ശ്രദ്ധാശൈഥില്യം കൂടാതെ യഹോവയെ സേവിക്കുക
1 “യഹോവ ദൈവമായിരിക്കുന്ന ജനം സന്തുഷ്ടരാകുന്നു!” (സങ്കീ. 144:15, NW) ദാവീദ് രാജാവിന്റെ ആ വാക്കുകൾ ഈ ദുഷ്ടനാളുകളിൽപ്പോലും സത്യമാണോ? (എഫെ. 5:16) ഉവ്വ്! യഹോവയെ സേവിക്കുന്നതിൽ ക്രിസ്ത്യാനികൾ ഇപ്പോഴും സന്തോഷം കണ്ടെത്തുന്നു. എന്നാൽ കാര്യങ്ങൾ നമുക്ക് എപ്പോഴും എളുപ്പമുളളതല്ല. ഈ “ദുർഘടസമയ”ങ്ങളിൽ സാത്താൻ നമുക്കു വിഷമതകൾ ഉണ്ടാക്കുന്നു, എങ്കിലും നമ്മുടെ ഉൻമേഷം നശിക്കുന്നില്ല. (2 തിമൊ. 3:1, 2) ദൈവരാജ്യം അധഃപതിച്ചുകൊണ്ടിരിക്കുന്ന ഈ പഴയ ലോകത്തെ തുടച്ചുനീക്കിക്കളഞ്ഞ് അതിന്റെ സ്ഥാനത്തു സംശുദ്ധമായ ഒരു പുതിയ ലോകം സ്ഥാപിക്കാനുളള സമയം അടുത്തിരിക്കുന്നു എന്നതിന്റെ കൂടുതലായ തെളിവാണു വഷളായിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥകൾ. (2 പത്രൊ. 3:13) ഈ ലോകത്തിന്റെ അന്ധകാരം സന്തുഷ്ടമായ നമ്മുടെ പ്രത്യാശയുടെ ജ്വാല കെടുത്തിക്കളയുകയോ മങ്ങിയതാക്കുകയോ ചെയ്യുന്നില്ല; പകരം നമ്മുടെ രാജ്യപ്രത്യാശ എന്നത്തേതിലും ശോഭയോടെ പ്രകാശിക്കുന്നു. അന്ധകാരാവൃതമായ ഈ ലോകത്തിൽ ഒരു ജ്യോതിസ്സെന്ന നിലയിൽ യഹോവയെ സേവിക്കുന്നതിൽ നിങ്ങൾ ആഹ്ലാദമുളളവനല്ലേ?—ഫിലി. 2:15.
2 വ്യക്തികളെന്ന നിലയിൽ, നാം യഹോവയെ എങ്ങനെ സേവിക്കുന്നുവെന്നു നിരന്തരം നിരീക്ഷിക്കണം. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ വലിയ ശ്രദ്ധാശൈഥില്യം വരുത്തുന്നവനാണ് സാത്താൻ. “ശ്രദ്ധാശൈഥില്യമുണ്ടാക്കുക” എന്നതിന്റെ ഇംഗ്ലീഷ് പദത്തെ [“distract”] ഒരു നിഘണ്ടു നിർവചിക്കുന്നത് ഇങ്ങനെയാണ്: “അകററുക,” “ഒരേ സമയംതന്നെ മറെറാരു വസ്തുവിലേക്കോ മററു ദിശകളിലേക്കോ (ഒരുവന്റെ ശ്രദ്ധ) ആകർഷിക്കുകയോ തിരിച്ചുവിടുകയോ ചെയ്യുക,” “വിരുദ്ധമായ വികാരങ്ങൾകൊണ്ടോ ലക്ഷ്യങ്ങൾകൊണ്ടോ വ്യാമിശ്രമാക്കുക അല്ലെങ്കിൽ ആശയക്കുഴപ്പം സൃഷ്ടിക്കുക.” ഈ ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടതുമുതൽ സാത്താൻ മനുഷ്യവർഗത്തെ “തെററിച്ചുകളയുന്ന”തിൽ വിജയിച്ചിട്ടുണ്ട്. നമ്മുടെ നാളിലെ യഥാർഥ വിവാദവിഷയങ്ങളിൽനിന്നു മമനുഷ്യന്റെ ശ്രദ്ധ അകററാൻ അവൻ നിരവധി ഉപായങ്ങൾ പ്രയോഗിക്കുന്നു. (വെളി. 