വജ്രത്തെക്കാൾ വിലയേറിയ ഒരു ദൈവികഗുണം
കാലങ്ങളായി വിലയേറിയ കല്ലുകളായാണ് വജ്രത്തെ കണക്കാക്കുന്നത്. ചിലതരം വജ്രങ്ങൾക്ക് കോടിക്കണക്കിന് രൂപ വില വരും. എന്നാൽ വജ്രത്തെക്കാളും മറ്റു വിലയേറിയ കല്ലുകളെക്കാളും മൂല്യമുള്ളതായി ദൈവം കാണുന്ന എന്തെങ്കിലുമുണ്ടോ?
അർമേനിയയിൽ താമസിക്കുന്ന ഹൈകന്യൂഷ് എന്ന സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകയ്ക്ക് വീടിനടുത്തുനിന്ന് ഒരു പാസ്പോർട്ട് കളഞ്ഞുകിട്ടി. ആ പാസ്പോർട്ടിനുള്ളിൽ കുറച്ച് ഡെബിറ്റ് കാർഡുകളും കുറെയധികം പണവും ഉണ്ടായിരുന്നു. അവൾ അക്കാര്യം ഭർത്താവിനോട് പറഞ്ഞു. അദ്ദേഹവും സ്നാനമേറ്റിട്ടില്ലാത്ത ഒരു പ്രചാരകനായിരുന്നു.
ഈ ദമ്പതികൾക്ക് വലിയ കടബാധ്യതകൾ ഉണ്ടായിരുന്നു. എന്നിട്ടും, അവർ ഉടമസ്ഥനെ തിരഞ്ഞു കണ്ടുപിടിച്ച് കളഞ്ഞുകിട്ടിയ സാധനങ്ങൾ തിരിച്ചുകൊടുത്തു. പാസ്പോർട്ട് തിരിച്ചുകിട്ടിയപ്പോൾ ഉടമസ്ഥനും കുടുംബവും ഞെട്ടിപ്പോയി. ബൈബിളിൽനിന്ന് പഠിച്ച കാര്യങ്ങളാണ് തങ്ങളെ സത്യസന്ധരായിരിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹൈകന്യൂഷും ഭർത്താവും അവരോട് പറഞ്ഞു. ഈ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ട് അവർ യഹോവയുടെ സാക്ഷികളെക്കുറിച്ച് സംസാരിക്കുകയും ചില പ്രസിദ്ധീകരണങ്ങൾ അവർക്ക് കൊടുക്കുകയും ചെയ്തു.
പ്രതിഫലമെന്ന നിലയിൽ, ഹൈകന്യൂഷിന് കുറച്ച് പണം കൊടുക്കാൻ ആ കുടുംബം ആഗ്രഹിച്ചു. എന്നാൽ അവൾ അത് നിരസിച്ചു. അടുത്ത ദിവസം ആ വ്യക്തിയുടെ ഭാര്യ ഇവരെ സന്ദർശിക്കുകയും കുടുംബത്തിന്റെ സ്നേഹോപഹാരം എന്ന നിലയിൽ ഹൈകന്യൂഷിന് ഒരു വജ്രമോതിരം സമ്മാനിക്കുകയും ചെയ്തു.
ഹൈകന്യൂഷും ഭർത്താവും കാണിച്ചതുപോലുള്ള സത്യസന്ധത ആരെയും അതിശയിപ്പിക്കും. എന്നാൽ അത് യഹോവയെ അതിശയിപ്പിക്കുമോ? അവരുടെ സത്യസന്ധത യഹോവ എങ്ങനെയായിരിക്കും വീക്ഷിക്കുക? ആ സത്യസന്ധത ശ്രമത്തിനു തക്ക മൂല്യമുള്ളതായിരുന്നോ?
