ആത്മീയമായി ശക്തരായിരിക്കുക, യഹോവയുടെ സേവനത്തിന് ശുദ്ധിയുളളവരായിരിക്കുക
1 യെശയ്യാ 60:22-ൽ യഹോവ നമ്മുടെ കൺമുമ്പാകെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്ന ഒരു വാഗ്ദത്തം നൽകി: “കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജാതിയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്ത് അതിനെ ശീഘ്രമായി നിവർത്തിക്കും.” നാം ഒരു ജനതയെക്കുറിച്ച് ചിന്തിക്കുമ്പോൾ ഒരു സംഘടിത ഗവൺമെൻറിന്റെ അധികാരത്തിൻകീഴിൽ പ്രവർത്തിക്കുന്ന വലിയൊരു കൂട്ടം ആളുകൾ പൊതുതാൽപര്യത്തിൽ ഒരുമിച്ചുകൂടിയിരിക്കുന്നതിന്റെ ചിത്രം നാം കാണുന്നു.
2 ലോകവ്യാപകമായി സുവാർത്തയുടെ 42,78,820 പ്രസാധകരുടെ ഒരു പുതിയ അത്യുച്ചം 1991-ലെ വയൽസേവന റിപ്പോർട്ട് പ്രകടമാക്കി, കഴിഞ്ഞ വർഷത്തേക്കാൾ 6.5 ശതമാനത്തന്റെ ഒരു വർദ്ധനവുതന്നെ. ഞെരുക്കുന്ന ഈ വ്യവസ്ഥിതിയിൽനിന്ന് വിട്ടുനിൽക്കാനും തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ മശിഹൈക രാജ്യഗവൺമെൻറിൻ കീഴിൽ പ്രജകളായിത്തീരാനും ആഗ്രഹിക്കുന്ന ആത്മാർത്ഥതയുളള ആളുകളുടെ ഒരു വലിയ കൂട്ടത്തെ യഹോവ കൂട്ടിച്ചേർത്തിരിക്കുന്നു. കൂടിവരുന്നവരുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നു. അക്ഷരാർത്ഥത്തിൽ ഒരു പുതിയലോക സമുദായം എന്ന് വർണ്ണിക്കാവുന്ന ഈ ജനതയുടെ ഭാഗമായിരിക്കുന്നതിൽ നാം സന്തോഷിക്കുന്നു. ആയിരത്തി തൊളളായിരത്തി തൊണ്ണൂറെറാന്നിലെ സ്മാരകാഘോഷത്തിന്റെ മൊത്തം ഹാജർ 1,06,50,158 ആയിരുന്നു, 1990-ലേതിനേക്കാൾ 7 ശതമാനത്തന്റെ ഒരു വർദ്ധനവ്. ഇത് രാജ്യപ്രജകൾ എന്നനിലയിൽ അനേകർകൂടെ നമ്മോടു ചേരാനുളള വമ്പിച്ച സാദ്ധ്യത കാണിക്കുന്നു.
3 മേൽപറഞ്ഞ സ്മാരക ഹാജരിൽ ഉൾപ്പെട്ട എല്ലാ വ്യക്തികളും യഹോവയുടെ ജനമെന്ന നിലയിൽ പൂർണ്ണമായി അംഗീകരിക്കാവുന്ന അളവോളം ഈ ലോകത്തിൽനിന്ന് തങ്ങളെത്തന്നെ വേർപെടുത്തിയിട്ടില്ലെന്നുളളത് നാം തിരിച്ചറിയുന്നു. എല്ലാ ജനത്തകളിൽ നിന്നുമുളള ആളുകൾ ‘യഹോവയുടെ ആലയത്തിലേക്ക് ഒഴുകിവന്നു’കൊണ്ടിരിക്കുകയാണ്, എന്നാൽ അവർക്ക് “അവന്റെ പാതകളിൽ നടക്കാൻ” കഴിയേണ്ടതിന് അവർ പൂർണ്ണമായി ‘അവന്റെ വഴികൾ സംബന്ധിച്ച് പഠിപ്പിക്കപ്പെടേണ്ട’ ആവശ്യമുണ്ട്. (യെശ. 2:2-4) സസ്മാരകത്തിന് ഹാജരായവരിൽ നാല്പതു ലക്ഷത്തിലധികം പേർ ദൈവത്തിന്റെ പ്രബോധനം സ്വീകരിച്ച് ശുദ്ധമായ നടത്ത കാത്തുസൂക്ഷിക്കാനും ഇപ്പോൾ നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന രാജ്യപ്രസംഗവേലയിൽ ഒരു പങ്കുണ്ടായിരിക്കാൻ യോഗ്യത പ്രാപിക്കാനും അവരെ പ്രേരിപ്പിക്കുന്ന ആത്മീയ ബലം സമ്പാദിച്ചിരിക്കുന്നു. (മത്താ. 24:14) അത്തരക്കാർക്ക് യഹോവയുടെ ദൃഷ്ടിയിൽ ഒരു നല്ല നിലയുണ്ട്, അവൻ അവർക്ക് ലഭ്യമാക്കുന്ന അത്ഭുതകരമായ എല്ലാ കരുതലുകളിൽനിന്നും അവർ പ്രയോജനങ്ങൾ ആസ്വദിക്കുകയും ചെയ്യുന്നു. ശേഷിക്കുന്ന അറുപതു ലക്ഷത്തിലധികം പേർ അതുപോലെ ആത്മീയമായി ശക്തരായിത്തീരുന്നതിനും യഹോവയുടെ സേവനത്തിന് ശുദ്ധിയുളളവരായിത്തീരുന്നതിനും ആഗ്രഹിക്കുന്നെങ്കിൽ എന്തുചെയ്യണം?
