“നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”
“യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”—യോഹ. 21:15.
1, 2. ഒരു രാത്രി മുഴുവൻ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടശേഷം പത്രോസിന് എന്ത് അനുഭവമുണ്ടായി?
യേശുവിന്റെ ഏഴു ശിഷ്യന്മാർ ഗലീലക്കടലിൽ മീൻ പിടിക്കുകയായിരുന്നു. പക്ഷേ രാത്രി മുഴുവൻ അധ്വാനിച്ചിട്ടും അവർക്ക് ഒരു മീൻപോലും കിട്ടിയില്ല. പുലർച്ചെ അവരെ നോക്കി ഒരാൾ കടൽത്തീരത്ത് നിൽപ്പുണ്ടായിരുന്നു—പുനരുത്ഥാനപ്പെട്ട യേശു. “യേശു അവരോടു പറഞ്ഞു: ‘വള്ളത്തിന്റെ വലതുവശത്ത് വല വീശൂ. അപ്പോൾ നിങ്ങൾക്കു കിട്ടും.’ അവർ വല വീശി. വല വലിച്ചുകയറ്റാൻ പറ്റാത്തതുപോലെ അത്രയധികം മീൻ വലയിൽപ്പെട്ടു.”—യോഹ. 21:1-6.
2 അവർക്കു പ്രഭാതഭക്ഷണം വിളമ്പിയശേഷം യേശു ശിമോൻ പത്രോസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?” യേശു എന്താണ് ഉദ്ദേശിച്ചത്? മത്സ്യബന്ധനം എന്ന തന്റെ തൊഴിൽ പത്രോസിനു ജീവനായിരുന്നു. അതുകൊണ്ട്, യേശുവിന്റെ ചോദ്യത്തിന്റെ അർഥം ഇതായിരുന്നു: മത്സ്യത്തോടും മത്സ്യബന്ധനത്തോടും ആണോ അതോ യേശുവിനോടും യേശു പഠിപ്പിച്ച കാര്യങ്ങളോടും ആണോ പത്രോസിന് ഏറ്റവും ഇഷ്ടം? പത്രോസ് ഇങ്ങനെ ഉത്തരം പറഞ്ഞു: “ഉണ്ട് കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.” (യോഹ. 21:15) ആ പറഞ്ഞതിനു ചേർച്ചയിൽത്തന്നെ പത്രോസ് പിന്നീടു ജീവിച്ചു. ശിഷ്യരാക്കൽവേലയിൽ തിരക്കോടെ ഏർപ്പെട്ടുകൊണ്ടും ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയിൽ ഒരു തൂണായി നിന്നുകൊണ്ടും യേശുവിനോടുള്ള സ്നേഹം പത്രോസ് തെളിയിച്ചു.
3. ക്രിസ്ത്യാനികൾ ഏത് അപകടങ്ങൾക്കെതിരെ ജാഗ്രതയുള്ളവരായിരിക്കണം?
3 പത്രോസിനോടുള്ള യേശുവിന്റെ ചോദ്യത്തിൽനിന്ന് നമുക്ക് ഒരു പാഠം പഠിക്കാനുണ്ട്. ക്രിസ്തുവിനോടുള്ള സ്നേഹം തണുത്തുപോകാതിരിക്കാനും ദൈവരാജ്യത്തിനുവേണ്ടിയുള്ള പ്രവർത്തനത്തിൽനിന്ന് ശ്രദ്ധ മാറിപ്പോകാതിരിക്കാനും നമ്മൾ സൂക്ഷിക്കണം. ഈ വ്യവസ്ഥിതിയിൽ ഉത്കണ്ഠകൾ നമ്മളെ വളരെയധികം സമ്മർദത്തിലാക്കുമെന്നു യേശുവിനു നന്നായി അറിയാമായിരുന്നു. വിതക്കാരനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിൽ, “ദൈവവചനം” കേൾക്കുന്ന ചിലർ തുടക്കത്തിൽ പുരോഗതി വരുത്തുമെന്നും എന്നാൽ പിന്നീട് ‘ഈ വ്യവസ്ഥിതിയിലെ ഉത്കണ്ഠകളും ധനത്തിന്റെ വഞ്ചകശക്തിയും വചനത്തെ ഞെരുക്കുമെന്നും’ യേശു പറഞ്ഞു. (മത്താ. 13:19-22; മർക്കോ. 4:19) അതെ, ശ്രദ്ധിച്ചില്ലെങ്കിൽ അനുദിനജീവിതത്തിലെ ഉത്കണ്ഠകൾ നമ്മുടെ ഹൃദയത്തെ പിടികൂടുകയും ആത്മീയമായി നമ്മളെ തളർത്തിക്കളയുകയും ചെയ്യും. അതുകൊണ്ടാണു യേശു ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞത്: ‘നിങ്ങളുടെ ഹൃദയം അമിതമായ തീറ്റിയും കുടിയും ജീവിതത്തിലെ ഉത്കണ്ഠകളും കാരണം ഭാരപ്പെടാതിരിക്കാൻ സൂക്ഷിക്കണം.’—ലൂക്കോ. 21:34.
