ജീവിതകഥ
ഞാൻ ഒരിക്കലും തളർന്നുപിന്മാറില്ല
“ഡാഡി,” “പപ്പ,” “അങ്കിൾ.” ഇങ്ങനെയൊക്കെയാണു ബഥേലിലെ മിക്ക ചെറുപ്പക്കാരും എന്നെ വിളിക്കാറുള്ളത്. 89-കാരനായ എനിക്ക് അതൊക്കെ ഇഷ്ടവുമാണ്. മുഴുസമയസേവനത്തിൽ 72 വർഷം പ്രവർത്തിച്ചതിന് യഹോവ തരുന്ന ഒരു പ്രതിഫലമായിട്ടാണു ഞാൻ ഈ സ്നേഹപ്രകടനങ്ങളെ കാണുന്നത്. ദൈവസേവനത്തിലെ എന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ ഉള്ളിന്റെ ഉള്ളിൽനിന്നും എനിക്ക് ഈ ചെറുപ്പക്കാരോടു പറയാൻ കഴിയും: ‘നിങ്ങൾ തളർന്നുപോകാതിരുന്നാൽ നിങ്ങളുടെ പ്രവൃത്തിക്കു തീർച്ചയായും പ്രതിഫലം കിട്ടും.’—2 ദിന. 15:7.
കുടുംബം, കുട്ടിക്കാലം
യുക്രെയിനിൽനിന്ന് കാനഡയിലേക്കു കുടിയേറിയവരായിരുന്നു എന്റെ മാതാപിതാക്കൾ. അവർ മാനിടോബ സംസ്ഥാനത്തിലെ റോസ്ബേൺ പട്ടണത്തിൽ താമസമുറപ്പിച്ചു. എന്റെ അമ്മ എട്ട് ആൺമക്കൾക്കും എട്ടു പെൺമക്കൾക്കും ജന്മം നൽകി. ഇരട്ടകളുണ്ടായിരുന്നില്ല. 14-ാമനായിരുന്നു ഞാൻ. പപ്പയ്ക്കു ബൈബിൾ ഇഷ്ടമായിരുന്നു. അദ്ദേഹം ഞായറാഴ്ചകളിൽ രാവിലെ ഞങ്ങളെ ബൈബിൾ വായിച്ചുകേൾപ്പിക്കുമായിരുന്നു. എന്നാൽ മതത്തിൽ വിശ്വാസമുണ്ടായിരുന്നില്ല. മതം പണമുണ്ടാക്കാനുള്ള സംരംഭമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. അദ്ദേഹം തമാശരൂപേണ ഇങ്ങനെ ചോദിച്ചിരുന്നു: “പ്രസംഗിക്കാനും പഠിപ്പിക്കാനും ആരാ യേശുവിനു പണം കൊടുത്തത്?”
കാലക്രമേണ എന്റെ എട്ടു കൂടപ്പിറപ്പുകൾ—നാലു സഹോദരന്മാരും നാലു സഹോദരിമാരും—സത്യം സ്വീകരിച്ചു. എന്റെ ചേച്ചി റോസ് മരിക്കുന്നതുവരെ മുൻനിരസേവനം ചെയ്തു. മരിക്കുന്നതിനു മുമ്പുള്ള ദിവസങ്ങളിൽ ചേച്ചി ദൈവവചനം പഠിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുമായിരുന്നു: “പുതിയ ലോകത്തിൽ നിന്നെ കാണാൻ എനിക്ക് ആഗ്രഹമുണ്ട്.” ചേട്ടനായ റ്റെഡ് തുടക്കത്തിൽ നരകാഗ്നി എന്ന ആശയത്തിന്റെ പ്രചാരകനായിരുന്നു. എല്ലാ ഞായറാഴ്ചയും രാവിലെ അദ്ദേഹം റേഡിയോയിലൂടെ പ്രസംഗങ്ങൾ നടത്തിയിരുന്നു. നരകത്തിലെ കെടാത്ത തീയിൽ പാപികളെയെല്ലാം എന്നേക്കും ദണ്ഡിപ്പിക്കുമെന്ന് അദ്ദേഹം ശ്രോതാക്കളോടു ഘോരഘോരം പ്രസംഗിച്ചിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം യഹോവയുടെ തീക്ഷ്ണതയുള്ള ഒരു സേവകനായിത്തീർന്നു.
മുഴുസമയസേവനം ആരംഭിക്കുന്നു
1944 ജൂണിൽ ഒരു ദിവസം ഞാൻ സ്കൂൾ വിട്ട് വന്നപ്പോൾ വരാനിരിക്കുന്ന ലോകനവീകരണംa (ഇംഗ്ലീഷ്) എന്ന ഒരു ചെറുപുസ്തകം ഊണുമേശയിൽ കിടക്കുന്നതു കണ്ടു. ഞാൻ ഒരു പേജ് വായിച്ചു, അടുത്ത പേജ് വായിച്ചു, പിന്നെ മുഴുവൻ തീർത്തിട്ടേ പുസ്തകം താഴെ വെച്ചുള്ളൂ. വായിച്ചുകഴിഞ്ഞപ്പോഴേക്കും ഞാൻ ഒരു തീരുമാനമെടുത്തിരുന്നു, യേശു സേവിച്ചതുപോലെ എനിക്കും യഹോവയെ സേവിക്കണം.
