സംഭാഷണവിഷയം
1 “സംഭാഷണവിഷയം” എന്ന ഇനം 1977 മെയ്യിലെ നമ്മുടെ രാജ്യസേവനത്തിൽ തുടക്കം കുറിക്കുകയും അത് എപ്രകാരം ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുമെന്നുളളതിന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്‌തു. നാമെല്ലാം ഈ ഇനത്തിൽനിന്ന് കഴിഞ്ഞ 12 വർഷങ്ങളായി പ്രയോജനമനുഭവിച്ചിരിക്കുന്നു. ഇത് അനേകരെയും തങ്ങളുടെ സുവാർത്താസമർപ്പണത്തിന്റെ ഫലപ്രദത്വം മെച്ചപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്.
2 കഴിഞ്ഞ ഏതാനും വർഷങ്ങളായി ഓരോ മൂന്നോ നാലോ മാസങ്ങൾ കൂടുമ്പോഴും ഓരോ പുതിയ സംഭാഷണവിഷയം അവതരിപ്പിച്ചിരുന്നു. ഭാവിയിൽ നമ്മുടെ രാജ്യശുശ്രൂഷയിൽ നിർദ്ദേശിക്കപ്പെടുന്ന സംഭാഷണവിഷയം മിക്കപ്പോഴും മാറുന്നതായിരിക്കും. സാധാരണയായി സാഹിത്യസമർപ്പണം വ്യത്യാസപ്പെടുത്തുന്ന ഓരോ പ്രാവശ്യവും ഓരോ വ്യത്യസ്‌ത വിഷയം ഉണ്ടായിരിക്കും. ഇത് നമ്മുടെ തിരുവെഴുത്തുപരമായ അവതരണത്തിൽനിന്ന് സാഹിത്യസമർപ്പണത്തിലേക്കുളള നിർവിഘ്‌നമായ ഒരു മാററത്തിനു നമ്മെ സഹായിക്കും. ഇത് നമ്മുടെ ശുശ്രൂഷക്ക് വലിയ വൈവിധ്യം കൂട്ടുകയും ചെയ്യും.
മാറിമാറി വരുന്ന സംഭാഷണ വിഷയം
3 സാധാരണയായി, അടിസ്ഥാനപരമായ നിർദ്ദിഷ്ട സംഭാഷണവിഷയം ഓരോ വീട്ടിലും അവതരിപ്പിക്കാൻ കഴിയും. എന്നിരുന്നാലും, പ്രയോജനപ്രദമെന്നു തോന്നുന്നെങ്കിൽ വിഷയം മാററുന്നതിനൊ വ്യത്യസ്‌തമായ ഒന്ന് ഉപയോഗിക്കുന്നതിനൊ ആരും മടിക്കരുത്. തീർച്ചയായും പുതിയവരെയൊ ചെറുപ്പക്കാരെയൊ പരിശീലിപ്പിക്കുമ്പോൾ നിർദ്ദിഷ്ട സംഭാഷണവിഷയത്തോടു അടുത്തു പററിനിൽക്കുന്നതായിരിക്കാം ബുദ്ധിപൂർവകം.
4 പയനിയർമാരും തങ്ങളുടെ പ്രദേശം കൂടെക്കൂടെ പ്രവർത്തിക്കുന്നവരും നിസ്സംശയമായും തങ്ങളുടെ അവതരണം പതിവിൻപടിയായിത്തീരുന്നതു തടയുന്നതിന് നിർദ്ദിഷ്ട വിഷയത്തിൽ വ്യതിയാനങ്ങൾ വരുത്തുന്നത് സഹായകമെന്നു കണ്ടെത്തുന്നു എന്നതിനു സംശയമില്ല. വിവിധ സാഹചര്യങ്ങൾ ചിലപ്പോൾ രാജ്യശുശ്രൂഷയിൽ നിർദ്ദേശിക്കപ്പെടുന്ന സംഭാഷണവിഷയത്തിൽ നിന്ന് വ്യത്യസ്‌തമായ ഒന്ന് ഉപയോഗിക്കേണ്ടത് ബുദ്ധിപൂർവകമാക്കിത്തീർത്തേക്കാം.
അവതരണങ്ങൾക്കുവേണ്ടിയുളള അടിസ്ഥാന ഉറവിടം
5 സംഭാഷണവിഷയത്തിന് മാററം വരുത്തേണ്ടതാവശ്യമാണെന്നു നമുക്കു തോന്നുമ്പോൾ ഉപയോഗിക്കുന്നതിനുളള മററു ആശയങ്ങൾ എവിടെനിന്നു കിട്ടും? നമ്മുടെ രാജ്യശുശ്രൂഷയുടെ മുൻ ലക്കങ്ങൾ സഹായകമായിരിക്കും. നിങ്ങൾ സമർപ്പിക്കുന്ന പ്രസിദ്ധീകരണവും നിങ്ങളുടെ സംഭാഷണവിഷയത്തിനുളള ഉറവിടമായി ഉപയോഗിക്കാൻ കഴിയും. ഒരു ചിത്രമൊ ഒരു തിരുവെഴുത്തൊ ഒരു അദ്ധ്യായ തലക്കെട്ടൊ തിരഞ്ഞെടുക്കുകയും താൽപ്പര്യം ഉണർത്തത്തക്കവണ്ണം ഒരു ഹ്രസ്വമായ അവതരണം നടത്തുകയും ചെയ്യുക. വായിക്കാൻ പ്രതീക്ഷിക്കുന്ന ആളുടെ കൈകളിൽ പുസ്‌തകം ഏൽപ്പിക്കാൻ ശ്രമിക്കുക, ആ വിധത്തിൽ അയാൾക്കു തന്നെ അത് പരിശോധിക്കാൻ കഴിയും. ഈ വിധത്തിൽ സമർപ്പണം നടത്തുന്നത് എത്ര എളുപ്പമായിരിക്കുമെന്ന് കാണുന്നതിൽ നിങ്ങൾ അതിശയിച്ചേക്കാം. പിന്നീട് മടക്കസന്ദർശനം നടത്തുമ്പോൾ നിങ്ങൾക്ക് കൂടുതൽ വിശദാംശങ്ങളിലേക്കു പോകാൻ കഴിയും. അതുകൊണ്ട് പ്രഥമ അവതരണം താരതമ്യേന ഹ്രസ്വമായിരിക്കട്ടെ.
6 നമ്മുടെ പ്രദേശത്ത് നാം കണ്ടുമുട്ടുന്നവരെ എങ്ങനെ പഠിപ്പിക്കാമെന്ന് അറിയേണ്ടതിന് നാമെല്ലാം “ശിക്ഷിതരുടെ നാവി”നുവേണ്ടി അപേക്ഷിക്കുന്നതിൽ തുടരണം. (യെശ. 50:4) സംഭാഷണവിഷയം ഫലപ്രദമായി ഉപയോഗിക്കുക എന്നത് നമ്മുടെ ആത്മാർത്ഥമായ ആഗ്രഹമാണ്. അനേകരുടെ ജീവൻ അപകടത്തിലാണ്.—1 തിമൊ. 4:16.