നിങ്ങൾ പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ?
1.നമ്മുടെ “ദിവ്യ നീതി” ഡിസ്ട്രിക്ട് കൺവെൻഷന്റെ നാലു ദിവസവും ഹാജരായിരുന്നപ്പോൾ അത് എത്ര സന്തോഷപ്രദമായിരുന്നു! തീർച്ചയായും, ഓരോ ദിവസത്തെയും പരിപാടിയിൽ, ദൈവത്തിന്റെ നീതിയും ന്യായവും ഒരു കൂടിയ അളവിൽ പ്രകടമാക്കുന്നതു സംബന്ധിച്ച് പ്രോത്സാഹനവും പ്രായോഗിക നിർദ്ദേശങ്ങളും കവിഞ്ഞൊഴുകിയിരുന്നു. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ വീടുകളിലേക്ക്, നിങ്ങളുടെ പതിവായ പ്രവർത്തനങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കെ നിങ്ങൾ ‘പഠിക്കുകയും കേൾക്കുകയും പ്രകടിപ്പിച്ചു കാണുകയും ചെയ്ത കാര്യങ്ങൾ പ്രാവർത്തികമാക്കുന്നുണ്ടോ?’ (ഫിലി. 4:9) കൺവെൻഷൻ പരിപാടിയിൽ നിന്ന് ചില സവിശേഷതകൾ പുനരവലോകനം ചെയ്യുന്നത് പ്രയോജനപ്രദമായിരിക്കും.
2.വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നിർവഹിച്ച “ഒരു സമനിലയുളളതും ലളിതവുമായ ജീവിതം നയിക്കുക” എന്ന പ്രസംഗം ഓർക്കുക. ഇത് മത്തായി 6:19-33-ലെ യേശുവിന്റെ ബുദ്ധിയുപദേശത്തെ അടിസ്ഥാനപ്പെടുത്തിയുളളതായിരുന്നു. നിങ്ങൾക്ക് പഠനത്തിനും യോഗത്തിന് തയ്യാറാകുന്നതിനും മററുളളവരെ സഹായിക്കുന്നതിനും കൂടുതൽ സമയം അനുവദിക്കത്തക്കവണ്ണം അനാവശ്യകാര്യങ്ങൾ സംബന്ധിച്ച ഭാരം ഒഴിവാക്കുന്നതിന് എന്തുചെയ്യാൻ കഴിയുമെന്ന് നിങ്ങൾ ആഴമായി ചിന്തിച്ചോ? ശ്രദ്ധപതറൽ കുറയുന്നതിനും ആത്മീയ കാര്യങ്ങളിൽ കൂടുതൽ ഉൾപ്പെടുന്നതിനും സാധ്യമാകത്തക്കവണ്ണം ഒരു ലളിതമായ ജീവിതം നയിക്കുന്നതിന് നിങ്ങൾക്ക് വ്യക്തിപരമായി എന്തു ക്രമീകരണങ്ങൾ ചെയ്യാൻ കഴിയും? ഒന്നാമത് ദൈവരാജ്യവും നീതിയും അന്വേഷിക്കുന്നതിനാൽ ഉൽക്കണ്ഠകൾ കുറയുകയും ജീവിതത്തിലെ സന്തോഷം വർദ്ധിക്കുകയും ചെയ്യും.
3.“ശിക്ഷണം സ്വീകരിക്കുകയും ജ്ഞാനിയായിത്തീരുകയും ചെയ്യുക” എന്ന പരിപാടിയിൽ യഹോവ തന്റെ വചനത്തിലൂടെയും സ്ഥാപനത്തിലൂടെയും നൽകുന്ന എല്ലാ പരിശീലനത്തിൽനിന്നും പ്രയോജനം അനുഭവിക്കേണ്ടതിന്റെ ആവശ്യം ഊന്നിപ്പറഞ്ഞു. ചിലർ പ്രത്യേകം ശ്രദ്ധ നൽകേണ്ട വശം തങ്ങളുടെ ശുശ്രൂഷയെ മെച്ചപ്പെടുത്തുകയും അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക എന്നതായിരിക്കും. നാം നിർദ്ദേശിക്കപ്പെട്ടിരിക്കുന്ന സംഭാഷണവിഷയം പതിവായി ഉപയോഗിച്ചുകൊണ്ട് വീട്ടുകാരനുമായി ഒരു ബൈബിൾ ചർച്ചയിൽ ഏർപ്പെടുന്നുണ്ടോ? അതോ നാം ചുരുങ്ങിയ മാസികാവതരണങ്ങളിൽ തൃപ്തിപ്പെടുകയാണൊ? നാം താൽപ്പര്യത്തെ പിൻപററിക്കൊണ്ടും ബൈബിളദ്ധ്യയനങ്ങൾ നടത്തിക്കൊണ്ടും ന്യായവാദം പുസ്തകം ഉപയോഗിക്കുന്നതു സംബന്ധിച്ച ബുദ്ധിയുപദേശവും നിർദ്ദേശങ്ങളും ബാധകമാക്കുന്നുണ്ടോ?—സദൃശ. 8:33.