ആ ചെറുപുസ്തകം എങ്ങനെയാണു വീട്ടിലെ മേശപ്പുറത്ത് വന്നത്? പുസ്തകങ്ങളും ചെറുപുസ്തകങ്ങളും വിറ്റിരുന്ന രണ്ടു പേർ വീട്ടിൽ വന്നിരുന്നെന്നു ചേട്ടനായ സ്റ്റീവ് പറഞ്ഞു. ചേട്ടൻ തുടർന്നു: “അതിന് അഞ്ചു സെന്റേ (100 സെന്റ്=1 ഡോളർ) വിലയുണ്ടായിരുന്നുള്ളൂ. അതുകൊണ്ട് ഞാൻ ഒരെണ്ണം വാങ്ങി.” ആ രണ്ടു പേർ പിറ്റെ ഞായറാഴ്ച തിരിച്ചുവന്നു. തങ്ങൾ യഹോവയുടെ സാക്ഷികളാണെന്നും ആളുകളുടെ ചോദ്യങ്ങൾക്കു തങ്ങൾ ബൈബിൾ ഉപയോഗിച്ചാണു മറുപടി പറയുന്നതെന്നും അവർ പറഞ്ഞു. ആ പറഞ്ഞതു ഞങ്ങൾക്ക് ഇഷ്ടമായി. കാരണം ദൈവവചനത്തോട് ആദരവ് കാണിക്കാൻ മാതാപിതാക്കൾ ഞങ്ങളെ പഠിപ്പിച്ചിരുന്നു. വിന്നിപെഗ് നഗരത്തിൽ അധികം താമസിയാതെ ഒരു കൺവെൻഷൻ നടക്കാൻ പോകുകയാണെന്ന് അവർ പറഞ്ഞു. എന്റെ ചേച്ചി എൽസി അവിടെയാണു താമസിച്ചിരുന്നത്. ആ കൺവെൻഷൻ കൂടാൻ ഞാൻ തീരുമാനിച്ചു.
ഏകദേശം 320 കിലോമീറ്റർ അകലെയുള്ള വിന്നിപെഗിലേക്കു ഞാൻ സൈക്കിൾ ചവിട്ടി. ഞങ്ങളെ സന്ദർശിച്ച ആ രണ്ടു സാക്ഷികൾ താമസിച്ചിരുന്ന കെൽവുഡ് പട്ടണത്തിൽ യാത്രയ്ക്കിടെ തങ്ങി. അവരുടെകൂടെ താമസിച്ചപ്പോൾ ഞാൻ ഒരു സഭായോഗത്തിൽ പങ്കെടുത്തു. ഒരു സഭ എന്നു പറഞ്ഞാൽ എന്താണെന്ന് അവിടെവെച്ച് എനിക്കു മനസ്സിലായി. യേശുവിനെപ്പോലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും വീടുതോറും പോയി പഠിപ്പിക്കണമെന്നും എനിക്കു ബോധ്യമായി.
വിന്നിപെഗിൽവെച്ച് ഞാൻ എന്റെ മറ്റൊരു ചേട്ടൻ ജാക്കിനെ കണ്ടു. വടക്കേ ഒണ്ടേറിയോയിൽനിന്ന് കൺവെൻഷൻ കൂടാൻ വന്നതായിരുന്നു ചേട്ടൻ. സ്നാനപ്പെടാനുള്ള സൗകര്യമുണ്ടായിരിക്കുമെന്നു കൺവെൻഷന്റെ ആദ്യദിവസം ഒരു അറിയിപ്പുണ്ടായിരുന്നു. ആ കൺവെൻഷനിൽ സ്നാനമേൽക്കാൻ ഞാനും ജാക്കും നിശ്ചയിച്ചു. സ്നാനമേറ്റ് കഴിഞ്ഞ് മുൻനിരസേവനം ആരംഭിക്കണമെന്നും തീരുമാനിച്ചു. കൺവെൻഷൻ കഴിഞ്ഞ ഉടനെ ജാക്ക് മുഴുസമയസേവനം തുടങ്ങി. എനിക്ക് 16 വയസ്സേ ആയിരുന്നുള്ളൂ. അതുകൊണ്ട് സ്കൂൾപഠനം പൂർത്തിയാക്കാനായി ഞാൻ വീട്ടിലേക്കു മടങ്ങി. പക്ഷേ പിറ്റെ വർഷം ഞാനും സാധാരണ മുൻനിരസേവനം ആരംഭിച്ചു.
