എല്ലാ തിരുവെഴുത്തും പഠിപ്പിക്കാൻ സഹായകരം
1 ബൈബിളിന്റെ മൂല്യം സംബന്ധിച്ച അഭിപ്രായങ്ങൾ നിരവധിയും വ്യത്യസ്തവുമാണ്. എന്നിരുന്നാലും മനുഷ്യവർഗത്തിന്റെ കുഴപ്പിക്കുന്ന പ്രശ്നങ്ങൾക്കുള്ള ഉത്തരങ്ങളും നമ്മുടെ വ്യക്തിപരമായ ജീവിതരീതിക്ക് ആവശ്യമായ ആശ്രയയോഗ്യമായ മാർഗനിർദേശങ്ങളും അതിന്റെ പേജുകളിൽ അടങ്ങിയിരിക്കുന്നു എന്നതിൽ നമുക്കു ബോധ്യമുണ്ട്. (സദൃ. 3:5, 6) അതിലെ ബുദ്ധ്യുപദേശത്തിന്റെ ജ്ഞാനം അതുല്യമാണ്. അതു ശുപാർശചെയ്യുന്ന ധാർമിക പ്രമാണങ്ങൾ അദ്വിതീയമാണ്. അതിന്റെ സന്ദേശം “ഹൃദയത്തിലെ ചിന്തനങ്ങളെയും ഭാവങ്ങളെയും വിവേചിക്കു”വാൻതക്ക ശക്തിയുള്ളതാണ്. (എബ്രാ. 4:12) അതു ശ്രദ്ധാപൂർവം പരിശോധിക്കേണ്ടതിന്റെ ആവശ്യം മനസ്സിലാക്കാൻ നമുക്കു മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും? നവംബറിൽ പുതിയലോക ഭാഷാന്തരവും ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകവുമോ അല്ലെങ്കിൽ ഏതെങ്കിലും പഴയ 192 പേജു പുസ്തകമോ സമർപ്പിക്കുമ്പോൾ താഴെപ്പറയുന്ന നിർദേശങ്ങളിൽ ചിലതു പരീക്ഷിക്കാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം.
2 ദൈനംദിന ജീവിതാവശ്യങ്ങൾക്കുവേണ്ടി കരുതുന്നതിനെക്കുറിച്ചു പലരും ഉത്കണ്ഠപ്പെടുന്നതിനാൽ ഒരുപക്ഷേ ഈ സമീപനം അവരുടെ ശ്രദ്ധയാകർഷിച്ചേക്കാം:
◼“ഈയിടെയായി ഞാൻ സംസാരിക്കുന്ന പലരും തങ്ങളുടെ സാമ്പത്തിക കടപ്പാടുകൾ നിർവഹിക്കുന്നതു സംബന്ധിച്ച് ഉത്കണ്ഠയുള്ളവരാണ്. അനേകരും ഭൗതിക വസ്തുക്കൾ സ്വരുക്കൂട്ടുന്നതിൽ മുഴുകിയിരിക്കുന്നു, ഇതു സമ്മർദത്തിനിടയാക്കുന്നു. ഇത്തരം കാര്യങ്ങളിൽ ഉപദേശത്തിനുവേണ്ടി നമുക്കു തിരിയാൻ കഴിയുന്ന മെച്ചമായ ഉറവ് ഏതാണെന്നാണു നിങ്ങൾ വിചാരിക്കുന്നത്? [പ്രതികരണത്തിന് അനുവദിക്കുക.] അനാവശ്യമായ പ്രശ്നങ്ങളെ ഒഴിവാക്കുന്നതിനു നമ്മെ സഹായിക്കാൻ കഴിയുന്ന പ്രായോഗിക ഉപദേശങ്ങൾ ബൈബിൾ നൽകുന്നതായി ഞാൻ കണ്ടെത്തിയിരിക്കുന്നു. ഞാനൊരു ഉദാഹരണം കാണിക്കട്ടെ.” ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? എന്ന പുസ്തകത്തിന്റെ 163-ാം പേജിലെ 3-ാം ഖണ്ഡികയിൽ ഉദ്ധരിച്ചിരിക്കുന്ന 1 തിമൊഥെയൊസ് 6:9, 10 വായിക്കുക. 4-ാം ഖണ്ഡികയിൽനിന്നു കൂടുതലായ അഭിപ്രായങ്ങൾ പറയുക, എന്നിട്ടു പുസ്തകം സമർപ്പിക്കുക.