വസ്തുവകകളെക്കാൾ വിലയേറിയ ഗുണങ്ങൾ
മുമ്പ് പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരം ലളിതമാണ്. കാരണം, ദൈവികഗുണങ്ങൾ പ്രതിഫലിപ്പിക്കുന്നതാണ് യഹോവയുടെ കണ്ണിൽ വജ്രത്തെയും സ്വർണ്ണത്തെയും മറ്റു വസ്തുവകകളെക്കാളും മൂല്യമുള്ളതെന്ന് ദൈവദാസർ വിശ്വസിക്കുന്നു. അതെ, യഹോവ മൂല്യമുള്ളതായി കാണുന്ന കാര്യം മിക്കയാളുകളും മൂല്യമുള്ളതായി കാണുന്നതിൽനിന്നും തികച്ചും വ്യത്യസ്തമാണ്. (യശ. 55:8, 9) യഹോവയുടെ ഗുണങ്ങൾ സാധ്യമാകുന്നത്ര പൂർണമായ അളവിൽ പ്രതിഫലിപ്പിക്കുന്നതിനെ അമൂല്യമായ ഒരു നേട്ടമായാണ് ദൈവദാസർ വീക്ഷിക്കുന്നത്.
ജ്ഞാനത്തെയും വിവേകത്തെയും കുറിച്ച് ബൈബിൾ പറയുന്ന കാര്യത്തിൽനിന്ന് നമുക്ക് ഇത് മനസ്സിലാക്കാം. സദൃശവാക്യങ്ങൾ 3:13-15-ൽ ഇങ്ങനെ പറയുന്നു: “ജ്ഞാനം പ്രാപിക്കുന്ന മനുഷ്യനും വിവേകം ലഭിക്കുന്ന നരനും ഭാഗ്യവാൻ. അതിന്റെ സമ്പാദനം വെള്ളിയുടെ സമ്പാദനത്തിലും അതിന്റെ ലാഭം തങ്കത്തിലും നല്ലതു. അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.” അത്തരം ഗുണങ്ങളെ മറ്റേതൊരു സമ്പത്തിനെക്കാളും വിലയേറിയതായി യഹോവ കാണുന്നു എന്നത് വ്യക്തമാണ്.
അങ്ങനെയെങ്കിൽ സത്യസന്ധതയെക്കുറിച്ചെന്ത്?
യഹോവ സത്യസന്ധനാണ്; യഹോവയ്ക്ക് ‘ഭോഷ്കു പറയാൻ കഴിയില്ല.’ (തീത്തോ. 1:1) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾക്ക് ഇങ്ങനെ എഴുതാൻ അപ്പൊസ്തലനായ പൗലോസിനെ യഹോവ നിശ്വസ്തനാക്കി: “ഞങ്ങൾക്കുവേണ്ടി പ്രാർഥിക്കുവിൻ. സകലത്തിലും സത്യസന്ധരായിരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ഞങ്ങളുടേത് ഒരു ശുദ്ധമനസ്സാക്ഷിയാണ് എന്ന ബോധ്യം ഞങ്ങൾക്കുണ്ട്.”—എബ്രാ. 13:18.
യേശുക്രിസ്തു സത്യസന്ധതയുടെ ഒരു നല്ല മാതൃക വെച്ചു. വിചാരണയുടെ സമയത്ത് മഹാപുരോഹിതനായ കയ്യഫാവ്, “നീ ദൈവപുത്രനായ ക്രിസ്തുവാണോയെന്ന് ജീവനുള്ള ദൈവത്തെക്കൊണ്ടു ഞങ്ങളോട് ആണയിട്ടു” പറയൂ എന്ന് യേശുവിനോട് ആവശ്യപ്പെട്ടു. താൻ മിശിഹാ ആണെന്ന് യേശു സത്യസന്ധമായി ന്യായാധിപസഭയുടെ മുമ്പാകെ തിരിച്ചറിയിച്ചു. ആ മറുപടി, തന്നെ ഒരു ദൈവനിന്ദകനും മരണയോഗ്യനും ആക്കുമെന്ന് അറിഞ്ഞിട്ടും യേശു സത്യസന്ധത കൈവിട്ടില്ല.—മത്താ. 26:63-67.
നമ്മളെക്കുറിച്ചെന്ത്? സാമ്പത്തികനേട്ടം കിട്ടിയേക്കാവുന്ന ഒരു സാഹചര്യത്തിൽ നമ്മൾ എന്തെങ്കിലും വിവരങ്ങൾ വിട്ടുകളയുകയോ മാറ്റിപ്പറയുകയോ ചെയ്യുമോ?