ചില ജീവിതപാഠങ്ങൾ
മാനിടോബ സംസ്ഥാനത്തെ സൂറിസ് പട്ടണത്തിൽ സ്റ്റാൻ നിക്കോൾസൺ സഹോദരന്റെകൂടെ ഞാൻ മുൻനിരസേവനം ആരംഭിച്ചു. മുൻനിരസേവനം എപ്പോഴും പൂ വിരിച്ച പാതയായിരിക്കില്ലെന്നു വൈകാതെ ഞാൻ മനസ്സിലാക്കി. കൈവശമുള്ള പണം തീരാറായെങ്കിലും ഞങ്ങൾ മുൻനിരസേവനം നിറുത്തിയില്ല. ഒരു ദിവസം ഞങ്ങളുടെ കൈയിൽ ഒട്ടും പണമില്ലായിരുന്നു. അന്നു മുഴുവൻ വയലിൽ ചെലവഴിച്ച് തിരികെ വീട്ടിൽ എത്തിയപ്പോൾ, അതാ ഇരിക്കുന്നു ഒരു ചാക്കുകെട്ട്! അതു നിറയെ ഭക്ഷണസാധനങ്ങളായിരുന്നു. ഞങ്ങൾ ശരിക്കും അത്ഭുതപ്പെട്ടുപോയി! ആരാണ് അത് അവിടെ കൊണ്ടുവെച്ചതെന്ന് ഇന്നുവരെ ഒരു പിടിയും കിട്ടിയിട്ടില്ല. അന്നു ഞങ്ങൾ രാജാക്കന്മാരെപ്പോലെ അത്താഴം കഴിച്ചു. തളർന്നുപിന്മാറാതിരുന്നതിന്റെ എത്ര മഹത്തായ പ്രതിഫലം! ആ മാസത്തിന്റെ അവസാനമായപ്പോഴേക്കും എന്റെ തൂക്കം കൂടിയിരുന്നു. മുമ്പ് ഒരിക്കലും എനിക്ക് അത്രയും തൂക്കം വെച്ചിട്ടില്ല.
ഏതാനും മാസങ്ങൾ കഴിഞ്ഞ് സൂറിസിന് 240 കിലോമീറ്റർ വടക്കുള്ള ഗിൽബർട്ട് പ്ലെയിൻസ് പട്ടണത്തിലേക്കു ഞങ്ങളെ നിയമിച്ചു. അക്കാലത്ത് ഓരോ സഭയിലും ആ സഭയുടെ ഓരോ മാസത്തെയും വയൽപ്രവർത്തനം കാണിക്കുന്ന ചാർട്ട് സ്റ്റേജിൽ വെക്കുമായിരുന്നു. ഒരു മാസം സഭയുടെ പ്രവർത്തനം തീരെ കുറഞ്ഞുപോയതു കണ്ടപ്പോൾ സഹോദരങ്ങൾ കൂടുതൽ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട് ഞാൻ ഒരു പ്രസംഗം നടത്തി. മീറ്റിങ്ങ് കഴിഞ്ഞപ്പോൾ ഭർത്താവ് വിശ്വാസത്തിലില്ലാത്ത പ്രായമുള്ള ഒരു മുൻനിരസേവിക എന്റെ അടുത്ത് വന്ന് കരഞ്ഞുകൊണ്ട് ഇങ്ങനെ പറഞ്ഞു: “സഹോദരാ, കൂടുതൽ ചെയ്യാൻ ഞാൻ ശ്രമിച്ചു, പക്ഷേ ഇതിൽക്കൂടുതൽ എന്നെക്കൊണ്ട് പറ്റുന്നില്ല.” ഇപ്പോൾ കരഞ്ഞുപോയതു ഞാനാണ്. ഞാൻ ആ സഹോദരിയോടു ക്ഷമ ചോദിക്കുകയും ചെയ്തു.
എനിക്കു പറ്റിയതുപോലെ, ഊർജസ്വലരായ യുവസഹോദരന്മാർക്ക് എളുപ്പം തെറ്റുകൾ പറ്റാം, പിന്നീട് അതെക്കുറിച്ച് ഓർത്ത് നിരാശ തോന്നുകയും ചെയ്തേക്കാം. എന്നാൽ തളർന്നുപോകുന്നതിനു പകരം തെറ്റിൽനിന്ന് പാഠം പഠിക്കുകയും മുന്നോട്ടുള്ള ജീവിതത്തിൽ അതു ബാധകമാക്കിക്കൊണ്ട് ജീവിക്കുകയും ചെയ്യുന്നതാണു നല്ലതെന്ന് എന്റെ അനുഭവം എന്നെ പഠിപ്പിച്ചു. നമ്മൾ തുടർന്ന് ചെയ്യുന്ന വിശ്വസ്തസേവനത്തിനു പ്രതിഫലം ലഭിക്കുകതന്നെ ചെയ്യും.