4. ക്രിസ്തുവിനോടുള്ള സ്നേഹത്തിന്റെ ആഴം അളക്കാൻ ഏതു ചോദ്യങ്ങൾ നമ്മളോടുതന്നെ ചോദിക്കണം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
4 പത്രോസിനെപ്പോലെ, ക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന വേലയ്ക്ക് ഒന്നാം സ്ഥാനം കൊടുത്തുകൊണ്ട് നമുക്കും ക്രിസ്തുവിനെ ആഴമായി സ്നേഹിക്കുന്നെന്നു തെളിയിക്കാം. ആ വേലയ്ക്കാണു നമ്മൾ പ്രാധാന്യം കൊടുക്കുന്നതെന്ന് എങ്ങനെ ഉറപ്പാക്കാം? കൂടെക്കൂടെ നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘എനിക്ക് ഏറ്റവും ഇഷ്ടം എന്തിനോടാണ്? ആത്മീയപ്രവർത്തനങ്ങളിൽനിന്നാണോ മറ്റു കാര്യങ്ങളിൽനിന്നാണോ എനിക്കു കൂടുതൽ സന്തോഷം കിട്ടുന്നത്?’ ക്രിസ്തുവിനോടും ആത്മീയകാര്യങ്ങളോടും ഉള്ള സ്നേഹം കുറച്ചുകളഞ്ഞേക്കാവുന്ന മൂന്നു കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇപ്പോൾ ചിന്തിക്കാം—ജോലി, വിനോദം, സമ്പത്തും വസ്തുവകകളും.
ജോലിയായിരിക്കരുത് ഏറ്റവും പ്രധാനം
5. കുടുംബനാഥന്മാർക്ക് എന്ത് ഉത്തരവാദിത്വമുണ്ടെന്നാണു തിരുവെഴുത്തുകൾ പറയുന്നത്?
5 പത്രോസിനു മീൻപിടുത്തം വെറും നേരംപോക്കു മാത്രമല്ലായിരുന്നു, അതു പത്രോസിന്റെ ഉപജീവനമാർഗമായിരുന്നു. ഇന്നുള്ള കുടുംബനാഥന്മാരും, കുടുംബത്തിന്റെ സാമ്പത്തികാവശ്യങ്ങൾക്കായി കരുതാൻ തിരുവെഴുത്തുകൾ തങ്ങളോട് ആവശ്യപ്പെടുന്നുണ്ടെന്നു മനസ്സിലാക്കുന്നു. (1 തിമൊ. 5:8) ഈ ഉത്തരവാദിത്വം നിറവേറ്റാൻ അവർ കഠിനാധ്വാനം ചെയ്യണം. എന്നാൽ വ്യവസ്ഥിതിയുടെ ഈ അവസാനകാലത്ത് ജോലി പലപ്പോഴും ഉത്കണ്ഠയ്ക്കു കാരണമാകാറുണ്ട്.
6. ഇക്കാലത്ത് ജോലിക്കാർ നേരിടുന്ന സമ്മർദങ്ങൾ എന്തൊക്കെ?
6 ഇക്കാലത്ത് ജോലി കിട്ടാൻ ബുദ്ധിമുട്ടാണ്. ഒരു തൊഴിലവസരമുണ്ടെന്ന് അറിഞ്ഞാൽ ആയിരങ്ങളാണ് അപേക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ, ഉള്ള ജോലി നഷ്ടപ്പെടാതിരിക്കാൻ പലർക്കും കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുന്നു. ചെയ്യുന്ന ജോലിക്കനുസരിച്ച് വേതനം കിട്ടാറുമില്ല. ഉത്പാദനം കൂട്ടാൻ തൊഴിലുടമകൾ നിർബന്ധിക്കുന്നതു ജോലിക്കാരെ ശാരീരികമായും മാനസികമായും വൈകാരികമായും തളർത്തുന്നു. ഇതൊക്കെ സഹിക്കാൻ മനസ്സില്ലാത്തവർക്കു ജോലി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
7, 8. (എ) നമ്മൾ ആരോടാണ് ഏറ്റവും വിശ്വസ്തത കാണിക്കേണ്ടത്? (ബി) തായ്ലൻഡിലുള്ള ഒരു സഹോദരൻ ജോലിയെക്കുറിച്ച് ഏതു പ്രധാനപ്പെട്ട പാഠം പഠിച്ചു?
