സുവാർത്ത സമർപ്പിക്കൽ—അനുനയത്തോടെ
1 സുവാർത്തയുടെ ശുശ്രൂഷകർ ആളുകളെ സത്യം സ്വീകരിക്കുന്നതിന് പ്രേരിപ്പിക്കുന്നത് ഉചിതമാണോ? നിശ്ചയമായും ആണ്! (പ്രവൃത്തി. 18:4) തിമൊഥെയോസ് ഒരു വിശ്വാസിയായിത്തീരാൻ അവന്റെ അമ്മയും വല്ല്യമ്മയും അവനെ പ്രേരിപ്പിച്ചുവെന്ന് അപ്പോസ്തലനായ പൗലോസ് അവനെ ഓർമ്മിപ്പിച്ചു. (2 തിമൊ. 3:14) ആരെയെങ്കിലും പ്രേരിപ്പിക്കുകയെന്നാൽ അയാളുമായി അനുനയത്തിലൂടെ ഒരു വിശ്വാസം സംബന്ധിച്ചൊ സ്ഥാനം സംബന്ധിച്ചൊ പ്രവർത്തനഗതി സംബന്ധിച്ചൊ തീവ്രമായി ന്യായവാദം ചെയ്തുകൊണ്ട് അയാളെ പ്രചോദിപ്പിക്കുക എന്നാണ് അർത്ഥം.
2 അപ്പോസ്തലനായ പൗലോസ് അനുനയത്തിന്റെ കല നന്നായി ഉപയോഗിച്ചു. അവൻ ഏതെൻസിൽ ആയിരുന്നപ്പോൾ, നഗരത്തിൽ നിറയെ വിഗ്രഹങ്ങൾ കണ്ടപ്പോൾ അവന്റെ ഉളളിലെ ആത്മാവ് പ്രകോപിതമായിത്തീർന്നു.” (പ്രവൃത്തി. 17:16) എന്നിരുന്നാലും അവൻ അരയോപഗസിന്റെ മദ്ധ്യത്തിൽനിന്നുകൊണ്ട് അവിടെ സന്നിഹിതരായിരുന്നവരോട് പച്ചയായി അവരുടെ വിഗ്രഹാരാധന വൃഥാവാണെന്ന് പറഞ്ഞില്ല. സമർത്ഥമായി ഒരു പരുഷമായ വൈകാരിക സംഘർഷം ഒഴിവാക്കിക്കൊണ്ട് അവൻ അവരുടെ ശ്രദ്ധ, “‘ഒരു അജ്ഞാതദേവന്’ എന്ന് കൊത്തിയിരിക്കുന്ന ഒരു അൾത്താര”യിലേക്ക് തിരിച്ചു. അതിനുശേഷം അവൻ നല്ല ഫലം ലഭിച്ച ഒരു ശക്തമായ സാക്ഷ്യം നൽകുകയും ചെയ്തു.—പ്രവൃത്തി. 17:23, 28, 29, 34.
വിവേചനയുളളവരായിരിക്കുക
3 അനുനയത്തിന് കേവലം വാക്കുകളുടെ കൂട്ടത്തിന്റെ ഒരു വൈകാരിക അവതരണത്തേക്കാൾ അധികം ആവശ്യമാണെന്ന് പൗലോസ് വ്യക്തമായും പ്രകടമാക്കി. നാം സംസാരിക്കുന്ന ആളുകളുടെ വികാരങ്ങളും വിശ്വാസങ്ങളും താൽപ്പര്യങ്ങളും സംബന്ധിച്ച് നമുക്ക് ഉൾക്കാഴ്ചയും വിവേചനയും ഉണ്ടായിരിക്കണം. വീട്ടുകാരന്റെ വികാരങ്ങളായിരിക്കാം ബൈബിളുപദേശങ്ങളുടെ ഒരു തുറന്ന പരിചിന്തനത്തിനുളള യഥാർത്ഥ തടസ്സം എന്ന് തിരിച്ചറിയുന്നതിൽ നാം ജാഗ്രതയുളളവരും പെട്ടെന്ന് തിരിച്ചറിയുന്നവരുമായിരിക്കണം.—സദൃ. 16:23.