‘ക്യുബെക്ക് യുദ്ധം’
ഗിലെയാദ് സ്കൂളിന്റെ 14-ാമത്തെ ക്ലാസിൽ പങ്കെടുക്കാൻ അവസരം കിട്ടിയത് 21 വയസ്സുള്ള എനിക്ക് എത്ര വലിയ പദവിയായിരുന്നെന്നോ! 1950 ഫെബ്രുവരിയിലായിരുന്നു ബിരുദദാനം. ബിരുദം നേടിയവരിൽ ഏകദേശം നാലിലൊന്നു പേരെയും കാനഡയിലെ ഫ്രഞ്ചു ഭാഷ സംസാരിക്കുന്ന ക്യുബെക്ക് സംസ്ഥാനത്തേക്കാണു നിയമിച്ചത്. അവിടെ സാക്ഷികൾക്കെതിരെയുള്ള പീഡനം രൂക്ഷമായിരുന്നു. സ്വർണഖനനം നടക്കുന്ന വാൾഡി-ഓർ പട്ടണമായിരുന്നു എനിക്കു നിയമിച്ചുകിട്ടിയ സ്ഥലം. ഒരു ദിവസം ഞങ്ങൾ കുറെ പേർ അടുത്തുള്ള വാൽ-സെനേവില്ല് ഗ്രാമത്തിൽ വയൽസേവനത്തിനു പോയി. ഞങ്ങൾ ഉടൻ ഗ്രാമം വിട്ടുപോയില്ലെങ്കിൽ അടിച്ചോടിക്കുമെന്ന് അവിടുത്തെ പുരോഹിതൻ ഞങ്ങളെ ഭീഷണിപ്പെടുത്തി. ഞാൻ പുരോഹിതന് എതിരെ കേസ് കൊടുത്തു. പുരോഹിതൻ പിഴ ഒടുക്കണമെന്നു കോടതി വിധിച്ചു.b
ഇതും ഇതുപോലുള്ള പല സംഭവങ്ങളും ‘ക്യുബെക്ക് യുദ്ധത്തിന്റെ’ ഭാഗമായിരുന്നു. 300 വർഷത്തിലേറെയായി ക്യുബെക്ക് സംസ്ഥാനത്തിന്റെ നിയന്ത്രണം റോമൻ കത്തോലിക്കർക്കായിരുന്നു. പുരോഹിതന്മാരും അവരുടെ കൂട്ടാളികളായ രാഷ്ട്രീയക്കാരും ചേർന്ന് യഹോവയുടെ സാക്ഷികളെ പീഡിപ്പിച്ചു. കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ഞങ്ങളാണെങ്കിൽ കുറച്ച് പേരെയുണ്ടായിരുന്നുള്ളൂ. പക്ഷേ ഞങ്ങൾ തളർന്നുപിന്മാറിയില്ല. ക്യുബെക്കിലെ ആത്മാർഥഹൃദയരായ ആളുകൾ സന്ദേശം ശ്രദ്ധിച്ചു. പലരുമായി എനിക്കു ബൈബിൾപഠനങ്ങൾ നടത്താൻ കഴിഞ്ഞു. അവർ സത്യം സ്വീകരിക്കുകയും ചെയ്തു. ഞാൻ പത്തു പേരുള്ള ഒരു കുടുംബവുമൊത്ത് ബൈബിൾപഠനം നടത്തുമായിരുന്നു. ആ കുടുംബം മുഴുവനും യഹോവയെ സേവിക്കാൻ തുടങ്ങി. അവരുടെ ധീരമായ മാതൃക കത്തോലിക്കാസഭ വിട്ടുപോരാൻ മറ്റുള്ളവരെയും പ്രേരിപ്പിച്ചു. ഞങ്ങൾ പ്രസംഗപ്രവർത്തനം തുടർന്നുകൊണ്ടിരുന്നു, ഒടുക്കം ഞങ്ങൾ ‘യുദ്ധം’ ജയിച്ചു.
സഹോദരങ്ങളെ അവരുടെ സ്വന്തം ഭാഷയിൽ പരിശീലിപ്പിക്കുന്നു
1956-ൽ എന്നെ ഹെയ്റ്റിയിലേക്കു നിയമിച്ചു. അവിടെ എത്തിയ പുതിയ മിഷനറിമാരിൽ മിക്കവരും ഫ്രഞ്ച് ഭാഷ പഠിച്ചെടുക്കാൻ നന്നേ പാടുപെട്ടു. പക്ഷേ അവർ പറയുന്നത് ആളുകൾ ശ്രദ്ധിക്കുമായിരുന്നു. മിഷനറിയായ സ്റ്റാൻലി ബോഗസ് ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ പറയാൻ ശ്രമിച്ച കാര്യങ്ങൾ പൂർത്തീകരിക്കാൻ ആളുകൾ തങ്ങളാൽ കഴിയുന്ന എല്ലാ സഹായവും ചെയ്യുന്നതു കണ്ടപ്പോൾ ഞങ്ങൾ അതിശയിച്ചുപോയി.” ക്യുബെക്കിൽവെച്ച് ഫ്രഞ്ച് ഭാഷ പഠിച്ചിരുന്നതു തുടക്കത്തിൽ എന്നെ സഹായിച്ചു. പക്ഷേ അവിടത്തെ സഹോദരങ്ങളിൽ മിക്കവരും സംസാരിച്ചിരുന്നതു ഹെയ്തിയൻ ക്രയോൾ ആയിരുന്നു. പ്രാദേശിക ഭാഷ പഠിച്ചെങ്കിൽ മാത്രമേ മിഷനറിമാർക്കു ഫലപ്രദമായി പ്രവർത്തിക്കാൻ കഴിയൂ എന്നു ഞങ്ങൾക്കു മനസ്സിലായി. ഞങ്ങൾ അങ്ങനെ ചെയ്തു, അതിനു ഫലവുമുണ്ടായി.
