ബൈബിളിന്റെ മൂല്യം വിലമതിക്കാൻ മറ്റുള്ളവരെ സഹായിക്കുക
1 തന്റെ ശിഷ്യൻമാർക്ക് ആവശ്യമായിരുന്നത് യേശു പ്രദാനം ചെയ്തു. “തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ അവൻ അവരുടെ മനസ്സുകളെ മുഴുവനായി തുറന്നു” എന്നു ലൂക്കൊസ് 24:45 [NW] റിപ്പോർട്ടു ചെയ്യുന്നു. തന്റെ പിതാവിന്റെ അംഗീകാരം ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവർ ദൈവവചനമായ ബൈബിൾ പഠിക്കയും ഗ്രഹിക്കയും ചെയ്യേണ്ടതുണ്ടെന്ന് അവനറിയാമായിരുന്നു. (സങ്കീ. 1:1, 2) നമ്മുടെ പ്രസംഗവേലയുടെ ലക്ഷ്യവും അതുതന്നെയാണ്. ബൈബിളധ്യയനങ്ങൾ ആരംഭിക്കുക എന്നതാണു നമ്മുടെ ലക്ഷ്യം. അങ്ങനെ ‘യേശു കൽപ്പിച്ചതൊക്കെയും പ്രമാണിപ്പാൻതക്കവണ്ണം ആളുകളെ പഠിപ്പിക്കാൻ’ നമുക്കു കഴിയും. (മത്താ. 28:20, NW) ഇതു മനസ്സിൽപിടിച്ചുകൊണ്ടു മടക്കസന്ദർശനം നടത്തുമ്പോൾ സഹായകരമായേക്കാവുന്ന ചില നിർദേശങ്ങൾ താഴെ ചേർത്തിരിക്കുന്നു.
2 “ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ?” എന്ന പുസ്തകത്തിൽനിന്നായിരുന്നു ആദ്യം ചർച്ച ചെയ്തതെങ്കിൽ നിങ്ങൾക്ക് ഇപ്രകാരം ചർച്ച തുടരാവുന്നതാണ്:
◼“ബൈബിൾ ബുദ്ധ്യുപദേശത്തിന്റെ പ്രായോഗിക മൂല്യം വ്യക്തമാക്കുന്ന മറ്റൊരു കാര്യം നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മറ്റുള്ളവരുമായി ഒത്തുപോകാൻ പ്രയാസമാണെന്നു പലരും കണ്ടെത്തുന്നു. ചുറ്റുമുള്ളവരുമായി ഒരു നല്ല ബന്ധം വളർത്തിയെടുക്കാൻ നമുക്കെന്തു ചെയ്യാൻ കഴിയും? [ഒരു പ്രതികരണത്തിനു ശേഷം 167-8 പേജുകളിലെ 15-ാം ഖണ്ഡികയിൽനിന്നു മത്തായി 7:12 വായിക്കുക. 16-ാം ഖണ്ഡികയിൽ പ്രകടിപ്പിച്ചിരിക്കുന്ന ആശയങ്ങൾ ചേർക്കുക.] ബൈബിൾ ബുദ്ധ്യുപദേശത്തിൽ കാണപ്പെടുന്ന ജ്ഞാനത്തിന്റെ മറ്റൊരുദാഹരണമാണിത്. ഞാൻ അടുത്ത തവണ വരുമ്പോൾ വിവാഹ ദമ്പതികൾക്കു തങ്ങളുടെ ബന്ധത്തിൽനിന്ന് അത്യധികം സന്തുഷ്ടി കണ്ടെത്താൻ അവരെ സഹായിക്കുന്നതിനു ബൈബിൾ പ്രദാനം ചെയ്യുന്ന ബുദ്ധ്യുപദേശം നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” 170-2 പേജുകൾ ചർച്ച ചെയ്യുന്നതിനു മടങ്ങിച്ചെല്ലാൻ ക്രമീകരിക്കുക. സന്തുഷ്ടമായ ഒരു കുടുംബജീവിതത്തിനു ബൈബിൾ ശുപാർശചെയ്യുന്നതെന്തെന്ന് അതു കാണിക്കുന്നു.
