ആഫ്രിക്കയും അമേരിക്കയും തമ്മിൽ നടത്തിയ അടിമക്കച്ചവടമായിരുന്നു ലോകത്ത് ഏറ്റവും കൊള്ളലാഭം കൊയ്ത കച്ചവടം
അടിമത്തത്തിൽനിന്ന് മോചനം—അന്നും ഇന്നും!
ഒരു ബ്യൂട്ടീഷ്യൻ ജോലി ലഭിക്കുമെന്ന ഉറപ്പിന്റെ പുറത്താണ് ബ്ലെസ്സിa യൂറോപ്പിലേക്കു പറന്നത്. എന്നാൽ അവളെ കാത്തിരുന്നത് മറ്റൊന്നായിരുന്നു. പത്തു ദിവസത്തെ തുടർച്ചയായ മർദനവും വീട്ടിലുള്ളവരെ ഉപദ്രവിക്കുമെന്ന ഭീഷണിയും അവൾ നേരിട്ടു. അങ്ങനെ നിർബന്ധത്തിനു വഴങ്ങി ഒടുവിൽ അവൾക്ക് ഒരു വേശ്യയാകേണ്ടിവന്നു.
പുരാതന ഈജിപ്തിലേക്ക് അടിമകളെ പിടിച്ചുകൊണ്ടുപോകുന്നതിന്റെ ചിത്രീകരണം
യൂറോപ്പിലേക്ക് എത്താൻ ചെലവായ 40,000 യൂറോ തന്റെ മാഡത്തിന് തിരികെ നൽകാനായി ബ്ലെസ്സിക്ക് ഓരോ രാത്രിയും 200-300 യൂറോ സമ്പാദിക്കണമായിരുന്നു.b ബ്ലെസ്സി പറയുന്നു: “എനിക്കു രക്ഷപ്പെടണമെന്നുണ്ടായിരുന്നു, പക്ഷേ കുടുംബത്തിലുള്ളവർക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന പേടി എന്നെ അലട്ടി. ഞാൻ ശരിക്കും കുടുങ്ങിപ്പോയി.”
ഏതാണ്ട് 4,000 വർഷങ്ങൾക്കു മുമ്പ് യോസേഫ് എന്നു പേരുള്ള ഒരു കൗമാരക്കാരനെ അവന്റെ കൂടപ്പിറപ്പുകൾ വിറ്റുകളഞ്ഞു. ഈജിപ്തിലെ ഒരു പ്രമാണിയുടെ വീട്ടിൽ അവന് അടിമയാകേണ്ടിവന്നു. ബ്ലെസ്സിയെപ്പോലെ, യോസേഫിന് അവന്റെ യജമാനനിൽനിന്ന് ആദ്യമൊന്നും മോശമായ പെരുമാറ്റം സഹിക്കേണ്ടിവന്നില്ല. എന്നാൽ ഒരിക്കൽ യജമാനന്റെ ഭാര്യയുടെ വശീകരണത്തിനു വഴങ്ങാത്തതിന്റെ പേരിൽ യോസേഫ് ജയിലഴികൾക്കുള്ളിലായി. പീഡനശ്രമമായിരുന്നു അവന്റെ മേൽ അന്യായമായി ചുമത്തിയ കുറ്റം.—ഉൽപത്തി 39:1-20; സങ്കീർത്തനം 105:17, 18.
പുരാതനകാലത്തെ ഒരു അടിമയായിരുന്നു യോസേഫ്, ബ്ലെസ്സിയാകട്ടെ 21-ാം നൂറ്റാണ്ടിലെയും. എന്നാൽ ഇവർ രണ്ടു പേരും കാലങ്ങളായുള്ള മനുഷ്യക്കടത്തിന്റെ ഇരകളാണ്; ലാഭം മാത്രം മുന്നിൽക്കണ്ട് മനുഷ്യരെ വെറും കച്ചവടച്ചരക്കുകളായി വിൽക്കുന്ന വ്യവസായത്തിന്റെ ഇരകൾ.
യുദ്ധം അടിമക്കച്ചവടത്തിന് ആക്കം കൂട്ടി
രാഷ്ട്രങ്ങൾക്ക് അടിമകളെ സ്വന്തമാക്കാനുള്ള ഒരു എളുപ്പമാർഗമായിത്തീർന്നു യുദ്ധങ്ങൾ. കനാനിലെ ഒരു സൈനികനീക്കത്തിനു ശേഷം ഈജിപ്തിലെ രാജാവായിരുന്ന തുത്മോസ് മൂന്നാമൻ അവിടെയുള്ള 90,000 തടവുകാരെ അടിമകളായി കൊണ്ടുപോയതായി പറയപ്പെടുന്നു. ഈജിപ്തിലെ ക്ഷേത്രങ്ങളുടെയും കനാലുകളുടെയും നിർമാണത്തിലും ഖനികളിലും ഒക്കെയായി അവർക്ക് മരിച്ചുപണിയെടുക്കേണ്ടിവന്നു.
