പഠനലേഖനം 39
“ഒരു മഹാപുരുഷാരം”
‘ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നു.’—വെളി. 7:9.
ഗീതം 60 അവരുടെ ജീവൻ രക്ഷിക്കാൻ
പൂർവാവലോകനംa
1. ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്ത്, യോഹന്നാൻ അപ്പോസ്തലന്റെ അവസ്ഥ എന്തായിരുന്നു?
ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോട് അടുത്ത സമയം. പ്രായം ചെന്ന യോഹന്നാൻ അപ്പോസ്തലൻ പത്മൊസ് ദ്വീപിൽ തടവിലാണ്. സാധ്യതയനുസരിച്ച് അപ്പോസ്തലന്മാരിൽ യോഹന്നാൻ മാത്രമേ ജീവിച്ചിരിപ്പുള്ളൂ. (വെളി. 1:9) വിശ്വാസത്യാഗികൾ സഭകളെ വഴി തെറ്റിക്കുകയും ക്രിസ്ത്യാനികൾക്കിടയിൽ ഭിന്നതയുണ്ടാക്കുകയും ചെയ്യുന്നതായി യോഹന്നാൻ അറിഞ്ഞിരുന്നു. ക്രിസ്ത്യാനിത്വം അപ്പോൾ മങ്ങിക്കത്തുന്ന ഒരു വിളക്കുപോലെയായിരുന്നു. അതു കെട്ടുപോകുമോ എന്നു യോഹന്നാന് ആശങ്ക തോന്നിക്കാണും. ശരിക്കും യോഹന്നാൻ ആകെ വിഷമിച്ചിരിക്കുന്ന ഒരു സമയം.—യൂദ 4; വെളി. 2:15, 20; 3:1, 17.
വെള്ളക്കുപ്പായം ധരിച്ച് കൈയിൽ ഈന്തപ്പനയുടെ ഓലയുമായി നിൽക്കുന്ന ഒരു ‘മഹാപുരുഷാരത്തെ’ യോഹന്നാൻ അപ്പോസ്തലൻ കണ്ടു (2-ാം ഖണ്ഡിക കാണുക)
2. വെളിപാട് 7:9-14 പറയുന്നതുപോലെ, ആവേശം പകർന്ന ഏതു ദർശനമാണു യോഹന്നാന് ലഭിച്ചത്? (പുറംതാളിലെ ചിത്രം കാണുക.)
2 അപ്പോഴാണു യോഹന്നാനു ഭാവിയെക്കുറിച്ച് ആവേശം പകരുന്ന ഒരു ദർശനം ലഭിച്ചത്. ആ ദർശനത്തിൽ, മഹാകഷ്ടതയുടെ വിനാശകരമായ നാലു കാറ്റു മുറുകെ പിടിച്ചിരിക്കുന്ന ദൂതന്മാരെ യോഹന്നാൻ കാണുന്നു. ഒരു കൂട്ടം അടിമകളെ മുദ്രയിട്ടുതീരുന്നതുവരെ കാറ്റ് അഴിച്ചുവിടരുതെന്ന് ആ ദൂതന്മാരോടു മറ്റൊരു ദൂതൻ പറയുന്നു. (വെളി. 7:1-3) യേശുവിനോടൊപ്പം സ്വർഗത്തിൽ ഭരിക്കാനിരിക്കുന്ന 1,44,000 പേർ ചേരുന്നതാണ് ആ കൂട്ടം. (ലൂക്കോ. 12:32; വെളി. 7:4) എന്നിട്ട് യോഹന്നാൻ മറ്റൊരു കൂട്ടത്തെക്കുറിച്ച് പറയുന്നു. ആ കൂട്ടത്തിന്റെ വലുപ്പം കണ്ട് ആശ്ചര്യത്തോടെ യോഹന്നാൻ ഇങ്ങനെ പറഞ്ഞു: “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും നിന്നുള്ള, ആർക്കും എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു മഹാപുരുഷാരം . . . സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു കണ്ടു.” (വെളിപാട് 7:9-14 വായിക്കുക.) ഭാവിയിൽ വളരെയധികം ആളുകൾ സത്യാരാധനയ്ക്കു കൂടിവരും എന്നറിഞ്ഞതു യോഹന്നാനെ എത്ര സന്തോഷിപ്പിച്ചുകാണും!
3. (എ) യോഹന്നാനു കിട്ടിയ ദർശനം നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തേണ്ടത് എന്തുകൊണ്ട്? (ബി) ഈ ലേഖനത്തിൽ നമ്മൾ എന്തു പഠിക്കും?