7 ക്രിസ്ത്യാനികളായ നമ്മൾ ഏറ്റവും വിശ്വസ്തത കാണിക്കേണ്ടത് യഹോവയോടാണ്, നമ്മുടെ തൊഴിലുടമയോടല്ല. (ലൂക്കോ. 10:27) അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റാനും ആത്മീയകാര്യങ്ങൾക്ക് ആവശ്യമായ പണം കണ്ടെത്താനും ആണ് നമ്മൾ ജോലി ചെയ്യുന്നത്. എന്നാൽ ശ്രദ്ധിച്ചില്ലെങ്കിൽ ജോലി നമ്മുടെ ആരാധനയ്ക്ക് ഒരു തടസ്സമായേക്കാം. ഉദാഹരണത്തിന്, തായ്ലൻഡിലുള്ള ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “കമ്പ്യൂട്ടറുകൾ നന്നാക്കുന്ന എന്റെ ജോലി എനിക്കു വളരെ ഇഷ്ടമായിരുന്നു. എന്നാൽ സമയത്തിന്റെ ഭൂരിഭാഗവും ജോലിക്കായി ചെലവഴിച്ചിരുന്നതുകൊണ്ട് ആത്മീയകാര്യങ്ങൾക്ക് എനിക്ക് ഒട്ടുംതന്നെ സമയമില്ലായിരുന്നു. ദൈവരാജ്യത്തിന് ഒന്നാം സ്ഥാനം കൊടുക്കണമെങ്കിൽ ഇപ്പോൾ ചെയ്യുന്ന ജോലി ഉപേക്ഷിക്കണമെന്ന് ഒടുവിൽ എനിക്കു മനസ്സിലായി.” സഹോദരൻ എന്തു ചെയ്തു?
8 സഹോദരൻ പറയുന്നു: “ഒരു വർഷത്തെ ആലോചനയ്ക്കും പ്ലാനിങ്ങിനും ശേഷം, വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന ജോലി തുടങ്ങാൻ ഞാൻ തീരുമാനിച്ചു. തുടക്കത്തിൽ കാര്യമായിട്ട് ഒന്നും കിട്ടിയില്ല. എനിക്കു വലിയ വിഷമമായി. മുമ്പ് എന്റെകൂടെ ജോലി ചെയ്തിരുന്നവർ എന്നെ കാണുമ്പോൾ കളിയാക്കുമായിരുന്നു. എസി-യിലിരുന്ന് കമ്പ്യൂട്ടറിന്റെ ജോലി ചെയ്യുന്നതിനെക്കാൾ ഐസ്ക്രീം വിറ്റുനടക്കുന്നതാണോ നല്ലത് എന്ന് അവർ പരിഹാസത്തോടെ ചോദിച്ചു. ഞാൻ യഹോവയോടു പ്രാർഥിച്ചു, പുതിയ സാഹചര്യവുമായി പൊരുത്തപ്പെടാനും ആത്മീയപ്രവർത്തനങ്ങൾക്കു കൂടുതൽ സമയം കണ്ടെത്തുകയെന്ന എന്റെ ലക്ഷ്യത്തിലെത്താനും സഹായിക്കണമെന്ന് അപേക്ഷിച്ചു. പതുക്കെപ്പതുക്കെ കാര്യങ്ങളൊക്കെ മെച്ചപ്പെടാൻ തുടങ്ങി. ആളുകൾക്ക് ഏത് ഐസ്ക്രീമാണു കൂടുതൽ ഇഷ്ടമെന്നു ഞാൻ മനസ്സിലാക്കിയെടുത്തു. നന്നായി ഐസ്ക്രീം ഉണ്ടാക്കാനും പഠിച്ചു. അങ്ങനെ, ദിവസവും ഐസ്ക്രീം മുഴുവൻ വിറ്റുതീർക്കാൻ എനിക്കു കഴിഞ്ഞു. ശരിക്കും പറഞ്ഞാൽ, കമ്പ്യൂട്ടറുകൾ നന്നാക്കുന്ന ജോലിയിൽനിന്ന് കിട്ടിയിരുന്നതിനെക്കാൾ പണം എനിക്ക് ആ ബിസിനെസ്സിൽനിന്ന് ലഭിച്ചു. പഴയ ജോലിയുടെ അത്ര സമ്മർദങ്ങളോ ഉത്കണ്ഠകളോ ഇല്ലാത്തതുകൊണ്ട് എനിക്കു ശരിക്കും സന്തോഷം തോന്നി. ഏറ്റവും പ്രധാനമായി, എനിക്ക് ഇപ്പോൾ യഹോവയോട് മുമ്പത്തേതിലും അടുപ്പമുണ്ട്.”—മത്തായി 5:3, 6 വായിക്കുക.
