ജീവിതകഥ
യഹോവയുടെ അനുഗ്രഹങ്ങൾ എന്റെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി!
‘എനിക്ക് ഒരു മുൻനിരസേവകനാകണം. എന്നാൽ മുൻനിരസേവനം രസകരമായിരിക്കുമോ’ എന്നു ഞാൻ സംശയിച്ചു. എന്റെ ജോലി എനിക്കു വളരെ ഇഷ്ടമായിരുന്നു. ജർമനിയിൽനിന്ന് ആഫ്രിക്കയിലെ ഡാർ-എസ്-സലാം, എലിസബത്ത് വില്ലെ, ആസ്മാര തുടങ്ങിയ സ്ഥലങ്ങളിലേക്കു ഭക്ഷ്യവസ്തുക്കൾ കയറ്റുമതി ചെയ്യുന്നതായിരുന്നു ജോലി. ഇതേ സ്ഥലങ്ങളിലും ആഫ്രിക്കയിലെ മറ്റ് അനേകം സ്ഥലങ്ങളിലും എന്നെങ്കിലും ഒരിക്കൽ മുഴുസമയസേവനം ചെയ്യുമെന്നു ഞാൻ സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല!
അവസാനം സംശയങ്ങളെല്ലാം മറികടന്ന് ഞാൻ മുൻനിരസേവനം ആരംഭിച്ചു. പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടിയ ഒരു ജീവിതം അത് എനിക്കു സമ്മാനിച്ചു. (എഫെ. 3:20) ഇതെല്ലാം എങ്ങനെയാണു സംഭവിച്ചത് എന്ന് അറിയാൻ നിങ്ങൾക്ക് ആഗ്രഹമില്ലേ? ഞാൻ ആദ്യംമുതൽ പറയാം.
1939-ൽ രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച് ഏതാനും മാസങ്ങൾക്കു ശേഷം ജർമനിയിലെ ബർലിനിലാണു ഞാൻ ജനിച്ചത്. 1945-ൽ യുദ്ധം അവസാനിക്കാറായപ്പോഴേക്കും ബർലിൻ നഗരം വിമാനങ്ങളിൽനിന്നുള്ള അതിശക്തമായ ‘ബോംബുവർഷത്തിന്’ ഇരയായി. അങ്ങനെയുള്ള ഒരു ആക്രമണത്തിൽ ഞങ്ങളുടെ തെരുവിലും ബോംബുസ്ഫോടനം ഉണ്ടായി. ഞങ്ങളുടെ കുടുംബം വ്യോമാക്രമണത്തിൽ നിന്ന് രക്ഷ നൽകുന്ന നിലയത്തിൽ അഭയം തേടി. പിന്നീട് സുരക്ഷയ്ക്കുവേണ്ടി ഞങ്ങൾ അമ്മയുടെ ജന്മനാടായ എർഫുർട്ടിലേക്കു പോയി.
എന്റെ മാതാപിതാക്കളോടും പെങ്ങളോടും ഒപ്പം ജർമനിയിൽ, ഏകദേശം 1950-ൽ
എന്റെ അമ്മ സത്യം കണ്ടെത്താൻ തീവ്രമായി പരിശ്രമിച്ചു. അതിനുവേണ്ടി തത്ത്വചിന്തകരുടെ പുസ്തകങ്ങൾ വായിച്ചു, വ്യത്യസ്തമതങ്ങളെക്കുറിച്ച് പഠിച്ചു. പക്ഷേ അതിലൊന്നും അമ്മ തൃപ്തയായില്ല. 1948-ലാണെന്നു തോന്നുന്നു, യഹോവയുടെ സാക്ഷികളായ രണ്ടു പേർ ഞങ്ങളുടെ വീട്ടിൽ വന്നു. അമ്മ അവരെ കയറ്റിയിരുത്തിയിട്ട് ഒന്നിനു പുറകേ ഒന്നായി ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങി. ഒരു മണിക്കൂറുപോലും ആയില്ല, അമ്മ എന്നെയും അനിയത്തിയെയും അടുത്ത് വിളിച്ചിട്ട് പറഞ്ഞു: “ഞാൻ സത്യം കണ്ടെത്തി!“ ഒട്ടും വൈകാതെ അമ്മയും അനിയത്തിയും ഞാനും എർഫുർട്ടിൽ നമ്മുടെ യോഗങ്ങൾക്കു പോയിത്തുടങ്ങി.
1950-ൽ ഞങ്ങൾ ബർലിനിലേക്കു മടങ്ങി. അവിടത്തെ ക്രൂസ്ബർഗ് സഭയോടൊത്ത് സഹവസിക്കാൻ തുടങ്ങി. പിന്നീട് ബർലിൻ നഗരത്തിൽത്തന്നെ മറ്റൊരു സ്ഥലത്തേക്കു താമസം മാറിയ ഞങ്ങൾ ടെംപിൾഹൂഫ് സഭയിൽ യോഗങ്ങൾക്കു പോയിത്തുടങ്ങി. കുറച്ച് നാൾ കഴിഞ്ഞ് അമ്മ സ്നാനമേറ്റു. എന്നാൽ ഞാൻ മടിച്ചുനിന്നു. എന്തായിരുന്നു കാരണം?