3 ആ ദർശനം യോഹന്നാന്റെ വിശ്വാസം ശക്തിപ്പെടുത്തി എന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ ആ ദർശനം നമ്മുടെ വിശ്വാസം എത്രയധികം ശക്തിപ്പെടുത്തേണ്ടതാണ്! കാരണം അതു നിറവേറുന്ന കാലത്താണു നമ്മൾ ജീവിക്കുന്നത്! മഹാകഷ്ടത അതിജീവിച്ച് ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള ലക്ഷക്കണക്കിന് ആളുകളെയാണു നമ്മൾ ഇന്നു കാണുന്നത്. ഏതാണ്ട് 80-ലേറെ വർഷങ്ങൾക്കു മുമ്പ് മഹാപുരുഷാരം ആരാണെന്ന് യഹോവ തന്റെ ജനത്തിനു വെളിപ്പെടുത്തിയതിനെക്കുറിച്ച് ഈ ലേഖനത്തിൽ നമ്മൾ പഠിക്കും. എന്നിട്ട് നമ്മൾ ആ കൂട്ടത്തിന്റെ രണ്ടു സവിശേഷതകൾ പരിശോധിക്കും: (1) വലുപ്പം, (2) വൈവിധ്യം. അനുഗൃഹീതമായ ആ കൂട്ടത്തിന്റെ ഭാഗമാകാൻ പ്രത്യാശിക്കുന്ന ആളുകളുടെ വിശ്വാസം ശക്തിപ്പെടുത്താൻ ഈ കാര്യങ്ങൾ സഹായിക്കും.
മഹാപുരുഷാരം എവിടെ ജീവിക്കും?
4. ക്രൈസ്തവലോകം ഏതു തിരുവെഴുത്തുസത്യമാണു മനസ്സിലാക്കാത്തത്, ഇക്കാര്യത്തിൽ ബൈബിൾവിദ്യാർഥികൾ വ്യത്യസ്തരായിരുന്നത് എങ്ങനെ?
4 അനുസരണമുള്ള മനുഷ്യർ ഭൂമിയിൽ എന്നേക്കും ജീവിക്കും എന്ന തിരുവെഴുത്തുസത്യം ക്രൈസ്തവലോകം ആളുകളെ പഠിപ്പിക്കുന്നില്ല. (2 കൊരി. 4:3, 4) പകരം, എല്ലാ നല്ല ആളുകളും മരണശേഷം സ്വർഗത്തിലേക്കു പോകുമെന്നാണു ക്രൈസ്തവലോകത്തിലെ മിക്ക മതവിഭാഗങ്ങളും പഠിപ്പിക്കുന്നത്. എന്നാൽ, വീക്ഷാഗോപുരം മാസികയുടെ (1,879 മുതൽ പ്രസിദ്ധീകരിക്കുന്നത്.) പ്രസാധകരായ ബൈബിൾവിദ്യാർഥികളുടെb ചെറിയ കൂട്ടം അങ്ങനെയല്ല പഠിപ്പിച്ചത്. ദൈവം ഭൂമിയെ വീണ്ടും പറുദീസയാക്കുമെന്നും ഈ ഭൂമിയിൽ അനുസരണമുള്ള ദശലക്ഷങ്ങൾ എന്നേക്കും ജീവിക്കും എന്നും അവർ മനസ്സിലാക്കി. അല്ലാതെ നല്ല ആളുകളെല്ലാം സ്വർഗത്തിൽ പോകുമെന്നല്ല അവർ പഠിപ്പിച്ചത്. എന്നിരുന്നാലും, ഈ അനുസരണമുള്ള മനുഷ്യർ ആരായിരിക്കും എന്നു തിരിച്ചറിയാൻ അവർക്ക് ഏറെ സമയം വേണ്ടിവന്നു.—മത്താ. 6:10.
5. 1,44,000 പേരുടെ കാര്യത്തിൽ ബൈബിൾവിദ്യാർഥികൾ എന്താണു മനസ്സിലാക്കിയത്?
5 യേശുവിന്റെകൂടെ സ്വർഗത്തിൽ ഭരിക്കാൻ കുറച്ച് പേരെ ‘ഭൂമിയിൽനിന്ന് വിലയ്ക്കു വാങ്ങും’ എന്നും ബൈബിൾവിദ്യാർഥികൾ തിരുവെഴുത്തുകളിൽനിന്ന് മനസ്സിലാക്കി. (വെളി. 14:3) ഭൂമിയിലായിരുന്നപ്പോൾ ദൈവത്തെ തീക്ഷ്ണതയോടെ സേവിച്ച 1,44,000 സമർപ്പിതക്രിസ്ത്യാനികൾ അടങ്ങുന്നതാണ് ആ കൂട്ടം. അങ്ങനെയെങ്കിൽ മഹാപുരുഷാരത്തിന്റെ കാര്യമോ?
6. മഹാപുരുഷാരത്തെക്കുറിച്ച് ബൈബിൾവിദ്യാർഥികൾ എന്താണു വിശ്വസിച്ചിരുന്നത്?
