ഒരു ക്രിയാത്മക മനോഭാവം നിലനിർത്തുക
1 അനേകം രാജ്യങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അത്ഭുതാവഹമായ വർധനവുകളെക്കുറിച്ചു വായിക്കുമ്പോൾ നാം എത്ര പുളകിതരാണ്! എന്നിരുന്നാലും, ചില സ്ഥലങ്ങളിൽ നമ്മുടെ രാജ്യപ്രസംഗത്തോടു രസക്കേടോ നിസ്സംഗതയോ ഒരു ദാക്ഷിണ്യവും കാണിക്കാതെയുളള എതിർപ്പുപോലുമോ ഉണ്ടെന്നു നമുക്കറിയാം. നമ്മുടെ പ്രദേശത്ത് ഇതാണ് അവസ്ഥയെങ്കിൽ നമുക്ക് എങ്ങനെയാണ് ഒരു ക്രിയാത്മക മനോഭാവം നിലനിർത്താനാവുക? നമ്മുടെ സന്തോഷത്തെ കവർന്നുകളയുന്ന അല്ലെങ്കിൽ ശിഷ്യരാക്കൽവേലയോടുളള നമ്മുടെ തീക്ഷ്ണതയെ തണുപ്പിച്ചുകളയുന്ന നിഷേധാത്മക മനോഭാവത്തെ തടയാൻ നമുക്ക് എങ്ങനെ കഴിയും?
2 ഒരു ക്രിയാത്മക മനോഭാവമുണ്ടെങ്കിൽ നമ്മുടെ സമനില നിലനിർത്താൻ അതു സഹായിക്കും. പരിശോധനാത്മകമായ സാഹചര്യങ്ങളിൽപ്പോലും നമ്മുടെ കാഴ്ചപ്പാടുകൾ നിഷേധാത്മക ചിന്തകൾക്ക് അടിപ്പെട്ടുപോകാൻ അനുവദിക്കരുത്. ഇക്കാര്യത്തിൽ യേശു നമുക്കായി പൂർണതയുളള മാതൃക വെച്ചിട്ടുണ്ട്. താരതമ്യേന വളരെ ചുരുക്കം ആളുകളേ അവൻ പഠിപ്പിച്ചത് കൈക്കൊണ്ടുളളൂ. അവന്റെ പഠിപ്പിക്കലുകളിൽ അനേകരും ഇടറിവീണു. തന്റെ സഹിഷ്ണുതയെ കഠിനമായി പരിശോധിച്ച സ്ഥിതിവിശേഷങ്ങളെ അവൻ അഭിമുഖീകരിച്ചു. മതനേതാക്കൻമാർ അവന്റെ വേലയെ വിമർശിക്കുകയും അവനെ വധിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്തു. ആളുകൾ അവനെ തുപ്പി, അവന്റെ മുഖത്തടിച്ചു, പരിഹസിച്ചു, വടികൊണ്ട് അടിച്ചു, അവസാനം വധിക്കുകയും ചെയ്തു. എന്നിട്ടും, താൻ ചെയ്തുകൊണ്ടിരുന്ന വേലയിൽ അവൻ സന്തുഷ്ടി കണ്ടെത്തി. എന്തുകൊണ്ട്? ദൈവേഷ്ടം ചെയ്യുന്നതിന്റെ പ്രാധാന്യം അവന് അറിയാമായിരുന്നു. അതുകൊണ്ട് അവൻ അതു വിട്ടുകളഞ്ഞില്ല.—യോഹ. 4:34; 13:17; എബ്രാ. 12:2.
