സുപ്രധാനവിഷയത്തിൽനിന്ന് നിങ്ങളുടെ ദൃഷ്ടി മാറരുത്
“യഹോവ എന്നു പേരുള്ള അങ്ങ് മാത്രം മുഴുഭൂമിക്കും മീതെ അത്യുന്നതൻ എന്ന് ആളുകൾ അറിയട്ടെ.”—സങ്കീ. 83:18.
1, 2. (എ) ഏതു പ്രധാനപ്പെട്ട വിഷയമാണു മനുഷ്യകുടുംബത്തിന്റെ മുമ്പിലുള്ളത്? (ബി) അതിനെ നമ്മൾ പ്രധാനപ്പെട്ടതായി കാണുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
ഇന്നു പലരുടെയും ജീവിതത്തിൽ ഏറ്റവും പ്രധാനവിഷയം പണമാണ്. സമ്പത്തു വാരിക്കൂട്ടുന്നതിലും, ഉള്ള വസ്തുവകകൾ നഷ്ടമാകാതെ നോക്കുന്നതിലും ആണ് അവരുടെ മുഖ്യശ്രദ്ധ. മറ്റു ചിലരുടെ കാര്യത്തിൽ, കുടുംബവും ആരോഗ്യവും ജീവിതത്തിലെ നേട്ടങ്ങളും ഒക്കെയാണ് ഏറ്റവും പ്രധാനപ്പെട്ട വിഷയം.
2 എന്നാൽ അതിലും സുപ്രധാനമായ ഒരു വിഷയം നമ്മുടെ ശ്രദ്ധ അർഹിക്കുന്നു: പരമാധികാരിയായിരിക്കാനുള്ള അവകാശം യഹോവയ്ക്കുണ്ടോ ഇല്ലയോ എന്നു തെളിയണം. ഈ പ്രധാനപ്പെട്ട വിഷയത്തിൽനിന്ന് നമ്മുടെ ശ്രദ്ധ മാറിപ്പോകരുത്. അങ്ങനെ സംഭവിക്കാൻ സാധ്യതയുണ്ടോ? ജീവിതത്തിന്റെ തിരക്കുകളിൽ മുഴുകിപ്പോയാൽ യഹോവയുടെ പരമാധികാരം സംബന്ധിച്ച വിഷയത്തിന്റെ പ്രാധാന്യം നമ്മൾ മറന്നുപോയേക്കാം. ഇനി, നമ്മൾ ഓരോരുത്തരും ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങളും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിച്ചേക്കാം. അതേസമയം, യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നതിനു നമ്മൾ പ്രാധാന്യം കൊടുക്കുന്നെങ്കിൽ ദൈനംദിനജീവിതത്തിലെ വെല്ലുവിളികൾ നേരിടാൻ നമ്മൾ കൂടുതൽ സജ്ജരായിരിക്കും. യഹോവയുമായി നമ്മൾ കൂടുതൽ അടുക്കുകയും ചെയ്യും.
എന്തുകൊണ്ട് ഇത്ര പ്രധാനം?
3. ദൈവത്തിന്റെ ഭരണത്തെക്കുറിച്ച് സാത്താൻ എന്തൊക്കെ ആരോപണങ്ങളാണ് ഉന്നയിച്ചത്?
3 പിശാചായ സാത്താന്റെ പ്രവൃത്തി, യഹോവയ്ക്കു പരമാധികാരിയായിരിക്കാനുള്ള അവകാശമുണ്ടോ എന്നൊരു ചോദ്യം ഉന്നയിച്ചിരിക്കുന്നു. സൃഷ്ടികളിൽനിന്ന് നന്മ പിടിച്ചുവെക്കുന്ന മോശമായ ഒരു ഭരണാധികാരിയാണ് യഹോവ എന്നാണു സാത്താന്റെ ആരോപണം. മനുഷ്യർതന്നെ മനുഷ്യരെ ഭരിക്കുന്നതാണു കൂടുതൽ നല്ലത് എന്നാണ് അവന്റെ പക്ഷം. (ഉൽപ. 3:1-5) അതുപോലെ, മനുഷ്യർ ആരും യഥാർഥത്തിൽ ദൈവത്തോടു വിശ്വസ്തരല്ലെന്നും സമ്മർദങ്ങളും പ്രശ്നങ്ങളും കൂടുമ്പോൾ ഏതൊരാളും യഹോവയുടെ ഭരണം തള്ളിക്കളയുമെന്നും സാത്താൻ ആരോപിച്ചു. (ഇയ്യോ. 2:4, 5) അതുകൊണ്ട് യഹോവ, തന്റെ ഭരണത്തിൻകീഴിലല്ലാത്ത മനുഷ്യജീവിതം എത്ര ദുസ്സഹമായിരിക്കുമെന്നു തെളിയാൻ സമയം അനുവദിച്ചു.