6 ദർശനത്തിൽ, മഹാപുരുഷാരം “സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതു (യോഹന്നാൻ) കണ്ടു.” (വെളി. 7:9) ഈ വാക്കുകളുടെ അടിസ്ഥാനത്തിൽ, 1,44,000 പേരെപ്പോലെ, മഹാപുരുഷാരവും സ്വർഗത്തിൽ വസിക്കും എന്നു ബൈബിൾവിദ്യാർഥികൾ നിഗമനം ചെയ്തു. പക്ഷേ 1,44,000 പേരും മഹാപുരുഷാരവും സ്വർഗത്തിലാണു വസിക്കുന്നതെങ്കിൽ, പിന്നെ ഈ രണ്ടു കൂട്ടങ്ങൾ തമ്മിലുള്ള വ്യത്യാസം എന്താണ്? ഭൂമിയിലായിരുന്നപ്പോൾ ദൈവത്തോടുള്ള അനുസരണം പൂർണമായി തെളിയിക്കാതിരുന്ന ക്രിസ്ത്യാനികളാണു മഹാപുരുഷാരത്തിൽപ്പെട്ടവർ എന്നു ബൈബിൾവിദ്യാർഥികൾ ചിന്തിച്ചു. മഹാപുരുഷാരം ധാർമികമായി നല്ല ഒരു ജീവിതം നയിച്ചിരുന്നു. പക്ഷേ അവർ ക്രൈസ്തവലോകത്തിലെ സഭകളിലെ അംഗങ്ങളായി തുടർന്നിരിക്കാം. അവർക്കു ദൈവികകാര്യങ്ങളിൽ ഒരു അളവുവരെ തീക്ഷ്ണതയുണ്ടായിരുന്നു, പക്ഷേ യേശുവിനോടൊപ്പം ഭരിക്കുന്നതിന് അതു പോരായിരുന്നു എന്നു ബൈബിൾവിദ്യാർഥികൾ ചിന്തിച്ചു. ദൈവത്തോട് അത്ര ശക്തമായ സ്നേഹമില്ലാതിരുന്നതിനാൽ മഹാപുരുഷാരത്തിനു സിംഹാസനങ്ങളിൽ ഇരിക്കാനുള്ള യോഗ്യതയില്ലായിരുന്നു, പക്ഷേ സിംഹാസനത്തിനു മുമ്പാകെ നിൽക്കാനുള്ള യോഗ്യത ലഭിക്കുമായിരുന്നു.
7. ആയിരം വർഷഭരണത്തിന്റെ സമയത്ത് ഭൂമിയിൽ ആരു ജീവിക്കും എന്നാണു ബൈബിൾവിദ്യാർഥികൾ വിശ്വസിച്ചത്, പുരാതനകാലത്തെ വിശ്വസ്തരായ മനുഷ്യരെക്കുറിച്ച് അവർ എന്താണു വിശ്വസിച്ചത്?
7 അങ്ങനെയെങ്കിൽ, ഭൂമിയിൽ ജീവിക്കുന്നത് ആരായിരിക്കും? 1,44,000 പേരും മഹാപുരുഷാരവും സ്വർഗത്തിലേക്കു പോയതിനു ശേഷം, ലക്ഷക്കണക്കിനു വരുന്ന മറ്റുള്ളവർ ക്രിസ്തുവിന്റെ ആയിരം വർഷഭരണത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചുകൊണ്ട് ഈ ഭൂമിയിൽ ജീവിക്കുമെന്നു ബൈബിൾവിദ്യാർഥികൾ വിശ്വസിച്ചു. ക്രിസ്തുവിന്റെ ഭരണം ആരംഭിക്കുന്നതിനു മുമ്പ് ഈ ആളുകൾ യഹോവയെ സേവിക്കില്ലെന്നും ആയിരം വർഷഭരണത്തിന്റെ സമയത്താണ് ആ കൂട്ടത്തെ യഹോവയുടെ വഴികൾ പഠിപ്പിക്കുന്നതെന്നും അവർ കരുതി. അതിനു ശേഷം യഹോവയുടെ നിലവാരങ്ങൾ അനുസരിക്കുന്നവർക്കു ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള അവസരം ലഭിക്കും. അവ ധിക്കരിക്കുന്നവരെ നശിപ്പിച്ചുകളയും. ആ സമയത്ത് ഭൂമിയിൽ “പ്രഭുക്കന്മാരായി” സേവിക്കുന്ന ചിലർ, ക്രിസ്തുവിന്റെ ആയിരം വർഷഭരണം കഴിഞ്ഞ് സ്വർഗത്തിലേക്കു പോയേക്കുമെന്ന് ആ ബൈബിൾവിദ്യാർഥികൾ വിശ്വസിച്ചു. ഈ ‘പ്രഭുക്കന്മാരുടെ’ ഭാഗമായ, പുനരുത്ഥാനം പ്രാപിച്ചുവരുന്ന “പുരാതനകാല യോഗ്യരും” (ക്രിസ്തുവിനു മുമ്പ് മരിച്ചുപോയ വിശ്വസ്തരായ മനുഷ്യർ) സ്വർഗത്തിലേക്കു പോകുമെന്ന് അവർ കരുതി.—സങ്കീ. 45:16.
8. ദൈവത്തിന്റെ ഉദ്ദേശ്യത്തിൽ ഏതു മൂന്നു കൂട്ടങ്ങൾക്കു സ്ഥാനമുണ്ടെന്നാണു ബൈബിൾവിദ്യാർഥികൾ കരുതിയത്?