ഞാൻ ലജ്ജാശീലം മറികടക്കുന്നു
ലജ്ജയും പേടിയും കാരണം ദൈവസേവനത്തിൽ ഞാൻ അധികമൊന്നും ചെയ്തില്ല. ശുശ്രൂഷയ്ക്കു പോയിരുന്നെങ്കിലും ആദ്യത്തെ രണ്ടു വർഷം ഞാൻ ആളുകളോടു സംസാരിച്ചിരുന്നില്ല. എന്നാൽ ധൈര്യവും യഹോവയോടുള്ള ഭക്തിയും തെളിയിച്ച സഹോദരങ്ങളുമായി സമയം ചെലവഴിച്ചത് കാര്യങ്ങളാകെ മാറ്റിമറിച്ചു. അവരിൽ ചിലർ നാസി തടങ്കൽപ്പാളയങ്ങളിലോ കിഴക്കൻ ജർമനിയിലെ ജയിലുകളിലോ ഒക്കെ കഴിഞ്ഞവരായിരുന്നു. മറ്റു ചിലർ ജീവൻപോലും പണയപ്പെടുത്തി കിഴക്കൻ ജർമനിയിലേക്കു നമ്മുടെ പ്രസിദ്ധീകരണങ്ങൾ ഒളിച്ചുകടത്തിയിട്ടുണ്ട്. അവരുടെ മാതൃക എനിക്കു വലിയ പ്രചോദനമായി. അവർ യഹോവയ്ക്കും സഹോദരങ്ങൾക്കും വേണ്ടി സ്വന്തം ജീവനും സ്വാതന്ത്ര്യവും അപകടത്തിലാക്കിയെങ്കിൽ, എനിക്ക് എന്തുകൊണ്ട് അൽപ്പം ധൈര്യം കാണിച്ചുകൂടാ എന്നു ഞാൻ ചിന്തിച്ചു.
1955-ൽ നടന്ന ഒരു പ്രത്യേക പ്രചാരണപരിപാടിയിൽ പങ്കെടുത്തത് എന്റെ ലജ്ജാശീലം മറികടക്കാൻ ഒരു പരിധിവരെ എന്നെ സഹായിച്ചു. ഈ പരിപാടി നമ്മൾ അതുവരെ സംഘടിപ്പിച്ചിട്ടുള്ള ഏറ്റവും വലിയ പ്രചാരണപരിപാടിയായിരിക്കും എന്നു നേഥൻ നോർ സഹോദരൻ ഇൻഫോർമന്റിൽa പ്രസിദ്ധീകരിച്ച കത്തിലൂടെ അറിയിച്ചു. എല്ലാ പ്രചാരകരും പങ്കെടുക്കുകയാണെങ്കിൽ “ഈ മാസം പ്രസംഗപ്രവർത്തന ചരിത്രത്തിലെ ഏറ്റവും മഹത്തായ സമയമായിരിക്കും” എന്ന് അദ്ദേഹം പറഞ്ഞു. വാസ്തവത്തിൽ അതുതന്നെയാണു സംഭവിച്ചതും! അധികം താമസിയാതെ ഞാൻ ജീവിതം യഹോവയ്ക്കു സമർപ്പിച്ചു. 1956-ൽ ഞാനും അച്ഛനും അനിയത്തിയും സ്നാനമേറ്റു. എന്നാൽ പെട്ടെന്നുതന്നെ എനിക്കു പ്രധാനപ്പെട്ട മറ്റൊരു തീരുമാനം എടുക്കേണ്ടിവന്നു.
മുൻനിരസേവനം ചെയ്യണമെന്ന് എനിക്ക് അറിയാമായിരുന്നു. എന്നാൽ വർഷങ്ങളോളം ഞാൻ അതു മാറ്റിവെച്ചുകൊണ്ടിരുന്നു. ആദ്യം കയറ്റുമതി-ഇറക്കുമതി വ്യാപാരത്തിൽ പരിശീലനം നേടാൻ ഞാൻ തീരുമാനിച്ചു. അതിനു ശേഷം ഈ തൊഴിലിൽ വൈദഗ്ധ്യവും അനുഭവപരിചയവും നേടുന്നതിനു കുറച്ച് കാലം ജോലി ചെയ്യണമെന്ന് എനിക്കു തോന്നി. അതുകൊണ്ട് 1961-ൽ ജർമനിയിലെ ഏറ്റവും വലിയ തുറമുഖനഗരമായ ഹാംബർഗിൽ ഞാൻ ജോലി കണ്ടെത്തി. എനിക്കു ജോലി വളരെ ഇഷ്ടമായിരുന്നതുകൊണ്ട് ഞാൻ മുൻനിരസേവനം തുടങ്ങുന്നതു മാറ്റിവെച്ചു. പിന്നെ എന്താണു സംഭവിച്ചത്?
സ്നേഹസമ്പന്നരായ സഹോദരങ്ങളെ ഉപയോഗിച്ച്, ആത്മീയകാര്യങ്ങൾക്ക് ഒന്നാം സ്ഥാനം കൊടുക്കാൻ എന്നെ സഹായിച്ചതിന് യഹോവയോട് എനിക്കു വളരെ നന്ദിയുണ്ട്. എന്റെ ചില സുഹൃത്തുക്കൾ മുൻനിരസേവനം തുടങ്ങിയത് എനിക്കു പ്രചോദനമായി. കൂടാതെ തടങ്കൽപ്പാളയത്തിൽ ഉണ്ടായിരുന്ന എറിക്ക് മുൺട് സഹോദരൻ യഹോവയിൽ ആശ്രയിക്കാൻ എന്നെ സഹായിച്ചു. തടങ്കൽപ്പാളയത്തിൽ ആയിരുന്നപ്പോൾ തങ്ങളിൽത്തന്നെ ആശ്രയിച്ച സഹോദരങ്ങൾ പിന്നീടു തളർന്നുപോയി എന്നു സഹോദരൻ പറഞ്ഞു. എന്നാൽ യഹോവയിൽ പൂർണമായി ആശ്രയിച്ച സഹോദരങ്ങൾ വിശ്വസ്തരായി നിലകൊണ്ടു. അവർ സംഘടനയ്ക്കു മുതൽക്കൂട്ടായി.