4. പരമാധികാരം സംബന്ധിച്ച വിവാദവിഷയത്തിനു തീർപ്പുകല്പിക്കേണ്ടത് എന്തുകൊണ്ട്?
4 സാത്താന്റെ ആരോപണങ്ങളെല്ലാം ശുദ്ധനുണയാണെന്ന് യഹോവയ്ക്ക് അറിയാമല്ലോ. പിന്നെ എന്തുകൊണ്ടാണു ദൈവം ആ പ്രശ്നത്തിന് അപ്പോൾത്തന്നെ തീർപ്പുകല്പിക്കാതെ സാത്താന്റെ ഭാഗം തെളിയിക്കാൻ അവനു സമയം കൊടുത്തത്? ഈ ചോദ്യത്തിനുള്ള ഉത്തരത്തിൽ ബുദ്ധിശക്തിയുള്ള എല്ലാ സൃഷ്ടികളും ഉൾപ്പെട്ടിരിക്കുന്നു എന്നതാണു കാരണം. (സങ്കീർത്തനം 83:18 വായിക്കുക.) ആദ്യമനുഷ്യദമ്പതികൾ യഹോവയുടെ ഭരണം തള്ളിക്കളഞ്ഞു. പിന്നീട്, മറ്റ് അനേകരും അതേ പാത പിന്തുടർന്നു. അതുകൊണ്ടുതന്നെ സാത്താന്റെ വാദത്തിൽ കഴമ്പുണ്ടെന്നു ചിലർ ചിന്തിച്ചേക്കാം. മനുഷ്യരുടെയും ദൂതന്മാരുടെയും മനസ്സിൽ ആ വിവാദവിഷയം തീർപ്പാകാതെ കിടക്കുന്നിടത്തോളം വ്യക്തികളും കുടുംബങ്ങളും വംശങ്ങളും ഗോത്രങ്ങളും രാഷ്ട്രങ്ങളും തമ്മിൽ യഥാർഥ സമാധാനവും യോജിപ്പും ഉണ്ടാകില്ല. എന്നാൽ പരമാധികാരിയായിരിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു തെളിഞ്ഞാൽ, എല്ലാവരും നീതിയുള്ള ആ ഭരണത്തിനു കീഴ്പെട്ടിരിക്കും. പ്രപഞ്ചത്തിലെങ്ങും വീണ്ടും സമാധാനം കളിയാടും.—എഫെ. 1:9, 10.
5. പരമാധികാരത്തെക്കുറിച്ചുള്ള വിവാദവിഷയത്തിൽ നമ്മൾ ഉൾപ്പെട്ടിരിക്കുന്നത് എങ്ങനെയാണ്?
5 ഭരിക്കാനുള്ള അവകാശം യഹോവയ്ക്കാണെന്നു തെളിയും. സാത്താന്റെയും മനുഷ്യരുടെയും ഭരണം പാടേ പരാജയപ്പെടും. ആ ഭരണത്തെ നീക്കിക്കളയും. അതിനു ശേഷം മിശിഹൈകരാജ്യത്തിലൂടെ ദൈവമായിരിക്കും ഭൂമിയെ ഭരിക്കുന്നത്. മനുഷ്യർക്കു വിശ്വസ്തത കാത്തുസൂക്ഷിക്കാനാകുമെന്നും ദൈവത്തിന്റെ ഭരണത്തെ പിന്തുണയ്ക്കാനാകുമെന്നും വിശ്വസ്തരായവർ അപ്പോഴേക്കും തെളിയിച്ചിരിക്കും. (യശ. 45:23, 24) യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്ന വിശ്വസ്തരിൽ ഒരാളായിരിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലേ? തീർച്ചയായും നമ്മുടെ എല്ലാവരുടെയും ആഗ്രഹം അതാണ്. അതിനു നമ്മൾ, ആ സുപ്രധാനവിഷയത്തിൽ ദൃഷ്ടി ഉറപ്പിക്കുകയും അതിന്റെ പ്രാധാന്യം മനസ്സിലാക്കുകയും വേണം.
യഹോവയുടെ പരമാധികാരം നമ്മുടെ രക്ഷയെക്കാൾ പ്രധാനം
6. യഹോവയുടെ പരമാധികാരം സംബന്ധിച്ച വിവാദവിഷയം എത്രമാത്രം പ്രധാനമാണ്?