3 ബൈബിളിൽ താത്പര്യം പ്രകടമാക്കിയ ആരോടെങ്കിലും നിങ്ങൾ സംസാരിച്ചെങ്കിൽ ഒരധ്യയനം തുടങ്ങുന്നതിന് ഈ സമീപനം ഒരുപക്ഷേ ഫലപ്രദമായിരുന്നേക്കാം:
◼“ജീവിക്കാൻ സമാധാനവും സുരക്ഷിതത്വവുമുള്ള ഒരു ലോകം ഉണ്ടായിരിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്നു നിങ്ങൾ സംസാരിക്കുന്ന ഏതൊരാളും തീർച്ചയായും പറയും. അതാണ് എല്ലാവരും ആഗ്രഹിക്കുന്നതെങ്കിൽ ഇത്രമാത്രം കുഴപ്പങ്ങളും കുറ്റകൃത്യങ്ങളും നിറഞ്ഞ ഒരു ലോകം നമുക്കുള്ളതെന്തുകൊണ്ടാണ്? [പ്രതികരണത്തിന് അനുവദിക്കുക.] ആ ചോദ്യത്തിനുള്ള ഉത്തരം ബൈബിളിൽ എവിടെ കണ്ടെത്താൻ കഴിയുമെന്ന് പുതിയലോക ഭാഷാന്തരം നിങ്ങൾക്കു കാണിച്ചുതരുന്നു.” 1659-ാം പേജിൽനിന്നു “ചർച്ചക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ” നമ്പർ 43എ ചൂണ്ടിക്കാണിക്കുക, “ലോകാരിഷ്ടതക്ക് ഉത്തരവാദി ആരാണ്.” 2 കൊരിന്ത്യർ 4:4 വായിക്കുക. ദൈവം പിശാചിനെ എങ്ങനെ നശിപ്പിക്കുമെന്നും നിലനിൽക്കുന്ന സമാധാനവും സന്തുഷ്ടിയുമുള്ള ഒരു ലോകം എങ്ങനെ കൊണ്ടുവരുമെന്നും വിശദീകരിക്കുക. വെളിപ്പാടു 21:3, 4 വായിക്കുക. എന്നിട്ട് ഇപ്രകാരം പറയുക: “അടുത്തപ്രാവശ്യം വരുമ്പോൾ, പ്രശ്നരഹിതമായ ഒരു ലോകത്തിനുവേണ്ടി നിങ്ങൾക്കു നോക്കിയിരിക്കാൻ കഴിയുന്നതെന്തുകൊണ്ട് എന്നു വിശദീകരിക്കുന്ന ചില തിരുവെഴുത്തുകൾ നിങ്ങളെ കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
4 വീട്ടുകാരൻ പഴയ 192 പേജു പുസ്തകങ്ങളിൽ ഒന്നു സ്വീകരിച്ചെങ്കിൽ മടങ്ങിച്ചെല്ലുമ്പോൾ നിങ്ങൾക്ക് ഇപ്രകാരം പറയാവുന്നതാണ്:
◼“ബൈബിൾ പഠിക്കുന്നതു പ്രയോജനകരമായിരിക്കുന്നതിന്റെ ചില കാരണങ്ങളെക്കുറിച്ചു നാം നേരത്തെ ചർച്ചചെയ്യുകയുണ്ടായി. ഇതു കൂടുതലായി ചെയ്യുന്നതിനുള്ള ആത്മാർഥമായ ഒരു ശ്രമം ദൈവം നമുക്കുവേണ്ടി കരുതിയിരിക്കുന്നതെന്താണെന്നു വിലമതിക്കാൻ നമ്മെ സഹായിക്കും. [യോഹന്നാൻ 17:3 വായിക്കുക.] ദൈവം വാഗ്ദാനം ചെയ്തിരിക്കുന്നതെന്തെന്നും നമുക്കവനെ എങ്ങനെ പ്രസാദിപ്പിക്കാമെന്നും കൂടുതലായി പഠിക്കുന്നതിന് ആയിരങ്ങളെ സഹായിച്ച ഒരു പഠനപരിപാടി ഞങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.” വീട്ടുകാരൻ സ്വീകരിച്ച പ്രസിദ്ധീകരണത്തിൽനിന്നുള്ള അധ്യായ തലക്കെട്ടുകൾ പുനരവലോകനം ചെയ്യുക. ബൈബിളധ്യയനം നടത്തുന്ന വിധം കാണിക്കുക.
5 ദൈവവചനത്തിന്റെ അത്യധികമായ മൂല്യം വിലമതിക്കാൻ ആത്മാർഥ ഹൃദയരായവരെ സഹായിക്കാൻ നിങ്ങൾക്കു കഴിയുമെങ്കിൽ നിങ്ങളിൽനിന്നുള്ള സാധ്യമായ ഏറ്റവും മെച്ചപ്പെട്ട സഹായമാണത്. അതിന്റെ പേജുകളുടെ പഠനത്തിലൂടെ പഠിക്കാൻ കഴിയുന്ന ജ്ഞാനത്തിന് അവർക്കു സന്തുഷ്ടി കൈവരുത്തുന്ന ഒരു “ജീവവൃക്ഷം” ആയിരിക്കാൻ കഴിയും.—സദൃ. 3:18.