ഞാൻ മുൻനിരസേവനം തുടങ്ങിയപ്പോൾ, 1963-ൽ
പിന്നീടു ഭരണസംഘാംഗമായി സേവിച്ച മാർട്ടിൻ പോട്ട്സിങ്ങർ സഹോദരൻ ഇങ്ങനെ പറയുമായിരുന്നു: “ധൈര്യമാണു നിങ്ങൾക്കു നേടിയെടുക്കാവുന്ന ഏറ്റവും വലിയ സമ്പാദ്യം!” ഈ വാക്കുകളെപ്പറ്റി ഞാൻ ധ്യാനിച്ചു. അവസാനം 1963 ജൂണിൽ ജോലി ഉപേക്ഷിച്ച് ഞാൻ മുൻനിരസേവനം ആരംഭിച്ചു. അതായിരുന്നു ഞാൻ എടുത്ത ഏറ്റവും നല്ല തീരുമാനം! രണ്ടു മാസത്തിനു ശേഷം, പുതിയ ജോലി അന്വേഷിക്കുന്നതിനു മുമ്പുതന്നെ പ്രത്യേക മുൻനിരസേവനം തുടങ്ങാൻ എനിക്കു ക്ഷണം കിട്ടി. ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ, ഗിലെയാദ് സ്കൂളിന്റെ 44-ാമതു ക്ലാസിലേക്ക് എന്നെ ക്ഷണിച്ചു. യഹോവ എന്റെ എല്ലാ പ്രതീക്ഷകളെയും കടത്തിവെട്ടി!
ഗിലെയാദിൽവെച്ച് വിലയേറിയ ഒരു പാഠം പഠിക്കുന്നു
“നിങ്ങളുടെ നിയമനം എളുപ്പം വിട്ടുകളയരുത്,” ഇതായിരുന്നു ഞാൻ പഠിച്ച പ്രധാനപ്പെട്ട ഒരു പാഠം. വിശേഷിച്ചും നേഥൻ നോർ സഹോദരനിൽനിന്നും ലൈമൻ സ്വിംഗൾ സഹോദരനിൽനിന്നും ആണു ഞാൻ ഇതു പഠിച്ചത്. നിയമനം ഏറ്റവും നന്നായി ചെയ്യാൻ അവർ പ്രോത്സാഹിപ്പിച്ചിരുന്നു. നോർ സഹോദരൻ പറഞ്ഞു: “നിങ്ങൾ ചെല്ലുന്നിടത്തു വൃത്തി കാണില്ല, കൊതുകും മൂട്ടയും ഒക്കെയുണ്ടായിരിക്കും. ആളുകൾ പാവങ്ങളായിരിക്കും. അതിലൊക്കെയായിരിക്കുമോ നിങ്ങളുടെ ശ്രദ്ധ? അതോ അവിടെ കാണുന്ന മരങ്ങൾ, പൂക്കൾ, പുഞ്ചിരിക്കുന്ന മുഖങ്ങൾ, ഇവയിലേക്കു നിങ്ങൾ നോക്കുമോ? ആളുകളെ സ്നേഹിക്കാൻ പഠിക്കുക.” ഒരു ദിവസം സ്വിംഗൾ സഹോദരൻ, ചിലർ തങ്ങളുടെ നിയമനം എളുപ്പം വിട്ടുകളയുന്നതിന്റെ കാരണം വിശദീകരിക്കുകയായിരുന്നു. വികാരഭരിതനായ സഹോദരന്റെ കണ്ണു നിറഞ്ഞു. സമനില വീണ്ടെടുക്കാൻ സഹോദരനു പ്രസംഗം ഇടയ്ക്കുവെച്ച് നിറുത്തേണ്ടിവന്നു. ആ സംഭവം ഞാൻ ഒരിക്കലും മറക്കില്ല. ക്രിസ്തുവിനെയോ ക്രിസ്തുവിന്റെ സഹോദരന്മാരെയോ ഒരിക്കലും നിരാശപ്പെടുത്തില്ലെന്നു ഞാൻ ഉറച്ച തീരുമാനം എടുത്തു.—മത്താ. 25:40.
