യഹോവയുടെ ഓർമിപ്പിക്കലുകൾ നമ്മെ ആത്മീയമായി ഉണർവുള്ളവരാക്കുന്നുവോ?
1 “നിന്റെ സാക്ഷ്യങ്ങൾ [“ഓർമിപ്പിക്കലുകൾ,” NW] എന്റെ ധ്യാനമായി”രിക്കുന്നു എന്നു പറഞ്ഞുകൊണ്ട് സങ്കീർത്തനക്കാരൻ യഹോവയെ സ്തുതിച്ചു. (സങ്കീ. 119:99) യഹോവ തന്റെ നിയമങ്ങളിലും വ്യവസ്ഥകളിലും ചട്ടങ്ങളിലും കൽപ്പനകളിലും ശാസനങ്ങളിലും പ്രസ്താവിച്ചിരിക്കുന്നത് അവൻ നമ്മുടെ മനസ്സുകളിലേക്കു കൊണ്ടുവരുന്നു എന്ന ആശയമാണ് “ഓർമിപ്പിക്കലുകൾ” എന്ന എബ്രായ പദം നൽകുന്നത്. നാം പ്രതികരിക്കുന്നെങ്കിൽ അവ നമ്മെ ആത്മീയമായി ഉണർത്തുകയും സന്തുഷ്ടരാക്കുകയും ചെയ്യും.—സങ്കീ. 119:2.
2 യഹോവയുടെ ജനമെന്ന നിലയിൽ നമുക്കു നിരന്തരം പ്രബോധനവും ബുദ്ധ്യുപദേശവും ലഭിക്കുന്നു. ഇവയിൽ പലതും നാം മുൻപു കേട്ടിട്ടുണ്ട്. ഈ പ്രോത്സാഹനം നാം വിലമതിക്കുന്നുവെങ്കിലും നാം വിസ്മരിക്കാൻ പ്രവണതയുള്ളവരാണ്. (യാക്കോ. 1:25) യഹോവ സ്നേഹമസൃണമായ ഓർമിപ്പിക്കലുകൾ ക്ഷമാപൂർവം പ്രദാനം ചെയ്യുന്നു. ‘കർത്താവിന്റെ കൽപ്പനകളെ ഓർത്തുകൊള്ളാൻ തക്കവണ്ണം നമ്മുടെ വ്യക്തമായ ചിന്താപ്രാപ്തികളെ ഉണർത്തുന്ന’തിന് അപ്പോസ്തലനായ പത്രോസ് ഈ ഓർമിപ്പിക്കലുകളിൽ ചിലതു രേഖപ്പെടുത്തി.—2 പത്രോ. 3:1, 2, NW.
3 വ്യക്തിപരമായ പഠനത്തിന്റെയും യോഗഹാജരിന്റെയും പ്രാധാന്യത്തെക്കുറിച്ചു നമ്മെ ആവർത്തിച്ചാവർത്തിച്ച് ഓർമിപ്പിക്കുന്നു. നമ്മുടെ ആത്മീയാരോഗ്യത്തിന് ഈ പ്രവർത്തനങ്ങൾ ജീവത്പ്രധാനമായിരിക്കുന്നതിനാലാണ് ഇതു ചെയ്യുന്നത്.—1 തിമൊ. 4:15; എബ്രാ. 10:24, 25.
4 പ്രസംഗിക്കുന്നതിനുള്ള ക്രിസ്തീയ ഉത്തരവാദിത്വം നിറവേറ്റുന്നതാണു ചിലരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ വെല്ലുവിളി. അതിനു ശ്രമവും ദൃഢതീരുമാനവും സ്ഥിരോത്സാഹവും ആവശ്യമാണ്. ഇതു നമ്മിൽനിന്നു വളരെയധികം ആവശ്യപ്പെടുന്നുവെങ്കിലും “സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിന്നു ചെരിപ്പാക്കി”ക്കൊണ്ട് ‘ഉറച്ചു നിൽക്കാൻ’ നാം സഹായിക്കപ്പെട്ടിരിക്കുന്നു.—എഫെ. 6:13, 15.