റോമൻ സാമ്രാജ്യത്തിൽ നടമാടിയ യുദ്ധങ്ങൾ അവർക്ക് ധാരാളം അടിമകളെ നേടിക്കൊടുത്തു. അടിമകളെ ആവശ്യപ്പെട്ടുകൊണ്ടുള്ള മുറവിളികൾ പലപ്പോഴും യുദ്ധങ്ങൾക്കു വഴിതെളിച്ചു. ഒരു കണക്ക് സൂചിപ്പിക്കുന്നതുപോലെ ഒന്നാം നൂറ്റാണ്ടായപ്പോഴേക്കും റോമിലെ ജനസംഖ്യയുടെ പകുതിയും അടിമകളായിരുന്നു. ഈജിപ്തിലും റോമിലും ഉള്ള പല അടിമകളും നിഷ്ഠുരമായ ചൂഷണത്തിന് ഇരകളായി. റോമൻ ഖനികളിൽ പണിയെടുത്തിരുന്ന അടിമകൾക്ക് ഏതാണ്ട് 30 വർഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ.
കാലം കടന്നുപോയിട്ടും അടിമത്തത്തിന്റെ യാതനകൾക്ക് ഒരു കുറവും വന്നില്ല. 16 മുതൽ 19 വരെയുള്ള നൂറ്റാണ്ടുകളിൽ ആഫ്രിക്കയും അമേരിക്കയും തമ്മിൽ നടത്തിയ അടിമക്കച്ചവടമായിരുന്നു ലോകത്ത് ഏറ്റവും കൊള്ളലാഭം കൊയ്ത കച്ചവടം. യുനെസ്കോ-യുടെ ഒരു റിപ്പോർട്ട് പറയുന്നതനുസരിച്ച് ‘ഏതാണ്ട് 2 കോടി 50 ലക്ഷത്തിനും മൂന്നു കോടിക്കും ഇടയ്ക്ക് പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ആണ് തട്ടിക്കൊണ്ടുപോയി വിറ്റത്.’ അറ്റ്ലാന്റിക് സമുദ്രം കുറുകെ കടന്നപ്പോൾ അവരിൽ ലക്ഷക്കണക്കിന് അടിമകളാണ് മരിച്ചുവീണത്. അതിനെ അതിജീവിച്ച ഒലാഡോ ഇക്വാനോ എന്ന അടിമ പറയുന്നു: “സ്ത്രീകളുടെ അലർച്ച, മരിച്ചുകൊണ്ടിരിക്കുന്നവരുടെ ഞരക്കം. . . ഇതൊക്കെ ആ അന്തരീക്ഷത്തെ ഭയാനകമാക്കി.”
ദുഃഖകരമെന്നു പറയട്ടെ, അടിമത്തം എന്നതു ചരിത്രത്തിന്റെ താളുകളിൽ അടഞ്ഞ ഒരു അധ്യായമല്ല. അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) പറയുന്നതനുസരിച്ച്, ഇപ്പോഴും ഏതാണ്ട് 2 കോടി 10 ലക്ഷം പുരുഷന്മാരും സ്ത്രീകളും കുട്ടികളും അടിമകളായി പണിയെടുക്കുന്നു; ചിലർ തുച്ഛമായ വേതനത്തിന്, മറ്റു ചിലർ വേതനമില്ലാതെ. അവർ പണിയെടുക്കുന്നത് ഖനികളിലും വസ്ത്രനിർമാണ ഫാക്ടറികളിലും ഇഷ്ടികക്കളങ്ങളിലും വേശ്യാലയങ്ങളിലും വീടുകളിലും ഒക്കെയാണ്. നിയമപരമല്ലെങ്കിലും ഇത്തരം അടിമത്തം ഇന്നു വർധിച്ചുവരുന്നു.