ഞാനും ക്ലോഡും ഹെയ്ൻറിച്ചും ലൂബുംബാഷിയിലെ ഞങ്ങളുടെ മിഷനറിനിയമനത്തിനിടെ, 1967-ൽ
ഞങ്ങൾക്കു നിയമനം കിട്ടിക്കഴിഞ്ഞപ്പോൾ ചില ബഥേലംഗങ്ങൾ ആകാംക്ഷയോടെ ഞങ്ങളോടു നിയമനം എവിടേക്കാണ് എന്നു ചോദിച്ചു. ഓരോ നിയമനത്തെക്കുറിച്ചും അവർ നല്ല അഭിപ്രായങ്ങൾ പറഞ്ഞു. എന്റെ നിയമനം കോംഗോ (കിൻഷാസ) എന്ന രാജ്യത്തേക്കായിരുന്നു. അതു പറഞ്ഞപ്പോൾ അവരുടെ മുഖം മാറി. അവർ ഇത്രയുമേ പറഞ്ഞുള്ളൂ: “ഓ, കോംഗോ! യഹോവ നിങ്ങളുടെകൂടെ ഉണ്ടായിരിക്കട്ടെ!” അക്കാലത്ത് അവിടത്തെ യുദ്ധവും കൂലിപ്പട്ടാളക്കാരും കൊലപാതകങ്ങളും ഒക്കെ വാർത്തയിൽ നിറഞ്ഞുനിന്നിരുന്നു. പക്ഷേ ഗിലെയാദിൽ പഠിച്ച പാഠങ്ങൾ എന്റെ മനസ്സിൽ ഞാൻ ഉറപ്പിച്ചുനിറുത്തി. 1967 സെപ്റ്റംബറിൽ ബിരുദം നേടി അധികം വൈകാതെ ഞാനും ഹെയ്ൻറിച്ച് ഡെൻബോസ്റ്റെൽ സഹോദരനും ക്ലോഡ് ലിൻഡ്സെ സഹോദരനും കോംഗോയുടെ തലസ്ഥാനമായ കിൻഷാസയിലേക്ക് യാത്രതിരിച്ചു.
മിഷനറിമാർക്കുള്ള നല്ല പരിശീലനസ്ഥലം
കിൻഷാസയിൽ എത്തിയ ഞങ്ങൾ മൂന്നു മാസം ഫ്രഞ്ച് പഠിച്ചു. പിന്നീട് കോംഗോയുടെ ഏറ്റവും തെക്ക്, സാംബിയയുടെ അതിർത്തിയോടു ചേർന്ന് കിടക്കുന്ന ലൂബുംബാഷിയിലേക്കു ഞങ്ങൾ വിമാനത്തിൽ പോയി. മുമ്പ് എലിസബത്ത് വില്ലെ എന്നാണ് ഈ സ്ഥലം അറിയപ്പെട്ടിരുന്നത്. നഗരത്തിന്റെ മധ്യഭാഗത്തുള്ള മിഷനറിഭവനത്തിൽ ഞങ്ങൾ താമസം തുടങ്ങി.
അതുവരെ പ്രവർത്തിച്ചിട്ടില്ലാത്ത പ്രദേശങ്ങളായിരുന്നു ലൂബുംബാഷിയിൽ അധികവും. ആ നാട്ടുകാരോട് ആദ്യമായി സത്യം അറിയിക്കുന്നതു ഞങ്ങളാണ് എന്നോർത്തപ്പോൾ ഞങ്ങൾക്ക് ആവേശം തോന്നി. അധികം വൈകാതെ, എടുക്കാൻ കഴിയുന്നതിലും കൂടുതൽ ബൈബിൾപഠനങ്ങൾ ഞങ്ങൾക്കു കിട്ടി. ഗവൺമെന്റ് ജീവനക്കാരോടും പോലീസ് ഉദ്യോഗസ്ഥരോടും ഞങ്ങൾ സാക്ഷീകരിച്ചു. മിക്കവരും ദൈവവചനത്തോടും നമ്മുടെ പ്രസംഗപ്രവർത്തനത്തോടും നല്ല ആദരവ് കാണിച്ചു. നാട്ടുകാരുടെ പ്രധാനഭാഷ സ്വാഹിലിയായിരുന്നു. അതുകൊണ്ട് ഞാനും ക്ലോഡ് സഹോദരനും ആ ഭാഷ പഠിച്ചു. അധികം വൈകാതെ, ഞങ്ങളെ സ്വാഹിലി സംസാരിക്കുന്ന ഒരു സഭയിലേക്ക് നിയമിച്ചു.
ഒരുപാടു നല്ല അനുഭവങ്ങൾ ഞങ്ങൾക്കുണ്ടായിരുന്നെങ്കിലും പല പ്രശ്നങ്ങളെയും ഞങ്ങൾക്കു നേരിടേണ്ടിവന്നു. പലപ്പോഴും കുടിച്ച് ലക്കുകെട്ട്, തോക്കും പിടിച്ച് നിൽക്കുന്ന പട്ടാളക്കാരോ പ്രശ്നക്കാരായ പോലീസുകാരോ ഞങ്ങൾക്ക് എതിരെ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചു. ഒരിക്കൽ മീറ്റിങ്ങ് നടന്നുകൊണ്ടിരുന്നപ്പോൾ, ആയുധധാരികളായ പോലീസുകാർ ഞങ്ങളുടെ മിഷനറിഭവനത്തിലേക്ക് ഇരച്ചുകയറി. ഞങ്ങളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അവിടെ ഏകദേശം രാത്രി പത്തു മണി വരെ നിലത്ത് ഇരുത്തിയതിനു ശേഷമാണു ഞങ്ങളെ വിട്ടയച്ചത്.