6 നമ്മൾ കണ്ടതുപോലെ പരമാധികാരം സംബന്ധിച്ച വിവാദത്തിനു തീർപ്പുണ്ടാകുക എന്നതു മനുഷ്യകുടുംബത്തിനു മുന്നിലുള്ള വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്. യഥാർഥത്തിൽ നമ്മുടെ ഓരോരുത്തരുടെയും സന്തോഷത്തെക്കാൾ പ്രാധാന്യം അതിനാണ്. എന്നാൽ അതിന് അർഥം, നമ്മുടെ രക്ഷയ്ക്കു വലിയ പ്രാധാന്യമില്ലെന്നോ യഹോവയ്ക്കു നമ്മുടെ കാര്യത്തിൽ താത്പര്യമില്ലെന്നോ ആണോ? ഒരിക്കലുമല്ല. എന്തുകൊണ്ട്?
7, 8. ദൈവത്തിന്റെ പരമാധികാരത്തിന്റെ സംസ്ഥാപനത്തിൽ ദൈവം നമുക്കു തന്ന വാഗ്ദാനങ്ങളുടെ നിവൃത്തിയും ഉൾപ്പെട്ടിരിക്കുന്നു എന്നു പറയാവുന്നത് എന്തുകൊണ്ട്?
7 യഹോവ മനുഷ്യരെ ആഴമായി സ്നേഹിക്കുന്നുണ്ട്, അവർക്കു വില കല്പിക്കുന്നുണ്ട്. നമ്മൾ എന്നേക്കും ജീവിച്ചിരിക്കാനായി യഹോവ സ്വന്തം മകന്റെ ജീവനെ നമുക്കുവേണ്ടി നൽകി. (യോഹ. 3:16; 1 യോഹ. 4:9) വാഗ്ദാനം ചെയ്ത കാര്യങ്ങൾ യഹോവ പാലിക്കാതിരുന്നാൽ, നല്ലതു പിടിച്ചുവെക്കുന്ന ഒരു നുണയനാണു ദൈവം എന്നും നീതിക്കു നിരക്കാത്ത ഭരണമാണു ദൈവത്തിന്റേത് എന്നും ഉള്ള സാത്താന്റെ വാദങ്ങൾ ശരിയാണെന്നു വരും. അതുപോലെ എതിരാളികൾ ചോദിക്കുന്ന പരിഹാസച്ചുവയുള്ള ഈ ചോദ്യങ്ങളും സത്യമാണെന്നു വരും: “ക്രിസ്തു തന്റെ സാന്നിധ്യത്തെക്കുറിച്ച് വാഗ്ദാനം ചെയ്തിട്ട് എന്തായി? നമ്മുടെ പൂർവികർ മരിച്ചപ്പോൾ കാര്യങ്ങൾ എങ്ങനെയായിരുന്നോ അങ്ങനെതന്നെയാണ് ഇപ്പോഴും; എല്ലാം ദൈവം സൃഷ്ടിച്ച സമയത്തേതുപോലെതന്നെയാണ്.” (2 പത്രോ. 3:3, 4) എന്നാൽ യഹോവ വാക്കു പാലിക്കുകതന്നെ ചെയ്യും. പരമാധികാരിയായിരിക്കാനുള്ള അവകാശം തനിക്കാണെന്നു തെളിയുന്നതോടൊപ്പം അനുസരണമുള്ള മനുഷ്യർക്കു രക്ഷ കിട്ടുമെന്നും യഹോവ ഉറപ്പാക്കിയിരിക്കുന്നു. (യശയ്യ 55:10, 11 വായിക്കുക.) കൂടാതെ, യഹോവയുടെ ഭരണത്തിന്റെ അടിസ്ഥാനം സ്നേഹമാണ്. അതുകൊണ്ട് യഹോവ എന്നും തന്റെ വിശ്വസ്തദാസരെ സ്നേഹിക്കുമെന്നും വിലമതിക്കുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാം.—പുറ. 34:6.
8 അതുകൊണ്ട്, യഹോവയുടെ പരമാധികാരത്തിനു പ്രാധാന്യം കൊടുക്കണമെന്നു പറയുമ്പോൾ, നമ്മുടെ രക്ഷയ്ക്കു പ്രാധാന്യമില്ലെന്നോ ദൈവത്തിന്റെ കണ്ണിൽ നമുക്കു വിലയില്ലെന്നോ നമ്മൾ വിചാരിക്കേണ്ടതില്ല എന്നു വ്യക്തം. പകരം, നമ്മുടെ രക്ഷയെക്കാൾ പ്രധാനം ദൈവത്തിന്റെ പരമാധികാരമാണെന്നു നമ്മൾ അംഗീകരിക്കുന്നു എന്നാണ് അതിന് അർഥം. അങ്ങനെയൊരു ശരിയായ വീക്ഷണമുണ്ടെങ്കിൽ മാത്രമേ നമുക്കു പരമാധികാരം സംബന്ധിച്ച സുപ്രധാനവിഷയത്തിൽത്തന്നെ ദൃഷ്ടി ഉറപ്പിക്കാനും യഹോവയുടെ ഭരണത്തിന്റെ പക്ഷത്ത് നിലകൊള്ളാനും കഴിയൂ.