9. ജോലിയെക്കുറിച്ച് ഉചിതമായ ഒരു വീക്ഷണമുണ്ടായിരിക്കാൻ നമുക്ക് എങ്ങനെ കഴിയും?
9 കഠിനാധ്വാനം ചെയ്യുന്നവരെ യഹോവയ്ക്ക് ഇഷ്ടമാണ്. കഠിനാധ്വാനം ചെയ്യുന്നതുകൊണ്ട് പല പ്രയോജനങ്ങളുണ്ട്. (സുഭാ. 12:14) എന്നാൽ തായ്ലൻഡിലെ ആ സഹോദരൻ മനസ്സിലാക്കിയതുപോലെ ജോലിയെ അതിന്റേതായ സ്ഥാനത്ത് നിറുത്തണം. യേശു പറഞ്ഞു: “അതുകൊണ്ട് ദൈവരാജ്യത്തിനും ദൈവനീതിക്കും എപ്പോഴും ഒന്നാം സ്ഥാനം കൊടുക്കുക. അപ്പോൾ ഇപ്പറഞ്ഞ മറ്റെല്ലാം (അതായത്, അടിസ്ഥാനകാര്യങ്ങൾ) നിങ്ങൾക്കു കിട്ടും.” (മത്താ. 6:33) ജോലിക്കാണോ ആത്മീയകാര്യങ്ങൾക്കാണോ പ്രാധാന്യം കൊടുക്കുന്നതെന്നു മനസ്സിലാക്കാൻ ഈ ചോദ്യം നിങ്ങളെ സഹായിക്കും: ‘എന്റെ ജോലിയെ ഒരുപാടു സ്നേഹിക്കുകയും അതു ചെയ്യാൻ ഉത്സാഹം കാണിക്കുകയും ചെയ്യുന്ന ഞാൻ ആത്മീയപ്രവർത്തനങ്ങളെ ബോറായിട്ടാണോ കാണുന്നത്?’ ഈ ചോദ്യത്തിനുള്ള ഉത്തരം നിങ്ങൾ എന്തിനെയാണു കൂടുതൽ സ്നേഹിക്കുന്നതെന്നു വ്യക്തമാക്കിത്തരും.
10. മുൻഗണനകൾ വെക്കുന്ന കാര്യത്തിൽ യേശു ഏതു പ്രധാനപ്പെട്ട പാഠമാണു പഠിപ്പിച്ചത്?
10 എന്തിനാണു മുൻതൂക്കം കൊടുക്കേണ്ടതെന്നു യേശു പഠിപ്പിച്ചു. ഒരിക്കൽ യേശു മറിയയുടെയും മാർത്തയുടെയും വീട്ടിൽ പോയി. യേശുവിനെ കണ്ടതും മാർത്ത ഒരു വലിയ വിരുന്ന് ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങി. എന്നാൽ മാർത്തയുടെ സഹോദരി മറിയ യേശുവിന്റെ കാൽക്കൽ ഇരുന്ന് യേശു പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ചു. വിരുന്ന് ഒരുക്കാൻ മറിയ സഹായിക്കുന്നില്ലെന്നു മാർത്ത പരാതിപ്പെട്ടപ്പോൾ യേശു പറഞ്ഞു: “മറിയ നല്ല പങ്കു തിരഞ്ഞെടുത്തിരിക്കുന്നു. അത് അവളിൽനിന്ന് ആരും എടുത്തുകളയില്ല.” (ലൂക്കോ. 10:38-42) യേശു മാർത്തയെ വളരെ പ്രധാനപ്പെട്ട ഒരു പാഠം പഠിപ്പിക്കുകയായിരുന്നു. അനുദിനകാര്യങ്ങൾ കാരണം ആത്മീയകാര്യങ്ങളിൽനിന്ന് നമ്മുടെ ശ്രദ്ധ മാറാതിരിക്കണമെങ്കിൽ, ക്രിസ്തുവിനോടുള്ള സ്നേഹം തെളിയിക്കാൻ നമുക്കു കഴിയണമെങ്കിൽ, നമ്മളും “നല്ല പങ്കു” തിരഞ്ഞെടുക്കണം. അതായത് ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കണം.
വിനോദവും ഉല്ലാസവും സംബന്ധിച്ച ശരിയായ വീക്ഷണം
11. വിശ്രമത്തെക്കുറിച്ച് തിരുവെഴുത്തുകൾ എന്താണു പറയുന്നത്?