4 അവർ “വിശ്വാസത്തിനുവേണ്ടി ഒരു കഠിന പോരാട്ടം” നടത്തേണ്ടതുണ്ട്. (യൂദ 3) യഹോവയുടെ വഴിയിൽ നടക്കാൻ അവർ തെരഞ്ഞെടുത്തുകഴിയുമ്പോൾ അവർ പരീക്ഷണങ്ങളും പ്രലോഭനങ്ങളും ദുഷ്ടസ്വാധീനങ്ങളും മുഖാന്തരം പിശാചിന്റെ സമ്മർദ്ദത്തിൻകീഴിൽ വരുന്നു. പൗലോസിനെപ്പോലെ അവർ സഹിച്ചുനിൽക്കാനുളള ബലത്തിനായി യഹോവയിലേക്കു നോക്കണം. (ഫിലി. 4:13) ഇപ്പോൾത്തന്നെ വിശ്വാസത്തിൽ ശക്തരായിത്തീർന്നിരിക്കുന്നവർ മുഖാന്തരം യഹോവ അവർക്ക് ബലം നൽകുന്നു. “ശക്തരായ നാം അശക്തരുടെ ബലഹീനതകളെ ചുമക്കണം” എന്ന് പൗലോസ് ഉദ്ബോധിപ്പിച്ചു. (റോമ. 15:1, 2) ശക്തരും അശക്തരും ഒന്നിക്കുമ്പോൾ ഉറച്ചുനിൽക്കാൻ ബലം ഉണ്ടാകുന്നു. “ഒരുവനേക്കാൾ ഇരുവർ ഏറെ നല്ലത്. . .. ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്കും അവനോട് എതിർത്തുനിൽക്കാം.”—സഭാ. 4:9, 12.
5 യഹോവയിൽ നിന്നുളള ബലം സ്വീകരിക്കാൻ കഴിയുന്ന മാർഗ്ഗം എന്ന നിലയിൽ പുതിയവർ ഉചിതമായും നമ്മെ ആശ്രയിക്കുന്നുവെന്ന് ഇതർത്ഥമാക്കുന്നു. നമ്മിൽ സമർപ്പിതക്രിസ്ത്യാനികളായവർ പുതിയവരെ സഹായിക്കണമെങ്കിൽ നാംതന്നെ ആത്മീയമായി ശക്തരായി നിലനിൽക്കണം. ശക്തരായ ക്രിസ്ത്യാനികൾ ‘ഒരു പ്രോത്സാഹന കൈമാററത്തിൽ’ കലാശിക്കുന്ന ‘ആത്മീയ വരങ്ങൾ പകർന്നുകൊടുക്കാൻ’ പ്രാപ്തരാണ്. (റോമ. 1:11, 12) നമ്മെ ഒരുമിപ്പിക്കാനും ‘ഉറപ്പും ബലവും’ ഉളളവരാക്കിത്തീർക്കാനും യഹോവ ഉപയോഗിക്കുന്ന പ്രാഥമിക മാർഗ്ഗങ്ങളിൽ ഒന്ന് ഇതാണ്.—1 പത്രോ. 5:9-11.