ശരിയായ വീക്ഷണമുണ്ടായിരിക്കേണ്ടതിന്റെ പ്രാധാന്യം
9. ഇയ്യോബിനെപ്പറ്റി സാത്താൻ എന്താണ് പറഞ്ഞത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
9 ആദ്യം എഴുതിയ ബൈബിൾപുസ്തകങ്ങളിൽ ഒന്നായ ഇയ്യോബ്, ശരിയായ വീക്ഷണമുണ്ടായിരിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ നമ്മളെ സഹായിക്കുന്നു. വലിയ ദുരിതങ്ങളുണ്ടായാൽ ഇയ്യോബ് ദൈവത്തെ തള്ളിപ്പറയുമെന്നു സാത്താൻ വാദിച്ചു. ദൈവംതന്നെ ഇയ്യോബിനു കഷ്ടതകൾ വരുത്താൻ സാത്താൻ പറഞ്ഞു. എന്നാൽ യഹോവ അങ്ങനെ ചെയ്തില്ല. പകരം “അവനുള്ളതെല്ലാം നിന്റെ കൈയിൽ തരുന്നു” എന്നു പറഞ്ഞ്, ഇയ്യോബിനെ പരീക്ഷിക്കാൻ സാത്താനെ അനുവദിച്ചു. (ഇയ്യോബ് 1:7-12 വായിക്കുക.) തുടർന്ന് എന്തു സംഭവിച്ചു? ചുരുങ്ങിയ സമയത്തിനുള്ളിൽ ഇയ്യോബിനു തന്റെ പ്രിയപ്പെട്ട പത്തു മക്കളെയും ദാസരെയും നഷ്ടപ്പെട്ടു, സ്വത്തുക്കളും ഇല്ലാതായി. ഈ കുഴപ്പങ്ങൾക്കെല്ലാം കാരണം ദൈവമാണെന്നു തോന്നിക്കുന്ന രീതിയിലാണു സാത്താൻ ഇതെല്ലാം ചെയ്തത്. (ഇയ്യോ. 1:13-19) അതു കഴിഞ്ഞ് സാത്താൻ ഇയ്യോബിനു വേദനാകരവും അറപ്പുളവാക്കുന്നതും ആയ ഒരു രോഗം വരുത്തി. (ഇയ്യോ. 2:7) അവിടംകൊണ്ടും തീർന്നില്ല, ഭാര്യയുടെയും കൂട്ടുകാരെന്നു നടിച്ച മൂന്നു പേരുടെയും നിരുത്സാഹപ്പെടുത്തുന്ന വാക്കുകൾ ഇയ്യോബിന്റെ വേദനയുടെ ആഴം കൂട്ടി.—ഇയ്യോ. 2:9; 3:11; 16:2.
10. (എ) ദൈവത്തോടുള്ള വിശ്വസ്തത ഇയ്യോബ് തെളിയിച്ചത് എങ്ങനെ? (ബി) ഇയ്യോബിന് എവിടെയാണു തെറ്റു പറ്റിയത്?
10 സാത്താന്റെ വാദം ശരിയായിരുന്നോ? അല്ല. ഇയ്യോബിനെപ്പറ്റി അവൻ പറഞ്ഞതെല്ലാം തെറ്റാണെന്നു തെളിഞ്ഞു. ഇയ്യോബ് ഒരിക്കലും ദൈവത്തെ തള്ളിപ്പറഞ്ഞില്ല. (ഇയ്യോ. 27:5) പക്ഷേ ശരിയായ വീക്ഷണം നിലനിറുത്തുന്നതിൽ കുറച്ച് സമയത്തേക്ക് ഇയ്യോബ് പരാജയപ്പെട്ടു. ഇയ്യോബിന്റെ ശ്രദ്ധ മുഴുവൻ താൻ നീതിമാനാണെന്നു സ്ഥാപിക്കുന്നതിലായിത്തീർന്നു. ഇത്രയും കഷ്ടപ്പെടേണ്ടിവരുന്നതിന്റെ കാരണം അറിയണമെന്നും ഇയ്യോബ് ശഠിച്ചു. (ഇയ്യോ. 7:20; 13:24) അത്രയധികം ദുരിതങ്ങൾ അനുഭവിച്ചതുകൊണ്ട് ഇയ്യോബ് അങ്ങനെയൊക്കെ ചിന്തിച്ചതിൽ അതിശയിക്കാനില്ലെന്നു നമുക്കു തോന്നിയേക്കാം. എന്നാൽ ഇയ്യോബിന്റെ ചിന്താഗതിക്കു തിരുത്തൽ ആവശ്യമാണെന്നു ദൈവം കണ്ടു. യഹോവ എങ്ങനെയാണ് ഇയ്യോബിനെ തിരുത്തിയത്?