സത്യസന്ധത—ഒരു വെല്ലുവിളി
ആളുകൾ “സ്വസ്നേഹികളും ധനമോഹികളും” ആയിരിക്കുന്ന ഈ അന്ത്യകാലത്ത് സത്യസന്ധരായിരിക്കുന്നത് ഒട്ടും എളുപ്പമല്ലെന്ന കാര്യത്തിൽ തർക്കമില്ല. (2 തിമൊ. 3:2) സാമ്പത്തികപ്രതിസന്ധികളും ജോലി കണ്ടുപിടിക്കാനുള്ള ബുദ്ധിമുട്ടും സത്യസന്ധതയ്ക്ക് ഒരു വെല്ലുവിളി ആയേക്കാം. മോഷണവും വഞ്ചനയും സത്യസന്ധമല്ലാത്ത മറ്റു പ്രവർത്തനങ്ങളും ചെയ്യുന്നതിൽ തെറ്റില്ലെന്ന് പലരും വിചാരിക്കുന്നു. സാമ്പത്തികനേട്ടം ഉൾപ്പെടുന്ന കാര്യങ്ങളിൽ പൊതുവേയുള്ള ധാരണ ഇതാണ്. സത്യസന്ധരായിരിക്കുക എന്നത് നടക്കുന്ന കാര്യമേ അല്ല എന്നാണ് അവരുടെ ചിന്താഗതി. ചില ക്രിസ്ത്യാനികൾപോലും ഇക്കാര്യത്തിൽ മോശമായ തീരുമാനങ്ങളെടുക്കുകയും അങ്ങനെ ‘ദുർല്ലാഭമോഹികൾ’ ആയതിന്റെ പേരിൽ സഭയിലെ അവരുടെ സത്പേര് നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.—1 തിമൊ. 3:8; തീത്തോ. 1:7.
എങ്കിലും ഭൂരിപക്ഷം ക്രിസ്ത്യാനികളും യേശുവിനെ അനുകരിക്കുന്നു. ഏതൊരു സമ്പത്തിനെക്കാളും നേട്ടത്തെക്കാളും പ്രധാനം ദൈവികഗുണങ്ങളാണെന്ന് അവർക്ക് അറിയാം. അതുകൊണ്ട് ക്രിസ്തീയയുവജനങ്ങൾ സ്കൂളിൽ നല്ല ഗ്രേഡ് കിട്ടാൻവേണ്ടി കള്ളത്തരം കാണിക്കാറില്ല. (സദൃ. 20:23) ഹൈകന്യൂഷിന് ലഭിച്ചതുപോലെ സത്യസന്ധതയ്ക്ക് എപ്പോഴും പാരിതോഷികം ലഭിക്കണമെന്നില്ല. എന്നാൽ സത്യസന്ധരായിരിക്കുന്നതാണ് ദൈവത്തിന്റെ ദൃഷ്ടിയിൽ ശരി. അതിലൂടെ ശുദ്ധമായ മനസ്സാക്ഷി നിലനിറുത്താൻ കഴിയും, അതാണ് യഥാർഥത്തിൽ വിലയേറിയതും.