12:9) കഴിഞ്ഞ നൂറു വർഷമായി രാജ്യത്തെക്കുറിച്ചു പ്രസംഗിക്കുന്നതിൽ യഹോവയുടെ സാക്ഷികൾ സതീക്ഷ്ണം പ്രവർത്തിച്ചിരിക്കുന്നുവെങ്കിൽ പോലും, ദൈവരാജ്യം മുഖാന്തരമുളള യഹോവയുടെ നാമവിശുദ്ധീകരണവും അവിടുത്തെ പരമാധികാരസംസ്ഥാപനവും എന്ന സർവപ്രധാനമായ വിവാദവിഷയങ്ങൾ എത്രപേർ വിലമതിക്കുന്നുണ്ട്? തുലോം വിരളം. (1 യോഹ. 5:19) ഈ ഭൂമിയിലെ ശതകോടിക്കണക്കിന് ആളുകൾക്കു ശ്രദ്ധാശൈഥില്യം വരുത്താൻ സാത്താനു കഴിയുന്നെങ്കിൽ, അതിന്റെ അർഥം യഹോവയുടെ സേവനം ഉപേക്ഷിക്കാൻതക്കവണ്ണം നമ്മുടെ ശ്രദ്ധയെ ശിഥിലമാക്കുകയോ ശ്രദ്ധ പിടിച്ചെടുക്കുകയോ ചെയ്യുമെന്ന അപകടം എപ്പോഴുമുണ്ടെന്നാണ്. ദുഃഖകരമെന്നു പറയട്ടെ, നമ്മുടെ സഹോദരൻമാരിൽ ചിലർ സാത്താന്റെ ശൈഥില്യങ്ങളാൽ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. വ്യത്യസ്ത ദിശകളിലേക്കു തങ്ങളുടെ മനസ്സുകൾ അലയാൻ അവർ അനുവദിച്ചിരിക്കുന്നു. ഇന്ന് എല്ലാത്തരത്തിലുളള ശൈഥില്യങ്ങളുമുണ്ട്. അവയിൽ ചിലത് എന്തെന്നു നോക്കുക.
3 സാമ്പത്തിക പ്രശ്നങ്ങളും ഭൗതിക വസ്തുക്കളോടുളള സ്നേഹവും: ഭൂമിയിലെ മിക്ക രാജ്യങ്ങളിലും തൊഴിലില്ലായ്മയും ഉയർന്ന ജീവിതച്ചെലവുകളും ഉത്കണ്ഠകൾക്കു കാരണമാണ്. നമുക്കുതന്നെയും നമ്മുടെ കുടുംബങ്ങൾക്കും ആഹാരവും വസ്ത്രവും പാർപ്പിടവും നാം നൽകേണ്ടതുണ്ടെന്നുളളത് സത്യമാണ്. എന്നാൽ ജീവിതാവശ്യങ്ങൾ സംബന്ധിച്ചു നാം വളരെയധികം ഉത്കണ്ഠാകുലരാകുന്നെങ്കിൽ ആ ഉത്കണ്ഠകൾ നമ്മുടെ ചിന്തയെ ഭരിക്കും. രാജ്യവിവാദവിഷയത്തിനു പിന്തുണ കൊടുക്കുന്നതിനു പകരം നമ്മുടെ ഭൗതികമായ അതിജീവനത്തിലായിരിക്കും മുഖ്യ പ്രാധാന്യം. ഈ കാര്യത്തിൽ അപ്പോസ്തലനായ പൗലോസ് എബ്രായർ 13:5, 6-ൽ ബുദ്ധ്യുപദേശം നൽകി. രാജ്യം ഒന്നാമത് അന്വേഷിക്കുന്നവർക്ക് ഉത്കണ്ഠപ്പെടേണ്ട ആവശ്യമില്ലെന്നു യേശുക്രിസ്തു നമുക്ക് ഉറപ്പു നൽകുന്നു; നമുക്കു വാസ്തവത്തിൽ ആവശ്യമുളള സംഗതികൾ യഹോവ പ്രദാനം ചെയ്യുന്നു. (മത്താ. 6:25-34) ലോകമെമ്പാടുമുളള പയനിയർമാർക്കും മുഴുസമയ ദാസർക്കും ഇതു സത്യമാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയും.