11, 12. ഏതു കാര്യം മനസ്സിലാക്കാൻ യഹോവ ഇയ്യോബിനെ സഹായിച്ചു, ഇയ്യോബ് എങ്ങനെയാണു പ്രതികരിച്ചത്?
11 ഇയ്യോബ് 38 മുതൽ 41 വരെയുള്ള അധ്യായങ്ങളിലുടനീളം, യഹോവ ഇയ്യോബിനോടു പറഞ്ഞ വാക്കുകൾ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ ആ ഭാഗത്ത് ഒരിടത്തുപോലും ഇയ്യോബിന്റെ കഷ്ടപ്പാടുകളുടെ കാരണം ദൈവം ഇയ്യോബിനോടു വിശദീകരിക്കുന്നതായി നമ്മൾ കാണുന്നില്ല. അങ്ങനെ ചെയ്ത് തന്റെ ഭാഗം ന്യായീകരിക്കുക എന്നതല്ലായിരുന്നു ദൈവത്തിന്റെ ഉദ്ദേശ്യം, പകരം ദൈവത്തോടുള്ള താരതമ്യത്തിൽ ഇയ്യോബ് എത്ര നിസ്സാരനാണെന്നു കാണാൻ സഹായിക്കുക എന്നതായിരുന്നു. ഇയ്യോബിന്റെ പ്രശ്നങ്ങളെക്കാൾ പ്രാധാന്യം കൂടിയ മറ്റു വിഷയങ്ങളുണ്ടെന്നു മനസ്സിലാക്കാൻ യഹോവ ഇയ്യോബിനെ സഹായിച്ചു. (ഇയ്യോബ് 38:18-21 വായിക്കുക.) ശരിയായ വീക്ഷണം നേടാൻ അതുവഴി ഇയ്യോബിനു കഴിഞ്ഞു.
12 ഇത്രയധികം കഷ്ടപ്പാടുകൾ അനുഭവിച്ച ഇയ്യോബിനെ ദൈവം ശക്തമായി തിരുത്തിയത് അൽപ്പം കടന്നുപോയോ? ഇല്ല. ഇയ്യോബിനും അങ്ങനെ തോന്നിയില്ല. അത്രയൊക്കെ യാതനകൾ സഹിക്കേണ്ടിവന്നിട്ടും ഇയ്യോബ് ഒടുവിൽ യഹോവയോടു വിലമതിപ്പോടെ സംസാരിക്കാൻ തുടങ്ങി. ഇയ്യോബ് ഇങ്ങനെപോലും പറഞ്ഞു: “പറഞ്ഞതെല്ലാം ഞാൻ തിരിച്ചെടുക്കുന്നു; ഞാൻ പൊടിയിലും ചാരത്തിലും ഇരുന്ന് പശ്ചാത്തപിക്കുന്നു.” കുറിക്കുകൊള്ളുന്നതും അതേസമയം ഉണർവേകുന്നതും ആയ യഹോവയുടെ വാക്കുകൾ അത്രകണ്ട് ഫലം ചെയ്തു. (ഇയ്യോ. 42:1-6) ഇതിനു മുമ്പ് യുവാവായ എലീഹുവും ഇയ്യോബിനു തിരുത്തൽ കൊടുത്തിരുന്നു. (ഇയ്യോ. 32:5-10) ഇയ്യോബ് തനിക്കു ലഭിച്ച തിരുത്തൽ സ്വീകരിച്ച് വീക്ഷണത്തിനു മാറ്റം വരുത്തിക്കഴിഞ്ഞപ്പോൾ, ഇയ്യോബിന്റെ വിശ്വസ്തത തന്നെ പ്രീതിപ്പെടുത്തിയെന്ന് യഹോവ മറ്റുള്ളവരോടു പറഞ്ഞു.—ഇയ്യോ. 42:7, 8.
13. യഹോവ കൊടുത്ത ഉപദേശം, കഷ്ടപ്പാടുകളെല്ലാം മാറിയതിനു ശേഷവും ഇയ്യോബിന് എങ്ങനെ പ്രയോജനം ചെയ്യുമായിരുന്നു?