8 അതുകൊണ്ട്, മൂന്നു കൂട്ടങ്ങളുണ്ടെന്നു ബൈബിൾവിദ്യാർഥികൾ ചിന്തിച്ചു: (1) യേശുവിനോടൊപ്പം ഭരിക്കാനിരിക്കുന്ന 1,44,000 പേർ, (2) അവരുടെ അത്രയും തീക്ഷ്ണതയില്ലാതിരുന്ന മറ്റു ക്രിസ്ത്യാനികൾ. അവർ സ്വർഗത്തിൽ സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കും, (3) ക്രിസ്തുവിന്റെ ആയിരം വർഷഭരണത്തിന്റെ സമയത്ത് യഹോവയുടെ വഴികൾ പഠിക്കുന്ന ലക്ഷക്കണക്കിന് ആളുകൾ.c എന്നാൽ ഈ വിഷയത്തെക്കുറിച്ചുള്ള സത്യത്തിന്റെ പ്രകാശം കൂടുതൽ ശോഭനമാക്കാനുള്ള യഹോവയുടെ സമയം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.—സുഭാ. 4:18.
വെളിച്ചം കൂടുതൽക്കൂടുതൽ തെളിഞ്ഞുവരുന്നു
1935-ലെ കൺവെൻഷനിൽവെച്ച് ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ള അനേകർ സ്നാനമേറ്റു (9-ാം ഖണ്ഡിക കാണുക)
9. (എ) ഭൂമിയിലെ മഹാപുരുഷാരം “സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ” നിൽക്കുന്നത് എങ്ങനെ? (ബി) വെളിപാട് 7:9-നെ സംബന്ധിച്ച പുതിയ ഗ്രാഹ്യം യുക്തിക്കു നിരക്കുന്നതാണെന്നു പറയുന്നത് എന്തുകൊണ്ട്?
9 യോഹന്നാന്റെ ദർശനത്തിലെ മഹാപുരുഷാരം ആരാണെന്ന് 1935-ൽ വ്യക്തമായി. ‘സിംഹാസനത്തിനും കുഞ്ഞാടിനും മുമ്പാകെ നിൽക്കുന്നതിന്’ മഹാപുരുഷാരം അക്ഷരാർഥത്തിൽ സ്വർഗത്തിൽ പോകേണ്ടതില്ലെന്ന് യഹോവയുടെ സാക്ഷികൾ തിരിച്ചറിഞ്ഞു. പകരം, ആലങ്കാരികമായ ഒരു വിധത്തിലാണ് അവർ അങ്ങനെ ‘നിൽക്കുന്നത്.’ മഹാപുരുഷാരം ഭൂമിയിലാണു ജീവിക്കുന്നതെങ്കിലും യഹോവയുടെ അധികാരം അംഗീകരിക്കുകയും യഹോവയുടെ പരമാധികാരത്തിനു കീഴ്പെടുകയും ചെയ്തുകൊണ്ട് അവർക്കു ‘സിംഹാസനത്തിനു മുമ്പാകെ’ നിൽക്കാൻ കഴിയും. (യശ. 66:1) യേശുവിന്റെ മോചനവിലയിൽ വിശ്വാസമർപ്പിച്ചുകൊണ്ട് ‘കുഞ്ഞാടിന്റെ മുമ്പാകെ’ നിൽക്കാനും സാധിക്കും. വെളിപാട് 7:9-ന് ആലങ്കാരികമായ അർഥമാണുള്ളതെന്നു മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റൊരു ബൈബിൾവാക്യമുണ്ട്. മത്തായി 25:31, 32-ൽ, ദുഷ്ടന്മാർ ഉൾപ്പെടെ ‘എല്ലാ ജനതകളെയും’ യേശുവിന്റെ മഹത്ത്വമാർന്ന സിംഹാസനത്തിനു മുമ്പാകെ ‘ഒരുമിച്ചുകൂട്ടുമെന്ന്’ പറയുന്നു. ഈ ജനതകളെ സ്വർഗത്തിലല്ല, ഭൂമിയിലാണ് ഒരുമിച്ചുകൂട്ടുന്നത് എന്നതിൽ സംശയമില്ലല്ലോ. മഹാപുരുഷാരത്തെക്കുറിച്ചുള്ള ഗ്രാഹ്യത്തിൽ വന്ന ഈ മാറ്റം യുക്തിക്കു നിരക്കുന്നതാണ്. കാരണം, മഹാപുരുഷാരത്തെ സ്വർഗത്തിലേക്ക് എടുക്കുമെന്നു ബൈബിളിൽ ഒരിടത്തും പറഞ്ഞിട്ടില്ല. ഒരു കൂട്ടത്തിനു മാത്രമാണു സ്വർഗത്തിലെ നിത്യജീവൻ വാഗ്ദാനം ചെയ്തിരിക്കുന്നത്. യേശുവിനോടൊപ്പം ‘രാജാക്കന്മാരായി ഭൂമിയെ ഭരിക്കാനുള്ള’ 1,44,000 പേരാണ് അത്.—വെളി. 5:10.
10. മഹാപുരുഷാരം ആയിരം വർഷഭരണം തുടങ്ങുന്നതിനു മുമ്പ് യഹോവയുടെ വഴികളെക്കുറിച്ച് പഠിക്കേണ്ടത് എന്തുകൊണ്ട്?