3 നമ്മുടെ ശുശ്രൂഷയെക്കുറിച്ച് ശരിയായ കാഴ്ചപ്പാടു നിലനിർത്തുക: ഇതു ചെയ്യാൻ നാം ചില സംഗതികൾ മനസ്സിൽപ്പിടിക്കേണ്ടതുണ്ട്. മിക്കയാളുകളും അവഗണിക്കുന്നതോ എതിർക്കുന്നതോ ആയ സന്ദേശമാണ് നമ്മുടെ പക്കലുളളത് എന്ന കാര്യം ഓർക്കുക. (മത്താ. 13:14, 15) യേശുവിന്റെ നാമത്തിൽ പഠിപ്പിക്കുന്നതു നിർത്താൻ അപ്പോസ്തലൻമാരോട് ഔദ്യോഗികമായി പറഞ്ഞു. എങ്കിലും, പ്രസംഗിക്കാനുളള തങ്ങളുടെ നിയോഗത്തോട് അവർ വിശ്വസ്തരായി നിലകൊണ്ടു. അതുകൊണ്ട്, കൊയ്ത്തും തുടർന്നുപോന്നു. (പ്രവൃ. 5:28, 29; 6:7) ചില പ്രദേശങ്ങളിൽ താരതമ്യേന ചുരുക്കം ആളുകളേ ശ്രദ്ധിക്കുകയുളളൂവെന്ന് നമുക്കു മുന്നമേതന്നെ അറിയാം. (മത്താ. 7:14) അതുകൊണ്ട്, നമ്മുടെ പ്രദേശത്ത് ഒരേ ഒരാൾ മാത്രമേ ശ്രദ്ധിക്കുന്നുളളൂവെങ്കിൽപ്പോലും, അപ്പോഴും നമുക്ക് ആഹ്ലാദിക്കാൻ വകയുണ്ട്. എതിർക്കുന്നവർക്കുപോലും സുവാർത്ത കേൾക്കാൻ അവസരം ലഭിക്കേണ്ടതുണ്ട് എന്നുകൂടി ഓർക്കുക. (യെഹെ. 33:8) ചില എതിരാളികൾക്ക് ഒടുവിൽ മനംമാററം സംഭവിക്കുകയും യഹോവയുടെ ആരാധകരായിത്തീരുകയും ചെയ്യുന്നുണ്ട്. വേണ്ടവിധത്തിൽ വീക്ഷിക്കുന്നെങ്കിൽ, കുറച്ചുപേരേ ശ്രദ്ധിക്കുന്നുളളൂവെങ്കിൽപ്പോലും, ചെയ്യേണ്ടതു ചെയ്തു എന്നൊരു തോന്നൽ നമുക്കുണ്ടാവും. ദൈവരാജ്യസന്ദേശവുമായി വീട്ടുവാതിൽക്കൽ എത്തുന്നതുതന്നെ ഒരു സാക്ഷ്യമാണ്.—യെഹെ. 2:4, 5.
4 ക്രിയാത്മകമായ കാഴ്ചപ്പാടുളളവരായിരിക്കാൻ നമുക്കു മതിയായ കാരണമുണ്ട്. ലോകവ്യാപക വേലയുടെ അഭിവൃദ്ധിയും മഹാകഷ്ടം അടുത്തുകൊണ്ടിരിക്കുകയാണ് എന്നതിന്റെ വർധിച്ചുവരുന്ന തെളിവും ദൈവിക ഭക്തിയോടെ നമ്മുടെ പരമാവധി ചെയ്യാൻ നമ്മെ എല്ലാവരെയും പ്രേരിപ്പിക്കണം. (2 പത്രൊ. 3:11, 14) ആഗസ്ററ് മാസത്തിൽ നാം തീക്ഷ്ണതയോടുകൂടി പ്രവർത്തിക്കുന്നെങ്കിൽ, നാം പഠിച്ചിരിക്കുന്ന സംഗതികളോടു നമുക്കു വിലമതിപ്പുണ്ടെന്നു പ്രകടിപ്പിക്കാനുളള ഒരു ഉത്തമ വിധമായിരിക്കും അത്. നമ്മോടൊപ്പം പുതുതായി സഹവസിക്കുന്നവരും തങ്ങൾ പഠിച്ചിരിക്കുന്ന സംഗതികളോട് ഒരു ക്രിയാത്മകമായ മനോഭാവം പ്രകടിപ്പിക്കണമെന്നു നാം ആഗ്രഹിക്കുന്നു. നമ്മുടെ ബൈബിൾ വിദ്യാർഥികളിൽ ചിലർ സ്നാപനമേൽക്കാത്ത പ്രസാധകരായിത്തീരാൻ യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അവർക്ക് അതു തുടങ്ങാൻ പററിയ സമയമായിരിക്കാം ആഗസ്ററ് മാസം.
5 പ്രസാധകരായോ പയനിയർമാരായോ സേവിച്ചാലും, ഭാരമേറിയ ഒരു കാര്യമല്ല യഹോവ നമ്മോട് ആവശ്യപ്പെടുന്നത് എന്നു നാം ഓർക്കുന്നത് നമുക്കെല്ലാം സഹായകമായിരിക്കും. (1 യോഹ. 5:3) നമ്മെ പിന്തുണയ്ക്കാമെന്ന് അവൻ വാഗ്ദാനം ചെയ്യുന്നു. (എബ്രാ. 13:5ബി, 6) നിസ്സംഗതയോ രസക്കേടോ എതിർപ്പോ ഒക്കെയുണ്ടായിരുന്നാലും ശരി, നാം ക്രിയാത്മക മനോഭാവമുളളവരും പ്രസംഗവേല തുടരുന്നവരും ആയിരിക്കണം. കാരണം അങ്ങനെ ചെയ്യണമെന്നത് ദൈവേഷ്ടമാണ്.—1 തിമൊ. 2:3, 4.