11 തിരക്കുപിടിച്ച ഈ ജീവിതത്തിൽ നമുക്കെല്ലാം വിശ്രമവും വിനോദവും ആവശ്യമാണ്. ദൈവവചനം പറയുന്നു: “തിന്നുകയും കുടിക്കുകയും അധ്വാനത്തിൽ ആസ്വാദനം കണ്ടെത്തുകയും ചെയ്യുന്നതിനെക്കാൾ മെച്ചമായി മനുഷ്യന് ഒന്നുമില്ല.” (സഭാ. 2:24) ശിഷ്യന്മാർക്കു വിശ്രമം ആവശ്യമാണെന്നു യേശുവിന് അറിയാമായിരുന്നു. ഒരിക്കൽ പ്രസംഗപര്യടനം കഴിഞ്ഞ് ക്ഷീണിച്ച ശിഷ്യന്മാരോടു യേശു ഇങ്ങനെ പറഞ്ഞു: “വരൂ, നമുക്കു മാത്രമായി ഒറ്റപ്പെട്ട ഒരു സ്ഥലത്ത് പോയി അൽപ്പം വിശ്രമിക്കാം.”—മർക്കോ. 6:31, 32.
12. വിനോദത്തിന്റെയും ഉല്ലാസത്തിന്റെയും കാര്യത്തിൽ ഏത് അപകടം പതിയിരിപ്പുണ്ട്? ഒരു അനുഭവം പറയുക.
12 നമുക്കെല്ലാം വിനോദവും ഉല്ലാസവും ആവശ്യമാണെങ്കിലും നമ്മുടെ ശ്രദ്ധ മുഴുവനും അതിലാണെങ്കിൽ അത് അപകടമാണ്. ഒന്നാം നൂറ്റാണ്ടിലെ പലരും, “നമുക്കു തിന്നുകുടിച്ച് ഉല്ലസിക്കാം; നാളെ നമ്മൾ മരിക്കുമല്ലോ” എന്നു ചിന്തിച്ചവരാണ്. (1 കൊരി. 15:32) ഇന്നുള്ള അനേകർക്കും ഇതേ മനോഭാവമാണുള്ളത്. പടിഞ്ഞാറൻ യൂറോപ്പിലുള്ള ഒരു യുവാവിന്റെ അനുഭവം നോക്കാം. കുറെ വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ക്രിസ്തീയയോഗങ്ങൾക്കു പോകാൻ തുടങ്ങി. പക്ഷേ വിനോദകാര്യങ്ങളായിരുന്നു അദ്ദേഹത്തിന്റെ ജീവിതത്തിലെ മുഖ്യസംഗതി. അങ്ങനെ യഹോവയുടെ സാക്ഷികളോടൊത്ത് സഹവസിക്കുന്നത് അദ്ദേഹം നിറുത്തി. എന്നാൽ കുറച്ച് കാലം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് ഒരു കാര്യം മനസ്സിലായി: വിനോദത്തിനു പ്രാധാന്യം കൊടുത്തതുകൊണ്ട് തനിക്ക് ഇതുവരെ പ്രശ്നങ്ങളും നിരാശയും മാത്രമേ ഉണ്ടായിട്ടുള്ളൂ. വീണ്ടും ബൈബിൾപഠനം തുടങ്ങിയ ആ യുവാവ് സന്തോഷവാർത്തയുടെ ഒരു പ്രചാരകനാകാൻ യോഗ്യത നേടി. സ്നാനത്തിനു ശേഷം അദ്ദേഹം പറഞ്ഞു: “ഈ ലോകത്തിലെ ഉല്ലാസങ്ങൾ തരുന്ന സന്തോഷത്തെക്കാൾ വളരെ വലുതാണ് യഹോവയെ സേവിക്കുന്നതിൽനിന്ന് കിട്ടുന്ന സന്തോഷം. അതു തിരിച്ചറിയാൻ ഇത്രയും വൈകിപ്പോയി എന്നതു മാത്രമാണ് എന്റെ ദുഃഖം.”
13. (എ) വിനോദത്തിനും ഉല്ലാസത്തിനും അമിതപ്രാധാന്യം നൽകിയാൽ എന്തു സംഭവിക്കുമെന്നു ഉദാഹരണം സഹിതം വ്യക്തമാക്കുക. (ബി) വിനോദവും ഉല്ലാസവും സംബന്ധിച്ച് ഉചിതമായ വീക്ഷണമുണ്ടായിരിക്കാൻ നമ്മളെ എന്തു സഹായിക്കും?
