കാലം മാറിയിരിക്കുന്നു
1 “ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു” എന്നു ബൈബിൾ നമ്മോടു പറയുന്നു. (1 കൊരി. 7:31, NW) ഇന്ന് അതെത്ര സത്യമാണ്! നമ്മുടെ ആയുഷ്കാലത്തു പോലും, മനുഷ്യസമൂഹത്തിലെ എല്ലാ തലത്തിലുംപെട്ട ആളുകളുടെ ചിന്തയിലും നടത്തയിലും വലിയ മാറ്റങ്ങൾ നാം കണ്ടിരിക്കുന്നു. രാജ്യസന്ദേശവുമായി അവരുടെ പക്കൽ എത്തിച്ചേരുന്നതിൽ നാം വിജയിക്കണമെങ്കിൽ, നമ്മുടെ സമീപനം, മാറുന്ന കാലങ്ങൾക്ക് ഇണങ്ങുന്നതായിരിക്കണം. ആളുകൾക്കു താത്പര്യജനകമാകുന്ന വിധത്തിലും അവരുടെ ഹൃദയങ്ങളിൽ എത്തിച്ചേരുന്ന വിധത്തിലും സുവാർത്ത അവതരിപ്പിക്കാൻ നാമാഗ്രഹിക്കുന്നു.
2 വർഷങ്ങൾക്കു മുമ്പ്, പല നാടുകളിലും സാക്ഷ്യവേല വ്യത്യസ്തമായിരുന്നു. കാരണം, മിക്കയാളുകളും ഏറെ ശാന്തമായ ജീവിതമാണു നയിച്ചിരുന്നത്, അവർക്ക് സുരക്ഷിതത്വം തോന്നിയിരുന്നു. മതം അവരുടെ ജീവിതത്തിൽ പവിത്രമായ ഒരു സ്ഥാനം അലങ്കരിച്ചിരുന്നു. ക്രിസ്ത്യാനികളെന്ന് അവകാശപ്പെടാത്ത ആളുകൾക്കിടയിൽപോലും ബൈബിൾ വളരെയധികം വിലമതിക്കപ്പെട്ടിരുന്നു. ആ നാളുകളിൽ, സാക്ഷീകരണത്തിൽ മിക്കപ്പോഴും ഉൾപ്പെട്ടിരുന്നത് ഉപദേശപരമായ വാദവിഷയങ്ങൾ സംബന്ധിച്ച തർക്കങ്ങളുടെ ഖണ്ഡനമായിരുന്നു. ഇന്ന്, ആളുകളുടെ ജീവിതം പ്രക്ഷുബ്ധാവസ്ഥയിലാണ്. മതം പലപ്പോഴും പരിഹസിക്കപ്പെടുന്നു. വളരെ കുറച്ചു പേർക്കേ ബൈബിളിൽ വിശ്വാസമുള്ളൂ. നമ്മുടെ സന്ദേശത്തെ പലരും എതിർക്കുന്നു. ചിലരെ സംബന്ധിച്ച്, പരിണാമസിദ്ധാന്തം ദൈവത്തിലുള്ള വിശ്വാസത്തെതന്നെ നശിപ്പിച്ചിരിക്കുന്നു.
3 ഒരു സഞ്ചാരമേൽവിചാരകൻ ഇപ്രകാരം അഭിപ്രായപ്പെട്ടു: “ഇപ്പോൾ, ആളുകളുടെ ജീവിതത്തിൽ ഒട്ടനവധി പ്രശ്നങ്ങളും കഷ്ടപ്പാടുകളും ഉള്ളതിനാൽ എങ്ങനെ ജീവിക്കണമെന്നു നാം അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.” സ്വാഭാവികമായും, ആളുകളുടെ അടിയന്തിര താത്പര്യങ്ങൾ, അവരെക്കുറിച്ചും അവരുടെ കുടുംബങ്ങളെക്കുറിച്ചും അവരുടെ ഉത്കണ്ഠകളെക്കുറിച്ചും മാത്രമായി ഒതുങ്ങുന്നു. അവർ ഒത്തുവരുമ്പോൾ കൂടുതലായി സംസാരിക്കുന്ന കാര്യങ്ങൾ ഇവയൊക്കെയാണ്. നമ്മുടെ സാക്ഷീകരണ വേലയിൽ നാം അതു മനസ്സിൽ പിടിക്കേണ്ടതുണ്ട്.
