മുഴുസമയ സേവനത്തെ നിങ്ങളുടെ ജീവിതവൃത്തിയാക്കുക
1 നമ്മുടെ സമർപ്പണത്തെ നിറവേററുന്നതിനോടും നിത്യജീവൻ സമ്പാദിക്കുന്നതിനോടും നേരിട്ടു ബന്ധപ്പെട്ടിരിക്കുന്ന ഒരു വേലയാണ് ക്രിസ്തീയ ശുശ്രൂഷ. (റോമ. 10:10; 1 തിമൊ. 4:16) യേശു മററുളളവരെ തന്റെ അനുഗാമികളാകാൻ ക്ഷണിച്ചപ്പോൾ അതിൽ ദൈവരാജ്യം എല്ലായിടത്തും പ്രസംഗിക്കുന്നത് ഉൾപ്പെടുന്നുവെന്ന് അവൻ വ്യക്തമാക്കി. (ലൂക്കോ. 9:57-62) ഈ ക്ഷണത്തോടു പ്രതികരിക്കുന്നതിന് നമ്മുടെ ജോലി മാറേണ്ടതാവശ്യമായി വന്നേക്കുകയില്ലെങ്കിലും അതിൽ സുനിശ്ചിതമായും മുൻഗണനകളിൽ ഒരു മാററം വരുത്തുന്നത് ഉൾപ്പെടുന്നു. ഏററവും പ്രധാനപ്പെട്ട ഒരു വേല യഹോവയുടെ “വൈശിഷ്ട്യങ്ങളെ എല്ലായിടത്തും പ്രഖ്യാപിക്കുക” എന്നതാണ്, അതിൽ ശിഷ്യരാക്കൽ ഉൾപ്പെടുന്നു. (1 പത്രോ. 2:9; മത്താ. 24:14; 28:19, 20) അതുകൊണ്ട് യഹോവക്കു മുഴുവനായി സമർപ്പിച്ചിട്ടുളളവരെല്ലാം തങ്ങളുടെ ജീവിതത്തെ ശുശ്രൂഷക്കു ചുററുമായി കേന്ദ്രീകരിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ സാഹചര്യങ്ങൾ അനുവദിക്കുന്ന അനേകർക്ക് മുഴുസമയ സേവനത്തെ തങ്ങളുടെ ജീവിത വൃത്തിയാക്കിത്തീർക്കാൻ കഴിഞ്ഞിട്ടുണ്ട്.—2 കൊരി. 4:1, 7.
പ്രതിഫലദായകമായ ഒരു ജീവിതരീതി
2 തന്റെ 54 വർഷത്തെ മുഴുസമയസേവനത്തെ പിന്നോട്ടു തിരിഞ്ഞുനോക്കിക്കൊണ്ട് ഒരു പയനിയർ ഇപ്രകാരം എഴുതാൻ പ്രേരിതനായി: “യഹോവ പ്രദാനം ചെയ്ത സന്തോഷങ്ങൾ ഉപദ്രവങ്ങളെക്കാൾ വളരെയധികം മുൻതൂക്കമുളളവയാണ്. എനിക്ക് എന്റെ ജീവിതം വീണ്ടും നയിക്കാൻ അവസരം നൽകുകയാണെങ്കിൽ ഞാൻ മഹാദൈവമായ യഹോവയെ സ്തുതിക്കുന്നതിന് മനസ്സോടെ എന്റെ മുഴു സമയവും ചെലവഴിക്കും.” യാതൊരു ലൗകികവൃത്തിക്കൊ തൊഴിലിനൊ അത്തരത്തിലുളള ഒരു ഗതിയിൽനിന്നുളവാകുന്ന തരം ആഴമായ സംതൃപ്തിയും സന്തോഷവും കൈവരുത്താൻ കഴിയുകയില്ല. മുഴുസമയ സേവനത്തിന്റെ ഒരു ജീവിതം നയിക്കുന്നത് ഇപ്പോൾ കണക്കററ പ്രതിഫലം കൈവരുത്തുന്നതും ഭാവിയിൽ സുനിശ്ചിതമായി സാക്ഷാത്ക്കരിക്കപ്പെടുന്നതുമായ അനുഗ്രഹങ്ങൾ വെച്ചുനീട്ടുന്ന ദൈവികഭക്തിയുടെ ഒരു പ്രകടനമാണ്.—1 തിമൊ. 4:8.