13 ഉന്മേഷവും ഉത്സാഹവും വീണ്ടെടുക്കാനാണു വിനോദങ്ങളിലും ഉല്ലാസങ്ങളിലും ഏർപ്പെടുന്നത്. എന്നാൽ എത്ര സമയം വിനോദത്തിനുവേണ്ടി ചെലവഴിക്കണം? ഇങ്ങനെയൊന്നു ചിന്തിക്കുക: മധുരം കഴിക്കുന്നതു മിക്കവർക്കും ഇഷ്ടമാണ്. എന്നാൽ എപ്പോഴും നമ്മൾ മധുരപലഹാരങ്ങളും മിഠായിയും ആണ് കഴിക്കുന്നതെങ്കിലോ? അതു നമ്മളെ രോഗികളാക്കും. ആരോഗ്യം വേണമെങ്കിൽ പോഷകഗുണമുള്ള ആഹാരം വേണ്ടത്ര കഴിക്കണം. സമാനമായി, വിനോദത്തിനും ഉല്ലാസത്തിനും വേണ്ടി സ്ഥിരമായി ധാരാളം സമയം ചെലവിടുന്നെങ്കിൽ അതു നമ്മുടെ ആത്മീയാരോഗ്യത്തെ ബാധിച്ചേക്കാം. അങ്ങനെയൊരു അപകടം സംഭവിക്കാതിരിക്കണമെങ്കിൽ നമ്മൾ ക്രമമായി ആത്മീയപ്രവർത്തനങ്ങളിൽ ഏർപ്പെടണം. വിനോദം സംബന്ധിച്ച് ശരിയായ വീക്ഷണമാണോ നമുക്കുള്ളത് എന്ന് എങ്ങനെ നിർണയിക്കാം? ആത്മീയപ്രവർത്തനങ്ങൾക്ക്, അതായത് യോഗങ്ങൾക്കു പോകുന്നതിനും വയൽസേവനത്തിൽ പങ്കുപറ്റുന്നതിനും വ്യക്തിപരമായ പഠനത്തിനും കുടുംബാരാധനയ്ക്കും, ഓരോ ദിവസവും എത്ര സമയം മാറ്റിവെക്കുന്നുണ്ടെന്ന് എഴുതിവെക്കുക. അതുപോലെ വിനോദത്തിന്, അതായത് കളികളിൽ ഏർപ്പെടാനും ടിവി കാണാനും വീഡിയോഗെയിമുകൾ കളിക്കാനും ഒക്കെ എത്ര സമയം ചെലവിടുന്നുണ്ടെന്നും എഴുതുക. ഒരാഴ്ചത്തേക്ക് ഇങ്ങനെ ചെയ്തിട്ട് ആ രണ്ടു സമയവും തമ്മിൽ ഒന്നു താരതമ്യം ചെയ്യുക. ‘മധുരം’ അൽപ്പം കുറയ്ക്കേണ്ടിവരും എന്നായിരിക്കുമോ അതു വെളിപ്പെടുത്തുക?—എഫെസ്യർ 5:15, 16 വായിക്കുക.
14. നല്ല വിനോദവും ഉല്ലാസവും തിരഞ്ഞെടുക്കാൻ എന്തു സഹായിക്കും?
14 ഏതു വിനോദം തിരഞ്ഞെടുക്കണമെന്ന് ഓരോരുത്തർക്കും തീരുമാനിക്കാം. കുടുംബങ്ങളുടെ കാര്യത്തിൽ കുടുംബനാഥൻ തീരുമാനമെടുക്കും. എന്നാൽ ആ തിരഞ്ഞെടുപ്പ് യഹോവ നൽകിയിരിക്കുന്ന ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിലായിരിക്കണമെന്നു മാത്രം.a നല്ല വിനോദങ്ങളെല്ലാം “ദൈവത്തിന്റെ ദാനമാണ്.” (സഭാ. 3:12, 13) എന്നാൽ വിനോദത്തിന്റെ കാര്യത്തിൽ ആളുകൾക്കു വ്യത്യസ്ത അഭിരുചികളുണ്ടായിരുന്നേക്കാം; ഒരാൾ തിരഞ്ഞെടുക്കുന്നതായിരിക്കില്ല മറ്റൊരാൾ തിരഞ്ഞെടുക്കുന്നത്. (ഗലാ. 6:4, 5) പക്ഷേ, ഏതു വിനോദമാണു തിരഞ്ഞെടുക്കുന്നതെങ്കിലും അതിന് അമിതപ്രാധാന്യം കൊടുക്കരുത്. യേശു പറഞ്ഞു: “നിങ്ങളുടെ നിക്ഷേപം എവിടെയാണോ അവിടെയായിരിക്കും നിങ്ങളുടെ ഹൃദയവും.” (മത്താ. 6:21) യേശുവിനോട് ആത്മാർഥസ്നേഹമുണ്ടെങ്കിൽ നമ്മുടെ ചിന്തകളിലും സംസാരത്തിലും പ്രവർത്തനങ്ങളിലും മുന്തിനിൽക്കുന്നതു ദൈവരാജ്യകാര്യങ്ങളായിരിക്കും, മറ്റൊന്നുമായിരിക്കില്ല.—ഫിലി. 1:9, 10.