ലക്ഷങ്ങൾ ഇന്നും അടിമത്തത്തിൽ
സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം
അടിമകളോടുള്ള മൃഗീയമായ പെരുമാറ്റം സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ കലാശിച്ചു. ബി.സി. ഒന്നാം നൂറ്റാണ്ടിൽ, പോരാളിയായിരുന്ന സ്പാർറ്റാക്കസും ഒരു ലക്ഷത്തോളം അടിമകളും ചേർന്ന് റോമിന് എതിരെ പടപൊരുതിയെങ്കിലും വിജയിക്കാനായില്ല. 18-ാം നൂറ്റാണ്ടിൽ ഹിസ്പാനിയോളയിലെ കരീബിയൻ ദ്വീപിലുള്ള അടിമകൾ അവരുടെ യജമാനന്മാർക്കെതിരെ തിരിഞ്ഞു. കരിമ്പിൻ തോട്ടങ്ങളിൽ അടിമകൾ സഹിക്കേണ്ടിവന്ന ക്രൂരമായ പെരുമാറ്റം 13 വർഷം നീണ്ടുനിന്ന ആഭ്യന്തരകലാപത്തിനു തിരികൊളുത്തി. 1804-ൽ ഹെയ്റ്റി ഒരു സ്വതന്ത്രരാഷ്ട്രമായിത്തീരാൻ ആ കലാപം വഴിയൊരുക്കി.
അടിമകൾക്കു സ്വാതന്ത്ര്യം ലഭിച്ചതിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈജിപ്തിൽനിന്നുള്ള ഇസ്രായേല്യരുടെ വിടുതൽ. ഒരു ജനത മുഴുവൻ, സാധ്യതയനുസരിച്ച് 30 ലക്ഷം അടിമകളാണ്, അന്ന് ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് മോചിതരായത്. ആ സ്വാതന്ത്ര്യം അവർ അർഹിക്കുന്നതായിരുന്നു. ഈജിപ്തുകാർ “അവരെക്കൊണ്ട് ദുസ്സഹമായ സാഹചര്യങ്ങളിൽ എല്ലാ തരം അടിമപ്പണിയും ചെയ്യിച്ചു” എന്നാണ് ബൈബിൾ രേഖപ്പെടുത്തുന്നത്. (പുറപ്പാട് 1:11-14) ഇസ്രായേൽ ജനത്തിന്റെ വർധന തടയാനായി കുഞ്ഞുങ്ങളെ കൊന്നൊടുക്കണം എന്നൊരു കല്പനപോലും അന്നത്തെ ഫറവോൻ പുറപ്പെടുവിച്ചു.—പുറപ്പാട് 1:8-22.
ഇസ്രായേല്യർ ഈജിപ്തിൽ അനുഭവിച്ച അന്യായമായ ദുരിതത്തിൽനിന്നുള്ള വിടുതൽ ശ്രദ്ധേയമായ ഒന്നായിരുന്നു. കാരണം അവരെ മോചിപ്പിച്ചത് ദൈവമാണ്. മോശയോടു ദൈവം ഇങ്ങനെ പറഞ്ഞു: ‘അവർ അനുഭവിക്കുന്ന വേദനകൾ എനിക്കു നന്നായി അറിയാം. അവരെ ഈജിപ്തുകാരുടെ കൈയിൽനിന്ന് രക്ഷിക്കാൻ ഞാൻ ഇറങ്ങിച്ചെല്ലും.’ (പുറപ്പാട് 3:7, 8) സ്വാതന്ത്ര്യം ലഭിച്ച ആ ദിനം ഓർക്കാനായി ലോകമെങ്ങുമുള്ള ജൂതർ ഇന്നും പെസഹ ആചരിക്കുന്നു.—പുറപ്പാട് 12:14.
അടിമത്തത്തിനു കൂച്ചുവിലങ്ങ്!
ബൈബിൾ പറയുന്നു: ‘നമ്മുടെ ദൈവമായ യഹോവ അനീതി കാണിക്കാത്തവനാണ്.’ ദൈവത്തിനു മാറ്റം വന്നിട്ടില്ലെന്നും ബൈബിൾ ഉറപ്പു നൽകുന്നു. (2 ദിനവൃത്താന്തം 19:7; മലാഖി 3:6) ദൈവം യേശുവിനെ ഭൂമിയിലേക്ക് അയച്ചത് ‘ബന്ദികളോടു സ്വാതന്ത്ര്യം ലഭിക്കുമെന്നു പ്രഖ്യാപിക്കാനും മർദിതരെ സ്വതന്ത്രരാക്കാനും’ വേണ്ടിയായിരുന്നു. (ലൂക്കോസ് 4:18) ഇവിടെ പറഞ്ഞിരിക്കുന്നത് അക്ഷരീയമായ അടിമത്തത്തിൽനിന്നുള്ള സ്വാതന്ത്ര്യമാണോ? അല്ലെന്നു വ്യക്തം. കാരണം പാപത്തിന്റെയും മരണത്തിന്റെയും അടിമത്തത്തിൽനിന്ന് വിടുവിക്കാനാണ് യേശുവിനെ അയച്ചത്. യേശു പറഞ്ഞു: ‘സത്യം നിങ്ങളെ സ്വതന്ത്രരാക്കും.’ (യോഹന്നാൻ 8:32) യേശു പഠിപ്പിച്ച സത്യം ഇന്നും അനേകരെയും പല വിധങ്ങളിൽ സ്വതന്ത്രരാക്കുന്നു.—“വേറിട്ട ഒരു അടിമത്തത്തിൽനിന്ന് മോചനം” എന്ന ചതുരം നോക്കുക.