10 അങ്ങനെ, ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശയുള്ള, വിശ്വസ്തരായ ക്രിസ്ത്യാനികളുടെ ഒരു കൂട്ടമാണു യോഹന്നാന്റെ ദർശനത്തിലെ മഹാപുരുഷാരം എന്ന് യഹോവയുടെ സാക്ഷികൾ 1935-ൽ മനസ്സിലാക്കി. മഹാകഷ്ടതയെ അതിജീവിക്കുന്നതിന് ഇപ്പോൾ, അതായത് ആയിരം വർഷഭരണം ആരംഭിക്കുന്നതിനു മുമ്പുതന്നെ, മഹാപുരുഷാരം യഹോവയുടെ വഴികളെക്കുറിച്ച് പഠിക്കണം. ക്രിസ്തുവിന്റെ ആയിരം വർഷഭരണം തുടങ്ങുന്നതിനു മുമ്പ് ‘സംഭവിക്കാനിരിക്കുന്ന ഇക്കാര്യങ്ങളിൽനിന്നെല്ലാം രക്ഷപ്പെടാൻ’ മഹാപുരുഷാരം ശക്തമായ വിശ്വാസം പ്രകടമാക്കണം.—ലൂക്കോ. 21:34-36.
11. ആയിരം വർഷഭരണം കഴിഞ്ഞ് ചിലരെ സ്വർഗത്തിലേക്ക് എടുക്കുമെന്നു ചില ബൈബിൾവിദ്യാർഥികൾ ചിന്തിച്ചത് എന്തുകൊണ്ട്?
11 ഭൂമിയിലുള്ള ചില മാതൃകായോഗ്യരായ ആളുകളെ ആയിരം വർഷഭരണത്തിനു ശേഷം സ്വർഗത്തിലേക്ക് എടുക്കുമെന്ന കാഴ്ചപ്പാടിനെക്കുറിച്ചോ? വർഷങ്ങൾക്കു മുമ്പ് 1913 ഫെബ്രുവരി 15 ലക്കം വീക്ഷാഗോപുരത്തിൽ (ഇംഗ്ലീഷ്) അങ്ങനെയൊരു സാധ്യതയെക്കുറിച്ച് പറഞ്ഞിരുന്നു. അങ്ങനെ ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്? ചിലർ ഇങ്ങനെ ചിന്തിച്ചു: ‘അത്ര തീക്ഷ്ണതയില്ലാത്ത ക്രിസ്ത്യാനികൾക്കുവരെ സ്വർഗത്തിലെ ജീവിതം പ്രതിഫലമായി കിട്ടും. അപ്പോൾപ്പിന്നെ പുരാതനനാളുകളിലെ വിശ്വസ്തരായ ആളുകൾക്കു ഭൂമിയിലെ അവകാശം മാത്രം ലഭിക്കുന്നത് ഉചിതമല്ലല്ലോ.’ രണ്ടു തെറ്റായ ആശയങ്ങളുടെ സ്വാധീനമാണ് ഇങ്ങനെയൊരു കാഴ്ചപ്പാടു വെച്ചുപുലർത്താൻ അവരെ പ്രേരിപ്പിച്ചത്. (1) മഹാപുരുഷാരം സ്വർഗത്തിൽ ജീവിക്കും, (2) മഹാപുരുഷാരം വിശ്വസ്തത കുറഞ്ഞ ക്രിസ്ത്യാനികൾ ചേർന്ന കൂട്ടമാണ്.
12-13. അഭിഷിക്തരും മഹാപുരുഷാരവും തങ്ങളുടെ പ്രതിഫലത്തെക്കുറിച്ച് എന്തു മനസ്സിലാക്കുന്നു?
12 എന്നാൽ നമ്മൾ കണ്ടതുപോലെ, അർമഗെദോനെ അതിജീവിക്കുന്നവരാണു യോഹന്നാനു കിട്ടിയ ദർശനത്തിലെ മഹാപുരുഷാരം. ഇക്കാര്യം 1935 മുതൽ യഹോവയുടെ സാക്ഷികൾ മനസ്സിലാക്കുന്നു. അതുപോലെ അവർ ഇവിടെ ഭൂമിയിൽ ‘മഹാകഷ്ടതയിലൂടെ കടന്നുവരും’ എന്നും നമ്മൾ കണ്ടു. മഹാപുരുഷാരം തീക്ഷ്ണത കുറഞ്ഞ ക്രിസ്ത്യാനികൾ ചേരുന്ന കൂട്ടമല്ലെന്നു നമുക്ക് എങ്ങനെ അറിയാം? ‘“നമുക്കു ലഭിച്ച രക്ഷയ്ക്കു നമ്മൾ, സിംഹാസനത്തിൽ ഇരിക്കുന്ന നമ്മുടെ ദൈവത്തോടും കുഞ്ഞാടിനോടും കടപ്പെട്ടിരിക്കുന്നു” എന്ന് അവർ ഉറക്കെ പറയും’ എന്നു ബൈബിൾ പറയുന്നു. (വെളി. 7:10, 14) ഭൂമിയിലുള്ള ചില മാതൃകായോഗ്യരായ ആളുകളെ ആയിരം വർഷഭരണത്തിനു ശേഷം സ്വർഗത്തിലേക്ക് എടുക്കില്ലെന്നു വിശ്വസിക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോ? സ്വർഗത്തിലെ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടുന്നവർക്കു പുരാതനനാളിലെ വിശ്വസ്തരെക്കാൾ “കൂടുതൽ ശ്രേഷ്ഠമായ” പ്രത്യാശ ലഭിക്കുമെന്നു തിരുവെഴുത്തുകൾ പറയുന്നു. ഈ രണ്ടു കൂട്ടർക്കും വ്യത്യസ്തമായ പ്രത്യാശയാണുള്ളതെന്ന് ഇത് യഹോവയുടെ സാക്ഷികളെ ബോധ്യപ്പെടുത്തി. (എബ്രാ. 11:40) 1935-ൽ ലഭിച്ച പുതിയ ഗ്രാഹ്യത്തിന്റെ അടിസ്ഥാനത്തിൽ, ഭൂമിയിൽ എന്നേക്കും ജീവിക്കാനുള്ള പ്രത്യാശയോടെ യഹോവയെ സേവിക്കാൻ നമ്മുടെ സഹോദരങ്ങൾ ആളുകളെ ഉത്സാഹത്തോടെ ക്ഷണിക്കാൻ തുടങ്ങി.