3 “ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?” എന്ന പുസ്തകമോ പഴയ 192 പേജു പുസ്തകങ്ങളിൽ ഏതെങ്കിലുമോ സമർപ്പിക്കുമ്പോൾ നിങ്ങൾക്കു പരിഗണിക്കാവുന്ന ഒരു നിർദേശമിതാ:
◼“ഓരോ തവണയും പത്രം വായിക്കുകയോ വാർത്ത കേൾക്കുകയോ ചെയ്യുമ്പോൾ നമ്മെ ഉത്കണ്ഠാകുലരാക്കുന്ന വിഷമകരമായ പുതിയൊരു പ്രശ്നത്തെക്കുറിച്ചു നാം കേൾക്കുന്നു. [അടുത്തയിടെ പത്രത്തിൽ വന്ന അമ്പരപ്പിക്കുന്ന ഏതെങ്കിലും സംഭവത്തെക്കുറിച്ചു പരാമർശിക്കുക.] ഇത്തരം പ്രശ്നങ്ങളെ നമുക്ക് എങ്ങനെ തരണം ചെയ്യാൻ കഴിയും? [പ്രതികരണത്തിന് അനുവദിക്കുക.] എഴുതപ്പെട്ടിട്ടുള്ളതിലേക്കും ഏറ്റവും മഹത്തായ സന്ദേശം ബൈബിളിലുണ്ട്, ‘മനുഷ്യൻ ഇന്നോളം അറിഞ്ഞിട്ടുള്ള എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരങ്ങളെല്ലാം അതിന്റെ പേജുകളിലുണ്ട്’ എന്ന് പ്രസിദ്ധനായ ഒരു വ്യക്തി പറഞ്ഞു. അദ്ദേഹം പറഞ്ഞത് ബൈബിൾ തന്നെ പറയുന്നതിനെ നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. [2 തിമൊഥെയൊസ് 3:16, 17 വായിക്കുക.] നമുക്കു ബൈബിളിൽ വിശ്വസിക്കാവുന്നതിന്റെ കാരണം ഞാൻ കാണിച്ചുതരട്ടെ.” ബൈബിൾ വിശ്വാസ്യമായിരിക്കുന്നതിന്റെ കാരണം എന്ന ലഘുലേഖയിൽനിന്നു ചില സവിശേഷാശയങ്ങൾ ചൂണ്ടിക്കാണിക്കുക. ഒരു പ്രത്യേക വിഷയം സംബന്ധിച്ച ബൈബിളുപദേശങ്ങളുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്തകം സമർപ്പിക്കുക. ഈ ആധുനിക ലോകത്തിൽപോലും ബൈബിളിന്റെ ഉപദേശം പ്രായോഗികമാണെന്നത് എത്ര ഗണനീയമാണെന്നു മടങ്ങിച്ചെല്ലുമ്പോൾ ചർച്ചചെയ്യാമെന്നു പറയുക.
4 നിങ്ങളുടെ പ്രദേശത്ത് മതഭക്തരല്ലാത്ത ആളുകളുണ്ടെങ്കിൽ, നിങ്ങൾക്ക് ഈ സമീപനം പരീക്ഷിക്കാവുന്നതാണ്:
◼“പല ആളുകളും ഇന്ന് മതഗ്രന്ഥങ്ങളെ പരസ്പരവൈരുദ്ധ്യങ്ങളായും വെറും കെട്ടുകഥകളായും വീക്ഷിക്കുന്നു. മതത്തിന്റെ പേരിൽ ചെയ്യപ്പെടുന്ന മോശമായ വളരെയേറെ കാര്യങ്ങൾ നിമിത്തം മതനേതാക്കൻമാരിൽ അവർ മേലാൽ വിശ്വസിക്കുന്നില്ല. വാസ്തവത്തിൽ, ദൈവം നമുക്ക് എന്തെങ്കിലും മാർഗനിർദേശം തന്നിട്ടുണ്ടോ എന്നു കൂടുതൽ കൂടുതൽ ആളുകൾ സംശയിക്കുന്നു. നിങ്ങളുടെ അഭിപ്രായം എന്താണ്?” ഉത്തരത്തിന് അനുവദിക്കുക. വീട്ടുകാരന്റെ പ്രതികരണം അനുസരിച്ച് ഏതെങ്കിലും പഴയ 192 പേജ് പുസ്തകത്തിൽ വീട്ടുകാരന്റെ തടസ്സവാദത്തെയോ വീക്ഷണത്തെയോ സംബന്ധിച്ചു പറയുന്ന ഭാഗത്തുനിന്ന് ഒന്നോ രണ്ടോ ആശയങ്ങൾ ചർച്ച ചെയ്യുക. ഉദാഹരണത്തിന്, സുവാർത്ത—നിങ്ങളെ സന്തുഷ്ടരാക്കാൻ എന്ന പുസ്തകത്തിലെ 12-ാം അധ്യായം ഉപയോഗിക്കാവുന്നതാണ്.
5 തന്റെ പരിജ്ഞാനം അതു പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാൾക്കും ലഭ്യമാണെന്നു നമ്മുടെ മഹോപദേഷ്ടാവ് ഉറപ്പാക്കിയിട്ടുണ്ട്. ബൈബിളിന്റെ യഥാർഥ മൂല്യം വിലമതിക്കുന്നതിനു മറ്റുള്ളവരെ സഹായിക്കുന്നതാണ് അവർക്കുവേണ്ടി നമുക്കു ചെയ്യാൻ കഴിയുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യം. അതിന് അവരുടെ ജീവൻ രക്ഷിക്കാൻ കഴിയും.—സദൃ. 1:32, 33.