1969-ൽ എന്നെ സഞ്ചാരവേലയിൽ നിയമിച്ചു. എന്റെ സർക്കിട്ടിൽ ചിലപ്പോൾ ചെളിയിലൂടെയും ഉയരമുള്ള പുല്ലിനിടയിലൂടെയും എനിക്കു ദീർഘദൂരം നടക്കേണ്ടിവന്നിട്ടുണ്ട്. ഇതൊക്കെ ആഫ്രിക്കയിൽ സാധാരണമായിരുന്നു. ഒരു ഗ്രാമത്തിൽവെച്ച് രസകരമായ ഒരു സംഭവമുണ്ടായി. ഒരു കോഴിയും അതിന്റെ കുഞ്ഞുങ്ങളും എന്റെ കട്ടിലിന് അടിയിലായിരുന്നു രാത്രി കിടപ്പ്. നേരം പുലരുന്നതിനു മുമ്പ് ആ കോഴി പലതരം ശബ്ദം പുറപ്പെടുവിച്ച് എന്നെ ഉണർത്തിയിരുന്നത് ഞാൻ ഒരിക്കലും മറക്കില്ല. വൈകുന്നേരങ്ങളിൽ തീയുടെ ചുറ്റും വട്ടംകൂടിയിരുന്ന് സഹോദരങ്ങളുമായി ബൈബിൾസത്യങ്ങൾ ചർച്ച ചെയ്തിരുന്ന നല്ല നിമിഷങ്ങൾ ഞാൻ ഓർത്തുപോകാറുണ്ട്.
കിറ്റാവാലാ പ്രസ്ഥാനത്തെ പിന്തുണച്ചിരുന്ന ചില കള്ളസഹോദരന്മാരുമായി ഇടപെടുന്നത് ഒരു വലിയ വെല്ലുവിളിയായിരുന്നു.b അവരിൽ ചിലർ സഭകളിൽ നുഴഞ്ഞുകയറി, ചിലർ മൂപ്പന്മാരാകുകപോലും ചെയ്തു. ‘മറഞ്ഞുകിടന്ന ഈ പാറകളിൽ’ മിക്കവർക്കും വിശ്വസ്തരായ സഹോദരങ്ങളെ വഞ്ചിക്കാൻ കഴിഞ്ഞില്ല. (യൂദ 12) കാലക്രമേണ യഹോവ സഭകളെ ശുദ്ധീകരിച്ചു. കൂടുതൽ പേർ സത്യത്തിലേക്കു വരാൻ ഇടയാകുകയും ചെയ്തു.
1971-ൽ എന്നെ കിൻഷാസയിലെ ബ്രാഞ്ചോഫീസിൽ നിയമിച്ചു. കത്തിടപാടുകൾ, പ്രസിദ്ധീകരണങ്ങളുടെ ഓർഡറുകൾ, സർവീസ് ഡിപ്പാർട്ടുമെന്റിലെ കാര്യങ്ങൾ തുടങ്ങി പല ഉത്തരവാദിത്വങ്ങളും ഞാൻ കൈകാര്യം ചെയ്തു. പരിമിതമായ സൗകര്യങ്ങളുള്ള വിശാലമായ ഒരു രാജ്യത്ത് പ്രവർത്തനങ്ങൾ എങ്ങനെ മുന്നോട്ടുകൊണ്ടുപോകാമെന്നു ബഥേലിൽവെച്ച് ഞാൻ പഠിച്ചു. പലപ്പോഴും ഞങ്ങൾ അയയ്ക്കുന്ന കത്തുകളും മറ്റും മാസങ്ങൾ കഴിഞ്ഞാണു സഭകളിൽ എത്തിയിരുന്നത്. എന്താണു കാരണമെന്നോ? വിമാനത്തിൽനിന്ന് ഇറക്കുന്ന തപാൽ ഉരുപ്പടികൾ ബോട്ടുകളിലേക്കു മാറ്റും. ബോട്ടുകൾ ചിലപ്പോൾ ജലാശയങ്ങളിലെ കുളവാഴകൾക്കിടയിൽ ആഴ്ചകളോളം കുടുങ്ങിക്കിടന്നെന്നു വരാം. എന്നിരുന്നാലും, ഇതും ഇതുപോലെയുള്ള മറ്റു പ്രതിസന്ധികളും ഉയർന്ന് വന്നിട്ടും വേല മുന്നോട്ടുതന്നെ പോയി.
അധികം പണമൊന്നുമില്ലായിരുന്നെങ്കിലും സഹോദരങ്ങൾ വലിയ കൺവെൻഷനുകൾ നടത്തുന്നതു കണ്ട് ഞാൻ അതിശയിച്ചുപോയിട്ടുണ്ട്. വലിയ ചിതൽപ്പുറ്റുകൾ അവർ പ്ലാറ്റ്ഫോമുകളാക്കി മാറ്റും. നീളമുള്ള ആനപ്പുല്ലുകൊണ്ട് വശങ്ങൾ മറയ്ക്കും, ആ പുല്ലു ചുരുട്ടിയെടുത്ത് ഇരിപ്പിടങ്ങൾ സുഖകരമാക്കും. കെട്ടിടത്തിന്റെ തൂണുകൾ മുളകൾകൊണ്ട് നിർമിക്കും. ഈറ്റകൊണ്ടുണ്ടാക്കുന്ന പായകൊണ്ട് മേൽക്കൂര മേയുകയും മേശകൾ ഉണ്ടാക്കുകയും ചെയ്യും. ആണികൾക്കു പകരം കീറിയെടുത്ത മരത്തൊലി ഉപയോഗിച്ച് ഇവയൊക്കെ കെട്ടി ബലപ്പെടുത്തും. ബുദ്ധിമുട്ടുകൾ മറികടക്കാൻ ഈ സഹോദരങ്ങൾ കണ്ടുപിടിച്ച ഓരോ കാര്യങ്ങളും ഞാൻ അമ്പരപ്പോടെയാണു കണ്ടുനിന്നത്. അവർ എനിക്കു വളരെ പ്രിയപ്പെട്ടവരായി. എനിക്കു വേറൊരു നിയമനം കിട്ടി പോകേണ്ടിവന്നപ്പോൾ എനിക്കുണ്ടായ നഷ്ടബോധം ഒന്ന് ഓർത്തുനോക്കൂ!