ഗേഗിക്കിന്റെ മാതൃക അതാണ് തെളിയിക്കുന്നത്, അദ്ദേഹം പറയുന്നു: “ഒരു ക്രിസ്ത്യാനി ആകുന്നതിനു മുമ്പ്, ഞാൻ വലിയ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്നു. അതിന്റെ ഉടമസ്ഥൻ കമ്പനിയുടെ ലാഭവിഹിതം കുറച്ചുകാണിച്ചുകൊണ്ട് നികുതിവെട്ടിപ്പ് നടത്തിയിരുന്നു. കമ്പനിയുടെ കള്ളത്തരത്തിനു നേരെ കണ്ണടയ്ക്കാൻ നികുതി ഏജന്റിന് കൈക്കൂലി കൊടുത്തുകൊണ്ട് അദ്ദേഹവുമായി കരാർ ചെയ്യേണ്ടത് മാനേജിങ് ഡയറക്ടർ എന്ന നിലയിൽ എന്റെ ഉത്തരവാദിത്വമായിരുന്നു. അതുകൊണ്ട് സത്യസന്ധനല്ല എന്ന ഒരു ദുഷ്പേര് എനിക്കുണ്ടായിരുന്നു. എന്നാൽ നല്ല ശമ്പളമുള്ള ജോലി ആയിരുന്നെങ്കിലും, സത്യം പഠിച്ചപ്പോൾ ഞാൻ അത്തരം കള്ളത്തരത്തിന് കൂട്ടുനിൽക്കാതെയായി. എന്നിട്ട് ഞാൻ സ്വന്തമായി ഒരു ബിസിനെസ്സ് തുടങ്ങി. തുടക്കത്തിൽത്തന്നെ കമ്പനി നിയമപരമായി രജിസ്റ്റർ ചെയ്തു. നികുതികൾഎല്ലാം കൃത്യമായി അടയ്ക്കാനും തുടങ്ങി.”—2 കൊരി. 8:21.
ഗേഗിക്ക് തുടർന്നു പറയുന്നു: “എന്റെ വരുമാനം പകുതിയായി കുറഞ്ഞു, കുടുംബത്തിനുവേണ്ടി കരുതുന്നത് ബുദ്ധിമുട്ടായിത്തീർന്നു. എങ്കിലും, യഹോവയുടെ മുമ്പിൽ ഒരു ശുദ്ധമായ മനസ്സാക്ഷിയുള്ളതിനാൽ ഇപ്പോൾ എനിക്ക് സന്തോഷമുണ്ട്. എന്റെ രണ്ടു മക്കൾക്കും ഞാൻ നല്ലൊരു മാതൃകയാണ്, സഭയിൽ പദവികൾ വഹിക്കാനും ഞാൻ യോഗ്യത നേടി. നികുതി ഓഡിറ്റർമാർക്കിടയിലും ഞാൻ ബിസിനെസ്സ് ഇടപാടുകൾ നടത്തുന്ന മറ്റുള്ളവർക്കിടയിലും സത്യസന്ധൻ എന്ന സത്പേര് ഇപ്പോൾ എനിക്കുണ്ട്.”
യഹോവ സഹായത്തിന്റെ ഉറവിടം
സത്യസന്ധത ഉൾപ്പെടെയുള്ള ഉന്നതമായ ഗുണങ്ങൾ പ്രതിഫലിപ്പിച്ചുകൊണ്ട് തന്റെ പഠിപ്പിക്കലിനെ അലങ്കരിക്കുന്നവരെ യഹോവ സ്നേഹിക്കുന്നു. (തീത്തോ. 2:10) ഉറപ്പേകുന്ന പിൻവരുന്ന വാക്കുകൾ എഴുതാൻ യഹോവ ദാവീദ് രാജാവിനെ പ്രചോദിപ്പിച്ചു: “ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.”—സങ്കീ. 37:25.
വിശ്വസ്തയായിരുന്ന രൂത്തിന്റെ അനുഭവം അതാണ് തെളിയിക്കുന്നത്. വൃദ്ധയായ അമ്മായിയമ്മയെ ഒറ്റയ്ക്കാക്കി സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോകാതെ രൂത്ത് അവരോട് പറ്റിനിന്നു. അമ്മായിയമ്മയോടൊപ്പം രൂത്ത് ഇസ്രായേലിലേക്ക് പോയി. അവിടെ രൂത്തിന് സത്യദൈവത്തെ ആരാധിക്കാനാകുമായിരുന്നു. (രൂത്ത് 1:16, 17) ഇസ്രായേലിൽവെച്ച്, മോശയുടെ നിയമത്തിൽ വ്യവസ്ഥ ചെയ്തിരുന്നതുപോലെ കാലാ പെറുക്കിക്കൊണ്ട് താൻ സത്യസന്ധയും കഠിനാധ്വാനിയും ആണെന്നും രൂത്ത് തെളിയിച്ചു. പിന്നീട്, ദാവീദിന്റെ കാര്യത്തിൽ സംഭവിച്ചതുപോലെതന്നെ, അവശ്യഘട്ടത്തിൽ രൂത്തിനെയും നൊവൊമിയെയും യഹോവ കൈവിട്ടില്ല. (രൂത്ത് 2:2-18) യഹോവ രൂത്തിനുവേണ്ടി സാമ്പത്തികമായി മാത്രമല്ല കരുതിയത്. രൂത്തിനെ ദാവീദ് രാജാവിന്റെയും വാഗ്ദത്തമിശിഹായുടെപോലും ഒരു പൂർവമാതാവാകാൻ യഹോവ തിരഞ്ഞെടുത്തു!—രൂത്ത് 4:13-17; മത്താ. 1:5, 16.
