യോഗങ്ങളിൽ ‘അധികമധികം’ സംബന്ധിക്കുക
1 യഹോവയുടെ ജനത്തെ സംബന്ധിച്ചിടത്തോളം ഒന്നിച്ചു കൂടിവരുന്നത് എല്ലായ്പോഴും വളരെ പ്രധാനമായിരുന്നിട്ടുണ്ട്. സത്യാരാധനയുടെയും ദൈവിക വിദ്യാഭ്യാസത്തിന്റെയും സന്തോഷകരമായ കൂടിവരവിന്റെയും കേന്ദ്രങ്ങളെന്ന നിലയിൽ ഇസ്രായേല്യർക്ക് ആലയവും സിനഗോഗുകളുമുണ്ടായിരുന്നു. സമാനമായി, ആദിമ ക്രിസ്ത്യാനികളും ഒന്നിച്ചു കൂടിവരുന്നത് ഉപേക്ഷിച്ചില്ല. ദുർഘടമായ ഈ അന്ത്യനാളുകളിൽ സമ്മർദങ്ങളും കഷ്ടാനുഭവങ്ങളും ഏറിവരുന്നതിനാൽ നമുക്കും സഭായോഗങ്ങൾ പ്രദാനം ചെയ്യുന്ന ആത്മീയ കരുത്ത് ആവശ്യമാണ്—വാസ്തവത്തിൽ അത് ‘അധികമധികം’ ആവശ്യമാണ്. (എബ്രാ. 10:25) യോഗങ്ങളിൽ സംബന്ധിക്കുന്നതിന്റെ മൂന്നു കാരണങ്ങൾ നമുക്കു പരിചിന്തിക്കാം.
2 സഹവാസത്തിന്: “അന്യോന്യം പ്രബോധിപ്പിച്ചും തമ്മിൽ ആത്മികവർദ്ധന വരുത്തിയും പോരുവിൻ” എന്ന് തിരുവെഴുത്തുകൾ നമ്മെ ഉദ്ബോധിപ്പിക്കുന്നു. (1 തെസ്സ. 5:11) ദൈവിക സഹവാസം നല്ല ചിന്തകൾകൊണ്ട് നമ്മുടെ മനസ്സിനെ നിറയ്ക്കുകയും സത്പ്രവൃത്തികൾക്കു പ്രചോദിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ സ്വയം ഒറ്റപ്പെടുത്തുകയാണെങ്കിൽ, നാം മൂഢവും സ്വാർഥവും അധാർമികവുമായ ആശയങ്ങൾ താലോലിക്കാൻ സാധ്യതയുണ്ട്.—സദൃ. 18:1.
3 പ്രബോധനത്തിന്: നമ്മുടെ ഹൃദയങ്ങളിൽ ദൈവത്തോടുള്ള സ്നേഹം സജീവമായി നിലനിർത്താനുതകുന്ന തുടർച്ചയായ ബൈബിൾ പ്രബോധന പരിപാടി ക്രിസ്തീയ യോഗങ്ങൾ പ്രദാനം ചെയ്യുന്നു. “ദൈവത്തിന്റെ ആലോചന”കളെല്ലാം ബാധകമാക്കുന്നതിനുള്ള പ്രായോഗിക മാർഗനിർദേശവും അവ പ്രദാനം ചെയ്യുന്നു. (പ്രവൃ. 20:27) സുവാർത്താ പ്രസംഗ-പഠിപ്പിക്കൽ കല വികസിപ്പിച്ചെടുക്കാൻ യോഗങ്ങൾ നമ്മെ പരിശീലിപ്പിക്കുന്നു. ഈ കഴിവുകൾ ഇപ്പോൾ വളരെ ആവശ്യമാണ്. കാരണം, ബൈബിൾസത്യം സ്വീകരിക്കുന്നവരെ കണ്ടെത്തി സഹായിക്കുന്നതിന്റെ അവാച്യമായ സന്തോഷമനുഭവിക്കാൻ അവ കൂടിയേ തീരൂ.
4 സംരക്ഷണത്തിന്: ഈ ദുഷ്ടലോകത്തിൽ ക്രിസ്തീയ സഭ ഒരു യഥാർഥ ആത്മീയ അഭയസ്ഥാനമാണ്, സമാധാനവും സ്നേഹവുമുള്ള ഒരു സങ്കേതമാണത്. നാം സഭായോഗങ്ങളിൽ സംബന്ധിക്കുമ്പോൾ, ദൈവാത്മാവ് നമ്മിൽ ശക്തമായ പ്രഭാവം ചെലുത്തുന്നു. “സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത, ഇന്ദ്രിയജയം” തുടങ്ങിയ ഫലങ്ങൾ അതുളവാക്കുന്നു. (ഗലാ. 5:22, 23) വിശ്വാസത്തിൽ ഉറപ്പും ദൃഢതയുമുള്ളവരായി നിലകൊള്ളാൻ യോഗങ്ങൾ നമ്മെ ശക്തീകരിക്കുന്നു. വരാനിരിക്കുന്ന കഷ്ടാനുഭവങ്ങളെ നേരിടാൻ അവ നമ്മെ സജ്ജരാക്കുന്നു.
5 പതിവായി യോഗങ്ങളിൽ സംബന്ധിക്കുന്നതിനാൽ, സങ്കീർത്തനക്കാരൻ വർണിച്ചതാണ് നാം അനുഭവിക്കുന്നത്. അത് സങ്കീർത്തനം 133:1, 3-ൽ രേഖപ്പെടുത്തിയിരിക്കുന്നു: “ഇതാ, സഹോദരന്മാർ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!” ഇന്ന് ദൈവജനം എവിടെയെല്ലാം സേവിക്കുകയും ഒന്നിച്ചു കൂടിവരുകയും ചെയ്യുന്നുവോ ‘അവിടെ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നു.’