4 ഭൗതിക വസ്തുക്കളോടുളള സ്നേഹത്തെ സാത്താന്റെ ലോകം ഊട്ടിവളർത്തുകയാണ്. കൂടുതൽ വസ്തുക്കൾ സ്വരൂപിക്കുന്നത് അല്ലെങ്കിൽ അവയെ കാത്തുസൂക്ഷിക്കുന്നത് ദശലക്ഷക്കണക്കിനാളുകളുടെ ജീവിതത്തിലെ പ്രേരകശക്തിയാണ്. സമാനമായ ശൈഥില്യങ്ങൾ യേശുവിന്റെ നാളിൽ ഉണ്ടായിരുന്നു. നിത്യജീവൻ അവകാശമാക്കാൻ താൻ എന്താണു ചെയ്യേണ്ടതെന്നു ധനികനായ ഒരു യുവഭരണാധികാരി യേശുവിനോടു ചോദിച്ചു. യേശു ഇപ്രകാരം മറുപടി പറഞ്ഞു: “സൽഗുണപൂർണ്ണൻ [അല്ലെങ്കിൽ തികഞ്ഞവൻ] ആകുവാൻ ഇച്ഛിക്കുന്നു എങ്കിൽ നീ ചെന്നു നിനക്കുളളതു വിററു ദരിദ്രർക്കു കൊടുക്ക; . . . പിന്നെ വന്നു എന്നെ അനുഗമിക്ക.” (മത്താ. 19:16-23) വ്യക്തമായും, ഒട്ടനവധി ഭൗതിക സ്വത്തുക്കൾ മുഴുദേഹിയോടെ ദൈവത്തെ സേവിക്കുന്നതിൽനിന്ന് ഈ യുവാവിനെ തടഞ്ഞു. അയാളുടെ ഹൃദയം തന്റെ സമ്പത്തിന്റെ നേർക്കായിരുന്നു. ഈ ശൈഥില്യങ്ങളെല്ലാം ഇറക്കിവെച്ചാൽ ആ യുവമനുഷ്യനു കൂടുതൽ പ്രയോജനം കിട്ടുമെന്നു യേശുവിനറിയാമായിരുന്നു. ദൈവത്തോടുളള തന്റെ ഭക്തിയിൽ തികഞ്ഞവൻ ആയിരിക്കുന്നതിൽനിന്ന് അവ അദ്ദേഹത്തെ തടഞ്ഞു. നിങ്ങളെ സംബന്ധിച്ചോ? നിങ്ങൾ പരിചയിച്ചുപോന്ന ജീവിതരീതി നിലനിർത്താൻ കൂടുതൽ സമയം ലൗകിക ജോലി ചെയ്യുന്നതായി നിങ്ങൾ കണ്ടെത്തുന്നുവോ? യഹോവക്കുളള നിങ്ങളുടെ സേവനത്തെ അതു ബാധിച്ചിട്ടുണ്ടോ? നിങ്ങളുടെ ഭൗതിക സ്വത്തുക്കൾ രാജ്യതാത്പര്യങ്ങളെ തിക്കി പുറത്താക്കുന്നുണ്ടോ? (മത്താ. 6:24) കൂടുതൽ സമയം ആത്മീയ താത്പര്യങ്ങൾക്ക് അർപ്പിക്കാൻ കഴിയേണ്ടതിനു നിങ്ങളുടെ ജീവിതത്തെ ലളിതമാക്കാൻ നിങ്ങൾക്കാകുമോ?