കെനിയയിൽ സേവിക്കുന്നു
1974-ൽ കെനിയയിലെ നയ്റോബിയിലെ ബ്രാഞ്ചോഫീസിലേക്ക് എന്നെ നിയമിച്ചു. അവിടെ ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. കാരണം, കെനിയ ബ്രാഞ്ചിന്റെ മേൽനോട്ടത്തിലായിരുന്നു അടുത്തുള്ള പത്തു രാജ്യങ്ങളിലെ പ്രസംഗപ്രവർത്തനം. അതിൽ ചില രാജ്യങ്ങളിൽ നമ്മുടെ പ്രവർത്തനത്തിനു നിരോധനമുണ്ടായിരുന്നു. ഈ രാജ്യങ്ങളിൽ, പ്രത്യേകിച്ച് ഇത്യോപ്യയിൽ, സന്ദർശനം നടത്താൻ കൂടെക്കൂടെ എനിക്കു നിയമനം കിട്ടിയിരുന്നു. ഇത്യോപ്യയിലെ നമ്മുടെ സഹോദരങ്ങൾ ഉപദ്രവങ്ങളും മറ്റു തരത്തിലുള്ള പരിശോധനകളും നേരിടുന്നുണ്ടായിരുന്നു. ചിലർക്കു വളരെ ക്രൂരമായ പെരുമാറ്റം സഹിക്കേണ്ടിവന്നു. മറ്റു ചിലരെ ജയിലിലടച്ചിരുന്നു. ചിലരെ കൊല്ലുകപോലും ചെയ്തു. പക്ഷേ അവർ വിശ്വസ്തമായി പിടിച്ചുനിന്നു. കാരണം അവർക്ക് യഹോവയുമായും പരസ്പരവും നല്ല ബന്ധമുണ്ടായിരുന്നു.
1980-ൽ ഞാൻ കാനഡക്കാരിയായ ഗെയിൽ മാത്സണിനെ വിവാഹം കഴിച്ചു. അതു സന്തോഷകരമായ ഒരു ജീവിതത്തിനു തുടക്കം കുറിച്ചു. ഗെയിലും ഞാനും ഒരേ ഗിലെയാദ് ക്ലാസിലാണു പങ്കെടുത്തത്. അതിനു ശേഷം ഞങ്ങൾ കത്തുകൾ എഴുതിയിരുന്നു. ഗെയിൽ ബൊളീവിയയിൽ മിഷനറിയായി സേവിക്കുകയായിരുന്നു. 12 വർഷത്തിനു ശേഷം ഞങ്ങൾ വീണ്ടും ന്യൂയോർക്കിൽവെച്ച് കണ്ടുമുട്ടി. അധികം വൈകാതെ ഞങ്ങൾ കെനിയയിൽവെച്ച് വിവാഹിതരായി. യഹോവ ചിന്തിക്കുന്നതുപോലെ ചിന്തിക്കാൻ ശ്രമിക്കുന്ന ഒരാളായിരുന്നു ഗെയിൽ. ഉള്ളതുകൊണ്ട് തൃപ്തയാകാനും അവൾക്ക് അറിയാമായിരുന്നു. എനിക്കു നല്ല പിന്തുണ നൽകിക്കൊണ്ട് ഒരു പ്രിയസ്നേഹിതയായി അവൾ ഇന്നും എന്റെകൂടെയുണ്ട്.
1986-ൽ ഞങ്ങളെ സഞ്ചാരവേലയിൽ നിയമിച്ചു. ഒപ്പം, എനിക്കു ബ്രാഞ്ച് കമ്മിറ്റിയംഗം എന്ന ഉത്തരവാദിത്വവുമുണ്ടായിരുന്നു. സഞ്ചാരവേലയുടെ ഭാഗമായി, കെനിയ ബ്രാഞ്ചിന്റെ കീഴിലുണ്ടായിരുന്ന പല രാജ്യങ്ങളും ഞാൻ സന്ദർശിക്കണമായിരുന്നു.