സമ്പത്തിനും വസ്തുവകകൾക്കും പിന്നാലെ പായാതിരിക്കുക
15, 16. (എ) സമ്പത്തിനോടും വസ്തുവകകളോടും ഉള്ള ആഗ്രഹം ക്രിസ്ത്യാനിക്ക് ഒരു കെണിയായിത്തീർന്നേക്കാവുന്നത് എങ്ങനെ? (ബി) അതെക്കുറിച്ച് യേശു ജ്ഞാനപൂർവമായ എന്ത് ഉപദേശമാണു തന്നത്?
15 പുതിയ ഫാഷനുകളിലുള്ള വസ്ത്രങ്ങളും അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും ഒക്കെ വാങ്ങിക്കൂട്ടാനുള്ള നെട്ടോട്ടത്തിലാണ് ഇന്ന് ആളുകൾ. അതുകൊണ്ട് സ്വന്തം ആഗ്രഹങ്ങൾ എന്തൊക്കെയാണെന്ന് ഓരോ ക്രിസ്ത്യാനിയും കൂടെക്കൂടെ വിലയിരുത്തണം. ഈ ചോദ്യങ്ങൾ അതിനു നിങ്ങളെ സഹായിക്കും: ‘പുതുതായി ഇറങ്ങുന്ന കാറുകളെക്കുറിച്ചും പുതിയ ഫാഷനിലുള്ള വസ്ത്രങ്ങളെക്കുറിച്ചും അറിയാനും ചിന്തിക്കാനും വേണ്ടി ഞാൻ യോഗങ്ങൾക്കു തയ്യാറാകുന്നതിനെക്കാൾ സമയം ചെലവിടുന്നുണ്ടോ? അത്തരം കാര്യങ്ങളാണോ എനിക്ക് ഏറ്റവും പ്രധാനം? ബൈബിൾ വായിക്കാനും പ്രാർഥിക്കാനും സമയം കിട്ടാത്ത വിധം ദൈനംദിനകാര്യാദികളിൽ ഞാൻ മുഴുകിപ്പോകാറുണ്ടോ?’ ഇത്തരം കാര്യങ്ങളോടുള്ള സ്നേഹം ക്രിസ്തുവിനോടുള്ള സ്നേഹത്തെ മൂടിക്കളയുന്നതായി തോന്നുന്നെങ്കിൽ യേശുവിന്റെ ഈ വാക്കുകൾക്കു ശ്രദ്ധ കൊടുക്കുക: “എല്ലാ തരം അത്യാഗ്രഹത്തിനും എതിരെ ജാഗ്രത വേണം.” (ലൂക്കോ. 12:15) ഇത്ര ഗൗരവമേറിയ ഒരു മുന്നറിയിപ്പു യേശു നൽകിയത് എന്തുകൊണ്ടാണ്?
16 യേശു പറഞ്ഞു: “രണ്ട് യജമാനന്മാരെ സേവിക്കാൻ ആർക്കും കഴിയില്ല. . . . ഒരേ സമയം ദൈവത്തെയും ധനത്തെയും സേവിക്കാൻ കഴിയില്ല.” കാരണം, ആ രണ്ടു ‘യജമാനന്മാരും’ സമ്പൂർണഭക്തി ആവശ്യപ്പെടുന്നവരാണ്. ‘ഒന്നുകിൽ നമ്മൾ ഒന്നാമനെ വെറുത്ത് മറ്റേ യജമാനനെ സ്നേഹിക്കും. അല്ലെങ്കിൽ ഒന്നാമനോടു പറ്റിനിന്ന് മറ്റേ യജമാനനെ നിന്ദിക്കും.’ (മത്താ. 6:24) അപൂർണരായതുകൊണ്ട് സമ്പത്തിനോടും വസ്തുവകകളോടും ഉള്ള ആഗ്രഹം ഉൾപ്പെടെ ‘ജഡമോഹങ്ങൾ’ നമ്മളിൽ വളർന്നുവരാൻ സാധ്യതയുണ്ട്. അവയ്ക്കെതിരെ നമ്മൾ പോരാടണം.—എഫെ. 2:3.
17. (എ) ജഡികചിന്താഗതിയുള്ള ആളുകൾക്കു സമ്പത്തും വസ്തുവകകളും സംബന്ധിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? (ബി) വസ്തുവകകൾ വാരിക്കൂട്ടാനുള്ള ആഗ്രഹം വളർന്നുവരാതിരിക്കാൻ നമ്മൾ എന്തു ചെയ്യണം?