5 അനുദിന ജീവിതത്തിലെ സാധാരണ കാര്യങ്ങൾ: സൂക്ഷ്മത പുലർത്തുന്നില്ലെങ്കിൽ, ആത്മീയ കാര്യങ്ങളെ അവഗണിച്ചുകൊണ്ടു സാധാരണ കാര്യങ്ങളിൽ നാം ആമഗ്നരായിത്തീർന്നേക്കാം. നോഹയുടെ നാളിലെ ആളുകളെ ഓർക്കുക. സാമൂഹിക കാര്യങ്ങൾ, തീററകുടി, വിവാഹം കഴിക്കൽ, മക്കളുടെ വിവാഹം നടത്തൽ തുടങ്ങിയ കാര്യങ്ങളിൽ അവർ വ്യാപൃതരായിരുന്നു. അതുകൊണ്ട് ആസന്നമായ പ്രളയത്തെക്കുറിച്ചുളള നോഹയുടെ മുന്നറിയിപ്പിൻ സന്ദേശത്തിന് അവർ ശ്രദ്ധ കൊടുത്തില്ല. അവർ മനസ്സിലാക്കും മുമ്പ്, ജലപ്രളയം വന്ന് അവരെയെല്ലാം അടിച്ചൊഴുക്കിക്കൊണ്ടുപോയി. ശൈഥില്യങ്ങൾ അവർക്കു നാശമായാണു ഭവിച്ചത്. യേശു ഇങ്ങനെ പറഞ്ഞു: “മനുഷ്യപുത്രന്റെ വരവും അങ്ങനെ തന്നേ ആകും.” (മത്താ. 24:37-39) നിശ്ചയമായും, തങ്ങൾക്കു ലഭിക്കുന്ന മുന്നറിയിപ്പിൻ ദൂതിനു ശ്രദ്ധ കൊടുക്കാൻ കഴിയാതവണ്ണം മിക്കയാളുകളും ഇന്നു തങ്ങളുടെ സ്വന്തം ജീവിതകാര്യങ്ങളിൽ വളരെയധികം ആമഗ്നരാകുന്നു. അവർ ആത്മീയ കാര്യങ്ങളോടു കടുത്ത ഉദാസീനത കാട്ടുന്നു.
6 ആത്മീയ കാര്യങ്ങൾക്കു ശ്രദ്ധ കുറഞ്ഞുകുറഞ്ഞു വരാൻ ഇടയാകത്തക്കവണ്ണം നിങ്ങളുടെ ജീവിതത്തിൽ സാമൂഹിക പ്രവർത്തനങ്ങൾ വന്നുനിറയുകയാണോ? ഒരവസരത്തിൽ മാർത്തയുടെയും മറിയയുടെയും വീട്ടിൽ യേശു ഒരു അതിഥിയായി ക്ഷണിക്കപ്പെട്ടു. യേശുവിനു പറയാനുണ്ടായിരുന്ന കാര്യങ്ങൾക്കു മറിയ സൂക്ഷ്മശ്രദ്ധ കൊടുത്തുകൊണ്ടിരുന്നു. നേരെ മറിച്ച്, മാർത്ത “അനേകം ജോലികളിൽ മുഴുകി ശ്രദ്ധ പതറിക്ക”പ്പെട്ടവളായിരുന്നു. ഒരു നല്ല ആതിഥേയ ആയിരിക്കുന്നതു സംബന്ധിച്ചു മാർത്തക്ക് അനുചിതമായ ഉത്കണ്ഠയായിരുന്നു ഉണ്ടായിരുന്നത്. യേശുവിനെ ശ്രദ്ധിക്കാൻ സമയമെടുക്കേണ്ട ആവശ്യത്തെ വിലമതിക്കാൻ അവൾ പരാജയപ്പെട്ടു. വലിയ വിഭവങ്ങളുടെയൊന്നും ആവശ്യമില്ലായിരുന്നുവെന്ന് യേശു മാർത്തക്കു ദയാപുരസ്സരം ചൂണ്ടിക്കാട്ടിക്കൊടുത്തു; മറിച്ച് കൂടുതൽ ശ്രദ്ധ ആത്മീയ കാര്യങ്ങൾക്കു കൊടുക്കേണ്ടിയിരുന്നു. ആ ബുദ്ധ്യുപദേശം നിങ്ങൾ ബാധകമാക്കേണ്ടതുണ്ടോ? (ലൂക്കോ. 10:38-42, NW) നമ്മുടെ സുബോധത്തെ മന്ദീഭവിപ്പിച്ചുകൊണ്ട് അമിതമായി തിന്നുകുടിക്കാതിരിക്കാൻ നമുക്കുതന്നെ ശ്രദ്ധ കൊടുക്കണമെന്നും യേശു മുന്നറിയിപ്പു നൽകി. മാനവചരിത്രത്തിലെ ഈ നിർണായക സമയത്ത്, നാം പൂർണമായും ജാഗ്രത പാലിക്കേണ്ടതുണ്ട്.—ലൂക്കൊ. 21:34-36.