സഹോദരങ്ങളെ സഹായിക്കാനുള്ള അടുത്ത പടിയെന്ന നിലയിൽ വീക്ഷാഗോപുരവും മറ്റു പ്രസിദ്ധീകരണങ്ങളും ഹെയ്തിയൻ ക്രയോളിലേക്കു പരിഭാഷ ചെയ്യാൻ ഭരണസംഘം അനുമതി നൽകി. രാജ്യമെമ്പാടും യോഗഹാജർ കുത്തനെ വർധിച്ചു. 1950-ൽ ഹെയ്റ്റിയിൽ 99 പ്രചാരകരാണുണ്ടായിരുന്നതെങ്കിൽ 1960 ആയപ്പോഴേക്കും ആ സംഖ്യ 800-ലധികമായി. ആ സമയത്ത് എന്നെ ബഥേലിലേക്കു നിയമിച്ചു. 1961-ൽ എനിക്കു രാജ്യശുശ്രൂഷാസ്കൂളിൽ പഠിപ്പിക്കാനുള്ള നിയമനം കിട്ടി. മൂപ്പന്മാരും പ്രത്യേക മുൻനിരസേവകരും അടങ്ങിയ 40 പേർക്കു പരിശീലനം കൊടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. 1962 ജനുവരിയിലെ കൺവെൻഷനിൽ, ശുശ്രൂഷ വികസിപ്പിക്കാൻ പ്രാദേശികസഭകളിലെ യോഗ്യതയുള്ള സഹോദരന്മാരെ ഞങ്ങൾ പ്രോത്സാഹിപ്പിച്ചു. ചിലർക്കു പ്രത്യേക മുൻനിരസേവകരായി നിയമനം ലഭിച്ചു. ഇതു സമയോചിതമായിരുന്നു, കാരണം എതിർപ്പുകൾ ഉടൻ പൊട്ടിപ്പുറപ്പെടാൻ പോകുകയായിരുന്നു.
കൺവെൻഷൻ കഴിഞ്ഞ് അധികം വൈകാതെ 1962 ജനുവരി 23-ന് ആൻഡ്രൂ ഡി അമികോ എന്ന മിഷനറിയെയും എന്നെയും ബ്രാഞ്ചോഫീസിൽവെച്ച് അറസ്റ്റു ചെയ്തു. 1962 ജനുവരി 8 ലക്കം ഉണരുക!-യുടെ ഫ്രഞ്ച് ഭാഷയിലുള്ള മുഴുവൻ കോപ്പികളും പിടിച്ചെടുത്തു. ഹെയ്റ്റിയിൽ വൂഡൂ എന്ന ഭൂതവിദ്യ പ്രചാരത്തിലുണ്ടെന്നു ഫ്രഞ്ച് പത്രങ്ങളിൽ വന്ന വാർത്ത ഉണരുക! ഉദ്ധരിച്ചതു ചിലർക്ക് അത്ര രസിച്ചില്ല. ആ ലേഖനം ഞങ്ങൾ ബ്രാഞ്ചോഫീസിൽത്തന്നെ തയ്യാറാക്കിയതാണെന്നാണ് അവർ പറഞ്ഞത്. ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ മിഷനറിമാരെ നാടുകടത്തി.c പക്ഷേ പരിശീലനം കിട്ടിയ പ്രാദേശിക സഹോദരന്മാർ പ്രവർത്തനം ഊർജസ്വലമായി മുന്നോട്ടുകൊണ്ടുപോയി. അവർ സഹിച്ചുനിന്നതിനും ആത്മീയപുരോഗതി വരുത്തിയതിനും ഇന്നു ഞാൻ അവരോടൊപ്പം സന്തോഷിക്കുന്നു. അവർക്ക് ഇപ്പോൾ ഹെയ്തിയൻ ക്രയോൾ ഭാഷയിൽ വിശുദ്ധ തിരുവെഴുത്തുകൾ—പുതിയ ലോക ഭാഷാന്തരംപോലുമുണ്ട്. ഞങ്ങൾ അവിടെയുണ്ടായിരുന്ന കാലത്ത് സ്വപ്നം കാണാൻമാത്രം കഴിയുന്ന ഒരു നേട്ടം.
സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ നിർമാണപ്രവർത്തനം
ഹെയ്റ്റിക്കു ശേഷം എന്നെ ഒരു മിഷനറിയായി സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലേക്കു നിയമിച്ചു. പിന്നീട് അവിടെ ഒരു സഞ്ചാര മേൽവിചാരകനായും അതിനു ശേഷം ബ്രാഞ്ച് മേൽവിചാരകനായും സേവിക്കാൻ എനിക്കു കഴിഞ്ഞു.
