ചെറുപ്പക്കാർക്ക് നല്ല മാതൃകയുടെ ആവശ്യമുണ്ട്
1 ‘യഹോവയുടെ നാമത്തെ സ്തുതിക്കുന്ന’ യുവാക്കളുടെ വർധിച്ചുവരുന്ന സംഖ്യ നമ്മോടൊപ്പമുളളതിൽ നാം സന്തോഷിക്കുന്നു. (സങ്കീ. 148:12, 13) അവരിലനേകരും വളരെ ചെറുപ്പമാണ്. അവരുടെ പുരോഗതി ഒരു നല്ല പരിധിയോളം ആശ്രയിച്ചിരിക്കുന്നത് മാതാപിതാക്കളും സഭയിലെ പ്രായംചെന്ന മററുളളവരും പ്രദാനം ചെയ്യുന്ന പരിശീലനത്തിലും മാതൃകയിലുമാണ്. എന്നിരുന്നാലും, മററ് യുവജനങ്ങൾ, പ്രത്യേകിച്ച് മുതിർന്ന കൗമാരപ്രായക്കാരും ചെറുപ്പക്കാരും, അവരുടെമേൽ ചെലുത്തുന്ന സ്വാധീനവും അവഗണിക്കാൻ പാടുളളതല്ല. നിങ്ങൾ ഈ പ്രായത്തിലുളളവരുടെ ഗ്രൂപ്പിൽപ്പെട്ടതാണെങ്കിൽ ഈ അഭിപ്രായങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യും.
2 കൗമാരപ്രായമെത്താത്ത യുവജനങ്ങൾ മുതിർന്ന കൗമാരപ്രായക്കാരെ അനുകരിക്കുന്നതിനു പ്രവണത കാട്ടുന്നവരാണ്. തങ്ങൾ ആദരിക്കുന്നവരുമായി അടുത്തു സഹവസിക്കുന്നതിനുളള സ്വാഭാവികമായ ആഗ്രഹം അവർക്കുണ്ട്. തങ്ങളെക്കാൾ കുറച്ചുകൂടി പ്രായവും അറിവും വിവരവും ഉണ്ടെന്നു തോന്നിക്കുന്ന യുവാക്കളെ മാതൃകായോഗ്യരായി കാണുന്നതിനു ചായ്വും കാണിച്ചേക്കാം. തത്ഫലമായി, അവർ നിങ്ങളുടെ സംസാരവും നടത്തയും ഒപ്പംതന്നെ, ആത്മീയകാര്യങ്ങളിലുളള നിങ്ങളുടെ വിലമതിപ്പും സഭയുടെ പ്രവർത്തനങ്ങളിലുളള നിങ്ങളുടെ പങ്കുപററലും അനുകരിച്ചെന്നുവരാം.
3 ഒരു മുതിർന്ന കൗമാരപ്രായക്കാരൻ എന്ന നിലയിൽ നിങ്ങൾക്ക് പദവിയും ഭാരിച്ച ഉത്തരവാദിത്വവുമുണ്ട്. ഇപ്പോൾ നിങ്ങളുടെ മാതൃക നിങ്ങളുടെ ഇളയ സുഹൃത്തുക്കളെ സ്വാധീനിക്കുന്നുണ്ടാവും. നിങ്ങളോടുതന്നെ ചോദിക്കുക, ‘എതു തരത്തിലുളള സ്വാധീനമാണു ഞാൻ ഇളയവരിൽ ചെലുത്തുന്നത്? മടയത്തങ്ങൾ വിട്ടുകളയുകയും തെററായ “യൌവനമോഹങ്ങളെ” വിട്ടോടുകയും ചെയ്യുന്ന കാര്യഗൗരവമുളളവനാണോ ഞാൻ? മാതാപിതാക്കൾ, മൂപ്പൻമാർ, പ്രായംചെന്ന മററുളളവർ എന്നിവരോട് അനുസരണവും ആദരവും ഞാൻ പ്രകടിപ്പിക്കാറുണ്ടോ?’ (2 തിമൊ. 2:22; കൊലൊ. 3:20) നിങ്ങൾ പറയുന്നതും ചെയ്യുന്നതും എന്തുതന്നെയാണെങ്കിലും അത് നിങ്ങളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന മററുളള ചെറുപ്പക്കാരുടെ ആത്മീയ പുരോഗതിയെ ഗണ്യമായി ബാധിക്കും.