7 സുഖഭോഗങ്ങൾക്കു വേണ്ടിയുളള അനുധാവനം: രാജ്യവിഷയത്തിൽനിന്നു ശ്രദ്ധ പതറിക്കാൻ പിശാച് ഉപയോഗിക്കുന്ന ഏററവും വലിയ ശൈഥില്യങ്ങളിലൊന്നു സുഖഭോഗങ്ങൾക്കു വേണ്ടിയുളള അനുധാവനമാണ്. ക്രൈസ്തവലോകത്തിലെ ദശലക്ഷക്കണക്കിനാളുകൾ ദൈവത്തിന്റെ സ്ഥാനത്ത് ഉല്ലാസത്തെ പ്രതിഷ്ഠിച്ചിരിക്കുന്നു. ദൈവവചനത്തിൽ കാര്യമായ താത്പര്യമെടുക്കുന്നതിനു പകരം വിനോദത്തിലേർപ്പെട്ടു രസിക്കുന്നതിലാണ് അവർക്കു കൂടുതൽ ഇഷ്ടം. (2 തിമൊ. 3:4) തീർച്ചയായും, ആരോഗ്യാവഹമായ വിനോദവും കളികളും അവയിൽത്തന്നെ തെററല്ല. എന്നാൽ ടെലിവിഷൻ, ചലച്ചിത്രങ്ങൾ, വീഡിയോകൾ, സ്പോർട്സ്, ലൗകിക പ്രസിദ്ധീകരണങ്ങളുടെ വായന, അല്ലെങ്കിൽ ഹോബികൾ എന്നിവ പോലുളള പ്രവർത്തനങ്ങൾക്കായി അളവിൽക്കവിഞ്ഞ സമയം ഓരോ വാരവും ചെലവഴിക്കുമ്പോൾ അതു വഞ്ചനാകരമായ ഒരു ഹൃദയം വളർന്നുവന്നു യഹോവയിൽനിന്ന് അകന്നുപോകാൻ ഇടയാക്കിയേക്കാം. (യിരെ. 17:9; എബ്രാ. 3:12) അത് എങ്ങനെ സംഭവിക്കാം? ക്രിസ്തീയ യോഗങ്ങളുടെ സമയത്തു മനസ്സ് അലഞ്ഞുതിരിയുന്നതായി നിങ്ങൾ തിരിച്ചറിഞ്ഞേക്കാം; നിങ്ങൾക്കു സുഖഭോഗങ്ങൾക്കു പിന്നാലെ പോകാൻ കഴിയേണ്ടതിനു യോഗം അവസാനിക്കാൻ പോലും നിങ്ങൾ ആഗ്രഹിച്ചേക്കാം. താമസിയാതെ, യോഗങ്ങളോ വയൽസേവനമോ ഒഴിവാക്കിക്കൊണ്ടു വീട്ടിൽ കഴിഞ്ഞുകൂടാൻ നിങ്ങൾ കാരണങ്ങൾക്കു വേണ്ടി പരതുന്നതായി കണ്ടെത്തും. ഈ അനുധാവനങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ശൈഥില്യങ്ങളായിത്തീർന്നിരിക്കുന്നുവോ എന്നു സ്പഷ്ടമായി തീരുമാനിക്കുന്നതിനുളള സമയം ഇപ്പോഴാണ്. (ലൂക്കൊ. 8:14) വിനോദത്തിനു വേണ്ടി ചെലവഴിക്കുന്ന വിലപ്പെട്ട മണിക്കൂറുകളിൽ ചിലത് ആത്മീയ പുരോഗതിക്കു വേണ്ടി കൂടുതൽ മെച്ചമായി ഉപയോഗിച്ചുകൂടേ?
