നിങ്ങളുടെ സഹോദരങ്ങളെ നന്നായി അറിയുക
1 സഹാരാധകരുമായുളള നമ്മുടെ ബന്ധം എന്നു പറയുമ്പോൾ അവരോടൊപ്പം രാജ്യഹാളിൽ കേവലം യോഗങ്ങൾക്കു ഹാജരാകുക എന്നതിലധികം ഉൾപ്പെടുന്നു. ദൈവേഷ്ടം ചെയ്യുന്നവരായതുകൊണ്ട് നാം യേശുവുമായി ഒരു ആത്മീയ ബന്ധത്തിലേക്കു വരുന്നു. (മർക്കൊ. 3:34, 35) അതിന്റെ ഫലമെന്നോണം ക്രിസ്തീയസഭയിലെ മററുളളവരുമായി, സ്നേഹിക്കാൻ നാം കൽപ്പിക്കപ്പെട്ടിരിക്കുന്ന നമ്മുടെ ആത്മീയ സഹോദരൻമാരും സഹോദരിമാരുമായി, നാം ഒരു ആത്മീയ കുടുംബബന്ധത്തിലേക്കു വരുന്നു. (യോഹ. 13:35) അങ്ങനെ “ദൈവഭവനത്തിലെ അംഗങ്ങ”ളുമായി സഹവസിക്കുന്നവർ പരസ്പരം അറിയാൻ കഠിനമായി പരിശ്രമിക്കണം.—എഫേ. 2:19, NW.
2 നിങ്ങളുടെ സഹോദരങ്ങളുടെ പേരുകൾ അറിയുക: നിങ്ങളുടെ സഭാപുസ്തകാധ്യയന കൂട്ടത്തിലെ എല്ലാ സഹോദരൻമാരുടെയും സഹോദരിമാരുടെയും പേരുകൾ നിങ്ങൾക്ക് അറിയാമോ? സാധാരണഗതിയിൽ ഇതൊരു ചെറിയ കൂട്ടമാണ്. അതുകൊണ്ടുതന്നെ, സംബന്ധിക്കുന്ന എല്ലാവരുടെയുമല്ലെങ്കിലും മിക്കവരുടെയും പേർ അറിയുകയെന്നതു വലിയ ബുദ്ധിമുട്ടുളള കാര്യമല്ല. നിങ്ങൾക്ക് അവരുടെ പേരുകൾപോലും അറിയില്ലെങ്കിൽ, നിങ്ങൾക്ക് അവരെ നന്നായി അറിയാമെന്ന് പറയാനാവുമോ?
3 രാജ്യഹാളിൽ യോഗങ്ങൾക്കു ഹാജരാകുന്ന കുട്ടികളുൾപ്പെടെ മറെറല്ലാവരുടെയും പേർ അറിയുന്നതു സംബന്ധിച്ചോ? ഒരു ചെറിയ സുഹൃദ്വലയവുമായി സഹവസിക്കാനായിരിക്കാം നമ്മുടെ ചായ്വ്. ചിലരുമായുളള അടുത്ത സുഹൃദ്ബന്ധം തെററല്ലെങ്കിലും നമ്മുടെ ഊഷ്മളമായ അഭിവാദനങ്ങളും കെട്ടുപണി ചെയ്യുന്ന സംഭാഷണങ്ങളും വളരെ ചുരുക്കം പേരോടുമാത്രമായി ചുരുക്കാൻ നാം ആഗ്രഹിക്കയില്ല. നാം നമ്മുടെ മുഴു സഹോദരൻമാരെയും സഹോദരിമാരെയും നന്നായി അറിയാൻ ശ്രമം ചെയ്തുകൊണ്ട് “വിശാലതയുളളവരായിരി”ക്കണം. (2 കൊരി. 6:11-13) അതിൽ അവരുടെ പേരുകൾ അറിയുന്നതും ഉൾപ്പെടുന്നുണ്ടെന്നത് വ്യക്തമാണ്.
4 സഭായോഗങ്ങൾ നിർവഹിക്കുന്ന സഹോദരൻമാർ അതിൽ സംബന്ധിക്കുന്ന സകലരുടെയും പേരുകൾ അറിയാൻ ശ്രമിക്കണം. പ്ലാററ്ഫോമിൽനിന്നു തങ്ങളുടെ പേർ വിളിക്കുമ്പോൾ തങ്ങളുടെ അഭിപ്രായങ്ങൾ വിലമതിക്കപ്പെടുന്നു എന്നൊരു തോന്നൽ ശ്രോതാക്കൾക്കുണ്ടാകും. അതേസമയംതന്നെ ഓരോരുത്തരുടെയും പേർ അറിയാൻ അതു മററുളളവരെ സഹായിക്കുകയും ചെയ്യുന്നു. തീർച്ചയായും, എല്ലായ്പോഴും കുറച്ചു പുതിയവരോ സന്ദർശകരോ സദസ്സിലുണ്ടായിരിക്കും. അതുകൊണ്ട്, ഏതൊരാൾക്കും സകലരുടെയും പേർ അറിയുക ബുദ്ധിമുട്ടായിരിക്കും. എന്നിരുന്നാലും, ആത്മാർഥമായ ശ്രമം തുടർന്നാൽ അത് മററുളളവരെ പ്രോത്സാഹിപ്പിക്കുകയും വ്യക്തികളിലുളള യഥാർഥമായ താത്പര്യത്തെ പ്രതിഫലിപ്പിക്കുകയും ചെയ്യും.—റോമ. 1:11, 12.