13 മഹാപുരുഷാരത്തിലെ ആളുകൾ തങ്ങളുടെ പ്രത്യാശയെക്കുറിച്ച് വളരെയധികം സന്തോഷിക്കുന്നു. ഓരോരുത്തരും സ്വർഗത്തിലാണോ ഭൂമിയിലാണോ തന്നെ സേവിക്കേണ്ടതെന്ന് യഹോവയാണു തീരുമാനിക്കുക എന്ന് അവർക്ക് അറിയാം. മഹാപുരുഷാരത്തെപ്പോലെതന്നെ അഭിഷിക്തരും ഒരു കാര്യം സമ്മതിച്ചുപറയും: ‘ഞങ്ങളുടെ പ്രതിഫലം ക്രിസ്തുയേശു നൽകിയ മോചനവിലയുടെ അടിസ്ഥാനത്തിൽ ദൈവത്തിന് അനർഹദയ തോന്നിയിട്ട് സൗജന്യമായി നൽകിയ ഒരു സമ്മാനമാണ്.’ അതുകൊണ്ട് മഹാപുരുഷാരം അഭിഷിക്തക്രിസ്ത്യാനികളെക്കാൾ വിശ്വസ്തത കുറഞ്ഞ കൂട്ടമല്ല.—റോമ. 3:24.
മഹാപുരുഷാരത്തിന്റെ വലുപ്പം
14. മഹാപുരുഷാരത്തെക്കുറിച്ചുള്ള പ്രവചനം നിറവേറുമോ എന്ന് 1935-നു ശേഷം പലരും അത്ഭുതപ്പെട്ടത് എന്തുകൊണ്ട്?
14 മഹാപുരുഷാരത്തെക്കുറിച്ചുള്ള ഗ്രാഹ്യം 1935-ൽ വ്യക്തമായതിനു ശേഷം, ഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർ എങ്ങനെ ഒരു മഹാപുരുഷാരം, അതായത് ഒരു വലിയ കൂട്ടം, ആകുമെന്നു പലരും അത്ഭുതപ്പെട്ടു. ഉദാഹരണത്തിന്, അന്നു 12 വയസ്സുണ്ടായിരുന്ന റൊണാൾഡ് പാർക്കിൻ സഹോദരൻ ഇങ്ങനെ ഓർമിക്കുന്നു: “ആ സമയത്ത് ലോകത്തെങ്ങുമായി ഏതാണ്ട് 56,000 പ്രചാരകരാണ് ഉണ്ടായിരുന്നത്. അവരിൽ ഭൂരിപക്ഷം പേരും അഭിഷിക്തരായിരുന്നു. അതുകൊണ്ട് മഹാപുരുഷാരം അത്ര വലിയ കൂട്ടമായി തോന്നിയില്ല.”
15. മഹാപുരുഷാരം വർധിക്കുന്നതിലേക്കു നയിച്ച ചില കാര്യങ്ങൾ ഏവ?
15 എന്നാൽ കാര്യങ്ങൾക്കു മാറ്റം വന്നു. പിന്നീടുള്ള വർഷങ്ങളിൽ ധാരാളം ദേശങ്ങളിലേക്കു മിഷനറിമാരെ അയച്ചു. അങ്ങനെ യഹോവയുടെ സാക്ഷികളുടെ എണ്ണം ക്രമേണ വർധിച്ചു. 1968-ൽ നിത്യജീവനിലേക്കു നയിക്കുന്ന സത്യം എന്ന പുസ്തകം ഉപയോഗിച്ചുകൊണ്ട് ഒരു ബൈബിൾപഠനപരിപാടി ആരംഭിച്ചു. ബൈബിൾസത്യങ്ങൾ വളരെ ലളിതമായി പറയുന്ന ആ പുസ്തകത്തിന്റെ രീതി സൗമ്യരായ ധാരാളം പേരെ ആകർഷിച്ചു. നാലു വർഷംകൊണ്ട് അഞ്ചു ലക്ഷത്തിലധികം പുതിയ ശിഷ്യന്മാരാണു സ്നാനമേറ്റത്. അതിന് മുമ്പൊരിക്കലും ഇങ്ങനെയൊരു വർധന ഉണ്ടായിട്ടില്ല. ലാറ്റിൻ അമേരിക്കയിലും മറ്റു പല രാജ്യങ്ങളിലും കത്തോലിക്കാ സഭയുടെ സ്വാധീനം കുറയുകയും കിഴക്കൻ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിൽ നമ്മുടെ പ്രവർത്തനത്തിന് മേലുള്ള നിയന്ത്രണം മാറുകയും ചെയ്തതോടെ ലക്ഷക്കണക്കിനു പുതിയ ആളുകൾ സ്നാനമേറ്റു. (യശ. 60:22) ഈ അടുത്ത കാലങ്ങളിൽ യഹോവയുടെ സംഘടന ബൈബിൾ പഠിപ്പിക്കാൻ ഫലപ്രദമായ മറ്റ് അനേകം ഉപകരണങ്ങൾ പുറത്തിറക്കി. യഹോവ ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർത്തുകൊണ്ടിരിക്കുകയാണ് എന്നതിന് ഒരു സംശയവുമില്ല. ഇന്ന് അവരുടെ എണ്ണം 80 ലക്ഷം കവിഞ്ഞിരിക്കുന്നു.