6 നാം ഈ പുതിയവരെ സഹായിക്കുന്നത് നമ്മുടെ ലക്ഷ്യമാക്കണം, അതേസമയം നമ്മുടെ സ്വന്തം ആത്മീയാവശ്യങ്ങൾ സംബന്ധിച്ച് ബോധമുളളവരായിരിക്കുകയും വേണം. (മത്താ.5:3) ആത്മീയതയാണ് നമ്മുടെ ബലത്തിന്റെ താക്കോൽ. നിരന്തരമായി ആത്മീയ ഭക്ഷണം കഴിക്കുന്നതിനാൽ പോഷിപ്പിക്കാനും ശക്തീകരിക്കാനും കഴിയുന്ന ഒരു ഗുണമാണിത്. യഹോവ തന്റെ സ്ഥാപനം മുഖാന്തരം തന്റെ വചനത്തിന്റെ പഠനത്തിന് സന്തുലിതമായ പഠനപരിപാടി പ്രദാനം ചെയ്യുന്നു. ‘സ്നേഹത്തിനും സൽപ്രവൃത്തികൾക്കും ഉത്സാഹിപ്പിച്ചുകൊണ്ട്’ നമ്മെ ശക്തരാക്കിത്തീർക്കുന്നതിൽ വാരംതോറുമുളള അഞ്ച് സഭായോഗങ്ങൾ മർമ്മപ്രധാനമായ ഒരു പങ്കു നിർവഹിക്കുന്നു.—എബ്രാ. 10:24.
7 വ്യക്തിപരവും കുടുംബപരവുമായ പഠനത്തിന്റെ നല്ല ശീലങ്ങൾ അതിനോട് ചേരുമ്പോൾ ഈ യോഗങ്ങളുടെ പ്രയോജനങ്ങൾ ഇരട്ടിക്കുന്നു. ഏററവും ചുരുങ്ങിയത്, നമ്മളെല്ലാം ദിനവാക്യം വായിച്ച് പരിചിന്തിക്കുകയും ദിവ്യാധിപത്യ ശുശ്രൂഷാസ്ക്കൂൾ പട്ടികയിൽ നൽകിയിരിക്കുന്ന ബൈബിൾ വായനാപരിപാടി കൃത്യമായി പിൻപററുകയും സഭാപുസ്തകാദ്ധ്യയനത്തിനും വീക്ഷാഗോപുരാദ്ധ്യയനത്തിനും തയാറാവുകയും ചെയ്യണം. അത് ക്രമമായ ഒരടിസ്ഥാനത്തിൽ ചെയ്യുന്നുവെന്ന് ഉറപ്പുവരുത്തിക്കൊണ്ട് അത് എങ്ങനെ സംഘടിപ്പിക്കണമെന്ന് ഓരോ കുടുംബവും നിശ്ചയപ്പെടുത്തണം. പഠനപരിപാടി കുടുംബത്തിന്റെ പ്രത്യേക ആത്മീയാവശങ്ങൾ നിറവേററാൻ അനുരൂപമാക്കപ്പെടുന്നുവെന്ന് കുടുംബനാഥൻ തിട്ടപ്പെടുത്തണം. ഈ വിധത്തിൽ “ഭവനം പണിയപ്പെടും. . . . അത് ദൃഢമായി സ്ഥാപിതമെന്ന് തെളിയും.” (സദൃ. 24:3) വ്യക്തികളും കുടുംബങ്ങളും എന്ന നിലയിൽ നാം നമ്മുടെ പഠനശീലങ്ങളിൽ മന:സാക്ഷിബോധമുളളവരാണെങ്കിൽ യഹോവ നമ്മെ അനുഗ്രഹിക്കുമെന്നും വിവിധ പരീക്ഷകൾ വിജയകരമായി സഹിച്ചുനിൽക്കുവാൻ അവന്റെ ആത്മാവ് നമ്മെ സഹായിക്കുമെന്നും നമുക്ക് ദൃഢവിശ്വാസമുളളവരായിരിക്കാൻ കഴിയും.—യാക്കോ.1:2, 3; 1 പത്രോ. 4:11.
