മുഴു ദേഹിയോടെ പ്രവർത്തിക്കുന്നവരായിരിക്കുക!
1 യഹോവയോടു നന്ദിയുള്ളവരായിരിക്കുന്നതിനു നമുക്ക് അനേകം കാരണങ്ങളുണ്ട്. അവൻ കഴിഞ്ഞകാലത്തു ചെയ്തിരിക്കുന്നതും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതും ഭാവിയിൽ നമുക്കുവേണ്ടി ചെയ്യാൻ പോകുന്നതുമായ സംഗതികൾ ഇവയിൽ ഉൾപ്പെടുന്നു. നമ്മുടെ കൃതജ്ഞത എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കണം? ദാവീദിന്റെ ഒരു സങ്കീർത്തനം ഇങ്ങനെ ഉത്തരം നൽകുന്നു: “ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേൽ ഇരിക്കും.”—സങ്കീ. 34:1.
2 പ്രസംഗിക്കാൻ നമുക്കു കൽപ്പനയുള്ളതായി ബൈബിൾ വ്യക്തമായി പ്രകടിപ്പിക്കുന്നു. നാം “യഹോവയ്ക്കെന്നപോലെ മുഴുദേഹിയോടെ” ചെയ്യുന്ന ഒരു വേലയാണിത്. (കൊലോ. 3:23, NW) നാം യഥാർഥത്തിൽ മുഴുദേഹിയോടെ പ്രവർത്തിക്കുന്നവരാണെങ്കിൽ എന്തുമാത്രം ശുശ്രൂഷ ചെയ്യും? നമ്മോടുള്ള യഹോവയുടെ സ്നേഹത്തെക്കുറിച്ചു പരിചിന്തിക്കുമ്പോൾ അവനെയും അവന്റെ അനർഘ ഉദ്ദേശ്യങ്ങളെയും കുറിച്ച് മറ്റുള്ളവരോടു പറയുന്നതിൽ ഒരു സമർപ്പിത പങ്കുണ്ടായിരിക്കാൻ തീർച്ചയായും നമ്മുടെ ഹൃദയങ്ങൾ നമ്മെ പ്രേരിപ്പിക്കും! നമ്മാലാവുന്നതു ചെയ്യാൻ നാം പ്രേരിതരാകുന്നു.
3 മുഴു ദേഹിയോടെ പ്രവർത്തിക്കുന്ന ഒരു വ്യക്തി വിശുദ്ധ സേവനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുനിർത്താൻ ആഗ്രഹിക്കുമെന്നു പ്രതീക്ഷിക്കുന്നതു ന്യായമായിരിക്കും. സ്പഷ്ടമായും ആ വിധത്തിൽ വിചാരിച്ച സങ്കീർത്തനക്കാരൻ ഇപ്രകാരം പ്രഖ്യാപിച്ചു: “ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.” (സങ്കീ. 119:164) സങ്കീർത്തനക്കാരന്റെ വികാരങ്ങൾ പങ്കുവയ്ക്കുന്നവർ യഹോവയെ സ്തുതിക്കാനുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നു. സാഹചര്യങ്ങൾ അനുവദിക്കുന്നതനുസരിച്ച്, അവർ സാധ്യമാകുന്നിടത്തോളം തീക്ഷ്ണതയോടെ സേവിക്കുന്നു.
4 യഹോവയെ സ്തുതിക്കാനുള്ള അവസരങ്ങൾ നമുക്കു ചുറ്റുമുണ്ട്: സുവാർത്ത പ്രസംഗിക്കുന്നതിന് നാം വീടുതോറുമുള്ള വേലയിൽ പങ്കെടുക്കാൻ കാത്തിരിക്കേണ്ടതില്ല. നമ്മുടെ സഹജോലിക്കാരും സഹപാഠികളും ബന്ധുജനങ്ങളും പരിചയക്കാരും എല്ലാം രാജ്യസന്ദേശം കേൾക്കേണ്ടതുണ്ട്. യാത്രചെയ്യുമ്പോൾ നമുക്ക് ഹോട്ടൽ ജീവനക്കാർ, റെസ്റ്ററൻറ് ജോലിക്കാർ, ഗരാജിലെയും പെട്രോൾ പമ്പിലെയും ജീവനക്കാർ, അല്ലെങ്കിൽ റിക്ഷാ, ടാക്സി ഡ്രൈവർമാർ എന്നിവർക്കു സാക്ഷ്യം നൽകുന്നതിലേക്കു നയിച്ചേക്കാവുന്ന സംഭാഷണങ്ങൾ ആരംഭിക്കാവുന്നതാണ്. വീട്ടിലായിരിക്കുമ്പോൾ നമുക്ക് അയൽക്കാർക്കോ വീട്ടുവാതിൽക്കൽ വരുന്ന വിൽപ്പനക്കാർക്കോ സാക്ഷ്യം നൽകാവുന്നതാണ്. ആശുപത്രിക്കിടക്കയിലാണെങ്കിൽ നമുക്കു നേഴ്സുമാരോടും ഡോക്ടർമാരോടും മറ്റു രോഗികളോടും അനൗപചാരികമായി പ്രസംഗിക്കാൻ കഴിയും.
5 അനൗപചാരിക സാക്ഷീകരണം ഫലങ്ങൾ കൈവരുത്തുന്നു: ഒരു ദിവസം പാർക്കിൽ കൂടി നടക്കുകയായിരുന്ന രണ്ടു സാക്ഷികൾ, തന്റെ കുട്ടിയോടൊപ്പം ഉലാത്തുകയായിരുന്ന ഒരു യുവാവുമായി സംഭാഷണം ആരംഭിച്ചു. ഒടുവിൽ അദ്ദേഹവും ഭാര്യയും സത്യം സ്വീകരിച്ചു. ‘നീ സ്ഥിതിചെയ്യുന്നുവെങ്കിൽ, നിന്നെ അറിയാൻ ദയവായി എന്നെ ഇടയാക്കേണമേ’ എന്ന് ആ രണ്ടു സാക്ഷികളെ ആദ്യമായി കണ്ടുമുട്ടുന്നതിന് അൽപ്പം മുമ്പു താൻ ദൈവത്തോടു പ്രാർഥിച്ചിരുന്നതായി ആ യുവാവ് പിന്നീടു വെളിപ്പെടുത്തി. പാർക്കിലെ ആ കൂടിക്കാഴ്ച തന്റെ പ്രാർഥനയ്ക്കു യഹോവ നൽകിയ ഉത്തരമായി അദ്ദേഹം കരുതുന്നു.
6 മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിന് മുഴു ദേഹിയോടെ ആഗ്രഹിക്കുന്നവർ വലിയ സന്തോഷം അനുഭവിക്കുന്നു. “പൂർണ്ണഹൃദയത്തോ”ടെയുള്ള അത്തരം സേവനം യഹോവയെ സന്തോഷിപ്പിക്കുന്നുവെന്ന് അവർക്കറിയാം.—1 ദിന. 28:9.