4.വെളളിയാഴ്ചത്തെ പരിപാടിയിൽ “മനസ്സിലും ശരീരത്തിലും ശുദ്ധിയുളളവരായിരിക്കുക” എന്ന പ്രസംഗം ഉൾപ്പെട്ടിരുന്നു. ദിവ്യനീതി, ദൈവത്തിന്റെ ജനം ആത്മീയമായും ധാർമ്മികമായും മാനസികമായും ശാരീരികമായും ശുദ്ധിയുളളവരായിരിക്കുന്നതിന് ആവശ്യപ്പെടുന്നു. (2 കൊരി. 7:1) ഈ പ്രധാന കാര്യത്തിൽ നിങ്ങൾ ‘പഠിച്ചത് പ്രായോഗികമാക്കുന്നുണ്ടോ?’ എങ്ങനെ? നാം ഈ ലോകത്തിന്റെ അശുദ്ധ മതങ്ങളിൽ നിന്നും വിശ്വാസത്യാഗികളിൽ നിന്നും വേർപെട്ടു നിന്നുകൊണ്ട് ആത്മീയ ശുദ്ധി കാത്തുസൂക്ഷിക്കും. മാനസികവും ധാർമ്മികവുമായ അശുദ്ധിയിലേക്കു നയിക്കുന്ന അശുദ്ധ ചിന്താശീലങ്ങളെ അഥവാ തെററായ ലൈംഗിക മോഹങ്ങളെ ഒഴിവാക്കുന്നതിന് നമുക്ക് മാനസികശിക്ഷണം ആവശ്യമാണ്. (ഇയ്യോബ് 31:1, 9-11) നിങ്ങളിലൊ നിങ്ങളുടെ കുടുംബത്തിലുളളവരിലൊ ഒരു ദുഷിപ്പിന്റെ സ്വാധീനം ചെലുത്താൻ കഴിയുന്ന സിനിമകളൊ ടെലിവിഷൻ പരിപാടികളൊ വായനാ വിഷയങ്ങളൊ ഒഴിവാക്കാൻ നിങ്ങൾ ഉറച്ച പടികൾ എടുത്തിട്ടുണ്ടോ? ചിലർ ഭവനങ്ങളിൽ വ്യക്തിപരമായ ആരോഗ്യശീലവും വൃത്തിയും അവഗണിച്ചതായും സൂചിപ്പിച്ചിരുന്നു. ആർക്കെങ്കിലും ഈ വശത്ത് ഒരു ബലഹീനതയുണ്ടെങ്കിൽ, നിശ്ചയമായും ശാരീരിക ശുദ്ധി ഉറപ്പുവരുത്തുന്നതിനുവേണ്ടി വ്യക്തിപരമായ ശീലങ്ങളിൽ ക്രമീകരണങ്ങൾ വരുത്താൻ കഴിയും. ഒരു ഭവനത്തിലെ വൃത്തിയും ക്രമവും കാക്കുന്നതിന് കുടുംബത്തിലെ ഓരോ അംഗവും സഹകരിക്കേണ്ട ആവശ്യമുണ്ട്. പ്രത്യേകിച്ച് ശുശ്രൂഷയിൽ യഹോവയെ പ്രതിനിധീകരിക്കുമ്പോൾ നാം തലമുടി വൃത്തിയായി സൂക്ഷിക്കുന്നതിനും വൃത്തിയുളളതും ശുചിത്വമുളളതും എളിമ പ്രകടമാക്കുന്നതും ആയ വസ്ത്രം ധരിക്കുന്നതിനും ആഗ്രഹിക്കും. ആ വിധത്തിൽ നാം നമ്മുടെ പരിശുദ്ധദൈവത്തെ ബഹുമാനിക്കും.—1 പത്രോ. 1:14-16.
5.നമ്മുടെ രാജ്യശുശ്രൂഷയുടെ ഭാവി ലക്കങ്ങൾ നാം ഈ സമ്മേളനത്തിൽ പഠിച്ച ദിവ്യ നീതിയുടെ മററു ജീവൽപ്രധാന വശങ്ങൾ നമ്മെ അനുസ്മരിപ്പിക്കും. നാം നീതിയുടെ ഈ തത്വങ്ങൾ നമ്മുടെ ദൈനംദിന ജീവിതത്തിലും നമ്മുടെ ശുശ്രൂഷയിലും പ്രാവർത്തികമാക്കുമ്പോൾ നമുക്കെല്ലാം ഇത് സഹായകരമായിരിക്കും. ബൈബിളിന്റെ ദൂത് സന്തോഷത്തോടെ കേൾക്കുകയും അതനുസരിച്ച് പ്രവർത്തിക്കാതിരിക്കയും ചെയ്യുന്ന ക്രൈസ്തവലോകത്തിലെ അനേകരിൽ നിന്നും വ്യത്യസ്തരായി, നാം “വചനത്തിന്റെ കേൾവിക്കാർ മാത്രമായിരിക്കാതെ ചെയ്യുന്നവരും ആയിരുന്നു”കൊണ്ട് അധികം സന്തോഷവും വ്യക്തിപരമായ പ്രയോജനവും നേടുന്നു.—യാക്കോ. 1:22-25; യെഹെ. 33:32.