8 ശുദ്ധിയുളളവരും നിന്ദക്ക് അതീതരും ആയിരിക്കുക: യഹോവ തന്നോട് അടുത്തുവരുവാൻ നമ്മെ ഊഷ്മളമായി ക്ഷണിക്കുന്നുവെന്നിരിക്കെ “നമ്മെ സകല പാപത്തിൽനിന്നും ശുദ്ധീകരിക്കുന്ന” യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിൽ നാം വിശ്വാസം പ്രകടമാക്കുന്നതിന്റെ അടിസ്ഥാനത്തിൽ ആണ് അത് സാധിക്കുന്നതെന്ന് അവൻ വ്യക്തമാക്കുന്നു. (1 യോന്നാൻ 1:7; എബ്രായർ 9:14 കൂടെ കാണുക.) ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനവും നാം പഠിക്കുന്നതിന്റെ ബാധകമാക്കലും മുഖാന്തരം നമുക്ക് നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കാൻ കഴിയും. പിന്നീട് ചിലർ പരാജയപ്പെടുന്നു, എന്തുകൊണ്ടെന്നാൽ അവർ ഒന്നുകിൽ ആത്മീയാഹാരം ഭക്ഷിക്കുന്നില്ല അല്ലെങ്കിൽ അത് തങ്ങളുടെ ജീവിതത്തിൽ ബാധകമാക്കാൻ അവർ ശ്രമിക്കുന്നില്ല. ഇത് അവരെ സാത്താന്റെ ആക്രമണങ്ങൾക്ക് വഴക്കമുളളവരാക്കുന്നു. ചിലർ നിഷ്ക്രിയത്വത്തിൽ കലാശിച്ചുകൊണ്ട് ആത്മീയമായി ബലഹീനരായിത്തീർന്നിരിക്കുന്നു. സങ്കടകരമെന്നു പറയട്ടെ, മററുളളവർ ഗുരുതരമായ ദുഷ്പ്രവൃത്തിക്ക് കീഴടങ്ങാൻ തങ്ങളെത്തന്നെ അനുവദിച്ചിരിക്കുന്നു, അവർ പുറത്താക്കപ്പെടാൻ ഇടയാക്കിക്കൊണ്ടുതന്നെ. പൗലോസ് ഇപ്രകാരം മുന്നറിയിപ്പുനൽകി: “താൻ നിൽക്കുന്നു എന്ന് തോന്നുന്നവൻ വീഴാതിരിക്കാൻ നോക്കിക്കൊളളട്ടെ.” (1 കൊരി. 10:12) നാം മന:പൂർവം പഠനവും യോഗഹാജരും സേവനവും അവഗണിക്കുന്നെങ്കിൽ അവിശുദ്ധസ്വാധീനങ്ങൾക്കും പ്രലോഭനങ്ങൾക്കും നാം എളുപ്പം വശംവദരായേക്കാം.—എബ്രാ. 2:1; 2 പത്രോ. 2:20-22.
9 എല്ലാ വിധത്തിലും: ശാരീരികമായും മാനസികമായും ആത്മീയമായും ധാർമ്മികമായും, നമ്മെത്തന്നെ ശുദ്ധിയുളളവരായി നിലനിർത്തുന്നത് അത്യന്താപേക്ഷിതമാണ്. (2 കൊരി. 7:1) നമുക്കുചുററുമുളള ലോകം അനുദിനം കൂടുതൽ ദുഷിച്ചതും അധ:പതിച്ചതും ആയിത്തീരുകയാണ്. നമ്മെ കെണിയിലാക്കുന്നതിന് എന്നത്തേതിലും കൂടുതൽ വഞ്ചനാത്മകമായ വിധങ്ങളോടെ പിശാച് സമീപിച്ചുകൊണ്ടിരിക്കുന്നു. ആത്മീയമായി ശക്തരായി നമ്മെത്തന്നെ നിലനിർത്തുന്നത് നാം ‘അവന്റെ പദ്ധതികൾ സംബന്ധിച്ച് അജ്ഞർ’ ആയിരിക്കുകയില്ലെന്നും കബളിപ്പിക്കപ്പെടുകയില്ലെന്നും ഉറപ്പുവരുത്തുന്നു. (2 കൊരി. 2:11) ദുഷിച്ച സ്വാധീനങ്ങളെ തിരിച്ചറിയുന്നതിനും ചെറുത്തുനിൽക്കുന്നതിനും യഹോവയുടെ സ്ഥാപനത്തിൽനിന്ന് നമുക്കു ലഭിക്കുന്ന പ്രബോധനവും ബുദ്ധ്യുപദേശവും നമ്മെ പ്രാപ്തരാക്കുന്നു.
