മാസികകൾ രാജ്യത്തെ പ്രസിദ്ധമാക്കുന്നു
1 യഹോവയുടെ സാക്ഷികളെന്ന നിലയിൽ നാം ദൈവരാജ്യത്തെക്കുറിച്ചുള്ള തീക്ഷ്ണമായ പ്രസംഗത്തിനു പേരുകേട്ടവരാണ്. നാം വിതരണം ചെയ്യുന്ന വീക്ഷാഗോപുരം, ഉണരുക! മാസികകൾ ദൈവോദ്ദേശ്യങ്ങളെക്കുറിച്ചു പഠിക്കാൻ ദശലക്ഷങ്ങളെ സഹായിക്കുന്നതിൽ ശക്തമായ ഒരു പങ്കു വഹിക്കുന്നു. അവയിൽ അടങ്ങിയിരിക്കുന്ന സന്ദേശം തീർച്ചയായും സുവാർത്തയാണ്. കാരണം, അത് മനുഷ്യവർഗത്തിന്റെ ഏക പ്രത്യാശയെന്ന നിലയിൽ ദൈവത്തിന്റെ സ്വർഗീയ രാജ്യത്തെ പ്രസിദ്ധമാക്കുന്നു.
2 ഈ മാസികകൾ ആളുകളുടെ വൈകാരികവും സാമൂഹികവും ആത്മീയവുമായ യഥാർഥ ആവശ്യങ്ങളെയാണു കൈകാര്യം ചെയ്യുന്നത്. എല്ലായിടത്തും ധാർമികനിലവാരങ്ങളും കുടുംബമൂല്യങ്ങളും അധഃപതിക്കുന്നതിനാൽ ബൈബിൾ തത്ത്വങ്ങൾ എങ്ങനെ ബാധകമാക്കാമെന്ന് ആളുകൾക്കു കാട്ടിക്കൊടുത്തുകൊണ്ട് അവരുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്താൻ വീക്ഷാഗോപുരം, ഉണരുക! മാസികകൾ സഹായിക്കുന്നു. ഏപ്രിൽ, മേയ് മാസങ്ങളിൽ ഈ മാസികകൾക്കുള്ള വരിസംഖ്യകൾ സമർപ്പിക്കുന്നത് നമുക്കു സന്തോഷം പകരുന്ന സംഗതിയായിരിക്കും.
3 അവ ശരിക്കും ആകർഷകമാണ്: മിക്കവാറും ഭൂമിയിൽ എല്ലായിടത്തുമുള്ള ആളുകളുടെ ഭാഷയിൽ വീക്ഷാഗോപുരവും ഉണരുക!യും ലഭ്യമാണ്. അതു നിമിത്തം നമ്മുടെ മാസികകൾ വളരെ പ്രസിദ്ധമാണ്. ആളുകൾക്ക് അതിനോട് ആകർഷണം തോന്നുന്നതിന്റെ ചില കാരണങ്ങളിതാ:
◼ നിഷ്കപടതയും സത്യതയും മുഖമുദ്രയായുള്ള പത്രികകളെന്ന നിലയിൽ നല്ലതും തീയതും തമ്മിലുള്ള വ്യത്യാസം അവ വ്യക്തമായി എടുത്തുകാട്ടുന്നു.
◼ അവ വരാനിരിക്കുന്ന നീതിനിഷ്ഠമായ പറുദീസയെക്കുറിച്ചുള്ള പ്രത്യാശ പകരുന്നു. ഭൂമിയെ തന്റെ രാജ്യഭരണത്തിൻകീഴിൽ കൊണ്ടുവരുമെന്നുള്ള ദൈവവാഗ്ദത്തത്തിൽ അധിഷ്ഠിതമാണ് അത്.
◼ എല്ലാ തുറകളിലും സംസ്കാരങ്ങളിലുമുള്ള ആളുകൾക്ക് ആകർഷകമായ, കാലോചിതമായ നാനാ വിഷയങ്ങൾ അവ അവതരിപ്പിക്കുന്നു.