അക്കാലത്ത് ആ രാജ്യത്തെ മിക്ക രാജ്യഹാളുകളും തീർത്തും ലളിതമായിരുന്നു. വൈക്കോൽ ശേഖരിക്കാനും അത് ഉപയോഗിച്ച് മേൽക്കൂര മേയാനും ഞാൻ പഠിച്ചു. ഈ പുതിയ വൈദഗ്ധ്യം ഞാൻ പഠിച്ചെടുക്കാൻ ശ്രമിക്കുന്നതു വഴിപോക്കർക്ക് ഒരു കാഴ്ചതന്നെയായിരുന്നു. സ്വന്തം രാജ്യഹാളുകൾ പണിയാനും അവ നന്നായി സൂക്ഷിക്കാനും നല്ല ശ്രമം ചെയ്യാൻ എന്റെ അധ്വാനം സഹോദരങ്ങളെയും പ്രോത്സാഹിപ്പിച്ചു. മതനേതാക്കന്മാർ ഞങ്ങളെ പരിഹസിച്ചു. കാരണം, അവരുടെ പള്ളികൾക്കു തകരംകൊണ്ടുള്ള മേൽക്കൂരകളുണ്ടായിരുന്നു, നമ്മുടേതിന് അതില്ലായിരുന്നു. പരിഹാസമൊന്നും വകവെക്കാതെ ഞങ്ങൾ തുടർന്നും വൈക്കോൽ മേൽക്കൂരയുള്ള രാജ്യഹാളുകൾ പണിതു. പരിഹാസത്തിന് അവസാനമുണ്ടായി, എങ്ങനെയെന്നോ? തലസ്ഥാനമായ ബാംഗ്വിയിൽ അടിച്ച ശക്തമായ ഒരു കൊടുങ്കാറ്റു പള്ളിയുടെ തകരംകൊണ്ടുള്ള മേൽക്കൂര പൊക്കിയെടുത്ത് തെരുവിൽ കൊണ്ടിട്ടു. എന്നാൽ രാജ്യഹാളുകളുടെ വൈക്കോൽകൊണ്ടുള്ള മേൽക്കൂരകൾക്ക് ഒന്നും സംഭവിച്ചില്ല. പ്രവർത്തനത്തിനു കൂടുതൽ മെച്ചമായി മേൽനോട്ടം വഹിക്കുന്നതിനു ഞങ്ങൾ ഒരു പുതിയ ബ്രാഞ്ചോഫീസും മിഷനറിഭവനവും പണിതു, അതും വെറും അഞ്ചു മാസംകൊണ്ട്!d
വിവാഹജീവിതം—തീക്ഷ്ണതയുള്ള ഒരു പങ്കാളിയോടൊത്ത്
ഞങ്ങളുടെ വിവാഹദിവസം
1976-ൽ സെൻട്രൽ റിപ്പബ്ലിക്കിൽ പ്രവർത്തനം നിരോധിച്ചപ്പോൾ എന്നെ അയൽരാജ്യമായ ഛാഡിന്റെ തലസ്ഥാനമായ എൻജമേനയിലേക്കു നിയമിച്ചു. അവിടെവെച്ച് ഞാൻ ഉത്സാഹമുള്ള ഒരു മുൻനിരസേവികയായ ഹാപ്പിയെ കണ്ടുമുട്ടി. അവൾ കാമറൂൺകാരിയായിരുന്നു. ഞങ്ങൾ 1978 ഏപ്രിൽ 1-നു വിവാഹിതരായി. അതേ മാസംതന്നെ അവിടെ ആഭ്യന്തരയുദ്ധം പൊട്ടിപ്പുറപ്പെട്ടു. പലരും ചെയ്തതുപോലെ ഞങ്ങളും രാജ്യത്തിന്റെ തെക്കൻഭാഗത്തേക്കു പലായനം ചെയ്തു. യുദ്ധത്തിന്റെ അലകൾ കെട്ടടങ്ങിയശേഷം തിരിച്ചുവന്നപ്പോൾ ഞങ്ങളുടെ ഭവനം ഒരു സായുധസംഘത്തിന്റെ ആസ്ഥാനമായി മാറിയിരിക്കുന്നതാണു കണ്ടത്. പ്രസിദ്ധീകരണങ്ങൾ മാത്രമല്ല, ഹാപ്പിയുടെ വിവാഹവസ്ത്രവും ഞങ്ങളുടെ വിവാഹസമ്മാനങ്ങളും കൂടി നഷ്ടപ്പെട്ടു. പക്ഷേ ഇതൊന്നും ഞങ്ങളെ തളർത്തിക്കളയാൻ ഞങ്ങൾ അനുവദിച്ചില്ല. ഞങ്ങൾ പരസ്പരം പിന്തുണച്ചു, പ്രവർത്തനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
ഏതാണ്ട് രണ്ടു വർഷം കഴിഞ്ഞപ്പോൾ സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്കിലെ നിരോധനം മാറി. ഞങ്ങൾ അവിടേക്കു തിരിച്ചുപോയി. അവിടെ സഞ്ചാരവേലയിലായിരുന്നു. ഞങ്ങളുടെ വീട് എന്നു പറയുന്നത് ഒരു ചെറിയ വാനായിരുന്നു. അതിൽ ഉണ്ടായിരുന്നതോ? മടക്കിവെക്കാവുന്ന ഒരു മെത്ത, 200 ലിറ്റർ വെള്ളം കൊള്ളാവുന്ന ഒരു വീപ്പ, ഒരു ഫ്രിഡ്ജ്, പിന്നെ ഒരു ഗ്യാസ് അടുപ്പും. യാത്ര ക്ലേശകരമായിരുന്നു. ഒരു പ്രാവശ്യം യാത്രയ്ക്കിടെ ഏകദേശം 117-ഓളം പോലീസ് ചെക്ക്പോസ്റ്റുകളിലാണു ഞങ്ങളെ തടഞ്ഞുനിറുത്തിയത്.
