേഹം വെളിപ്പെട്ടിരിക്കുന്നു. നാം ദൈവത്തെ സ്നേഹിച്ചിട്ടല്ല അവൻ തന്റെ പുത്രനെ അയച്ചത്. അവൻ നമ്മെ സ്നേഹിച്ച് താനുമായി നമ്മെ അനുരഞ്ജിപ്പിക്കേണ്ടതിന് നമ്മുടെ പാപങ്ങൾക്ക് ഒരു പ്രായശ്ചിത്തയാഗമാകുവാൻ അവനെ അയയ്ക്കുകയായിരുന്നു. ഇതത്രേ സാക്ഷാൽ സ്നേഹം.”—1 യോഹ. 4:9, 10.
15 “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു” എന്ന് യേശു പറഞ്ഞു. (യോഹ. 3:16) തന്റെ പുത്രനെ ഒരു മറുവിലയായി കൊടുക്കുന്നത് യഹോവയെ ഒരുപാട് വേദനിപ്പിക്കുന്ന ഒരു കാര്യമായിരുന്നു. എന്നിട്ടും അവൻ അത് ചെയ്തു. യഹോവ മനുഷ്യരെ അത്രയേറെ സ്നേഹിക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നത്. ആ സ്നേഹം എന്നേക്കും നിലനിൽക്കും. “മരണത്തിനോ ജീവനോ ദൂതന്മാർക്കോ വാഴ്ചകൾക്കോ ഇപ്പോഴുള്ളതിനോ വരുവാനുള്ളതിനോ അധികാരങ്ങൾക്കോ ഉയരത്തിനോ ആഴത്തിനോ മറ്റേതെങ്കിലും സൃഷ്ടിക്കോ നമ്മുടെ കർത്താവായ ക്രിസ്തുയേശുവിലൂടെയുള്ള ദൈവസ്നേഹത്തിൽനിന്ന് നമ്മെ വേർപെടുത്താൻ കഴിയുകയില്ലെന്ന് എനിക്ക് ഉറപ്പുണ്ട്” എന്ന് പൗലോസ് എഴുതിയത് അതുകൊണ്ടാണ്.—റോമ. 8:38, 39.
ദൈവരാജ്യം ഭരിക്കുന്നു—ഇപ്പോൾ
16. എന്താണ് മിശിഹൈകരാജ്യം, അതിന്റെ ഭരണാധികാരിയായി യഹോവ നിയമിച്ചിരിക്കുന്നത് ആരെയാണ്?
16 ദൈവത്തിന്റെ ഗവണ്മെന്റായ മിശിഹൈകരാജ്യവും യഹോവയ്ക്ക് മാനവരാശിയോടുള്ള സ്നേഹത്തിന്റെ തെളിവാണ്. എങ്ങനെ? ഭരിക്കാൻ യോഗ്യതയുള്ള, മനുഷ്യരെ സ്നേഹിക്കുന്ന, യേശുക്രിസ്തുവിനെ യഹോവ ഇപ്പോൾത്തന്നെ അതിന്റെ ഭരണാധികാരിയായി നിയമിച്ചിട്ടുണ്ട്. (സദൃ. 8:31) കൂടാതെ, മനുഷ്യരിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട 1,44,000 പേരും അവനോടൊപ്പം ഭരണം നടത്തും. പുനരുത്ഥാനം പ്രാപിക്കുമ്പോൾ മനുഷ്യരായി ജീവിച്ചതിന്റെ അനുഭവപരിചയവുമായിട്ടാണ് അവർ സ്വർഗത്തിലേക്ക് പോകുന്നത്. (വെളി. 14:1) ഭൂമിയിലായിരുന്നപ്പോൾ യേശുവിന്റെ പഠിപ്പിക്കലിന്റെ മുഖ്യവിഷയം ദൈവരാജ്യം ആയിരുന്നു. അതുപോലെ, “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ. നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ” എന്ന് പ്രാർഥിക്കാനും യേശു ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്താ. 6:9, 10) അത്തരം പ്രാർഥനകൾ സത്യമാകാൻ നമ്മൾ കാത്തിരിക്കുകയാണ്; ദൈവരാജ്യം സമൃദ്ധമായി അനുഗ്രഹങ്ങൾ ചൊരിയുന്ന ആ നാളുകൾക്കുവേണ്ടി.
17. യേശുവിന്റെ ഭരണവും മനുഷ്യരുടെ ഭരണവും തമ്മിൽ താരതമ്യം ചെയ്യുക.
17 യേശുവിന്റെ സ്നേഹനിർഭരമായ ഭരണവും മനുഷ്യരുടെ ഭരണവും തമ്മിൽ ഭീമമായ അന്തരമുണ്ട്. മനുഷ്യഭരണം ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത യുദ്ധങ്ങൾക്ക് വഴിതെളിച്ചു. എന്നാൽ നമ്മുടെ ഭരണാധികാരിയായ യേശു ദൈവത്തിന്റെ മനോഹരമായ ഗുണങ്ങൾ അനുകരിക്കുന്നവനാണ്; വിശേഷിച്ച് സ്നേഹം. അതെ, അവൻ നമ്മളെ യഥാർഥത്തിൽ സ്നേഹിക്കുന്നു. (വെളി. 7:10, 16, 17) യേശു പറഞ്ഞു: “ക്ലേശിതരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങൾക്ക് ഉന്മേഷം പകരും. എന്റെ നുകം ഏറ്റുകൊണ്ട് എന്നിൽനിന്നു പഠിക്കുവിൻ. ഞാൻ സൗമ്യതയും താഴ്മയും ഉള്ളവനാകയാൽ നിങ്ങൾ ഉന്മേഷം കണ്ടെത്തും; എന്തെന്നാൽ എന്റെ നുകം മൃദുവും എന്റെ ചുമട് ലഘുവും ആകുന്നു.” (മത്താ. 11:28-30) എത്ര സ്നേഹം നിറഞ്ഞ ഒരു വാഗ്ദാനം!
18. (എ) 1914 മുതൽ ദൈവരാജ്യം എന്ത് ചെയ്തുകൊണ്ടിരിക്കുന്നു? (ബി) അടുത്ത ലേഖനത്തിൽ നമ്മൾ എന്ത് ചർച്ച ചെയ്യും?
18 ദൈവരാജ്യം 1914-ൽ ഭരണം ആരംഭിച്ചെന്ന് ബൈബിൾ കാണിക്കുന്നു. അതിനു ശേഷം, സ്വർഗത്തിൽ യേശുവിനോടൊപ്പം ഭരിക്കാനുള്ളവരിലെ അവസാന അംഗങ്ങളുടെയും ഈ വ്യവസ്ഥിതിയുടെ അന്ത്യത്തെ അതിജീവിച്ച് പുതിയ ലോകത്തിൽ കടക്കാനുള്ള “മഹാപുരുഷാര”ത്തിന്റെയും കൂട്ടിച്ചേർക്കൽ നടന്നുകൊണ്ടിരിക്കുകയാണ്. (വെളി. 7:9, 13, 14) ഇന്ന് മഹാപുരുഷാരം എത്രത്തോളം വളർന്നിരിക്കുന്നു? അവരിൽനിന്ന് ദൈവം പ്രതീക്ഷിക്കുന്നത് എന്താണ്? അടുത്ത ലേഖനത്തിൽ ഈ ചോദ്യങ്ങൾ ചർച്ച ചെയ്യും.