8 സമയം കവർന്നെടുക്കുന്ന മററു സംഗതികൾ: ആധുനിക സമൂഹത്തിൽ സാധാരണമായുളള പ്രശ്നങ്ങൾ പരിഹരിക്കാനുളള ശ്രമങ്ങളിൽ ചിലർ കുരുങ്ങിപ്പോയിട്ടുണ്ട്. ഈ ലോകത്തിലെ സാമൂഹിക വിവാദവിഷയങ്ങളെ ചൊല്ലിയുളള അന്തമില്ലാത്ത തർക്കങ്ങളിലും നീതികേടു തിരുത്താനുളള അതിന്റെ വ്യർഥമായ പോരാട്ടങ്ങളിലും ഏർപ്പെടുന്നതു ക്രിസ്ത്യാനികൾ ഒഴിവാക്കേണ്ടതുണ്ട്. (യോഹ. 17:16) ഇവയെല്ലാം, ബൈബിളിന്റെ ബുദ്ധ്യുപദേശത്തിൽനിന്നും ദൈവരാജ്യമെന്ന ഒരൊററ ദീർഘകാല പരിഹാരം മാത്രമേയുളളൂവെന്ന അടിസ്ഥാന വസ്തുതയിൽനിന്നും ശ്രദ്ധ വ്യതിചലിപ്പിക്കാനുളള സാത്താന്റെ പദ്ധതിയുടെ ഭാഗമാണ്. നാം വ്യക്തിപരമായി ദ്രോഹമോ അനീതിയോ സഹിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ പ്രതികാരമനോഭാവമുളളവരോ യഹോവയുടെ സാക്ഷികളാണെന്ന കാര്യം മറക്കാനിടയാകത്തക്കവണ്ണം വൈകാരികമായി വളരെ സംഭ്രാന്തരോ ആയിത്തീരാതിരിക്കാൻ നാം ജാഗ്രത പുലർത്തണം. സർവോപരി, തെററു ചെയ്തിരിക്കുന്നതു യഹോവക്കെതിരെയാണ്, അവിടുത്തെ നാമമാണു നാം വിശുദ്ധീകരിക്കേണ്ടത്.—യെശ. 43:10-12; മത്താ. 6:9.
9 ഒരു പരിധിവരെ നല്ല ആരോഗ്യം നിലനിർത്താൻ എല്ലാവരും ആഗ്രഹിക്കുന്നുവെന്നിരിക്കെ, വെച്ചുനീട്ടപ്പെടുന്ന അന്തമില്ലാത്ത സിദ്ധാന്തങ്ങൾക്കും പരിഹാരമാർഗങ്ങൾക്കും അനുചിതമായ ശ്രദ്ധ കൊടുക്കുന്നത് ആരോഗ്യപരമായ കാര്യങ്ങളിൽ വളരെയധികം മുഴുകിപ്പോകാൻ ഇടയാക്കും. ശാരീരികവും വൈകാരികവുമായ പ്രശ്നങ്ങൾക്ക് നാനാവിധ ആഹാരക്രമവും ചികിത്സാമുറകളും വിധികളും ശുപാർശ ചെയ്യുന്നവർ അനവധിയാണ്. അത്തരം കാര്യങ്ങളിലധികവും ഒന്നിനോടൊന്നു വിരുദ്ധമാണ്. ആരോഗ്യപരമായ കാര്യങ്ങളിൽ ഒരാൾ ചെയ്യുന്ന ഒരു സംഗതി ബൈബിൾ തത്ത്വങ്ങളുടെ ലംഘനമാകാത്തിടത്തോളംകാലം അതു വ്യക്തിപരമായ ഒരു തീരുമാനമാണ്. മനുഷ്യവർഗത്തിന്റെ എല്ലാ രോഗങ്ങൾക്കും യഥാർഥ പരിഹാരമെന്ന നിലയിൽ ദൈവരാജ്യത്തിൽ നമുക്കു നമ്മുടെ സമ്പൂർണ ആശ്രയം എല്ലായ്പോഴും വയ്ക്കാം.—യെശ. 33:24; വെളി. 21:3, 4.
10 സ്ഥിരതയുളളവരും അചഞ്ചലരുമായിത്തീരുക: അവസാനം അടുത്തുവരവേ, യഹോവയുടെ സേവനത്തിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാനുളള സാത്താന്റെ ശ്രമങ്ങൾ പെരുകും. “വിശ്വാസത്തിൽ സ്ഥിരമുളളവരായി അവനോടു എതിർത്തു നില്പിൻ.” (1 പത്രൊ. 5:9) എങ്ങനെ? ദൈവത്തിന്റെ ചിന്തകൾകൊണ്ട് നിങ്ങളെ സ്വയം പരിപോഷിപ്പിക്കേണ്ടതുണ്ട്. (മത്താ. 4:4) ദൈവവചനം പരിചിന്തിക്കുന്നതിനും അതിനെക്കുറിച്ചു ശാന്തമായി ധ്യാനിക്കുന്നതിനും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ആവശ്യമുളള സമയം ഈ ലോകത്തിലെ ശൈഥില്യങ്ങൾ കവർന്നുകളയാതിരിക്കട്ടെ. കുടുംബ ഭക്ഷണവേളകളിൽ പരിപുഷ്ടിപ്പെടുത്തുന്ന അനുഭവങ്ങളും മററ് ആത്മീയ കാര്യങ്ങളും സംസാരിക്കുക. വ്യക്തിപരമായ പഠനത്തിനും യോഗങ്ങൾക്കായി തയ്യാറാകുന്നതിനും വേണ്ടി സ്ഥിരമായ ഒരു പട്ടികയോടു പററിനിൽക്കുക.