ചൂട് 50 ഡിഗ്രി സെൽഷ്യസ് വരെ എത്തുമായിരുന്നു. ചിലപ്പോഴൊക്കെ സമ്മേളനങ്ങളിൽ സ്നാനം നടത്താനുള്ള വെള്ളം കിട്ടാൻപോലും ബുദ്ധിമുട്ടായിരുന്നു. സഹോദരങ്ങൾ നദി വറ്റിവരണ്ട സ്ഥലങ്ങളിൽ കുഴിച്ച് അൽപ്പാൽപ്പം കിട്ടുന്ന വെള്ളം ഒരു വീപ്പയിൽ ശേഖരിക്കും. അതിലായിരുന്നു സ്നാനം.
മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിൽ കൂടുതലായ പ്രവർത്തനം
1980-ൽ ഞങ്ങൾക്കു നൈജീരിയയിലേക്കു നിയമനം കിട്ടി. അവിടെ പുതിയ ബ്രാഞ്ചോഫീസ് പണിയാൻ പോകുകയായിരുന്നു. രണ്ടര കൊല്ലം അതിനോടു ബന്ധപ്പെട്ട മുന്നൊരുക്കങ്ങളിൽ ഞങ്ങൾ പങ്കെടുത്തു. സഹോദരന്മാർ രണ്ടു നിലയുള്ള ഒരു ഗോഡൗൺ അതിനോടകം വാങ്ങിയിരുന്നു. അതു പൊളിച്ചിട്ട് അവിടെ ബ്രാഞ്ചോഫീസ് പണിയാനായിരുന്നു പ്ലാൻ. കെട്ടിടം പൊളിക്കുന്നതിനു സഹായിക്കാനായി ഒരു ദിവസം രാവിലെ ഞാൻ കെട്ടിടത്തിന്റെ മുകളിലേക്കു കയറി. ഉച്ചയായപ്പോൾ, കയറിയ വഴിയിലൂടെത്തന്നെ തിരികെ താഴേക്ക് ഇറങ്ങാൻ തുടങ്ങി. കെട്ടിടത്തിന്റെ ആ ഭാഗങ്ങൾ പൊളിച്ചുമാറ്റിയ കാര്യം ഞാൻ ഓർത്തില്ല. കാലു വെച്ചതും ഞാൻ നേരെ താഴേക്കു പോന്നു. എന്റെ സ്ഥിതി ഗുരുതരമാണെന്നാണ് എല്ലാവരും കരുതിയത്. എക്സ്-റേ ഒക്കെ എടുത്ത് എന്നെ പരിശോധിച്ചതിനു ശേഷം ഡോക്ടർ ഹാപ്പിയോടു പറഞ്ഞു: “പേടിക്കാനൊന്നുമില്ല. അൽപ്പം പൊട്ടലുണ്ടെന്നേ ഉള്ളൂ, ഒന്നു രണ്ട് ആഴ്ചയ്ക്കുള്ളിൽ അതു ശരിയാകും.”
ഒരു ‘പൊതുവാഹനത്തിൽ’ ഒരു സമ്മേളനത്തിൽ പങ്കെടുക്കാൻ പോകുന്നു
1986-ൽ ഞങ്ങൾ കോറ്റ്-ഡീ ഐവോറിലേക്കു പോയി. അവിടെ സഞ്ചാരവേലയിൽ ഏർപ്പെട്ടു. അയൽരാജ്യമായ ബുർക്കിനാ ഫാസോയിലും ഞങ്ങൾ പ്രവർത്തിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ആ രാജ്യം കുറച്ച് കാലത്തേക്കു ഞങ്ങളുടെ ഭവനമായിത്തീരുമെന്നു ഞങ്ങൾ ഒരിക്കലും കരുതിയില്ല.
സഞ്ചാരവേലയിൽ ഒരു വാൻ ആയിരുന്നു ഞങ്ങളുടെ വീട്
1956-ൽ ഞാൻ കാനഡ വിട്ടതാണ്. എന്നാൽ 47 വർഷത്തെ ഇടവേളയ്ക്കു ശേഷം 2003-ൽ ഞാൻ കാനഡയിൽ തിരിച്ചെത്തി. ഹാപ്പിയെയും എന്നെയും അവിടത്തെ ബഥേലിൽ നിയമിച്ചു. രേഖകൾ പ്രകാരം ഞങ്ങൾ കാനഡക്കാരായിരുന്നു. പക്ഷേ ആഫ്രിക്കയാണു ഞങ്ങളുടെ സ്വദേശം എന്നു ഞങ്ങൾക്കു തോന്നി.