10 സഭയിൽ നേതൃത്വമെടുക്കുന്നവർക്ക് ശക്തരായിരിക്കുന്നതിലും ശുദ്ധിയുളളവരായിരിക്കുന്നതിലും മററുളളവർക്ക് ഒരു നല്ല ദൃഷ്ടാന്തം വെക്കാനുളള ഉത്തരവാദിത്വമുണ്ട്. ഇപ്രകാരം പറഞ്ഞപ്പോൾ പൗലോസ് ഈ ഉത്തരവാദിത്വം ഊന്നിപ്പറഞ്ഞു: “നിങ്ങളുടെയിടയിൽ നേതൃത്വമെടുക്കുന്നവരെ ഓർക്കുക. . . . അവരുടെ നടത്ത എങ്ങനെ പരിണമിക്കുന്നുവെന്ന് നിങ്ങൾ ഗ്രഹിക്കുമളവിൽ അവരുടെ വിശ്വാസം അനുകരിപ്പിൻ.” (എബ്രാ. 13:7) നിയമിത മൂപ്പൻമാരും ശുശ്രൂഷാദാസൻമാരും തങ്ങളുടെ വ്യക്തിപരമായ നടത്തയിലും കുടുംബത്തലവൻമാർ എന്ന നിലയിൽ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിലും മാതൃകായോഗ്യരായിരിക്കുന്നത് മർമ്മപ്രധാനമാണ്. “സംസാരത്തിലും പെരുമാററത്തിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമ്മലതയിലും . . . ഒരു മാതൃകയായിത്തീരാൻ” പ്രബോധിപ്പിക്കപ്പെട്ട യുവാവായ തിമൊഥെയോസിനെപ്പോലെ ആയിരിക്കാൻ അവർ കഠിനയത്നം ചെയ്യണം. (1 തിമൊ. 4:12; 1 പത്രോ. 5:3) ശേഷിക്കുന്ന നാമെല്ലാം മാന്യമായ നടത്ത നിലനിർത്തിക്കൊണ്ട് നല്ല മാതൃകകളായിരിക്കാനുളള ഉത്തരവാദിത്വത്തിൽ പങ്കുവഹിക്കുന്നു. നമ്മുടെയിടയിൽ കാണുന്നതിന്റെ അടിസ്ഥാനത്തിൽ പുതിയവർ പലപ്പോഴും സത്യത്തെയും യഹോവയുടെ സ്ഥാപനത്തെയും വിധിക്കുന്നു. യഹോവയുടെ ശുദ്ധിയുളളസ്ഥാപനത്തിൽ തങ്ങളുടെ സ്ഥാനം കയ്യേൽക്കുന്നതിന് അവർ കാണുന്ന കാര്യങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുന്നു എന്ന് നാം ഉറപ്പുവരുത്തണം.
11 “മഹോപദ്രവ”ത്തിലൂടെ അതിജീവിക്കുന്നതിനുളള കൂട്ടിച്ചേർപ്പിന്റെ ആക്കം കൂടിക്കൊണ്ടിരിക്കുകയാണ്. (വെളി. 7:14) ആത്മീയമായി ശക്തരായിത്തീരുന്നവരും തങ്ങളെത്തന്നെ ശുദ്ധിയുളളവരായി നിലനിർത്തുന്നവരും മാത്രമേ ഒടുവിൽ അതിജീവിക്കുകയുളളു. അധികവും ഈ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു: (1) വ്യക്തിപരമായ നല്ല പഠനശീലങ്ങൾ നിലനിർത്തലും ദൈവവചനം ധ്യാനിക്കലും; (2) പ്രോത്സാഹനം പകരാനുളള ആഗ്രഹത്തോടെ അന്യോന്യം ആത്മാർത്ഥമായി വ്യക്തിപരമായ താല്പര്യം പ്രകടമാക്കൽ; (3) യഹോവയുടെ നാമത്തെ ആദരിക്കുന്ന ശുദ്ധിയുളള നടത്ത നിലനിർത്താൻ ഒത്തൊരുമിച്ച് പ്രവർത്തിക്കൽ. ഈ കാര്യങ്ങൾ ചെയ്യുന്നത് ഈ ലോകം അവസാനിക്കുമ്പോൾ യഹോവയുടെ അനുഗ്രഹവും സംരക്ഷണവും നമുക്ക് ഉറപ്പുനൽകും. “യഹോവ കാത്തുസൂക്ഷിക്കുന്ന വിശ്വസ്തരുടെ” കൂട്ടത്തിൽ നാം ഉണ്ടായിരിക്കുമെന്ന് നമുക്ക് ദൃഢവിശ്വാസമുളളവരായിരിക്കാൻ കഴിയും.—സങ്കി. 31:23.