11 ഉത്കണ്ഠകൾ നിങ്ങളുടെ മനസ്സിനെ ഇളക്കിമറിക്കുമെന്നു തോന്നുമ്പോൾ നിങ്ങളുടെ ഭാരം പ്രാർഥനയിൽ യഹോവയുടെമേൽ ഇട്ടുകൊളളുക. അവിടുന്ന് നിങ്ങൾക്കു വേണ്ടി കരുതുന്നുവെന്ന് ഉറപ്പുളളവരായിരിക്കുക. (1 പത്രൊ. 5:7) ദൈവസമാധാനം നിങ്ങളുടെ ഹൃദയത്തെയും മാനസികപ്രാപ്തികളെയും കാക്കട്ടെ. (ഫിലി. 4:6, 7) നിങ്ങളുടെ ആത്മീയ വീക്ഷണം മങ്ങിപ്പോകാൻ ശൈഥില്യങ്ങളെ അനുവദിക്കാതിരിക്കുക. യേശു ചെയ്തതുപോലെ, നിങ്ങളുടെ മുമ്പാകെ യഹോവയെ നിരന്തരം പ്രതിഷ്ഠിക്കുക. (പ്രവൃ. 2:25) സദൃശവാക്യങ്ങൾ 4:25-27 പറയുന്നതുപോലെ നിങ്ങളുടെ ദൃഷ്ടി നേരെ മുമ്പിലുളള ലക്ഷ്യത്തിൽത്തന്നെ പതിപ്പിച്ചുനിർത്തുക: “നിന്റെ കണ്ണു നേരെ നോക്കട്ടെ; നിന്റെ കണ്ണിമ ചൊവ്വെ മുമ്പോട്ടു മിഴിക്കട്ടെ. നിന്റെ കാലുകളുടെ പാതയെ നിരപ്പാക്കുക; നിന്റെ വഴികളെല്ലാം സ്ഥിരമായിരിക്കട്ടെ. ഇടത്തോട്ടോ വലത്തോട്ടോ തിരിയരുതു.”
12 എല്ലാ യോഗങ്ങളിലും വിശ്വസ്തതയോടെ പങ്കുപററുക. ദൈവവചനത്തിൽനിന്നുളള പ്രബോധനത്തിനു ശ്രദ്ധ കൊടുക്കേണ്ടതിന് സ്വയം ശിക്ഷണം നൽകുക. (എബ്രാ. 2:1; 10:24, 25) ഈ അധഃപതിച്ച ലോകം പ്രദാനം ചെയ്യുന്ന സുഖങ്ങളിലേക്കു നോക്കുന്നതിനു പകരം ഫലദായകമായ ശുശ്രൂഷ നിലനിർത്താൻ ലക്ഷ്യമിടുക. അതാണ് നിലനിൽക്കുന്ന സന്തോഷവും സംതൃപ്തിയും കൈവരുത്തുന്നത്. (1 തെസ്സ. 2:19, 20) ഒടുവിൽ, വിശുദ്ധ സേവനത്തിൽനിന്നു നിങ്ങളെ വ്യതിചലിപ്പിക്കാൻ ഏതെങ്കിലും സംഗതിയെയോ വ്യക്തിയെയോ അനുവദിക്കാതിരിക്കുക. “ഉറപ്പുളളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കർത്താവിൽ വ്യർത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കർത്താവിന്റെ വേലയിൽ എപ്പോഴും വർദ്ധിച്ചുവരുന്നവരും ആകുവിൻ.”—1 കൊരി. 15:58.