4 രാജ്യ സന്ദേശം പ്രസംഗിക്കുക എന്നതാണു സഭയുടെ മുഖ്യമായ വേല. നിങ്ങളുടെ മനസ്സൊരുക്കവും നിരന്തരമായ പങ്കുപററലും കൂടുതൽ പ്രവർത്തനനിരതരായിരിക്കുന്നതിനു നിങ്ങളുടെ സുഹൃത്തുക്കളെ പ്രോത്സാഹിപ്പിക്കും. പയനിയർ ശുശ്രൂഷ ചെയ്യാൻ നിങ്ങൾക്കു കഴിയുന്നെങ്കിൽ സമാനമായ പ്രചോദനം നിങ്ങളുടെ സുഹൃത്തുക്കൾക്കുമുണ്ടാകും. യോഗങ്ങളിൽ അഭിപ്രായം പറയുന്നതും രാജ്യഹാളിലെ അത്യാവശ്യജോലികൾ ചെയ്യുന്നതിനു സ്വമേധയാ മുന്നോട്ടു വരുന്നതും നല്ല മാതൃകയായിത്തീർന്നേക്കാം.
5 പൗലോസ് തിമോത്തിക്ക് പിൻവരുന്ന ബുദ്ധ്യുപദേശം നൽകിയപ്പോൾ അദ്ദേഹം കൗമാരപ്രായക്കാരൻ ആയിരുന്നില്ലെങ്കിലും കൗമാരപ്രായക്കാരായ നിങ്ങൾക്ക് അതു ബാധകമാക്കാവുന്നതാണ്: “വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിർമലതയിലും വിശ്വാസികൾക്കു മാതൃകയായിരിക്ക.” (1 തിമൊ. 4:12) യഹോവയുടെ സേവനത്തിലുളള നിങ്ങളുടെ ഉൻമേഷകരവും ആത്മാർഥവുമായ പങ്കെടുക്കൽ നിങ്ങളുടെ സുഹൃത്തുക്കളെയും യുവ നിരീക്ഷകരെയും ക്രിയാത്മകമായ രീതിയിൽ സ്വാധീനിച്ചേക്കാം. അത് ആത്മീയമായി വളർച്ചപ്രാപിച്ച പുരുഷൻമാരായിത്തീരുന്നതിന് അവരെ സഹായിച്ചേക്കാം. (എഫെ. 4:13) ഈയിടെ അധ്യയനം തുടങ്ങിയ കുടുംബത്തിലെ അംഗങ്ങളായിരിക്കുന്ന കൗമാരപ്രായക്കാർ നിങ്ങളിലെ സ്വഭാവവിശേഷം കണ്ട് സത്യത്തിലേക്ക് ആകർഷിതരായെന്നുവരാം.
6 അതിലും പ്രധാനമായി, ദൈവിക ഗുണങ്ങൾ പ്രകടിപ്പിക്കുന്നതിനുളള നിങ്ങളുടെ ശുഷ്കാന്തി യഹോവക്കും അവന്റെ സ്ഥാപനത്തിനും മഹിമ കരേററും. (സദൃ. 27:11) ആത്മാർഥതയുളള നിരീക്ഷകർ നിങ്ങളിലും ലോകത്തിലുളള യുവജനങ്ങളിലുമുളള സ്പഷ്ടമായ വ്യത്യാസം കണ്ട് ആശ്ചര്യപ്പെടും. അതുകൊണ്ട്, യഹോവയുടെ സ്തുതിക്കായി വിലയേറിയ സംഭാവന നൽകുമ്പോൾതന്നെ ചെറുപ്പക്കാരെ സഹായിക്കുന്നതിനുളള അനുപമമായ ഉത്തരവാദിത്വവും നിങ്ങൾക്കുണ്ട്.—സങ്കീ. 71:17.