13 യഹോവ കൊടുത്ത ഉപദേശം, കഷ്ടപ്പാടുകളെല്ലാം മാറിയതിനു ശേഷവും ഇയ്യോബിനു പ്രയോജനം ചെയ്യുമായിരുന്നു. ഇത് എങ്ങനെയെന്നു നോക്കാം. “യഹോവ ഇയ്യോബിന്റെ തുടർന്നുള്ള ജീവിതത്തെ മുമ്പത്തേതിനെക്കാൾ അനുഗ്രഹിച്ചു” എന്നു ബൈബിൾ പറയുന്നുണ്ട്. എന്നാൽ കാര്യങ്ങൾ പഴയ സ്ഥിതിയിലേക്ക് അത്ര പെട്ടെന്നു തിരിച്ചുവന്നില്ല. “ഇയ്യോബിന് ഏഴ് ആൺമക്കളും മൂന്നു പെൺമക്കളും ജനിച്ചു” എന്നു ബൈബിൾ പറയുന്നു. തീർച്ചയായും അതിനു കുറച്ച് കാലമെടുത്തു. (ഇയ്യോ. 42:12-14) ഇയ്യോബ് ആ മക്കളെ സ്നേഹിച്ചിരുന്നെങ്കിലും സാത്താന്റെ കൈകളാൽ മരിച്ച മക്കളെക്കുറിച്ച് ഓർത്ത് ഇയ്യോബിനു സങ്കടമുണ്ടായിരുന്നു എന്നതിനു സംശയമില്ല. അതുപോലെ കുറച്ച് കാലത്തേക്കെങ്കിലും കഷ്ടപ്പാടുകളുടെ ഓർമകൾ ഇയ്യോബിനെ അലട്ടിയിട്ടുണ്ടായിരിക്കണം. ദുരിതങ്ങളുടെ കാരണം പിന്നീട് ഇയ്യോബ് മനസ്സിലാക്കിയോ എന്നു നമുക്ക് അറിയില്ല. അതു മനസ്സിലാക്കിയാലും ഇല്ലെങ്കിലും താൻ അത്രയധികം കഷ്ടപ്പാടുകൾ അനുഭവിക്കേണ്ട ആവശ്യമുണ്ടായിരുന്നോ എന്ന് ഇയ്യോബ് ഇടയ്ക്കൊക്കെ ചിന്തിച്ചിട്ടുണ്ടാകണം. അങ്ങനെയുള്ള ഏതെങ്കിലും ചിന്തകൾ മനസ്സിനെ ഭാരപ്പെടുത്തിയിരുന്നെങ്കിൽ യഹോവ കൊടുത്ത ഉപദേശത്തെക്കുറിച്ച് ചിന്തിക്കുന്നത് ഇയ്യോബിനു പ്രയോജനം ചെയ്യുമായിരുന്നു. അതു ശരിയായ വീക്ഷണം നിലനിറുത്താനും ആശ്വാസം കണ്ടെത്താനും ഇയ്യോബിനെ സഹായിക്കുമായിരുന്നു.—സങ്കീ. 94:19.
പ്രശ്നങ്ങളുണ്ടാകുമ്പോഴും സുപ്രധാനവിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കാകുമോ? (14-ാം ഖണ്ഡിക കാണുക)
14. ഇയ്യോബിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
14 ഇയ്യോബിന്റെ വിവരണത്തിൽനിന്ന് നമുക്കും ആശ്വാസം കണ്ടെത്താനാകും. ശരിയായ വീക്ഷണമുണ്ടായിരിക്കാനും അതു നമ്മളെ സഹായിക്കും. “നമ്മളെ പഠിപ്പിക്കാനും അങ്ങനെ നമ്മുടെ സഹനത്താലും തിരുവെഴുത്തുകൾ നൽകുന്ന ആശ്വാസത്താലും നമുക്കു പ്രത്യാശ ഉണ്ടാകാനും വേണ്ടിയാണ്” യഹോവ അതു രേഖപ്പെടുത്തിവെച്ചത്. (റോമ. 15:4) ഇയ്യോബിന്റെ വിവരണം നമ്മളെ പഠിപ്പിക്കുന്ന സുപ്രധാനമായ പാഠം എന്താണ്? ജീവിതപ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തകളിൽ മുഴുകിയിട്ട് യഹോവയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിവാദവിഷയത്തിൽനിന്ന്, ആ സുപ്രധാനവിഷയത്തിൽനിന്ന്, നമ്മുടെ ശ്രദ്ധ മാറിപ്പോകാൻ ഇടവരരുത്. അതുപോലെ, ജീവിതത്തിൽ പ്രയാസസാഹചര്യങ്ങളുണ്ടാകുമ്പോൾ ഇയ്യോബിനെപ്പോലെ വിശ്വസ്തരായി നിന്നുകൊണ്ട് യഹോവയുടെ പരമാധികാരത്തെ നമ്മൾ പിന്തുണയ്ക്കുകയും വേണം.
