ശുചിത്വം ദൈവത്തെ ബഹുമാനിക്കുന്നു
1 ശുചിത്വം ഉറപ്പു വരുത്തുന്നതിന്, മോശൈക ന്യായപ്രമാണത്തിൽ കർശനമായ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ശാരീരികമായും ആത്മീയമായും ശുദ്ധരായി നിലകൊളേളണ്ടത് ആവശ്യമായിരുന്ന ഒരു ജനതയെന്ന നിലയിൽ ആ വ്യവസ്ഥകൾ ഇസ്രായേലിനെ വ്യത്യസ്തമാക്കി നിർത്തി. (ലേവ്യ. 11:35, 36; 15:1-11; യെശ. 52:11) ശുദ്ധിയുളള ഈ നില ദൈവത്തിനു മഹത്ത്വം കൈവരുത്തുകയും ജനതയുടെ ആരോഗ്യം ഉറപ്പുവരുത്തുകയും ചെയ്തു.
2 ഇന്നും, ശുചിത്വം യഹോവയുടെ ജനത്തെ തിരിച്ചറിയിക്കുന്ന ഒരു അടയാളമാണ്. എന്നാൽ ഇത് ഒരു കൂട്ടമെന്ന നിലയിൽ യഹോവയുടെ ജനത്തെ തിരിച്ചറിയിക്കുമ്പോൾ, നാം ഓരോരുത്തരെയും സംബന്ധിച്ച് ഇതു സത്യമാണോ? വൃത്തിയും വ്യക്തിപരമായ ശുചിത്വവും സംബന്ധിച്ചു നാം എത്രത്തോളം തത്പരരായിരിക്കുന്നുവോ അത്രത്തോളം അതു യഹോവയുടെ വ്യവസ്ഥകളെ നാം വിലമതിക്കുന്നുവെന്നു പ്രതിഫലിപ്പിക്കുന്നു.
3 നമ്മുടെ വീട് എങ്ങനെയാണു കാണപ്പെടുന്നത്? നാം വഹിക്കുന്ന രാജ്യസന്ദേശത്തെക്കുറിച്ച് ആളുകൾ മോശമായി കരുതാൻ അത് ഇടവരുത്തുന്നുണ്ടോ? നമ്മുടെ സ്വന്തം വീട് ചിട്ടയില്ലാത്തതും മുററത്ത് വെട്ടിക്കളയാത്ത പുല്ലോ കളകളോ വളരുകയും ചെയ്യുന്ന അവസ്ഥയിലാകുമ്പോൾ, ഭൂമി ഒരു പറുദീസയായി രൂപാന്തരപ്പെടുന്നതിനെക്കുറിച്ചു നാം സംസാരിക്കുന്നപക്ഷം നമ്മുടെ ആത്മാർഥതയെ ആരെങ്കിലും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടോ? നമ്മുടെ വീട് അടുക്കും ചിട്ടയുമില്ലാത്ത അവസ്ഥയുടെ ഒരു പ്രതീതി ജനിപ്പിക്കുന്നെങ്കിൽ അല്ലെങ്കിൽ അനാരോഗ്യകരമായ ശീലങ്ങളാൽ ദുർഗന്ധം വമിക്കുന്നുണ്ടെങ്കിൽ “ദൈവരാജ്യത്തിൻ കീഴിലെ നൂതനക്രമത്തിന് അനുയോജ്യമായ ശീലങ്ങളും ശുചിത്വ മാതൃകകളും” നാം വികസിപ്പിച്ചെടുത്തിരിക്കുന്നു എന്നു പറയാൻ കഴിയുമോ?—സംഘടിതർ പേ. 136.
4 വയൽസേവനത്തിനു വേണ്ടി നാം ഉപയോഗിച്ചേക്കാവുന്ന ഏതെങ്കിലും വാഹനത്തിന്റെ കാര്യത്തിലോ? നമ്മുടെ പ്രവർത്തനത്തിൽനിന്നു ശ്രദ്ധ വ്യതിചലിപ്പിക്കാതിരിക്കത്തക്കവണ്ണം അതു ന്യായമായും വൃത്തിയുളളതാണോ? നമ്മുടെ വസ്ത്രങ്ങൾ, പുസ്തകബാഗ്, വ്യക്തിപരമായ ചമയം എന്നിവ സംബന്ധിച്ചെന്ത്? അവ വൃത്തിയുളളതും ഇടർച്ചയ്ക്കു കാരണമാകാതെ മററുളളവരുടെ മുമ്പാകെ കാണിക്കാൻ കൊളളാവുന്നതുമാണോ? പതിവായി കുളിച്ചുകൊണ്ടും തുണി കഴുകിക്കൊണ്ടും നമ്മെയും നമ്മുടെ വസ്ത്രത്തെയും ശുദ്ധിയുളളതായി സൂക്ഷിക്കുന്നത് ന്യായമാണ്.—w91 4⁄1 പേ. 14-17.