യോസേഫിന്റെയും ബ്ലെസ്സിയുടെയും കാര്യത്തിൽ, ദൈവം വ്യത്യസ്തവിധങ്ങളിൽ അവരെ അടിമത്തത്തിൽനിന്ന് മോചിപ്പിച്ചു. യോസേഫിനെക്കുറിച്ചുള്ള സവിശേഷമായ ആ വിവരണം ബൈബിളിലെ ഉൽപത്തി പുസ്തകത്തിന്റെ 39-41 അധ്യായങ്ങളിൽ കാണാം. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ബ്ലെസ്സിയുടെ ദാഹവും എടുത്തുപറയത്തക്ക ഒന്നാണ്.
യൂറോപ്പ് വിടേണ്ടിവന്ന ബ്ലെസ്സി സ്പെയിനിലേക്കു കുടിയേറി. അവിടെ യഹോവയുടെ സാക്ഷികളോടൊപ്പം അവൾ ബൈബിൾ പഠിക്കാൻതുടങ്ങി. ജീവിതം തിരിച്ചുപിടിക്കാനുള്ള ആഗ്രഹത്തോടെ സ്ഥിരവരുമാനമുള്ള ഒരു ജോലി അവൾ കണ്ടെത്തി. മാസംതോറും കൊടുക്കാനുള്ള തുകയിൽ ഇളവ് വരുത്താനും മാഡത്തോട് ആവശ്യപ്പെട്ടു. അങ്ങനെയിരിക്കെ ഒരു ദിവസം ബ്ലെസ്സിക്ക് മാഡത്തിന്റെ ഒരു ഫോൺകോൾ വന്നു. അവർ ബ്ലെസ്സിയോടു ക്ഷമ ചോദിക്കുകയും തരാനുള്ള പണം ഇനി വേണ്ടെന്നു പറയുകയും ചെയ്തു. എന്താണ് ഈ മാറ്റത്തിനു കാരണം? മാഡവും യഹോവയുടെ സാക്ഷികളോടൊത്ത് ബൈബിൾ പഠിക്കാൻതുടങ്ങിയിരിക്കുന്നു! ബ്ലെസ്സി പറയുന്നു: “അത്ഭുതകരമായ വിധത്തിലാണ് സത്യം നമ്മളെ സ്വതന്ത്രരാക്കുന്നത്.”
ഈജിപ്തിൽ അടിമകളായിരുന്ന ഇസ്രായേല്യർ അനുഭവിച്ച ക്രൂരമായ പീഡനങ്ങൾ കണ്ടപ്പോൾ യഹോവയ്ക്കു ദുഃഖം തോന്നി. ഇന്നും അത്തരത്തിലുള്ള അനീതി കാണുമ്പോൾ യഹോവയ്ക്ക് അതുതന്നെയാണ് തോന്നുന്നത്. അടിമത്തം തുടച്ചുനീക്കണമെങ്കിൽ മനുഷ്യസമൂഹത്തിനു വലിയൊരു മാറ്റം അനിവാര്യമാണ്. അത്തരമൊരു മാറ്റമാണ് ദൈവവും വാഗ്ദാനം ചെയ്തിരിക്കുന്നത്. “ദൈവത്തിന്റെ വാഗ്ദാനത്തിനു ചേർച്ചയിൽ പുതിയ ആകാശത്തിനും പുതിയ ഭൂമിക്കും വേണ്ടി കാത്തിരിക്കുകയാണു നമ്മൾ; അവിടെ നീതി കളിയാടും.”—2 പത്രോസ് 3:13
a ഇത് യഥാർഥപേരല്ല.
b അതിന് അർഥം 29 ലക്ഷത്തിലധികം വരുന്ന തുക അടച്ചുതീർക്കാൻ ബ്ലെസ്സിക്ക് ഓരോ രാത്രിയും 14,000-21,000 രൂപയോളം സമ്പാദിക്കേണ്ടിയിരുന്നു.