ഫലകരമായ തെരുവുസാക്ഷീകരണത്തിലൂടെ താത്പര്യക്കാരെ കണ്ടെത്തൽ
1 രാജ്യസുവാർത്ത കേൾക്കാൻ അർഹതയുളളവരെ തിരഞ്ഞു കണ്ടുപിടിക്കാൻ യേശു തന്റെ ശിഷ്യൻമാരോടു കൽപ്പിച്ചു. (മത്താ. 10:11) എങ്കിലും, പലയിടങ്ങളിലും ആളുകളുടെ വീടുകളിൽചെന്ന് അവരുമായി സമ്പർക്കം പുലർത്തുകയെന്നത് ഇന്നു കൂടുതൽ പ്രയാസകരമായിത്തീരുകയാണ്. അതുകൊണ്ട്, കണ്ടുമുട്ടാൻ കഴിയാതെപോകുന്ന ആളുകളുടെ പക്കൽ എത്തിച്ചേരുന്നതിന് എന്തു ചെയ്യാൻ കഴിയും?
2 വീടുതോറുമുളള വേലയിൽ കണ്ടുമുട്ടാൻ കഴിയാതെപോയ ആളുകളെ കണ്ടെത്തുന്നതിനുളള ഫലപ്രദമായ ഒരു മാർഗമാണ് തെരുവുസാക്ഷീകരണം. ബസ് സ്റേറാപ്പുകൾ, അത്യന്തം സുരക്ഷിതത്വം ഏർപ്പെടുത്തിക്കൊണ്ടു പ്രവേശനം നിരോധിച്ചിരിക്കുന്ന കെട്ടിടങ്ങളുടെ സമീപം, പാർക്കുകൾ എന്നിവിടങ്ങളിലൊ കൂടുതൽ ആളുകൾ ദൈനംദിന വേലകളിൽ ഏർപ്പെട്ടിരിക്കുന്ന മററിടങ്ങളിലൊ നമുക്കു തെരുവുസാക്ഷീകരണം നടത്താവുന്നതാണ്.
3 തെരുവുസാക്ഷീകരണത്തെപ്പററി സൂചിപ്പിക്കുമ്പോൾ ചിലർക്ക് സങ്കോചം തോന്നാറുണ്ട്. ലജ്ജാശീലരായിരിക്കുന്നതിനാലോ രാജ്യസന്ദേശത്തെ എതിർക്കുന്ന ആളുകൾ ആട്ടിപ്പായിക്കുമെന്നു ഭയന്നോ ആ വേലയിൽ പങ്കെടുക്കുന്നതിനു ചിലർ മടി കാണിച്ചേക്കാം. ഈ ഉത്കണ്ഠകൾ മിക്കപ്പോഴും അടിസ്ഥാനരഹിതമാണ്. ഈ പ്രവർത്തനത്തിൽ അനുഭവപരിചയം നേടിയിട്ടുളളവർ റിപ്പോർട്ടു ചെയ്യുന്നത് ഇത് വീടുതോറുമുളള വേലയെക്കാൾ ഒട്ടും പ്രയാസകരമല്ല എന്നാണ്. അനേകരും പലകാരണങ്ങളാൽ തെരുവിൽവെച്ചു സംസാരിക്കുന്നതിനു മനോഭാവം കാട്ടുന്നവരാണ്. ചിലരാണെങ്കിൽ വീട്ടിൽവെച്ചു സംഭാഷണത്തിലേർപ്പെടുകയൊ ശ്രദ്ധിക്കുകയൊ ചെയ്യുന്നതിനെക്കാളധികം തെരുവിൽവെച്ചു ശ്രദ്ധിക്കാൻ പ്രവണതയുളളവരാണ്. ആകയാൽ നാം ‘ധൈര്യം’ സംഭരിക്കുന്നുവെങ്കിൽ ആനന്ദകരമായ ഫലങ്ങളിൽ ആശ്ചര്യപ്പെട്ടേക്കാം.—1 തെസ്സ. 2:2.