4 ദൃഷ്ടാന്തത്തിന്, ഒരുവന് അയാളുടെ മരിച്ചുപോയ പ്രിയപ്പെട്ട ഒരാളുടെ ഓർമ്മയിൽ വൈകാരികമായ അടുപ്പം നിമിത്തം ദേഹിയുടെ അമർത്യതയിൽ വിശ്വസിച്ചേക്കാം. സത്യം സംബന്ധിച്ച് അയാളെ സഹായിക്കുന്നതിനുളള അനുനയത്തിന്റെ മാർഗ്ഗമെന്തായിരിക്കും? അയാളുടെ വിശ്വാസം തെററാണെന്നും ദേഹി മരിക്കുമെന്നും നേരിട്ട് പറയുന്നതിനുപകരം അയാൾക്കുണ്ടായിരിക്കാവുന്ന വൈകാരിക തടസ്സത്തിന്റെ ഉളളിലേക്കു ചെല്ലുന്നതിന് അനുനയം ഉപയോഗിക്കുന്നതല്ലേ മെച്ചം? നമ്മുടെയും പ്രിയപ്പെട്ടവർ മരിച്ചുപോയിട്ടുണ്ട് എന്നതിനാൽ അയാളുടെ വികാരങ്ങൾ നമുക്കു മനസ്സിലാകുന്നുണ്ടെന്ന് നമുക്ക് അയാളോട് പറയാൻ കഴിയും. നമ്മുടെ നഷ്ടപ്പെട്ട പ്രിയപ്പെട്ടവരുടെ പുനരുത്ഥാനത്തിൽ നാം വീണ്ടും അവരുമായി യോജിക്കയും അവരുടെ സഹവാസം ആസ്വദിക്കയും ചെയ്യുന്നതായ ഒരു സമയത്തെ സംബന്ധിച്ചുളള വാഗ്ദത്തത്തിൽ നാം ആശ്വാസം കണ്ടെത്തിയിരിക്കുന്നു എന്ന് നമുക്ക് അയാളോട് പറയാൻ കഴിയും. പിന്നീട് ഉചിതമായ തിരുവെഴുത്തുകൾ വായിക്കുകയും ചർച്ചചെയ്യുകയും ചെയ്യാൻ കഴിയും. നാം വിവേചനയുളളവരായിരിക്കയും നമ്മുടെ സംസാരം ഉപ്പിനാൽ രുചിവരുത്തിയതായിരിക്കയും ചെയ്യുകയാണെങ്കിൽ നമുക്കു സുവാർത്ത സമർപ്പിക്കുന്നതിൽ അനുനയമുളളവരായിരിക്കാൻ കഴിയും.—സദൃ. 16:21; കൊലോ. 4:6.
ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കുക
5 ആളുകൾ അവരുടെ ചിന്തയെ ക്രമീകരിക്കുന്നതിന് അവരെ പ്രേരിപ്പിക്കാൻ ദൃഷ്ടാന്തങ്ങൾ ഉപയോഗിക്കാൻ കഴിയും. ശ്രദ്ധാർഹമായ ഒരു ദൃഷ്ടാന്തം, നാഥാൻ വിവേകത്തോടെ ദാവീദിന്റെ ഹൃദയത്തിൽ എത്തിച്ചേർന്ന വിധമാണ്. (2 ശമു. 12:1-14) നന്നായി തെരഞ്ഞെടുത്ത ദൃഷ്ടാന്തങ്ങൾ ബുദ്ധിപൂർവകമായ ആകർഷകത്വവും വൈകാരിക സ്വധീനവും സംയോജിപ്പിക്കുന്നു. അവ ആളുകൾക്ക് പുതിയ ആശയങ്ങൾ ഗ്രഹിക്കുന്നത് എളുപ്പമാക്കിത്തീർക്കുന്നു. ദൃഷ്ടാന്തത്തിന് ഭൂമിയെ ഒരു ഭവനത്തോടും ആളുകളെ അതിലെ വാടകക്കാരോടും ഉപമിക്കാൻ കഴിയും. വാടകക്കാർ ഭവനം നന്നായി സൂക്ഷിക്കുന്നതിൽ പരാജയപ്പെട്ടാൽ ഉടമസ്ഥൻ ഭവനത്തെ നശിപ്പിക്കയില്ല, എന്നാൽ അയാൾ വാടകക്കാരെ ഒഴിപ്പിക്കും. അതുപോലെ ദൈവം ഭൂമിയെ നശിപ്പിക്കയില്ല, എന്നാൽ ചീത്ത ആളുകളെ നശിപ്പിക്കും.—യെശ. 45:18.
6 അനുനയത്തിന് അതിന്റെ പരിമിതികൾ ഉണ്ട്. ആളുകൾ വിശ്വസിക്കുന്നതിനും തങ്ങളുടെ ജീവിതത്തിൽ മാററങ്ങൾ വരുത്തുന്നതിനും ആഗ്രഹിക്കുന്നില്ലെങ്കിൽ അവർ ആയിരിക്കുന്നതുപോലെ തന്നേ തുടരും. (മത്താ. 13:14, 15) എന്നിരുന്നാലും ലോകത്ത് രാജ്യദൂതുമായി എത്തിപ്പിടിക്കാവുന്ന അനേകം ആത്മാർത്ഥഹൃദയരായ ആളുകൾ ഇനിയും ഉണ്ട്. അവരെ സഹായിക്കുന്നതിന്, നാം നമ്മുടെ ശുശ്രൂഷയിൽ അനുനയത്തിന്റെ കല വികസിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യാൻ എല്ലാ ന്യായമായ പ്രയത്നവും ചെയ്യണം.