സഭാപുസ്തകാധ്യയനം വിദ്യാഭ്യാസ പ്രവർത്തനങ്ങളെ പുരോഗമിപ്പിക്കുന്നു
1 യഹോവയുടെ സ്ഥാപനത്തിന്റെ വിദ്യാഭ്യാസപരിപാടിയിൽ സഭാപുസ്തകാധ്യയനത്തിന് ഒരു മർമപ്രധാനമായ പങ്കുണ്ട്. പുസ്തകാധ്യയനക്കൂട്ടങ്ങൾ പ്രദേശത്ത് അങ്ങുമിങ്ങുമായി പലയിടങ്ങളിൽ സ്ഥിതിചെയ്യുന്നു. ഇതുമുഖാന്തരം, എല്ലാവർക്കും പങ്കെടുക്കാനുളള സൗകര്യമുണ്ട്. തങ്ങളുടെ അയൽപക്കത്ത് ഒരു അധ്യയനം ഉണ്ടെന്നു കേൾക്കുമ്പോൾ അതിൽ സംബന്ധിക്കാനുളള ക്ഷണം സ്വീകരിക്കാൻ താത്പര്യക്കാർ കൂടുതൽ മനസ്സൊരുക്കം കാണിച്ചേക്കാം.
2 ഓരോ കൂട്ടത്തെയും ചെറുതാക്കി നിലനിർത്താൻ ശ്രമം ചെയ്യപ്പെടുന്നു. ഓരോരുത്തർക്കും വ്യക്തിപരമായ സഹായം കൊടുക്കാൻ ഇത് അധ്യയനനിർവാഹകനെ സഹായിക്കുന്നു. എല്ലാവരും ഒരേ വേഗതയിലല്ല പഠിക്കുന്നത്. നേരത്തെ പാഠം പഠിച്ചിട്ടും ഒരു ആശയം മനസ്സിലാക്കാൻ ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ അധ്യയനത്തിനുശേഷം അധ്യയനനിർവാഹകന് അതു സംബന്ധിച്ചു കൂടുതൽ ചർച്ചചെയ്യുന്നതാണ്. കൂടാതെ, ചെറിയ കൂട്ടങ്ങളാകുമ്പോൾ അഭിപ്രായങ്ങൾ പറയാനും തിരുവെഴുത്തുകൾ വായിക്കുന്നതിൽ പങ്കെടുക്കാനും കൂടുതൽ അവസരങ്ങളുണ്ട്. ക്രമമായി അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ട് നിങ്ങൾ ചർച്ചയിൽ പങ്കെടുക്കാറുണ്ടോ? സ്വന്തം വാക്കുകളിൽ ഉത്തരം പറയാൻ നിങ്ങൾ ശ്രമിക്കാറുണ്ടോ? പങ്കെടുക്കാനുളള നിങ്ങളുടെ മനസ്സൊരുക്കം നിങ്ങൾക്കും മററുളളവർക്കും പ്രയോജനകരമായേക്കാം. നിങ്ങൾ ഒരുങ്ങുമ്പോൾ പാഠത്തിലെ ചില ആശയങ്ങൾ നിങ്ങൾക്കു വ്യക്തിപരമായി എങ്ങനെ ബാധകമാക്കാനാവുമെന്നു വിവേചിക്കാൻ നിങ്ങളുടെ ചിന്താപ്രാപ്തികളെ ഉപയോഗിക്കുക.—എബ്രാ. 5:14.
3 അധ്യയനനിർവാഹകൻ ഉപയോഗിക്കുന്ന പഠിപ്പിക്കൽവിധങ്ങൾ നിരീക്ഷിച്ചുകൊണ്ട്, കൂടുതൽ രസാവഹവും പ്രബോധനാത്മകവുമായ വിധത്തിൽ ഭവനബൈബിളധ്യയനങ്ങൾ എങ്ങനെ നടത്താമെന്നു നിങ്ങൾക്കു മനസ്സിലാക്കാനാവും. യോഗ്യതയുളള ഒരു സഹോദരൻ ഖണ്ഡികകൾ വായിച്ചുകഴിയുമ്പോൾ ചോദ്യങ്ങൾ പരിചിന്തിക്കുന്നു. കേൾക്കാവുന്ന ഒച്ചത്തിൽ സംസാരിക്കാൻ അധ്യയനനിർവാഹകൻ സകലരെയും പ്രോത്സാഹിപ്പിക്കുന്നു. പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തുകളെക്കുറിച്ച്, അവ നമുക്ക് എങ്ങനെ ബാധകമാകുന്നു എന്നു മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നതിന്, സമയമുളളതനുസരിച്ച് അഭിപ്രായങ്ങൾ പറയിപ്പിക്കാൻ അദ്ദേഹം ശ്രമിക്കുന്നു. (താരതമ്യം ചെയ്യുക: നെഹെമ്യാവു 8:8.) ഒരു പ്രധാന ആശയം വ്യക്തമാക്കാൻ അദ്ദേഹം ചിലപ്പോൾ ഹ്രസ്വമായ, സുവ്യക്തമായ അഭിപ്രായപ്രകടനങ്ങളോ സഹായക ചോദ്യങ്ങളോ കൂടുതലായി ഉൾക്കൊളളിച്ചേക്കാം. വിവരങ്ങൾ നമ്മുടെ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ ഒരു ഉദാഹരണമോ ദൃഷ്ടാന്തമോ നമ്മെ സഹായിച്ചേക്കാം.