4 ഏററവും ഫലപ്രദമായ രീതിയിൽ തെരുവുവേല എങ്ങനെ നടത്താനാകും? നന്നായി തയ്യാറാകുന്നതു വളരെ പ്രധാനമാണ്. മാസികകൾ കാലേക്കൂട്ടിത്തന്നെ വായിക്കുക. നിങ്ങൾ കണ്ടുമുട്ടുന്ന ആളുകൾക്കു താത്പര്യം ജനിക്കുമെന്നു നിങ്ങൾക്കു തോന്നുന്ന ഒന്നോ രണ്ടോ ആശയങ്ങൾ തിരഞ്ഞെടുക്കുക. 30 സെക്കൻറുനേരത്തെ അവതരണം മതിയാകും. മററുളളവരുമായി വ്യക്തിപരമായ സമ്പർക്കം പുലർത്തുകയെന്ന ലക്ഷ്യം മനസ്സിൽ പിടിച്ചുകൊണ്ട് ധാരാളം ആളുകൾ കടന്നുപോകുന്ന ഒരു സ്ഥലം തിരഞ്ഞെടുക്കുക. വേറൊരു പ്രസാധകൻ അടുത്തുണ്ടായിരിക്കുന്നതു നല്ലതാണെന്നുവരികിലും മിക്കപ്പോഴും ഒററയൊററയായി പ്രവർത്തിക്കുന്നതാണ് ഏറെ മെച്ചം. ഒരുമിച്ചു നിൽക്കുന്ന പ്രസാധകർ പരസ്പരം സംഭാഷണത്തിൽ ഏർപ്പെട്ടുകൊണ്ടു സമയം കൊല്ലുന്നതിനിടയായേക്കാം. തൻമൂലം, രാജ്യസന്ദേശം ശ്രവിക്കാൻ യോഗ്യതയുളള വ്യക്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് അവർക്കു കഴിയാതെയും വന്നേക്കാം.
5 ഒരു സ്ഥലത്തു നിന്ന് മാസിക പ്രദർശിപ്പിക്കുകമാത്രം ചെയ്യുന്നത് വ്യക്തികളെ സമീപിക്കുന്നതിനു മുൻകൈ എടുക്കുന്നതുപോലെ ഫലപ്രദമല്ല. കണ്ണിൽനോക്കി സംസാരിക്കുന്നതിനു ശ്രമിക്കുക. സംഭാഷണത്തിലേർപ്പെടാൻ മുതിരുമ്പോൾ ഊഷ്മളതയും സൗഹൃദവും ഉളളവർ ആയിരിക്കുന്നതോടൊപ്പം കാര്യങ്ങൾ വ്യക്തമായി അവതരിപ്പിക്കുകയും ചെയ്യുക. ചിലവേള വ്യക്തിയോടു സംസാരിച്ചുകൊണ്ടിരിക്കവേ അയാളോടൊപ്പം കുറച്ചു നടക്കേണ്ടതായി വന്നേക്കാം. അയാൾ പ്രതികരിക്കുന്നുവെങ്കിൽ മാസിക സമർപ്പിക്കുക. മാസിക നിരസിച്ചാൽ നിങ്ങൾക്ക് ഒരു ലഘുലേഖ വാഗ്ദാനം ചെയ്യാവുന്നതാണ്.
6 ചോദ്യം ഉയർത്തുന്ന ഒരു ഹ്രസ്വ അവതരണമൊ അല്ലെങ്കിൽ താത്പര്യം ജനിപ്പിക്കുന്ന ഒരു പ്രസ്താവനയൊ ആണു സാധാരണഗതിയിൽ മെച്ചമായിരിക്കുന്നത്. ഉചിതമായ പ്രതികരണം കാണിക്കുന്നപക്ഷം കണ്ടെത്തിയ താത്പര്യത്തെ പിന്തുടരുന്നതിന് വ്യക്തിയുടെ പേര്, മേൽവിലാസം, ടെലഫോൺ നമ്പർ എന്നിവ ചോദിച്ചുവാങ്ങുക. നിങ്ങൾക്ക് ഇങ്ങനെ പറയാൻ കഴിയും: “താങ്കൾക്ക് കൂടുതൽ അറിയാൻ ആഗ്രഹമുണ്ടെങ്കിൽ എനിക്കു താങ്കളെ വീട്ടിൽവന്നു സന്ദർശിക്കുന്നതിന് അല്ലെങ്കിൽ വേറൊരു സാക്ഷിയെ അതിനായി ക്രമീകരിക്കുന്നതിനു സന്തോഷമുണ്ട്.
7 തെരുവുസാക്ഷീകരണത്തിൽ ഏർപ്പെട്ടിരുന്ന ഒരു മൂപ്പൻ ഒരു സ്ത്രീയെ സമീപിക്കുകയുണ്ടായി. തന്റെ വീട്ടിൽവെച്ച് ഒരു സാക്ഷിയുമായി സംസാരിക്കാൻ അവർക്ക് ഒരിക്കലും അവസരം കിട്ടിയിട്ടില്ലെന്നു മനസ്സിലാക്കി. അവർ ഒരു പുസ്തകം സ്വീകരിക്കുകയും സൗകര്യപ്രദമായ ഒരു സമയത്ത് ഒരു സഹോദരി തന്നെ വീട്ടിൽവന്നു സന്ദർശിക്കുന്നതിനു സമ്മതിക്കുകയും ചെയ്തു. തെരുവുസാക്ഷീകരണത്തിൽ നാം ഫലപ്രദരാണെങ്കിൽ അർഹിക്കുന്ന അനേകമാളുകളെ കണ്ടെത്തി അവരെ സഹായിക്കാനാകും.—പ്രവൃ. 17:17.