‘ഉണർന്നിരിക്കുവിൻ’
1 മത്തായി 26:38-41-ൽ രേഖപ്പെടുത്തിയിരിക്കുന്ന വാക്കുകൾ സംസാരിച്ചപ്പോൾ യേശു തന്റെ മനുഷ്യ അസ്തിത്വത്തിന്റെ ഏറ്റവും നിർണായകമായ സമയത്തോടു സമീപിക്കുകയായിരുന്നു. അത് സകല മനുഷ്യചരിത്രത്തിലുംവെച്ച് ഏറ്റവും സുപ്രധാന സമയമെന്നു തെളിയുമായിരുന്നു. മുഴു മനുഷ്യവർഗത്തിന്റെയും രക്ഷ അപകടത്തിലായിരുന്നു. യേശുവിന്റെ ശിഷ്യൻമാർ ‘ഉണർന്നിരിക്കേ’ണ്ടതുണ്ടായിരുന്നു.
2 വിമോചകനും ന്യായവിധി നിർവാഹകനുമെന്ന നിലയിൽ ഇരു റോളിലുള്ള യേശുവിന്റെ വരവിന്റെ കവാടത്തിങ്കലാണു നാമിന്നു നിൽക്കുന്നത്. ഉണർവുള്ള ക്രിസ്ത്യാനികളെന്ന നിലയിൽ കാലത്തിന്റെ അടിയന്തിരത തിരിച്ചറിഞ്ഞുകൊണ്ട് രക്ഷക്കുവേണ്ടി നാം വെറുതെ കയ്യുംകെട്ടി കാത്തിരിക്കുന്നില്ല. എല്ലായ്പോഴും സജ്ജരായിരിക്കണമെന്നു നമുക്കറിയാം. നാം യഹോവയുടെ സേവനത്തിൽ “അദ്ധ്വാനിച്ചും പോരാടിയും” തുടരേണ്ടത് ആവശ്യമാണ്. (1 തിമൊ. 4:10) വ്യക്തിപരമായി നമ്മെ ഓരോരുത്തരെയും സംബന്ധിച്ചെന്ത്? നാം ഉണർന്നിരിക്കുന്നുവോ?
3 നമ്മെത്തന്നെ പരിശോധിക്കൽ: “നിങ്ങൾക്കുതന്നെ ശ്രദ്ധ നൽകുവിൻ” എന്നും യേശു മുന്നറിയിപ്പു നൽകി. (ലൂക്കോ. 21:34, 35, NW) “വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ . . . അനിന്ദ്യരും . . . നിഷ്കളങ്കമക്കളും” ആണെന്ന് ഉറപ്പുവരുത്തിക്കൊണ്ട് നാം നമുക്കുതന്നെ ശ്രദ്ധ നൽകേണ്ടതുണ്ട്. (ഫിലി. 2:14) യേശുവിനെ അനുകരിച്ചുകൊണ്ടും ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തത്ത്വങ്ങൾക്കു ചേർച്ചയിൽ നടന്നുകൊണ്ടും നാം അനുദിനം ക്രിസ്ത്യാനികളായി ജീവിക്കുന്നുവോ? “ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന” ഒരു ലോകത്തിന്റെ സവിശേഷതയായിരിക്കുന്ന ക്രിസ്തീയേതര നടത്ത നാം ഒഴിവാക്കണം. (1 യോഹ. 5:19; റോമ. 13:11-14) തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ നാം നമ്മെത്തന്നെ പരിശോധിക്കുമ്പോൾ യേശു നിർദേശിച്ചപ്രകാരം യഥാർഥത്തിൽ ഉണർന്നിരിക്കുന്നുവോ?
4 ആടുകൾക്കുവേണ്ടി എങ്ങനെ കരുതുന്നു എന്നതു സംബന്ധിച്ച് കണക്കുബോധിപ്പിക്കേണ്ടവരാണെന്നു തിരിച്ചറിഞ്ഞുകൊണ്ട് സഭയിലെ തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നതിൽ ശുഷ്കാന്തിയുള്ളവരായിരിക്കാൻ മൂപ്പൻമാർ ശ്രദ്ധാലുക്കളായിരിക്കണം. (എബ്രാ. 13:17) കുടുംബത്തലവൻമാർക്കു തങ്ങളുടെ കുടുംബങ്ങളെ യഹോവയുടെ വഴികളിൽ നയിക്കുന്നതിനുള്ള പ്രത്യേക ഉത്തരവാദിത്വമുണ്ട്. (ഉല്പ. 18:19; യോശു. 24:15; താരതമ്യം ചെയ്യുക: 1 തിമൊഥെയൊസ് 3:4, 5.) കൂടാതെ, അന്യോന്യം സ്നേഹിക്കുന്നതിനുള്ള തിരുവെഴുത്തു കൽപ്പന നാമെല്ലാം നിവർത്തിക്കുന്നത് എത്ര ജീവത്പ്രധാനമാണ്! സത്യക്രിസ്ത്യാനിത്വത്തിന്റെ മുഖമുദ്രയാണത്.—യോഹ. 13:35.