4 ചിലയിടങ്ങളിൽ സഭാപുസ്തകാധ്യയനങ്ങളിലെ ഹാജർനില താരതമ്യേന കുറവാണ്. നിങ്ങൾ ക്രമമായി സംബന്ധിക്കാറുണ്ടോ? ഇല്ലെങ്കിൽ, ഒരു പ്രധാന കരുതൽസംവിധാനത്തെ നിങ്ങൾ വിട്ടുകളയുകയാണ്. നമ്മോടുളള യഹോവയുടെ കരുതൽ പ്രകടമാക്കുന്ന വിധങ്ങളിൽ ഒന്ന് പുസ്തകാധ്യയന ക്രമീകരണമാണ്. (1 പത്രൊ. 5:7) ആത്മീയമായി കരുത്തരായിത്തീരുന്നതിനുവേണ്ടി നാം അറിവിലും പരിജ്ഞാനത്തിലും പുരോഗതി കൈവരിക്കണമെന്ന് അവൻ ആഗ്രഹിക്കുന്നു. എന്നാൽ അതേസമയംതന്നെ, നാം യഹോവക്കും അവന്റെ സ്ഥാപനത്തിനും ഉപകാരപ്പെടുന്നതിൽ കുറഞ്ഞുവരണം എന്നാണു സാത്താൻ ആഗ്രഹിക്കുന്നത്. അതിനുവേണ്ടി നമ്മുടെ ആത്മീയ പുരോഗതിയെ മന്ദഗതിയിലാക്കി നമ്മെ ദുർബലരാക്കാൻ അവൻ ശ്രമിക്കും. ഇതു സംഭവിക്കാൻ അനുവദിക്കരുത്! ഈ ഗാഢസൗഹൃദ സമൂഹത്തിലെ ഊഷ്മളമായ, സ്നേഹപുരസ്സരമായ അന്തരീക്ഷം നിങ്ങളുടെ ഹൃദയത്തെ സ്പർശിക്കുകയും യഹോവയെ സ്തുതിക്കുന്നതു തുടരാൻ നിങ്ങളെ പ്രചോദിപ്പിക്കുകയും ചെയ്യുമാറാകട്ടെ.—താരതമ്യം ചെയ്യുക: സങ്കീർത്തനം 111:1.
5 ഒട്ടുമിക്ക പുസ്തകാധ്യയനകേന്ദ്രങ്ങളിലും പ്രസാധകർക്കു സൗകര്യപ്രദമായ വിധത്തിൽ വയൽസേവനയോഗങ്ങൾ നടത്തുന്നുണ്ട്. ഇതാകട്ടെ, മധ്യവാരത്തിലോ, വാരാന്തത്തിലോ, സായാഹ്നങ്ങളിലോ ഉളള സാക്ഷീകരണത്തിനു വേണ്ടിയൊക്കെ ആകാം. പ്രവർത്തിക്കാൻ ആവശ്യത്തിനു സ്ഥലമുണ്ടെന്നും വയലിൽ നേതൃത്വമെടുക്കാൻ ആരെങ്കിലുമുണ്ടായിരിക്കുമെന്നും പുസ്തകാധ്യയന നിർവാഹകൻ ഉറപ്പുവരുത്തും. വയൽസേവനയോഗങ്ങൾ 10-15 മിനിററിൽ കൂടാൻ പാടില്ല. ദിനവാക്യം നമ്മുടെ പ്രസംഗവേലയുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ അതേപ്പററി നിർവാഹകനു ഹ്രസ്വമായ ചർച്ച നടത്താവുന്നതാണ്. അതോടൊപ്പം വയൽസേവനത്തിനുവേണ്ടി ഒന്നോ രണ്ടോ വിശേഷ നിർദേശങ്ങൾ കൊടുക്കുകയോ അപ്പോഴത്തെ സമർപ്പണത്തിന്റെ ഒരു ഹ്രസ്വ പ്രകടനം അവതരിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
6 ഏതാണ്ട് ഒരു കാലയളവിൽ അധ്യയനനിർവാഹകൻ തന്റെ കൂട്ടത്തിലെ ഓരോരുത്തരോടുമൊപ്പം വ്യക്തിപരമായി വേലയിൽ ഏർപ്പെടാൻ പരിശ്രമിക്കുന്നു. അങ്ങനെ അദ്ദേഹം ഓരോരുത്തർക്കും ഉചിതമായ പ്രോത്സാഹനവും പരിശീലനവും നൽകുന്നു.—താരതമ്യം ചെയ്യുക: മർക്കൊസ് 3:14; ലൂക്കൊസ് 8:1.