5 ഒരു സഹോദരന്റെ വ്യക്തിപരമായ ശുചിത്വവും ചുററുപാടുകളും സഭയ്ക്കു നിന്ദയ്ക്കു കാരണമായിത്തീരുമാറ് അദ്ദേഹം അശ്രദ്ധനായിത്തീർന്നിരിക്കുന്നുവെങ്കിലോ? പ്രായമോ വൈകല്യമോ നിമിത്തം അദ്ദേഹത്തിന് ഒരുപക്ഷേ സ്നേഹപൂർവകമായ എന്തെങ്കിലും സഹായത്തിന്റെ ആവശ്യം കണ്ടേക്കാം. അങ്ങനെയെങ്കിൽ, അദ്ദേഹത്തെ സഹായിക്കുന്നതു ദയാവായ്പായിരിക്കും. ഈ പ്രശ്നമുളള ഒരുവൻ അതു സംബന്ധിച്ചു ബോധവാനല്ലായിരിക്കാം; തന്റെ അവസ്ഥയ്ക്കു മാററം വരുത്താൻ ദയാപുരസ്സരമായ ബുദ്ധ്യുപദേശം അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം. ഈ കാര്യത്തിൽ നല്ല മാതൃക വയ്ക്കാത്ത വ്യക്തികൾ സഭയിലെ മുന്തിയ പദവികൾക്കു യോഗ്യരായിരിക്കുകയില്ല. തീർച്ചയായും, തങ്ങളുടെ വ്യക്തിപരമായ നിലവാരങ്ങളോ അഭിരുചികളോ മററുളളവരുടെമേൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ മൂപ്പൻമാർ ജാഗ്രത പുലർത്തണം.
6 പുതുതായി താത്പര്യമുളള വ്യക്തികൾ നമ്മുടെ രാജ്യഹാളിൽ ആത്മീയ വിരുന്നുകൾ ആസ്വദിക്കാൻ ക്ഷണിക്കപ്പെടുന്നു. സാധാരണമായി, ക്ഷണം വെച്ചുനീട്ടാൻ നാം ആകാംക്ഷയുളളവരാണ്, കാരണം ഹാൾ വളരെ ആകർഷകവും വൃത്തിയുളളതുമാണ്. എന്നാൽ, അത് ആ വിധം സൂക്ഷിക്കുന്നതിന് ജോലി ആവശ്യമാണ്. നിങ്ങളുടെ ഹാൾ ആകപ്പാടെയൊന്നു നോക്കുക. കസേരകളും തറയും ചുവരുകളും വൃത്തിയുളളതാണോ? കക്കൂസുകൾ ക്രമമായി തേച്ചു കഴുകാറുണ്ടോ? വൃത്തിഹീനമായ ഒരു തറയോ പെയിൻറ് പൊളിഞ്ഞുപോരുന്ന ചുവരോ സ്ഥിരം കാണുമ്പോൾ അതൊരു വലിയ വൃത്തികേടായി തോന്നാതിരുന്നേക്കാം. പക്ഷേ, ആദ്യമായി സന്ദർശിക്കുന്ന അപരിചിതരിൽ അതു നല്ലൊരു മതിപ്പുളവാക്കുകയില്ല. മനോഹരവും ആകർഷകവുമായ ഒരു ഹാൾ സൂക്ഷിക്കാൻ നാം നമ്മുടെ പരമാവധി ചെയ്യേണ്ടതുണ്ട്. ശുചീകരണമോ പുതുക്കൽപ്പണിയോ നടത്താനുളള സമയം വരുമ്പോൾ നമ്മുടെ പങ്കു നിർവഹിച്ചുകൊണ്ടു നമുക്ക് അങ്ങനെ ചെയ്യാവുന്നതാണ്.
7 ഒരു വാക്കും സംസാരിക്കാതെ, വ്യക്തിപരമായ ആകാരത്താലും നമ്മുടെ വീടുകളുടെയും വാഹനങ്ങളുടെയും രാജ്യഹാളുകളുടെയും വൃത്തിയുളള അവസ്ഥയാലും നമുക്കു ദൈവത്തെ മഹത്ത്വപ്പെടുത്താൻ കഴിയും. നമ്മുടെ നല്ല മാതൃക ഇടർച്ചയ്ക്കു യാതൊരു കാരണവും നൽകുകയില്ല, പിന്നെയോ നമ്മുടെ ആരാധന ശുദ്ധവും നേരുളളതുമാണെന്നതിനു സാക്ഷ്യം നൽകും.—1 കൊരി. 10:31, 32; യാക്കോ. 1:27.