നിങ്ങൾക്ക് അറിയാമോ?
ഒന്നാം നൂറ്റാണ്ടിലെ ഒരു സിനഗോഗ്: ഗലീലക്കടലിന് ഏതാണ്ട് പത്തു കിലോമീറ്റർ വടക്കുകിഴക്ക് മാറിയുള്ള ഗാംലയിൽ കണ്ടെത്തിയ ഒന്നാം നൂറ്റാണ്ടിലെ സിനഗോഗിന്റെ ചില സവിശേഷതകൾ ഉൾക്കൊള്ളുന്ന ഒരു മാതൃകയാണ് ഇത്. പണ്ടുകാലത്തെ ഒരു സിനഗോഗ് എങ്ങനെയായിരുന്നെന്നു മനസ്സിലാക്കാൻ ഇതു സഹായിക്കുന്നു
സിനഗോഗുകൾ എങ്ങനെയാണ് നിലവിൽവന്നത്?
“സമ്മേളനം,” “കൂടിവരവ്” എന്നൊക്കെ അർഥമുള്ള ഒരു ഗ്രീക്കു പദത്തിൽനിന്നാണു “സിനഗോഗ്” എന്ന വാക്കിന്റെ ഉത്ഭവം. ഈ പേര് ശരിക്കും ചേരുന്നതാണ്. കാരണം പണ്ടുകാലം മുതലേ ജൂതസമൂഹങ്ങൾ പഠിക്കാനും ആരാധിക്കാനും ആയി കൂടിവന്നിരുന്ന സ്ഥലങ്ങളാണു സിനഗോഗുകൾ. എബ്രായ തിരുവെഴുത്തുകളിൽ സിനഗോഗുകളെക്കുറിച്ച് നേരിട്ടുള്ള പരാമർശങ്ങളൊന്നും കാണുന്നില്ല. എന്നാൽ ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും ഇത്തരം സമ്മേളനസ്ഥലങ്ങൾ നിലവിലുണ്ടായിരുന്നെന്നു ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽനിന്നും വ്യക്തമാണ്.
ജൂതന്മാർ ബാബിലോണിൽ ബന്ദികളായിരുന്ന കാലത്താണു സിനഗോഗുകൾ ആരംഭിച്ചതെന്നു മിക്ക പണ്ഡിതന്മാരും കരുതുന്നു. എൻസൈക്ലോപീഡിയ ജുഡായിക്ക ഇങ്ങനെ പറയുന്നു: “ആലയമില്ലാത്ത ഒരു അന്യദേശത്ത് (ജൂതന്മാരായ) പ്രവാസികൾ അവരുടെ വിഷമങ്ങളിൽ ആശ്വാസം തേടി പലപ്പോഴും ഒരുമിച്ചുകൂടി തിരുവെഴുത്തുകൾ വായിച്ചിരുന്നു. മിക്കപ്പോഴും ശബത്തുകളിലായിരുന്നു അവർ കൂടിവന്നിരുന്നത്.” പ്രവാസത്തിൽനിന്ന് സ്വദേശത്ത് എത്തിയ ജൂതന്മാർ ഈ പതിവ് തുടർന്നെന്നു വ്യക്തമാണ്. എവിടെയെല്ലാം പോയി താമസമുറപ്പിച്ചോ അവിടെയെല്ലാം പ്രാർഥനയ്ക്കും തിരുവെഴുത്തുകളുടെ വായനയ്ക്കും ആയി അവർ സിനഗോഗുകൾ സ്ഥാപിച്ചു.
എ.ഡി. ഒന്നാം നൂറ്റാണ്ട് ആയപ്പോഴേക്കും മധ്യധരണ്യാഴിയുടെ ചുറ്റും, മധ്യപൂർവദേശത്തും ഇസ്രായേലിൽത്തന്നെയും താമസിച്ചിരുന്ന ജൂതസമൂഹങ്ങളുടെ മതപരവും സാമൂഹികവും ആയ ജീവിതത്തിന്റെ കേന്ദ്രമായി സിനഗോഗുകൾ മാറി. യരുശലേമിലെ ഹീബ്രു സർവകലാശാലയിലെ പ്രൊഫസർ ലീ ലെവിൻ പറയുന്നു: “പഠിക്കാനും ശബത്തുകളിലും ഉത്സവങ്ങളിലും ഭക്ഷണം കഴിക്കാനും പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി പണം ശേഖരിക്കാനും സാമൂഹികവും ഭരണപരവും ആയ കാര്യങ്ങൾക്കു കൂടിവരാനും നിയമനടപടികൾ നടത്താനും ഉള്ള സ്ഥലങ്ങളായിരുന്നു സിനഗോഗുകൾ.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “മതപരമായ കാര്യങ്ങൾക്കായിരുന്നു ഏറ്റവും പ്രാധാന്യം കൊടുത്തിരുന്നത്.” അതുകൊണ്ട് യേശു കൂടെക്കൂടെ സിനഗോഗുകളിൽ പോയിരുന്നു എന്നതു നമ്മളെ അതിശയിപ്പിക്കേണ്ടതില്ല. (മർക്കോ. 1:21; 6:2; ലൂക്കോ. 4:16) അവിടെ കൂടിവന്നവരെ യേശു പഠിപ്പിക്കുകയും ഉപദേശിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ക്രിസ്തീയസഭ സ്ഥാപിക്കപ്പെട്ടതിനു ശേഷം പൗലോസ് അപ്പോസ്തലനും ഇതുപോലെ പല തവണ സിനഗോഗുകളിൽ പോയി പഠിപ്പിച്ചിട്ടുണ്ട്. ആത്മീയകാര്യങ്ങളിൽ താത്പര്യമുണ്ടായിരുന്ന ആളുകൾ സ്വാഭാവികമായും സിനഗോഗുകളിൽ വരും. അതുകൊണ്ടാണ് ഏതെങ്കിലും നഗരത്തിൽ ചെന്നാൽ സാധാരണയായി പൗലോസ് ആദ്യം അവിടെയുള്ള സിനഗോഗിൽ പോകുകയും അവിടെ പഠിപ്പിക്കുകയും ചെയ്തത്.—പ്രവൃ. 17:1, 2; 18:4.