15. പരിശോധനകളുണ്ടാകുമ്പോൾ വിശ്വസ്തരായി നിൽക്കുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
15 പരിശോധനകളുണ്ടാകുന്നത് യഹോവയ്ക്കു നമ്മളെ ഇഷ്ടമില്ലാത്തതുകൊണ്ടല്ല എന്ന് ഇയ്യോബിന്റെ അനുഭവം നമ്മളെ പഠിപ്പിക്കുന്നു. അത്തരം പരിശോധനകൾ യഥാർഥത്തിൽ ദൈവത്തിന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കാനുള്ള അവസരങ്ങളായിട്ടാണു നമ്മൾ കാണേണ്ടത്. (സുഭാ. 27:11) ആ പ്രയോജനത്തെക്കുറിച്ച് ചിന്തിക്കുന്നതു നമ്മളെ ആശ്വസിപ്പിക്കും. നമ്മുടെ സഹനശക്തി ‘അംഗീകാരം ഉളവാക്കുകയും’ നമ്മുടെ പ്രത്യാശ കൂടുതൽ ഉറപ്പുള്ളതാക്കുകയും ചെയ്യും. (റോമർ 5:3-5 വായിക്കുക.) ഇയ്യോബിനെക്കുറിച്ചുള്ള വിവരണം “യഹോവ വാത്സല്യവും കരുണയും നിറഞ്ഞ ദൈവമാണെന്നു” വ്യക്തമാക്കുന്നു. (യാക്കോ. 5:11) അതുകൊണ്ട് തന്റെ പരമാധികാരത്തെ പിന്തുണയ്ക്കുന്ന എല്ലാവർക്കും യഹോവ പ്രതിഫലം നൽകുമെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാം. ഇതു മനസ്സിലാക്കുന്നത് “എല്ലാം സന്തോഷത്തോടെയും ക്ഷമയോടെയും സഹിക്കാൻ” നമ്മളെ സഹായിക്കും.—കൊലോ. 1:11.
ശ്രദ്ധ പതറരുത്
16. യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മളെത്തന്നെ ഓർമിപ്പിക്കേണ്ടത് എന്തുകൊണ്ട്?
16 യഹോവയുടെ പരമാധികാരത്തെക്കുറിച്ചുള്ള വിവാദവിഷയത്തിൽ ദൃഷ്ടി ഉറപ്പിച്ചുനിറുത്തുന്നത് എപ്പോഴും അത്ര എളുപ്പമല്ല. ചില പ്രശ്നങ്ങൾ നമുക്കു സഹിക്കാവുന്നതിലും അപ്പുറമാണെന്നു തോന്നിയേക്കാം. ഇനി, ചെറിയ പ്രശ്നങ്ങളാണെങ്കിലും അവയെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നാൽ അവ വളരെ വലുതായി കാണപ്പെട്ടേക്കാം. അതുകൊണ്ട് പ്രയാസസാഹചര്യങ്ങളുണ്ടാകുമ്പോൾ, യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് നമ്മൾ കൂടെക്കൂടെ നമ്മളെത്തന്നെ ഓർമിപ്പിക്കുന്നതു നല്ലതാണ്.
17. യഹോവ തന്നിരിക്കുന്ന വേല തിരക്കോടെ ചെയ്യുന്നതു ശ്രദ്ധ പതറാതിരിക്കാൻ നമ്മളെ സഹായിക്കുന്നത് എങ്ങനെ?
17 യഹോവ തന്നിരിക്കുന്ന വേല തിരക്കോടെ ചെയ്യുന്നതു പരമാധികാരത്തോടു ബന്ധപ്പെട്ട സുപ്രധാനവിഷയത്തിൽ ദൃഷ്ടി ഉറപ്പിച്ചുനിറുത്താൻ നമ്മളെ സഹായിക്കും. റെനി എന്ന സഹോദരിയുടെ അനുഭവം അതാണു കാണിക്കുന്നത്. മസ്തിഷ്കാഘാതവും ക്യാൻസറും ബാധിച്ച ആ സഹോദരി കടുത്ത വേദന തിന്നാണു ദിവസങ്ങൾ തള്ളിനീക്കിയത്. സഹോദരിക്കു പല ആശുപത്രികളിൽ കയറിയിറങ്ങേണ്ടിവന്നു. അപ്പോഴെല്ലാം സഹോദരി അവിടങ്ങളിലെ ജോലിക്കാരോടും മറ്റു രോഗികളോടും സന്ദർശകരോടും സാക്ഷീകരിച്ചിരുന്നു. ഒരിക്കൽ ഒരു ആശുപത്രിയിലായിരുന്നപ്പോൾ റെനി രണ്ടര ആഴ്ചകൊണ്ട് 80 മണിക്കൂറാണു സാക്ഷീകരിച്ചത്. മരണം അടുത്തപ്പോൾപ്പോലും പരമാധികാരത്തോടു ബന്ധപ്പെട്ട സുപ്രധാനവിഷയത്തിൽനിന്ന് റെനിയുടെ ശ്രദ്ധ മാറിയില്ല. അതു റെനിയുടെ വേദനകൾക്ക് ഒരളവുവരെ ആശ്വാസം പകർന്നു.
18. യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കുന്നതിന്റെ പ്രയോജനത്തെക്കുറിച്ച് ഒരു സഹോദരിയുടെ അനുഭവം എന്താണു പഠിപ്പിക്കുന്നത്?
18 വലിയ പ്രശ്നങ്ങളുണ്ടാകുമ്പോൾ മാത്രമല്ല, അനുദിനജീവിതത്തിൽ ചെറിയചെറിയ പ്രശ്നങ്ങളുണ്ടാകുമ്പോഴും നമ്മൾ യഹോവയുടെ പരമാധികാരത്തിൽ ശ്രദ്ധ പതിപ്പിക്കണം. ഒരു അനുഭവം നോക്കാം. ഒന്നിനു പുറകേ ഒന്നായി നാട്ടിലേക്കുള്ള വിമാനങ്ങൾ മുടങ്ങിയതുകൊണ്ട് ജെന്നിഫർ എന്ന സഹോദരിക്കു മൂന്നു ദിവസം ഒരു വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടിവന്നു. ജെന്നിഫറിനു മടുപ്പും ഏകാന്തതയും തോന്നി. എന്നാൽ തന്റെ ദുരവസ്ഥയെക്കുറിച്ച് ഓർത്ത് വിഷമിച്ചിരിക്കുന്നതിനു പകരം തന്നെപ്പോലെ വിഷമസന്ധിയിലായിരുന്ന മറ്റുള്ളവരെ ആത്മീയമായി സഹായിക്കണമെന്നു ജെന്നിഫറിനു തോന്നി. അതിനായി യഹോവയോടു പ്രാർഥിച്ചു. തുടർന്ന് എന്തുണ്ടായി? ജെന്നിഫർ അവിടെയുള്ള പലരെയും സന്തോഷവാർത്ത അറിയിക്കുകയും ധാരാളം പ്രസിദ്ധീകരണങ്ങൾ കൊടുക്കുകയും ചെയ്തു. ജെന്നിഫർ പറയുന്നു: “അത്രയും ബുദ്ധിമുട്ടു പിടിച്ച സാഹചര്യത്തിലും യഹോവ എന്നെ അനുഗ്രഹിച്ചെന്നും യഹോവയുടെ നാമം മഹത്ത്വപ്പെടുത്താനുള്ള ശക്തി തന്നെന്നും എനിക്ക് അനുഭവപ്പെട്ടു.” അതെ, യഹോവയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽനിന്ന് ജെന്നിഫറിന്റെ ശ്രദ്ധ പതറിയില്ല.
19. യഹോവയുടെ പരമാധികാരവുമായി ബന്ധപ്പെട്ട വിവാദവിഷയത്തിൽ ദൈവജനത്തിന്റെ നിലപാട് എന്താണ്?
19 ദൈവജനം എല്ലായ്പോഴും യഹോവയുടെ പരമാധികാരത്തെ പിന്തുണച്ചിട്ടുണ്ട്. സത്യമതത്തെ വ്യാജമതത്തിൽനിന്ന് വേർതിരിച്ചുകാണിക്കുന്ന സവിശേഷതയാണ് ഇത്. അതുകൊണ്ടുതന്നെ സത്യാരാധകരെന്ന നിലയിൽ നമ്മൾ ഓരോരുത്തരും യഹോവയുടെ പരമാധികാരത്തെ പിന്തുണയ്ക്കേണ്ടതുണ്ട്.
20. പരമാധികാരത്തെ പിന്തുണയ്ക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെക്കുറിച്ച് യഹോവയ്ക്ക് എന്താണു തോന്നുന്നത്?
20 യഹോവയെ വിശ്വസ്തമായി സേവിച്ചുകൊണ്ടും പരിശോധനകളുണ്ടാകുമ്പോൾ സഹിച്ചുനിന്നുകൊണ്ടും പരമാധികാരത്തെ പിന്തുണയ്ക്കാൻ നമ്മൾ ചെയ്യുന്ന ശ്രമങ്ങളെ യഹോവ വിലയുള്ളതായി കാണുന്നെന്ന് ഉറപ്പുണ്ടായിരിക്കുക. (സങ്കീ. 18:25) യഹോവയുടെ പരമാധികാരത്തെ എന്തുകൊണ്ടാണു നമ്മൾ മുഴുഹൃദയത്തോടെ പിന്തുണയ്ക്കേണ്ടതെന്നും അത് എങ്ങനെ ചെയ്യാമെന്നും അടുത്ത ലേഖനം ചർച്ച ചെയ്യും.