ബൈബിൾ വിദ്യാർഥികളെ ശുശ്രൂഷക്കായി ഒരുക്കുക
1 ബൈബിളധ്യയനങ്ങൾ നടത്തുന്നതിന്റെ അന്തിമ ലക്ഷ്യം, മററുളളവരെ പഠിപ്പിക്കുന്നതിൽ നമ്മോടൊപ്പം ചേരുന്ന പുതിയ ശിഷ്യരെ ഉളവാക്കുക എന്നതാണ്. (മത്താ. 28:19, 20) അതുകൊണ്ട് അധ്യയനത്തിന്റെ ഉദ്ദേശ്യം കേവലം അറിവു പകരുക എന്നതല്ല; അതു നമ്മുടെ വിദ്യാർഥികളിൽ ഹൃദയംഗമമായ വിശ്വാസം നട്ടുവളർത്തുകയും തങ്ങളുടെ പ്രത്യാശ മററുളളവരോടു പങ്കുവയ്ക്കുന്നതിൽ അവരെ ഒരുക്കുകയും ചെയ്യണം. (2 കൊരി. 4:13) മററുളളവരെ പഠിപ്പിക്കാൻ യോഗ്യരായിത്തീരുന്നതിന് അവരെ ഏതെല്ലാം പ്രായോഗിക വിധങ്ങളിൽ നമുക്കു സഹായിക്കാനാകും?—2 തിമൊ. 2:2.
2 ശുശ്രൂഷയെ ഒരു ലാക്കാക്കി വയ്ക്കുക: സത്യാരാധനയിൽ “രക്ഷയ്ക്കായുളള പരസ്യപ്രഖ്യാപനം” ഉൾപ്പെടുന്നുവെന്നതു തുടക്കം മുതൽത്തന്നെ വ്യക്തമാക്കുക. (റോമ. 10:10, NW) യഹോവയുടെ സാക്ഷികൾ എന്ന നമ്മുടെ പേരുതന്നെ നാം മററുളളവരോടു സംസാരിക്കണം എന്നു സൂചിപ്പിക്കുന്നു. അവർ പഠിപ്പിക്കപ്പെടുന്നത് അവരുടെ മാത്രം രക്ഷയ്ക്കു വേണ്ടിയല്ല എന്നു മനസ്സിലാക്കാൻ അവരെ സഹായിക്കുക. അവർതന്നെ പഠിപ്പിക്കുന്നവർ ആയിത്തീരുമ്പോൾ അവരെ ശ്രദ്ധിക്കുന്നവർക്ക് രക്ഷയ്ക്കുളള ഒരു അവസരം ലഭിക്കുന്നു.—1 തിമൊ. 4:16.
3 പഠിച്ച കാര്യങ്ങൾ പുനരവലോകനം ചെയ്യുക: പഠിച്ച കാര്യങ്ങൾ കുറെക്കാലം കൂടുമ്പോൾ അവലോകനം ചെയ്യുന്നത് വിലയേറിയ ഒരു പഠിപ്പിക്കൽ സഹായിയാണ്. പുതുതായി പഠിച്ച സത്യങ്ങൾ വിദ്യാർഥിയുടെ മനസ്സിലും ഹൃദയത്തിലും ആഴത്തിൽ പതിയുമ്പോൾ ആത്മീയമായി വളരാൻ അവ അയാളെ സഹായിക്കുന്നു. വീക്ഷാഗോപുര അധ്യയനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന പുനരവലോകന ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ നാംതന്നെ ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്. വിദ്യാർഥിയുടെ സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ അദ്ദേഹത്തിനു കഴിയേണ്ടതിനു ലളിതവും നേരിട്ടുളളതുമായ ചോദ്യങ്ങൾ തയ്യാറാക്കുക.
4 നിങ്ങളുടെ പുനരവലോകനം വയൽസേവന രംഗസംവിധാനത്തിലാകാവുന്നതാണ്. മററുളളവരോടു സാക്ഷീകരിക്കുമ്പോൾ സാധാരണമായി ഉയർന്നുവന്നേക്കാവുന്ന ഒരു സാഹചര്യത്തെ വർണിക്കുകയോ ഒരു ചോദ്യം ഉന്നയിക്കുകയോ ചെയ്യുക. നിങ്ങൾ ഒരു വീട്ടുകാരനായി വർത്തിച്ചുകൊണ്ട് വിദ്യാർഥി എന്തു പറയുമെന്നു പ്രകടിപ്പിക്കാൻ അയാളെ അനുവദിക്കുക. നന്നായി ചെയ്തതിന് അദ്ദേഹത്തെ അനുമോദിക്കുക. അടുത്ത തവണ അതിലുമധികം ഫലപ്രദനായിത്തീരാൻ അദ്ദേഹത്തെ സഹായിക്കുന്ന നിർദേശങ്ങൾ പ്രദാനം ചെയ്യുക. ഇങ്ങനെയുളള പരിശീലനം, താൻ മനസ്സിലാക്കിയിരിക്കുന്നത് എങ്ങനെ ഉപയോഗിക്കാമെന്ന് അദ്ദേഹത്തെ പഠിപ്പിക്കുകയും ബൈബിൾ ഉപയോഗിക്കാനുളള അദ്ദേഹത്തിന്റെ വൈദഗ്ധ്യത്തെ വർധിപ്പിക്കുകയും ചെയ്യും.