മഹാപുരുഷാരത്തിന്റെ വൈവിധ്യം
16. മഹാപുരുഷാരത്തിൽപ്പെട്ടവർ എവിടെനിന്നാണു വരുന്നത്?
16 താൻ കണ്ട ദർശനം രേഖപ്പെടുത്തിയപ്പോൾ യോഹന്നാൻ പറഞ്ഞത്, മഹാപുരുഷാരം “എല്ലാ ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്ന് വരും എന്നാണ്. ഇതിനു സമാനമായ ഒരു കാര്യം സെഖര്യ പ്രവാചകനും മുൻകൂട്ടിപ്പറഞ്ഞിരുന്നു. പ്രവാചകൻ ഇങ്ങനെ എഴുതി: “അന്നു ജനതകളിലെ എല്ലാ ഭാഷക്കാരിൽനിന്നുമുള്ള പത്തു പേർ ഒരു ജൂതന്റെ വസ്ത്രത്തിൽ പിടിച്ച്, അതിൽ മുറുകെ പിടിച്ച്, ഇങ്ങനെ പറയും: ‘ദൈവം നിങ്ങളുടെകൂടെയുണ്ടെന്നു ഞങ്ങൾ കേട്ടു. അതുകൊണ്ട് ഞങ്ങൾ നിങ്ങളുടെകൂടെ പോരുകയാണ്.’”—സെഖ. 8:23.
17. എല്ലാ ജനതകളിൽനിന്നും ഭാഷകളിൽനിന്നും ഉള്ള ആളുകളെ സഹായിക്കുന്നതിന് എന്താണു ചെയ്തിരിക്കുന്നത്?
17 എല്ലാ ഭാഷകളിൽനിന്നുമുള്ള ആളുകളെ കൂട്ടിച്ചേർക്കണമെങ്കിൽ സന്തോഷവാർത്ത അനേകം ഭാഷകളിൽ പ്രസംഗിക്കണമെന്ന് യഹോവയുടെ സാക്ഷികൾക്കു മനസ്സിലായി. 130-ലധികം വർഷങ്ങളായി ബൈബിൾ പഠിക്കാൻ സഹായിക്കുന്ന പ്രസിദ്ധീകരണങ്ങൾ നമ്മൾ പരിഭാഷ ചെയ്യുന്നുണ്ടായിരുന്നു. എന്നാൽ നമ്മൾ ഇന്നു ചെയ്യുന്നതു ചരിത്രത്തിലെ ഏറ്റവും വലിയ പരിഭാഷാവേലയാണ്! നൂറുകണക്കിനു ഭാഷകളിലാണു പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യുന്നത്. താൻ പറഞ്ഞതുപോലെതന്നെ എല്ലാ ജനതകളിൽനിന്നും യഹോവ ഒരു മഹാപുരുഷാരത്തെ കൂട്ടിച്ചേർക്കുകയാണ്. ശരിക്കും ഇക്കാലത്ത് നടക്കുന്ന ഒരു അത്ഭുതമല്ലേ അത്? കൂടുതൽക്കൂടുതൽ ഭാഷകളിൽ ആത്മീയഭക്ഷണം ലഭ്യമായതുകൊണ്ട് പല പശ്ചാത്തലങ്ങളിൽനിന്നുള്ള മഹാപുരുഷാരം ഐക്യത്തോടെ യഹോവയെ ആരാധിക്കുന്നു. യഹോവയുടെ ജനം സന്തോഷവാർത്ത പ്രസംഗിക്കുന്നതിലും പരസ്പരം സ്നേഹിക്കുന്നതിലും പേരുകേട്ടവരാണ്. ഇതെല്ലാം നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തുന്നില്ലേ!—മത്താ. 24:14; യോഹ. 13:35.