3 മുഴുസമയശുശ്രൂഷയുടെ ഒരു ജീവിതവൃത്തിക്ക് വലിയ അനുഗ്രഹങ്ങൾ കൈവരുത്താനാവും, എന്തുകൊണ്ടെന്നാൽ അതിൽ വളരെയധികം കൊടുക്കൽ ഉൾപ്പെടുന്നു. (പ്രവൃ. 20:35) കൂടുതൽ പൂർണ്ണമായി രാജ്യ താൽപര്യങ്ങളിൽ ഇടപെടുന്നതിനാൽ യഹോവയാം ദൈവത്തോടും യേശുക്രിസ്തുവിനോടുമുളള ഏററം വിലപ്പെട്ട സുഹൃദ്ബന്ധം നട്ടുവളർത്തുകയും ബലിഷ്ഠമാക്കുകയും ചെയ്യുന്നു. (ലൂക്കോ. 16:9; 1 കൊരി. 15:58) നിങ്ങളുടെ സാഹചര്യങ്ങൾക്കു ചേർച്ചയിൽ നിങ്ങൾ മുഴുദേഹിയോടുകൂടിയ ഒരു വിധത്തിൽ പ്രവർത്തിക്കുന്നതുകൊണ്ട് സംതൃപ്തിയും ഒരു ശുദ്ധ മനസ്സാക്ഷിയും അനുഭവപ്പെടുന്നു. കൂടുതൽ ശിക്ഷിതമായ നിങ്ങളുടെ ജീവിതരീതി ‘മുന്നമേ രാജ്യവും അവന്റെ നീതിയും അന്വേഷിക്കുക’ എന്നുളള ക്രിസ്തുവിന്റെ കൽപ്പനയോടുളള അനുസരണത്തിൽ കൂടുതൽ നേട്ടമുണ്ടാക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്നു.—മത്താ. 6:33.
നിങ്ങളുടെ ശുശ്രൂഷയിൽ പുരോഗതിയുളളവരായിരിക്ക
4 ഒരു ജീവിതവൃത്തിയിൽ ചില വശങ്ങളിലൊ ഉദ്യമത്തിലൊ ഉളള പടിപടിയായുളള നേട്ടത്തിന് ശ്രമിക്കുന്നത് ഉൾപ്പെടുന്നു. ഒരു പയനിയർ എന്ന നിലയിൽ സഹിഷ്ണുതക്കും, സന്തോഷവും തീക്ഷ്ണതയും കാത്തുസൂക്ഷിക്കുന്നതിനും, ക്രമാനുഗതമായ നേട്ടം പ്രധാനമാണ്. യഹോവ തന്റെ സ്ഥാപനം മുഖാന്തരം സഭാമീററിംഗുകളിലും സമ്മേളനങ്ങളിലും ആത്മീയ വിദ്യാഭ്യാസം പ്രദാനം ചെയ്യുന്നു. ഇതുകൂടാതെ ഡിസംബറിൽ മൂപ്പൻമാരുമായും സർക്കിട്ട്മേൽവിചാരകൻ സന്ദർശിക്കുമ്പോൾ അദ്ദേഹവുമായുമുളള മീററിംഗുകൾ ഉണ്ട്. സർക്കിട്ട് സമ്മേളന വാരത്തിൽ പയനിയർമാർക്ക് ഒരു പ്രത്യേക മീററിംഗ് ക്രമീകരിച്ചിട്ടുണ്ട്. നിങ്ങൾ അത്തരം മീററിംഗുകളിൽ നോട്ടു കുറിക്കുകയും ലഭിക്കുന്ന നല്ല നിർദ്ദേശങ്ങൾ മനഃസാക്ഷിബോധത്തോടെ ബാധകമാക്കുകയും ചെയ്യുന്നുണ്ടോ?