5 മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുന്നതിൽ ഉത്സാഹമുള്ളവരായിരിക്കുക: ഉണർവുള്ളവരായിരിക്കുന്നതിൽ നമുക്കുതന്നെ ശ്രദ്ധ കൊടുക്കുന്നതിലുമധികം ഉൾപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ ശിഷ്യരാക്കുന്നതിനുള്ള ചുമതല നമുക്കുണ്ട്. (മത്താ. 28:19, 20) മറ്റുള്ളവർക്കു മുന്നറിയിപ്പു കൊടുക്കുന്നതിന് അയൽസ്നേഹം നമ്മെ പ്രേരിപ്പിക്കണം. അങ്ങനെ ഈ ലോകത്തെ അഭിമുഖീകരിക്കുന്ന നാശത്തെ അവരും അതിജീവിച്ചേക്കാം. എല്ലാ ക്രിസ്ത്യാനികളുടെമേലുമുള്ള ഒരു ഉത്തരവാദിത്വമാണിത്. ഇത് നമ്മുടെ ആരാധനയുടെ ഒരു സുപ്രധാന ഭാഗമാണ്. (റോമ. 10:9, 10; 1 കൊരി. 9:16) മിക്കപ്പോഴും ഈ ജീവരക്ഷാകര വേലയുടെ നേരേ ഉദാസീനതയോ നേരിട്ടുള്ള എതിർപ്പോ നാം അഭിമുഖീകരിക്കുന്നു. ബഹുഭൂരിപക്ഷവും നമ്മുടെ മുന്നറിയിപ്പ് അവഗണിക്കുന്നുവെങ്കിലും അതു തുടർന്നു ചെയ്യുന്നതിനുള്ള ഒരു ഉത്തരവാദിത്വം നമുക്കുണ്ട്. (യെഹെ. 33:8, 9) ദൈവത്തോടും അയൽക്കാരോടുമുള്ള ആത്മാർഥ സ്നേഹം സ്ഥിരോൽസാഹമുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കും.
6 അലംഭാവത്തിനു സമയമില്ല. അനുദിന ജീവിതത്തിലെ ഉത്കണ്ഠകളെ നമ്മുടെ ശ്രദ്ധാശൈഥില്യത്തിന് അനുവദിക്കുകയോ ഒരു കെണിയായിത്തീരത്തക്കവണ്ണം ഈ ലോകത്തിന്റെ ഉല്ലാസങ്ങളിൽ അമിതമായി ഉൾപ്പെടുകയോ ചെയ്യരുത്. (ലൂക്കൊ. 21:34, 35) അടിയന്തിരതാബോധത്തിന്റെ ആവശ്യം എപ്പോഴെങ്കിലുമുണ്ടായിരുന്നിട്ടുണ്ടെങ്കിൽ അതിപ്പോഴാണ്. ഈ ദുഷ്ടവ്യവസ്ഥിതിക്കെതിരെ ന്യായവിധി നിർവഹിക്കുന്നതിനുള്ള യേശുക്രിസ്തുവിന്റെ സമയം സത്വരം സമീപിക്കുകയാണ്. ഉണർന്നും ജാഗരിച്ചും ശ്രദ്ധിച്ചും ഇരിക്കുന്നവർ മാത്രമേ അതിജീവിക്കുകയുള്ളു. യേശുവിന്റെ നിർദേശങ്ങൾ അനുസരിച്ചുകൊണ്ട് ‘ഇവയിൽ നിന്നെല്ലാം രക്ഷപ്പെടുന്നതിൽ വിജയിക്കുന്നെങ്കിൽ’ നാം എത്ര നന്ദിയുള്ളവരായിരിക്കും!—ലൂക്കോ. 21:36, NW.