ദർശനവും നമ്മളും
18. (എ) യശയ്യ 46:10, 11-ലെ വാക്കുകൾക്കു ചേർച്ചയിൽ, മഹാപുരുഷാരത്തെക്കുറിച്ചുള്ള പ്രവചനം യഹോവ നിറവേറ്റിയിരിക്കുന്നതിൽ നമ്മൾ അതിശയിക്കേണ്ടതില്ലാത്തത് എന്തുകൊണ്ട്? (ബി) പറുദീസാഭൂമിയിൽ ജീവിക്കാൻ പ്രത്യാശയുള്ളവർക്കു സങ്കടമില്ലാത്തത് എന്തുകൊണ്ട്?
18 മഹാപുരുഷാരത്തെക്കുറിച്ചുള്ള പ്രവചനം നമ്മളെ ആവേശംകൊള്ളിക്കുന്നതാണ്. ഇത്ര അത്ഭുതകരമായ വിധത്തിൽ യഹോവ ആ പ്രവചനം നിറവേറ്റുന്നതിൽ നമ്മൾ അതിശയിക്കുന്നില്ല. (യശയ്യ 46:10, 11 വായിക്കുക.) യഹോവ നൽകിയിരിക്കുന്ന പ്രത്യാശയ്ക്കു മഹാപുരുഷാരത്തിലെ അംഗങ്ങൾ നന്ദിയുള്ളവരാണ്. യേശുവിനോടൊത്ത് സ്വർഗത്തിൽ സേവിക്കാൻ ദൈവത്തിന്റെ പരിശുദ്ധാത്മാവ് തങ്ങളെ അഭിഷേകം ചെയ്യാത്തതിൽ അവർക്കു സങ്കടമൊന്നുമില്ല. തിരുവെഴുത്തുകൾ പരിശോധിച്ചാൽ വിശ്വസ്തരായ ധാരാളം സ്ത്രീപുരുഷന്മാരെ പരിശുദ്ധാത്മാവ് വഴിനയിച്ചിട്ടുള്ളതായി കാണാം. എന്നാൽ അവർ 1,44,000-ത്തിൽപ്പെടുന്നില്ല. അങ്ങനെയൊരാളാണു സ്നാപകയോഹന്നാൻ. (മത്താ. 11:11) ദാവീദാണു മറ്റൊരാൾ. (പ്രവൃ. 2:34) ഇവരും മറ്റനേകം ആളുകളും പറുദീസാഭൂമിയിലേക്കു പുനരുത്ഥാനം പ്രാപിച്ചുവരും. അവർക്കെല്ലാവർക്കും മഹാപുരുഷാരത്തിന്റെകൂടെ യഹോവയോടു വിശ്വസ്തരായിരിക്കാനും യഹോവയുടെ ഭരണത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കാനും ഉള്ള അവസരം ലഭിക്കും.
19. യോഹന്നാൻ കണ്ട ദർശനത്തിന്റെ നിവൃത്തി കാണുന്ന നമ്മൾ എന്തു ചെയ്യും?
19 ചരിത്രത്തിൽ ഒരിക്കലും ദൈവം എല്ലാ ജനതകളിൽനിന്നുമുള്ള ലക്ഷക്കണക്കിന് ആളുകളെ ഇതുപോലെ ഒരുമിച്ച് ചേർത്തിട്ടില്ല. നമ്മുടെ പ്രത്യാശ സ്വർഗത്തിലായാലും ഭൂമിയിലായാലും, ‘വേറെ ആടുകളിൽപ്പെട്ട’ മഹാപുരുഷാരത്തിന്റെ ഭാഗമാകുന്നതിനു പരമാവധി ആളുകളെ നമ്മൾ സഹായിക്കണം. (യോഹ. 10:16) അധികം താമസിയാതെ, മനുഷ്യവർഗത്തെ ദുരിതത്തിലാഴ്ത്തിയിരിക്കുന്ന ഭരണകൂടങ്ങളെയും മതങ്ങളെയും നശിപ്പിക്കുന്നതിന് യഹോവ മുൻകൂട്ടിപ്പറഞ്ഞ മഹാകഷ്ടത വരുത്തും. മഹാപുരുഷാരത്തിലെ എല്ലാ അംഗങ്ങളെയും മഹത്തായ ഒരു ഭാവിയാണു കാത്തിരിക്കുന്നത്. അവർക്കു ഭൂമിയിൽ എന്നും ജീവിച്ചിരുന്ന് യഹോവയെ സേവിക്കാൻ കഴിയും!—വെളി. 7:14.
ഗീതം 139 എല്ലാം പുതുതാക്കുമ്പോൾ നിങ്ങളും അവിടെ!
a ‘ഒരു മഹാപുരുഷാരത്തെ’ കൂട്ടിച്ചേർക്കുന്നതിനെക്കുറിച്ച് യോഹന്നാനു ലഭിച്ച ദർശനമാണ് ഈ ലേഖനം ചർച്ച ചെയ്യുന്നത്. അനുഗൃഹീതമായ ആ കൂട്ടത്തിന്റെ ഭാഗമായ എല്ലാവരുടെയും വിശ്വാസം ഈ ലേഖനം ശക്തിപ്പെടുത്തുമെന്നതിൽ സംശയമില്ല.
b യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.
c യഹോവയുടെ സാക്ഷികൾ—ദൈവരാജ്യ ഘോഷകർ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിന്റെ 159-163 പേജുകൾ കാണുക.