17 മാനുഷികചിന്താഗതിയുള്ള ആളുകൾക്കു സമ്പത്തിനെയും വസ്തുവകകളെയും അതിന്റെ സ്ഥാനത്ത് നിറുത്താൻ ബുദ്ധിമുട്ടാണ്. എന്തുകൊണ്ട്? കാരണം കാര്യങ്ങളെ ആത്മീയമായി വിലയിരുത്താൻ അവർക്കു കഴിയുന്നില്ല. (1 കൊരിന്ത്യർ 2:14 വായിക്കുക.) വിവേചനാപ്രാപ്തിക്കു മങ്ങലേറ്റതുകൊണ്ട്, ശരിയും തെറ്റും തിരിച്ചറിയാൻ അവർക്കു ബുദ്ധിമുട്ടായിത്തീരുന്നു. (എബ്രാ. 5:11-14) അതിന്റെ ഫലമായി, സമ്പത്തിനോടും വസ്തുവകകളോടും ഒരു അടങ്ങാത്ത ആഗ്രഹം ചിലരിൽ വളർന്നുവരും. ആ ആഗ്രഹം ഒരിക്കലും തൃപ്തിപ്പെടുകയുമില്ല. (സഭാ. 5:10) എന്നാൽ ഭൗതികവസ്തുക്കളോടുള്ള ആഗ്രഹം നമ്മളെ പിടികൂടാതിരിക്കാനുള്ള ഒരു മറുമരുന്നുണ്ട്. ദൈവവചനം ക്രമമായി വായിക്കുക. (1 പത്രോ. 2:2) ദിവ്യസത്യം യേശുവിനെ പ്രലോഭനങ്ങൾ ചെറുക്കാൻ സഹായിച്ചതുപോലെ ബൈബിൾതത്ത്വങ്ങൾ ബാധകമാക്കുന്നതു പണവും വസ്തുവകകളും വാരിക്കൂട്ടാനുള്ള ആഗ്രഹത്തിന് എതിരെ പൊരുതാൻ നമ്മളെ സഹായിക്കും. (മത്താ. 4:8-10) അങ്ങനെ ചെയ്യുമ്പോൾ നമ്മൾ ഭൗതികവസ്തുക്കളെക്കാൾ യേശുവിനെയാണു സ്നേഹിക്കുന്നതെന്നു യേശുവിനു കാണിച്ചുകൊടുക്കുകയായിരിക്കും.
എന്തിനാണു നിങ്ങൾ ജീവിതത്തിൽ പ്രാധാന്യം കൊടുക്കുന്നത്? (18-ാം ഖണ്ഡിക കാണുക)
18. നിങ്ങളുടെ ദൃഢതീരുമാനം എന്താണ്?
18 “നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ” എന്നു ചോദിച്ചപ്പോൾ ആത്മീയകാര്യങ്ങൾ ജീവിതത്തിൽ ഒന്നാമതു വെക്കാൻ പത്രോസിനോടു പറയുകയായിരുന്നു യേശു. പത്രോസ് എന്ന പേരിന്റെ അർഥം “പാറക്കഷണം” എന്നാണ്. ജീവിതത്തിൽ പാറസമാനമായ ഗുണങ്ങൾ പ്രകടിപ്പിച്ചുകൊണ്ട് പത്രോസ് ആ പേരിനു ചേർച്ചയിൽ ജീവിച്ചു. (പ്രവൃ. 4:5-20) ജോലിക്കും വിനോദത്തിനും സമ്പത്തിനും വസ്തുവകകൾക്കും അമിതപ്രാധാന്യം കൊടുക്കാതിരുന്നുകൊണ്ട് എന്നും ക്രിസ്തുവിനെ സ്നേഹിക്കുമെന്നു നമുക്കു ദൃഢതീരുമാനമെടുക്കാം. ജീവിതത്തിൽ ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നെങ്കിൽ പത്രോസിനെപ്പോലെ നമ്മളും ഇങ്ങനെ പറയുകയായിരിക്കും: “കർത്താവേ, എനിക്ക് അങ്ങയെ എത്ര ഇഷ്ടമാണെന്ന് അങ്ങയ്ക്ക് അറിയാമല്ലോ.”
a 2011 ഒക്ടോബർ 15 ലക്കം വീക്ഷാഗോപുരത്തിലെ “നിങ്ങളുടെ വിനോദം പ്രയോജനപ്രദമാണോ?” എന്ന ലേഖനത്തിന്റെ 9-12 പേജുകളിലെ 6-15 ഖണ്ഡികകൾ കാണുക.