അടിസ്ഥാനാവശ്യങ്ങൾക്ക് പണം കണ്ടെത്താൻ ബുദ്ധിമുട്ടായിത്തീർന്നേക്കാവുന്ന സാഹചര്യങ്ങൾ ചില ദൈവദാസർക്ക് ഉണ്ടായേക്കാം. എളുപ്പവും എന്നാൽ സത്യസന്ധമല്ലാത്തതും ആയ ഒരു വഴി തിരഞ്ഞെടുക്കുന്നതിനു പകരം അവർ ഉത്സാഹികളും കഠിനാധ്വാനികളും ആയിരിക്കാൻ ശ്രമിക്കുന്നു. വസ്തുവകകളെക്കാളും തങ്ങൾ വില കല്പിക്കുന്നത് സത്യസന്ധത ഉൾപ്പെടെയുള്ള ദൈവികഗുണങ്ങൾക്കാണെന്ന് അവർ തെളിയിക്കുന്നു.—സദൃ. 12:24; എഫെ. 4:28.
രൂത്തിനെപ്പോലെ, ലോകമെങ്ങുമുള്ള ക്രിസ്ത്യാനികൾ സഹായിക്കാനുള്ള യഹോവയുടെ പ്രാപ്തിയിൽ വിശ്വാസമർപ്പിക്കുന്നു. തന്റെ വചനത്തിലൂടെ പിൻവരുന്ന വാഗ്ദാനം രേഖപ്പെടുത്തിയ ദൈവത്തിൽ അവർ അചഞ്ചലമായ ആശ്രയം വെക്കുന്നു: “ഞാൻ നിന്നെ ഒരുനാളും കൈവിടുകയില്ല; ഒരുപ്രകാരത്തിലും ഉപേക്ഷിക്കുകയുമില്ല.” (എബ്രാ. 13:5) ജീവിതത്തിൽ തിരിച്ചടികൾ മാത്രം നേരിട്ടപ്പോഴും സത്യസന്ധരായി നിലനിന്ന ആളുകളെ തനിക്ക് സഹായിക്കാൻ കഴിയുമെന്നും സഹായിച്ചിട്ടുണ്ടെന്നും യഹോവ ആവർത്തിച്ച് തെളിയിച്ചിട്ടുണ്ട്. ജീവിതത്തിലെ അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റിത്തരുമെന്നുള്ള തന്റെ വാഗ്ദാനം യഹോവ എപ്പോഴും പാലിച്ചിട്ടുണ്ട്.—മത്താ. 6:33.
മനുഷ്യർ വജ്രത്തിനും മറ്റ് വസ്തുക്കൾക്കും ഒക്കെ വില കല്പിക്കുന്നു. എന്നാൽ നമ്മുടെ സ്വർഗീയപിതാവ് സത്യസന്ധത ഉൾപ്പെടെയുള്ള ഗുണങ്ങൾ നമ്മൾ പ്രതിഫലിപ്പിക്കുന്നതിനാണ് കൂടുതൽ വില കല്പിക്കുന്നത്. അതെ, ഏതൊരു അമൂല്യരത്നത്തെക്കാളും വിലയേറിയതാണ് അത്!
സത്യസന്ധരായിരിക്കുന്നത് ശുദ്ധമനസ്സാക്ഷിയും ശുശ്രൂഷയിൽ സംസാരസ്വാതന്ത്ര്യവും ഉള്ളവരായിരിക്കാൻ നമ്മളെ സഹായിക്കും