4 ഭാവി സംബന്ധിച്ച് ഉറപ്പുള്ള ഒരേ ഒരു പ്രത്യാശ ദൈവരാജ്യമാണ്: മിക്ക ആളുകൾക്കും മാനുഷ ഗവൺമെൻറിൽ വലിയ വിശ്വാസമൊന്നുമില്ല. തങ്ങളുടെ ആയുഷ്കാലത്ത് ഒരു മെച്ചപ്പെട്ട ലോകം കാണുന്നതിനുള്ള പ്രതീക്ഷയില്ലെന്ന് അവർ വിചാരിക്കുന്നു. പ്രത്യാശയ്ക്കുള്ള എന്തെങ്കിലും അടിസ്ഥാനം പ്രദാനം ചെയ്യാൻ വ്യാജമതം പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണു മനുഷ്യവർഗത്തിന്റെ ഏറ്റവും വലിയ ആവശ്യം ദൈവരാജ്യത്തെക്കുറിച്ചു കേൾക്കുക എന്നതായിരിക്കുന്നത്. മനുഷ്യവർഗത്തെ നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം അത് അന്തിമമായി എങ്ങനെ പ്രദാനം ചെയ്യുമെന്നു കാണിക്കുക.
5 മാർഗനിർദേശത്തിന് ആശ്രയിക്കാവുന്ന ഏക ഉറവിടം ബൈബിളാണ്: മനുഷ്യജ്ഞാനത്തിലും ലൗകിക തത്ത്വചിന്തകളിലും ആശ്രയിക്കുന്ന നേതാക്കന്മാർ ഇന്നത്തെ ആളുകളെ വഴിതെറ്റിക്കുന്നു. “തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുളളതല്ല” എന്ന് ആളുകൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു. (യിരെ. 10:23, NW) തങ്ങൾ ‘പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുകയും സ്വന്ത വിവേകത്തിൽ ഊന്നാതിരിക്കു’കയും വേണം എന്നതാണ് അവർക്കു പഠിക്കാൻ കഴിയുന്ന ഏറ്റവും മൂല്യവത്തായ പാഠം. (സദൃ. 3:5) കാലം മാറിയിരിക്കുന്നെങ്കിലും, ബൈബിളിനു മാറ്റം വന്നിട്ടില്ല. അതുകൊണ്ട്, ബൈബിളിന്റെ നിശ്വസ്ത ദിവ്യ മാർഗനിർദേശം വിലമതിക്കാൻ മറ്റുള്ളവരെ സഹായിച്ചുകൊണ്ടു സാധ്യമായിരിക്കുമ്പോഴൊക്കെ നാം അതു നമ്മുടെ ശുശ്രൂഷയിൽ ഉപയോഗിക്കണം. (2 തിമൊ. 3:16, 17) നയപരമായാണെങ്കിൽപോലും, ആ ഉദ്ദേശ്യം നിവർത്തിക്കുന്നതിന്, നമ്മുടെ അവതരണങ്ങളിൽ ബൈബിൾ പരാമർശിച്ചുകൊണ്ടും അവരുടെ ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കാൻ അത് ഉപയോഗിച്ചുകൊണ്ടും അതു പഠിച്ച് അതിന്റെ പ്രായോഗിക ജ്ഞാനം ബാധകമാക്കേണ്ടതിന്റെ ആവശ്യത്തെ എടുത്തുകാട്ടിക്കൊണ്ടും ആളുകളുടെ മുമ്പിൽ ബൈബിളിന്റെ പ്രാധാന്യം കാണിക്കാൻ നാം ശ്രമിക്കണം.
6 കാലം മാറിക്കൊണ്ടിരിക്കുന്നെങ്കിൽപോലും ശുശ്രൂഷയിലെ നമ്മുടെ ലക്ഷ്യങ്ങൾ മാറ്റമില്ലാതെ തുടരുന്നു. നാം രാജ്യത്തിന്റെ സുവാർത്ത പ്രസംഗിക്കുകയും ദൈവവചനത്തിലുള്ള വിശ്വാസം കെട്ടുപണി ചെയ്യുകയും നമ്മോടൊത്തു ബൈബിൾ പഠിക്കേണ്ടതിന്റെ ആവശ്യകത കാണാൻ മറ്റുള്ളവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്. നാം പറയുന്ന കാര്യം നാം സാക്ഷീകരിക്കുന്നവരുടെ ആനുകാലിക ആവശ്യങ്ങളുമായി ബന്ധമുള്ളതായിരിക്കണം. അതു ചെയ്യുന്നതിലൂടെ, നാം മറ്റുള്ളവരോടു സുവാർത്ത പങ്കുവെക്കുന്നവരായിത്തീരുകയും അങ്ങനെ മിക്കവരെയും നേടുകയും ചെയ്യും.—1 കൊരി. 9:19, 23.