മാതാപിതാക്കളേ—നിങ്ങളുടെ മക്കളെ പ്രസംഗിക്കാൻ പരിശീലിപ്പിക്കുക
1 ദൈവത്തെ സേവിക്കാൻ ആത്മാർഥമായി ആഗ്രഹിക്കുന്ന നിരവധി കുട്ടികളാൽ അനുഗൃഹീതമാണ് നമ്മുടെ സഭകൾ. (സഭാ. 12:1) യഹോവ തന്നെ സ്തുതിക്കുന്നതിൽ പങ്കുപറ്റാൻ ക്ഷണിക്കുന്നവരുടെ കൂട്ടത്തിൽ അവരും ഉൾപ്പെടുന്നു. (സങ്കീ. 148:12-14) അതുകൊണ്ട്, മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് ദൈനംദിനം നൽകുന്ന പരിശീലനത്തിൽ, രാജ്യപ്രസംഗവേലയിലൂടെ തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള മാർഗനിർദേശങ്ങൾ ഉൾക്കൊള്ളിക്കേണ്ടതുണ്ട്.—ആവ. 6:6, 7.
2 അനുക്രമമായ പടികളാൽ കുട്ടികളെ പരിശീലിപ്പിക്കുക: ശുശ്രൂഷയിൽ മാതാപിതാക്കളുടെകൂടെപ്പോകാൻ നന്നേ ചെറുപ്പം മുതൽക്കേ കുട്ടികളെ പരിശീലിപ്പിക്കേണ്ടതാണ്. സേവനത്തിനു പോകുന്നതിനു മുമ്പ്, അർഥവത്തായ വിധത്തിൽ പങ്കുപറ്റാൻ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക. വീട്ടുവാതിൽക്കൽ അവരെന്തു ചെയ്യാനാണു നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നു മുൻകൂട്ടി നിർണയിക്കുക. തീരെ ചെറിയ കുട്ടികൾക്ക്, ലഘുലേഖകളോ നോട്ടീസുകളോ വിതരണം ചെയ്യുകയും ആളുകളെ രാജ്യഹാളിലേക്കു ക്ഷണിക്കുകയും ചെയ്യാവുന്നതാണ്. ശരിക്കു വായിക്കാൻ അറിയാവുന്ന കുട്ടികളെക്കൊണ്ട് വീട്ടുവാതിൽക്കൽ തിരുവെഴുത്തുകൾ വായിപ്പിക്കാവുന്നതാണ്. അവർക്ക് ഒരു ചെറിയ അവതരണത്തോടെ മാസികകൾ സമർപ്പിക്കാവുന്നതാണ്. കൂടുതൽ അനുഭവപരിചയം നേടുന്നതനുസരിച്ച് ബൈബിൾ ഉപയോഗിച്ച് അവതരണങ്ങൾ നടത്താൻ അവരെ പരിശീലിപ്പിക്കുക. അനേകം യുവ പ്രസാധകർക്ക് തങ്ങളുടെ സ്വന്തം മാസികാ റൂട്ടുകളുണ്ട്. അവർ ക്രമമായി മടക്കസന്ദർശനങ്ങൾ നടത്തുകയും ചെയ്യുന്നു. ഒരു കുട്ടി മറ്റൊരു കുട്ടിയോടൊപ്പം പ്രവർത്തിക്കുന്നതിനെക്കാൾ മുതിർന്ന ഒരാളോടൊപ്പം പ്രവർത്തിക്കുന്നതാണ് ഏറെ നന്ന്. കുട്ടിയെ ശുശ്രൂഷയിൽ പരിശീലിപ്പിക്കുകയാണെന്നു മുതിർന്ന വ്യക്തിക്ക് വീട്ടുകാരനോടു പറയാം.
3 ഒരു കൊച്ചുപെൺകുട്ടി രാജ്യപ്രസാധികയായി യോഗ്യത നേടാൻ തന്നെ സഹായിക്കണമെന്ന് മൂപ്പന്മാരോട് ആവശ്യപ്പെട്ടു. അവൾക്കപ്പോൾ വെറും അഞ്ചു വയസ്സേ ഉണ്ടായിരുന്നുള്ളൂ. വായിക്കാനും അറിയില്ലായിരുന്നു. എങ്കിലും വീട്ടുവാതിൽക്കൽ ഫലപ്രദമായി രാജ്യസന്ദേശം അവതരിപ്പിക്കാൻ അവൾക്കു സാധിച്ചിരുന്നു. തിരുവെഴുത്തുകൾ ഏതുഭാഗത്താണെന്ന് അവൾ കൃത്യമായി ഓർമിച്ചുവെക്കും, പേജുകൾ മറിച്ച് ആ ഭാഗം കണ്ടെത്തി വീട്ടുകാരനോട് അതു വായിക്കാൻ ആവശ്യപ്പെടും. അതിനുശേഷം അവൾ അതിന്റെ വിശദീകരണം നൽകുകയും ചെയ്യും.
4 ശുശ്രൂഷയിൽ ക്രമമായി പങ്കുപറ്റുന്നതിന് ഒരു നല്ല പട്ടികയുണ്ടായിരിക്കുന്നതിന്റെ മൂല്യവും മാതാപിതാക്കളുടെ മാതൃകയിലൂടെ കുട്ടികൾ പഠിപ്പിക്കപ്പെടണം. മാതാപിതാക്കൾ സേവനത്തിന്റെ ക്രമമായൊരു പ്രതിവാര ചര്യ സ്ഥാപിക്കുകയും അതിനോടു പറ്റിനിൽക്കുകയും വേണം. അങ്ങനെയാകുമ്പോൾ ആഴ്ചയിൽ ഏതെല്ലാം സമയമാണ് പ്രസംഗ പ്രവർത്തനത്തിനായി നീക്കിവെച്ചിരിക്കുന്നതെന്നു കുട്ടികൾക്ക് അറിയാൻ സാധിക്കും.
5 ശുശ്രൂഷയെ സ്നേഹിക്കാനും അതാസ്വദിക്കാനും ഇളം പ്രായം മുതലേ കുട്ടികളെ പരിശീലിപ്പിക്കുമ്പോൾ, ഭാവിയിൽ കൂടുതൽ സേവന പദവികൾ—ഒരുപക്ഷേ പയനിയർ സേവനമുൾപ്പെടെ—എത്തിപ്പിടിക്കാൻ അവർ പ്രേരിതരായിത്തീരും. (1 കൊരി. 15:58) നമ്മുടെ ഇടയിലുള്ള കുട്ടികളെ, യഹോവയുടെ സ്തുതിപാഠകർ എന്ന നിലയിൽ നന്നായി പുരോഗമിക്കാൻ നാമെല്ലാവരും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.