5 നമ്മുടെ സേവനം യഹോവയുടെ നിബന്ധനകളെക്കുറിച്ചുള്ള വെറും മാനസിക ബോധത്താൽ മാത്രമല്ല പ്രേരിതമായിരിക്കേണ്ടത്. “രക്ഷക്കായി ഏറ്റുപറ”യുന്നതിനാവശ്യമായ പ്രേരണ ഹൃദയം പ്രദാനം ചെയ്യുന്നുവെന്ന് അപ്പോസ്തലനായ പൗലോസ് നമ്മെ ഓർമിപ്പിക്കുന്നു. (റോമ. 10:10) നമുക്ക് ഉറച്ച വിശ്വാസമുണ്ടായിരിക്കയും യഹോവയുടെ ഓർമിപ്പിക്കലുകളിലേക്കു നമ്മുടെ ഹൃദയം ചായ്വുള്ളതായിരിക്കുകയുമാണെങ്കിൽ അവന്റെ നാമത്തിനു സ്തുതി കരേറ്റുംവിധം സംസാരിക്കാൻ നാം പ്രേരിതരായിത്തീരും.—സങ്കീ. 119:36; മത്താ. 12:34.
6 സത്പ്രവൃത്തികൾ ചെയ്യുന്നതിൽ നാം കഠിനാധ്വാനം ചെയ്യുമ്പോൾ അതു നമുക്കു സന്തോഷം കൈവരുത്തുമെന്നു നാം ഉചിതമായും പ്രതീക്ഷിക്കുന്നു. (സഭാ. 2:10) യഹോവയുടെ ആത്മാവിന്റെ ഒരു ഫലമായി പൗലോസ് സന്തോഷത്തെ തിരിച്ചറിയിക്കുന്നു. അതു പ്രകടമാക്കുന്നതിൽ ‘നാം വർധിച്ചുവരണം.’ (ഗലാ. 5:22) സന്തോഷം കൈവരുത്തുന്ന ഫലകരമായ ശുശ്രൂഷയാൽ “കഠിന ശ്രമ”ത്തിന് പ്രതിഫലലബ്ധി ഉണ്ടാകുമെന്നു പത്രോസ് കൂട്ടിച്ചേർത്തു.—2 പത്രൊ. 1:5-8.
7 നാം ഒരു വെല്ലുവിളിയെ അഭിമുഖീകരിക്കുമ്പോൾ, അപ്പോസ്തലൻമാരുടെ ഉറച്ച നിലപാടു നാം ഓർക്കേണ്ടതുണ്ട്. “ഞങ്ങൾക്കോ ഞങ്ങൾ കണ്ടും കേട്ടുമിരിക്കുന്നതു പ്രസ്താവിക്കാതിരിപ്പാൻ കഴിയുന്നതല്ല” എന്ന് അവർ പ്രഖ്യാപിച്ചു. (പ്രവൃ. 4:20) ‘ഇവ ചെയ്യുന്നതിനാൽ നാം നമ്മെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കും’ എന്ന് ഓർക്കുന്നത് വേലയിൽ തുടരുന്നതിനു നമ്മെ ശക്തരാക്കുന്നു.—1 തിമൊ. 4:16.
8 തുടർച്ചയായി ഓർമിപ്പിക്കലുകൾ ലഭിക്കുന്നതു നമ്മെ അസഹ്യപ്പെടുത്തുകയോ നമുക്കു നീരസം ഉളവാക്കുകയോ ചെയ്യുന്നില്ല. പകരം, അവയുടെ ശ്രേഷ്ഠ മൂല്യം നാം ആഴമായി വിലമതിക്കുന്നു. (സങ്കീ. 119:129) ഈ ദുർഘടസമയങ്ങളിൽ സത്പ്രവൃത്തികൾക്ക് ഉത്സാഹമുള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നതിനും ആത്മീയമായി ഉണർവുള്ളവരായിരിക്കുന്നതിനും യഹോവ തുടർച്ചയായി ഓർമിപ്പിക്കലുകൾ നൽകുന്നതിൽ നാം നന്ദിയുള്ളവരാണ്!—2 പത്രൊ. 1:12, 13.