ആസ്മാരയിലെ കൺവെൻഷനിൽ ഒരു പ്രസംഗം നടത്തുന്നു, 1992-ൽ
1992-ൽ ആസ്മാരയിൽവെച്ച് (എറിട്രിയ) കൺവെൻഷനുവേണ്ടി നടത്തിയ ഒരുക്കങ്ങൾ ഞാൻ ഇന്നും ഓർക്കുന്നു. അപ്പോൾ നമ്മുടെ പ്രവർത്തനത്തിന് അവിടെ നിരോധനമില്ലായിരുന്നു. കൺവെൻഷനുവേണ്ടി ഒരു ധാന്യപ്പുര മാത്രമേ ഞങ്ങൾക്കു കണ്ടെത്താൻ കഴിഞ്ഞുള്ളൂ. പുറമേ നിന്ന് നോക്കിയാൽ അതിന് ഒട്ടും ഭംഗിയില്ലായിരുന്നു, അകമാണെങ്കിൽ അതിലും മോശം. എന്നാൽ കൺവെൻഷന്റെ ദിവസം ഞാൻ ശരിക്കും അത്ഭുതപ്പെട്ടുപോയി. കാരണം ഒന്നിനും കൊള്ളാതിരുന്ന ആ സ്ഥലത്തെ നമ്മുടെ ആരാധനയ്ക്കു യോജിച്ച, മനോഹരമായ ഒന്നാക്കി സഹോദരങ്ങൾ മാറ്റി. പല കുടുംബങ്ങളും നല്ല തുണികൾ കൊണ്ടുവന്ന് കാഴ്ചയ്ക്കു ഭംഗിയില്ലാത്തതെല്ലാം മറച്ചിരുന്നു. 1279 ആയിരുന്നു ഹാജർ. ശരിക്കും ആവേശകരമായ ഒരു കൺവെൻഷൻ ആയിരുന്നു അത്!
ഓരോ ആഴ്ചയും താമസസ്ഥലങ്ങൾ മാറിയിരുന്നതുകൊണ്ട് സഞ്ചാരവേല ശരിക്കും ഒരു വെല്ലുവിളിയായിരുന്നു. ഒരിക്കൽ കടലിനടുത്തുള്ള വലിയ ആഡംബരവീട്ടിലാണ് ഞങ്ങൾ താമസിച്ചത്. എന്നാൽ മറ്റൊരിക്കൽ ലോഹത്തകിടുകൊണ്ട് ഉണ്ടാക്കിയ ഒന്നിലായിരുന്നു താമസം. അവിടത്തെ ടോയ്ലെറ്റാകട്ടെ 100 മീറ്ററിലധികം ദൂരെയായിരുന്നു. ഞങ്ങൾ സേവിച്ചത് എവിടെയായിരുന്നെങ്കിലും തീക്ഷ്ണതയുള്ള മുൻനിരസേവകരുടെയും പ്രചാരകരുടെയും ഒപ്പം ചെലവഴിച്ച തിരക്കിട്ട ആ ദിവസങ്ങൾ ഞങ്ങൾ ഇപ്പോഴും ഓർമിക്കുന്നു. അടുത്ത നിയമനം കിട്ടിയപ്പോൾ ഞങ്ങളുടെ പല പ്രിയ സുഹൃത്തുക്കളെയും വിട്ട് പോകേണ്ടിവന്നു. അവരെക്കുറിച്ച് ഇപ്പോഴും ഓർത്തുപോകാറുണ്ട്.
ഇത്യോപ്യയിൽ അനുഗ്രഹങ്ങൾ കൊയ്യുന്നു
കെനിയ ബ്രാഞ്ചിന്റെ മേൽനോട്ടത്തിലുണ്ടായിരുന്ന പല രാജ്യങ്ങളിലുമുള്ള നമ്മുടെ പ്രവർത്തനത്തിന് 1987-നും 1992-നും ഇടയ്ക്കു നിയമാംഗീകാരം കിട്ടി. അതിന്റെ ഫലമായി, വ്യത്യസ്ത ബ്രാഞ്ചുകളും കൺട്രി കമ്മിറ്റികളും രൂപീകരിച്ചു. 1993-ൽ ഞങ്ങളെ ഇത്യോപ്യയിലെ ആഡിസ് അബാബയിലെ ഓഫീസിലേക്കു നിയമിച്ചു. അവിടെ നമ്മുടെ പ്രവർത്തനം വർഷങ്ങളോളം രഹസ്യമായിട്ടാണു നടന്നിരുന്നത്. എന്നാൽ ഇപ്പോൾ അവിടെയും നിയമാംഗീകാരം ലഭിച്ചു.
ഇത്യോപ്യയിലെ ഉൾനാടുകളിൽ സഞ്ചാരവേലയിൽ, 1996-ൽ
ഇത്യോപ്യയിലെ പ്രവർത്തനത്തെ യഹോവ അനുഗ്രഹിച്ചിരിക്കുന്നു. പല സഹോദരങ്ങളും മുൻനിരസേവനത്തിലേക്കു കടന്നുവന്നു. 2012 മുതൽ ഓരോ വർഷവും പ്രചാരകരുടെ 20 ശതമാനത്തിലധികം പേർ സാധാരണ മുൻനിരസേവകരായി സേവിക്കുന്നു. അതു കൂടാതെ, ദിവ്യാധിപത്യ സ്കൂളുകളിലൂടെ ആവശ്യമായ പരിശീലനം നൽകുന്നു. 120-ലധികം രാജ്യഹാളുകൾ നിർമിച്ചു. 2004-ൽ ബഥേൽ കുടുംബം പുതിയ കെട്ടിടത്തിലേക്കു മാറി. അതിന് അടുത്തുതന്നെയുള്ള സമ്മേളനഹാളും യഹോവയുടെ അനുഗ്രഹത്തിന്റെ ഒരു തെളിവാണ്.