5 നന്നായി പരിചയപ്പെടാൻ മുൻകയ്യെടുക്കുക: സഞ്ചാരമേൽവിചാരകൻമാർ സാധാരണമായി വലിയൊരു ഗണം സഹോദരൻമാരും സഹോദരിമാരുമായി പരിചയത്തിൽ വരുന്നു. അവർ എങ്ങനെയാണ് അതു ചെയ്യുന്നത്? മുഖ്യമായി മൂന്നു വിധങ്ങളുണ്ട്: (1) വയൽസേവനത്തിൽ അവർ അവരോടൊത്തു നിരന്തരം പ്രവർത്തിക്കുന്നു; (2) സാഹചര്യമനുസരിച്ച്, അവർ സഹോദരങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കാനുളള ക്ഷണങ്ങൾ സ്വീകരിക്കുന്നു; (3) യോഗങ്ങളിൽവെച്ച് മുതിർന്നവരെയും കുട്ടികളെയും അഭിവാദനം ചെയ്യാൻ അവർ മുൻകയ്യെടുക്കുന്നു.
6 നിങ്ങളുടെ സഹവാസങ്ങൾ വിപുലമാക്കാനും സഹോദരങ്ങളെ കൂടുതൽ അടുത്തറിയാനുമുളള വിധങ്ങൾ ആവിഷ്കരിക്കാൻ നിങ്ങൾക്കാകുമോ? വയൽസേവനത്തിൽ നമ്മോടൊപ്പം പോരാൻ നമുക്കു മററുളളവരെ തീർച്ചയായും ക്ഷണിക്കാൻ കഴിയും. വീടുതോറും പോകൽ, മടക്കസന്ദർശനങ്ങൾ നടത്തൽ, ബൈബിളധ്യയനങ്ങൾക്കു പോകൽ, അല്ലെങ്കിൽ മാസികയുമായി തെരുവു സാക്ഷീകരണത്തിനു പോകൽ എന്നിവയെല്ലാം മററുളളവരുമായി പരിചയത്തിലാകാനുളള മികച്ച വിധങ്ങളാണ്. ഒരുപക്ഷേ ഒരു ഭക്ഷണമോ ലഘുഭക്ഷണമോ കൊടുത്തുകൊണ്ട് വല്ലപ്പോഴുമൊക്കെ നിങ്ങളുടെ ഭവനം സന്ദർശിക്കാൻ മററുളളവരെ ക്ഷണിക്കുന്നതും നല്ല കാര്യംതന്നെ. പുതിയവരെയോ മുന്നോട്ടുവരാൻ മടിക്കുന്നവരെയോ സമീപിക്കാൻ മുൻകയ്യെടുക്കുമ്പോൾ അത് അവരെ അത്യധികം കെട്ടുപണി ചെയ്യുക മാത്രമല്ല, സമൃദ്ധമായ പ്രതിഫലങ്ങൾ കൈവരുത്തുകയും ചെയ്യും.—പ്രവൃ. 20:35; 1 തെസ്സ. 5:11.
7 പൗലോസിനു സഹോദരൻമാരെ നന്നായി അറിയാമായിരുന്നു. ലേഖനങ്ങളിൽ അദ്ദേഹം അവരിൽ പലരുടെയും പേരെടുത്തു പറഞ്ഞ് വ്യക്തിഗതമായി പരാമർശിക്കുന്നുണ്ട്. ഇത് അവരിലുളള അദ്ദേഹത്തിന്റെ നിസ്വാർഥ താത്പര്യത്തിന്റെയും അവരോടുളള യഥാർഥ സ്നേഹത്തിന്റെയും തെളിവാണ്. (1 തെസ്സ. 2:17; 2 തിമൊ. 4:19, 20) നമ്മുടെ സഹോദരങ്ങളെ നന്നായി അറിയാൻ നാം നടത്തുന്ന ശ്രമം നമുക്കെല്ലാവർക്കും അനുഗ്രഹങ്ങൾ കൈവരുത്തും.