ബുർക്കിനാ ഫാസോയിൽവെച്ച് ബൈബിൾപഠനം നടത്തുന്നു
2007-ൽ എനിക്ക് 79 വയസ്സായപ്പോൾ ഞങ്ങൾ ആഫ്രിക്കയിലേക്കു തിരിച്ചുപോയി. ഞങ്ങളെ ബുർക്കിനാ ഫാസോയിലേക്കു നിയമിച്ചു. ഞാൻ അവിടെ കൺട്രി കമ്മിറ്റിയിലെ ഒരു അംഗമായി സേവിച്ചു. പിന്നീട് ആ ഓഫീസ് ബെനിൻ ബ്രാഞ്ചിനു കീഴിലുള്ള ഒരു വിദൂര പരിഭാഷാകേന്ദ്രമാക്കി മാറ്റി. 2013 ആഗസ്റ്റിൽ ഞങ്ങളെ ബെനിൻ ബഥേലിലേക്കു നിയമിച്ചു.
ഹാപ്പിയോടൊപ്പം, ബെനിൻ ബ്രാഞ്ചിൽ സേവിച്ച സമയം
എനിക്കു ശാരീരികപരിമിതികളൊക്കെയുണ്ടെങ്കിലും ശുശ്രൂഷ ഞാൻ ഇപ്പോഴും പ്രിയപ്പെടുന്നു. മൂപ്പന്മാരുടെ ദയയോടെയുള്ള സഹായവും എന്റെ ഭാര്യയുടെ സ്നേഹത്തോടെയുള്ള പിന്തുണയും എനിക്കുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ എന്റെ രണ്ടു ബൈബിൾവിദ്യാർഥികൾ, ഗിഡയോനും ഫ്രെജിസും, സ്നാനപ്പെടുന്നതു കാണാൻ എനിക്കു കഴിഞ്ഞു. അവർ ഇപ്പോൾ യഹോവയെ തീക്ഷ്ണതയോടെ സേവിക്കുന്നു.
അതിനിടെ എന്നെയും ഭാര്യയെയും സൗത്ത് ആഫ്രിക്കയിലെ ബ്രാഞ്ചിലേക്കു നിയമിച്ചു. അവിടത്തെ ബഥേൽകുടുംബം ദയയോടെ എന്റെ ആരോഗ്യകാര്യങ്ങൾ നോക്കുന്നു. എനിക്കു സേവിക്കാൻ പദവി ലഭിച്ച ആഫ്രിക്കയിലെ ഏഴാമത്തെ രാജ്യമാണു സൗത്ത് ആഫ്രിക്ക. 2017 ഒക്ടോബറിൽ ഞങ്ങൾക്കു വളരെ വലിയ ഒരു അനുഗ്രഹം ലഭിച്ചു. ന്യൂയോർക്കിലെ വാർവിക്കിൽ നിർമിച്ച നമ്മുടെ പുതിയ ലോകാസ്ഥാനത്തിന്റെ സമർപ്പണത്തിൽ പങ്കെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ശരിക്കും അവിസ്മരണീയമായ ഒരു സംഭവമായിരുന്നു അത്!
വാർഷികപുസ്തകം 1994-ന്റെ (ഇംഗ്ലീഷ്) 255-ാം പേജിൽ ഇങ്ങനെ പറയുന്നു: “വർഷങ്ങളായി പ്രവർത്തനത്തിൽ പിടിച്ചുനിൽക്കുന്ന എല്ലാവരോടും ഞങ്ങൾ പറയുന്നത് ഇതാണ്: ‘നിങ്ങൾ തളർന്നുപോകരുത്, ധൈര്യമുള്ളവരായിരിക്കുക; കാരണം, നിങ്ങളുടെ പ്രവൃത്തിക്കു തീർച്ചയായും പ്രതിഫലം കിട്ടും.’—2 ദിന. 15:7.” ഈ നിർദേശം പിൻപറ്റി ജീവിക്കാൻ ഞാനും ഹാപ്പിയും ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. അങ്ങനെ ചെയ്യാൻ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
a 1944-ൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ അച്ചടിക്കുന്നില്ല.
b 1953 നവംബർ 8 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) 3-5 പേജുകളിലെ “ക്യുബെക്കിൽ യഹോവയുടെ സാക്ഷികളെ ആക്രമിച്ചതിനു പുരോഹിതൻ ശിക്ഷിക്കപ്പെടുന്നു” എന്ന ലേഖനം കാണുക.
c യഹോവയുടെ സാക്ഷികളുടെ വാർഷികപുസ്തകം 1994-ന്റെ (ഇംഗ്ലീഷ്) 148-150 പേജുകൾ കാണുക.
d 1966 മെയ് 8 ലക്കം ഉണരുക!-യുടെ (ഇംഗ്ലീഷ്) 27-ാം പേജിലെ “ഒരു ഉറച്ച അടിസ്ഥാനത്തിന്മേൽ പണിയുന്നു” എന്ന ലേഖനം കാണുക.