വർഷങ്ങൾകൊണ്ട് എനിക്കും ഗെയിലിനും ഇത്യോപ്യയിലെ പല സഹോദരങ്ങളുമായും ഒരു അടുത്ത സ്നേഹബന്ധം വളർത്തിയെടുക്കാൻ കഴിഞ്ഞു. അവരുടെ സ്നേഹവും ദയയും അവരെ ഞങ്ങൾക്കു വളരെ പ്രിയപ്പെട്ടവരാക്കി. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങൾ കാരണം ഞങ്ങൾ ഇപ്പോൾ മധ്യയൂറോപ്പ് ബ്രാഞ്ചിലാണു സേവിക്കുന്നത്. ഇവിടെ ഞങ്ങളെ സ്നേഹത്തോടെയാണു പരിചരിക്കുന്നതെങ്കിലും ഇത്യോപ്യയിലുള്ള ഞങ്ങളുടെ പ്രിയകൂട്ടുകാരെ കാണാനാകുന്നില്ല എന്നൊരു വിഷമം മാത്രം ബാക്കിനിൽക്കുന്നു.
യഹോവയാണു വളർത്തിയത്
യഹോവ പ്രവർത്തനത്തെ അനുഗ്രഹിച്ച് ‘വളർത്തുന്നത്’ ഞങ്ങൾക്കു കാണാൻ കഴിഞ്ഞു. (1 കൊരി. 3:6, 9) ഉദാഹരണത്തിന്, ചെമ്പ് അന്വേഷിച്ച് കോംഗോയിലേക്കു വന്ന റുവാണ്ടക്കാരോടു ഞാൻ ആദ്യമായി സാക്ഷീകരിച്ചപ്പോൾ റുവാണ്ടയിൽ പ്രചാരകരായി ആരുമില്ലായിരുന്നു. എന്നാൽ ഇന്ന്, ആ രാജ്യത്ത് 30,000-ത്തിലധികം സഹോദരങ്ങളുണ്ട്. 1967-ൽ കോംഗോയിൽ (കിൻഷാസ) ഏതാണ്ട് 6,000-ത്തോളം പ്രചാരകരാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് അവിടെ പ്രചാരകർ 2,30,000-ത്തോളമായി. മാത്രമല്ല, 2018-ലെ സ്മാരകത്തിനു 10,00,000-ത്തിലധികം പേരാണു ഹാജരായത്. മുമ്പ് കെനിയ ബ്രാഞ്ചിന്റെ മേൽനോട്ടത്തിലുണ്ടായിരുന്ന എല്ലാ രാജ്യങ്ങളിലുംകൂടി പ്രചാരകരുടെ എണ്ണം 1,00,000-ത്തിലധികമായി വർധിച്ചിരിക്കുന്നു.
50-ലധികം വർഷങ്ങൾക്കു മുമ്പ്, ചില സഹോദരങ്ങളെ ഉപയോഗിച്ച് മുഴുസമയസേവനത്തിലേക്കു കടക്കാൻ യഹോവ എന്നെ സഹായിച്ചു. എന്റെ പേടിയും ലജ്ജയും ഒന്നും മുഴുവനായി മാറിയിട്ടില്ലെങ്കിലും യഹോവയിൽ പൂർണമായി ആശ്രയിക്കാൻ ഞാൻ പഠിച്ചു. ആഫ്രിക്കയിലെ എന്റെ ജീവിതം ക്ഷമ വളർത്തിയെടുക്കാനും ഉള്ളതുകൊണ്ട് തൃപ്തിപ്പെടാനും എന്നെ സഹായിച്ചു. അതിഥിപ്രിയരായ, പ്രശ്നങ്ങളിൽ തളരാതിരുന്ന, യഹോവയിൽ ആശ്രയിച്ച അവിടത്തെ സഹോദരങ്ങളെ ഞങ്ങൾ ഇന്നും വിലമതിപ്പോടെ ഓർക്കുന്നു. യഹോവയുടെ അനർഹദയയോടു ഞങ്ങൾക്ക് എന്നും നന്ദിയുണ്ടായിരിക്കും. യഹോവയുടെ അനുഗ്രഹങ്ങൾ എന്റെ പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടിയിരിക്കുന്നു!—സങ്കീ. 37:4.
a പിന്നീടു നമ്മുടെ രാജ്യശുശ്രൂഷ എന്ന് അറിയപ്പെട്ടു. ഇപ്പോൾ അതിനു പകരം നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും യോഗത്തിനുള്ള പഠനസഹായി ഉപയോഗിക്കുന്നു.
b “അധികാരം പ്രയോഗിക്കുക, നയിക്കുക അല്ലെങ്കിൽ ഭരിക്കുക” എന്നൊക്കെ അർഥമുള്ള ഒരു സ്വാഹിലി പദത്തിൽനിന്നാണു കിറ്റാവാലാ എന്ന പദം വരുന്നത്. ബെൽജിയത്തിന്റെ ആധിപത്യത്തിൽനിന്ന് മോചനം നേടുക എന്ന രാഷ്ട്രീയലക്ഷ്യമായിരുന്നു ഈ പ്രസ്ഥാനത്തിന്റേത്. അവർ യഹോവയുടെ സാക്ഷികളുടെ പ്രസിദ്ധീകരണങ്ങൾ കൈക്കലാക്കുകയും പഠിക്കുകയും അതു വിതരണം ചെയ്യുകയും ചെയ്തു. തങ്ങളുടെ രാഷ്ട്രീയ കാഴ്ചപാടുകളും അന്ധവിശ്വാസം നിറഞ്ഞ ആചാരങ്ങളും ധാർമികശുദ്ധിയില്ലാത്ത ജീവിതവും ന്യായീകരിക്കാൻ അവർ ബൈബിൾസത്യങ്ങൾ വളച്ചൊടിച്ചു.