5 നിങ്ങൾ പുരോഗതിയുളള ഒരു ബൈബിളദ്ധ്യയനം നടത്തുന്നില്ലെങ്കിൽ നിങ്ങൾക്ക് ഇത് ഒരു ലക്ഷ്യമാണോ? വീടുതോറും നിങ്ങൾ പറയുന്ന മുഖവുരകളോ നിങ്ങളുടെ പ്രദേശത്തു സാധാരണമായിരിക്കുന്ന തടസ്സവാദങ്ങൾ കൈകാര്യം ചെയ്യുന്ന വിധമോ മെച്ചപ്പെടുത്താൻ കഴിയുമോ? നിയമിക്കപ്പെട്ടിട്ടില്ലാത്ത പ്രദേശത്തു പ്രവർത്തിക്കുന്നതിന്റെയോ സഹായമാവശ്യമുളള ഒരു സഭയെ സഹായിക്കുന്നതിനുവേണ്ടി താൽക്കാലികമായോ സ്ഥിരമായോ മാറിത്താമസിക്കുന്നതിന്റെയോ പദവിയെക്കുറിച്ച് നിങ്ങൾ പരിഗണിച്ചിട്ടുണ്ടോ? ഈ വിധങ്ങളിലും മററു പല വിധങ്ങളിലും നിങ്ങളുടെ ജീവിതവൃത്തിയിൽ പുരോഗമിക്കുന്നതിനും ദൈവവേല നിർവഹിക്കുന്നതിലുളള നിങ്ങളുടെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും നിങ്ങൾക്ക് കഴിഞ്ഞേക്കും.
6 നിങ്ങൾ ഈ ശരൽക്കാലത്ത് പയനിയർവേല ഏറെറടുക്കുന്ന അനേകരോടു ചേരുന്ന കാര്യം ഗൗരവപൂർവം പരിഗണിക്കുന്നുണ്ടെങ്കിൽ ഈ വിഷയം സംബന്ധിച്ച് യഹോവയോടു തുടർച്ചയായി പ്രാർത്ഥിക്കുക. (മത്താ. 7:7, 8) അനേകർ സഹായ പയനിയർമാരായി ആദ്യം സേവിച്ചുകൊണ്ട് യഹോവയിലുളള തങ്ങളുടെ ആശ്രയം കെട്ടുപണി ചെയ്തിട്ടുണ്ട്.
7 ഒരു വ്യക്തിയെ പയനിയറിംഗിനു പ്രാപ്തനാക്കുന്നത് ഏതെങ്കിലും അസാധാരണ കഴിവൊ വരമൊ അല്ല. വ്യക്തിപരമായ ത്യാഗം ചെയ്യുന്നതിനുളള മനസ്സൊരുക്കത്തോടൊപ്പം ദൈവത്തോടും ആളുകളോടും യഥാർത്ഥ സ്നേഹവും ആവശ്യമാണ്. (മത്താ. 22:37-39; ഫിലി. 4:13) ക്രിസ്തീയശുശ്രൂഷക്ക് അർമ്മഗെദ്ദോനെ അതിജീവിക്കുന്നവരിൽ പ്രകടമായിരിക്കേണ്ട ഗുണങ്ങൾ വളർത്തിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കാൻ കഴിയും. ഇത് മുഴുസമയവും പിൻതുടരുന്നതിനാൽ നിങ്ങളുടെ സ്നേഹവും വിശ്വാസവും സന്തോഷവും സമാധാനവും വർദ്ധിപ്പിക്കാൻ കഴിയും. (ഗലാ. 5:22, 23) അതുകൊണ്ട് നിങ്ങളുടെ അമൂല്യമായ ജീവിതവൃത്തിയെന്ന നിലയിൽ പയനിയർശുശ്രൂഷയെ എത്തിപ്പിടിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്യുക!