5 ന്യായവാദം പുസ്തകം: ന്യായവാദം പുസ്തകത്തിന്റെ ഒരു കോപ്പി നിങ്ങളുടെ വിദ്യാർഥിക്കുണ്ടെന്ന് ഉറപ്പുവരുത്തുക. അത് ഉപയോഗിക്കാൻ അദ്ദേഹത്തെ പരിശീലിപ്പിക്കുകയും ചെയ്യുക. സംഭാഷണം തുടങ്ങാനും ബൈബിൾ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ പറയാനും അല്ലെങ്കിൽ തടസ്സവാദങ്ങളെ കൈകാര്യം ചെയ്യാനും അത് എങ്ങനെ നിർദേശങ്ങൾ പ്രദാനം ചെയ്യുന്നുവെന്നു കാട്ടിക്കൊടുക്കുക. ബോധ്യംവരുത്തുന്ന ഒരു വിധത്തിൽ മററുളളവരോടു സംസാരിക്കാനുളള വിധങ്ങൾ പ്രകടിപ്പിച്ചു കാണിക്കുന്നതിന് അധ്യയനത്തിൽ ഈ പുസ്തകം ഉപയോഗിക്കുക. ഇതിന് അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ കെട്ടുപണി ചെയ്യാനും രാജ്യസന്ദേശം പ്രഖ്യാപിക്കാൻ മുൻകൈ എടുക്കുന്നതിന് അദ്ദേഹത്തിന്റെ മനസ്സൊരുക്കത്തെ വർധിപ്പിക്കാനും കഴിയും.
6 യോഗങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുക: സഭായോഗങ്ങൾ, പ്രത്യേകിച്ച് സേവനയോഗവും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളും വയൽസേവനത്തിനായി നമ്മെ ഒരുക്കാൻ ആസൂത്രണം ചെയ്യപ്പെട്ടിട്ടുളളവയാണ്. ഫലപ്രദമായ സാക്ഷീകരണത്തിന്റെ അടിസ്ഥാനസംഗതികൾ അനുഭവപരിചയവും വൈദഗ്ധ്യവുമുളളവർ അവലോകനം ചെയ്യുകയും പ്രകടിപ്പിച്ചു കാണിക്കുകയും ചെയ്യുന്നു. യോഗങ്ങളുടെ പ്രാധാന്യത്തെ ഊന്നിപ്പറയുക. അവയിൽ സംബന്ധിക്കുന്നതിന് അദ്ദേഹത്തെ സഹായിക്കാൻ നിങ്ങളാൽ കഴിയുന്നതു ചെയ്യുക. ക്രമമായി യോഗങ്ങൾക്കു ഹാജരാകുന്നത് യേശുവിന്റെ ഒരു യഥാർഥ ശിഷ്യനായിത്തീരാനാവശ്യമായ ഉത്തേജനം നിങ്ങളുടെ വിദ്യാർഥിക്കു പ്രദാനം ചെയ്യും.
7 നിങ്ങളുടെ സ്വന്തം വ്യക്തിപരമായ ദൃഷ്ടാന്തവും അവഗണിക്കരുത്. പ്രസംഗപ്രവർത്തനത്തിലെ നിങ്ങളുടെ മനസ്സൊരുക്കവും ക്രമവും സത്യത്തോടുളള നിങ്ങളുടെ ആഴമായ വിലമതിപ്പിനെ പ്രകടമാക്കുന്നു. അത്തരമൊരു ഗതി തന്റെ വിശ്വാസത്തെ പ്രകടിപ്പിച്ചുകാണിക്കാൻ കൂടുതൽ ചെയ്യുന്നതിനു നിങ്ങളുടെ വിദ്യാർഥിയെ പ്രോത്സാഹിപ്പിക്കും. (ലൂക്കൊ. 6:40) ഇതെല്ലാം ശുശ്രൂഷയെ ഒരു പദവിയായി വീക്ഷിക്കാനും അതിൽ ഒരു പങ്കുണ്ടായിരിക്കുന്നതിൽ നന്ദിയുളളവനായിരിക്കാനും ഒരു പുതിയ വ്യക്തിയെ സഹായിക്കുന്നു.—1 തിമൊ. 1:12.