◼ അവയിലെ ലേഖനങ്ങൾ ഹ്രസ്വവും വിദ്യാഭ്യാസമൂല്യമുള്ളതും വസ്തുനിഷ്ഠവും മുൻവിധിരഹിതവും തത്ത്വങ്ങളെ ബലി കഴിക്കാത്തവയുമാണ്.
◼ ശ്രദ്ധ പിടിച്ചുപറ്റുന്ന ചിത്രങ്ങൾ സത്വരം താത്പര്യം ജനിപ്പിക്കുന്നു. ഈ മാസികകളുടെ ലളിത രചനാശൈലി അവ വായിക്കുന്നത് സുഗമമാക്കുന്നു.
4 വ്യാപകമായി വിതരണം ചെയ്യുക: ഫലപ്രദമായ മാസികാവിതരണം ഏറിയകൂറും, അവതരണങ്ങൾ തയ്യാറാകുന്നതിലും സമയം പട്ടികപ്പെടുത്തുന്നതിലും പ്രസംഗപ്രവർത്തനം സംഘടിപ്പിക്കുന്നതിലും നാം കാണിക്കുന്ന ഉത്സാഹത്തെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1996 ജനുവരി, ഒക്ടോബർ ലക്കങ്ങളിൽ പ്രായോഗികമായ നിർദേശങ്ങൾ നൽകിയിരുന്നു. അവ പുനരവലോകനം ചെയ്യുന്നതും ബാധകമാക്കുന്നതും നല്ലതായിരിക്കും.
5 നിങ്ങൾതന്നെ മാസികകളുമായി പരിചിതരാകുക: ഓരോ ലക്കവും വായിക്കുമ്പോൾ ആ പ്രതിയിൽ താത്പര്യം കാണിച്ചേക്കാവുന്ന ആരെക്കുറിച്ചെങ്കിലും ചിന്തിക്കുക. നിങ്ങളുടെ അവതരണത്തിൽ ഉദ്ധരിക്കാൻ കഴിയുന്ന പ്രത്യേക ആശയങ്ങളോ തിരുവെഴുത്തുകളോ ശ്രദ്ധിക്കുക. സംഭാഷണം ആരംഭിക്കാനും വിഷയത്തിൽ താത്പര്യം ജനിപ്പിക്കാനും പോന്ന ഒരു ചോദ്യത്തെക്കുറിച്ചു ചിന്തിക്കുക.
6 അവതരണം വ്യക്തിക്ക് അനുയോജ്യമാക്കുക: നിങ്ങളുടെ അവതരണം പുരുഷനോ സ്ത്രീക്കോ പ്രായംചെന്ന വ്യക്തിക്കോ യുവാവിനോ പരിചയക്കാരനോ അപരിചിതനോ ഒക്കെ ഇണങ്ങുന്ന വിധത്തിൽ ലളിതവും വഴക്കവുമുള്ളതാക്കുക.
7 വീക്ഷാഗോപുരം, ഉണരുക! ബോധമുള്ളവരായിരിക്കുക: ഈ മാസികകൾ ബ്രീഫ്കെയ്സിലോ ഹാൻഡ്ബാഗിലോ കോട്ടിന്റെ പോക്കറ്റിലോ ഒതുങ്ങുന്നതായതുകൊണ്ട് യാത്ര ചെയ്യുമ്പോഴും സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും നമുക്ക് അവ കൂടെക്കരുതാവുന്നതാണ്. ബന്ധുക്കളോടോ അയൽക്കാരോടോ സഹപ്രവർത്തകരോടോ സഹപാഠികളോടോ അധ്യാപകരോടോ സംസാരിക്കുമ്പോൾ അവ സമർപ്പിക്കുക. മാസികാ സാക്ഷീകരണത്തിനായി വാരത്തിൽ ഒരു ദിവസം മാറ്റിവെക്കുക.
8 മാസികകളോടു വിലമതിപ്പു പ്രകടമാക്കുക: അവയുടെ മൂല്യം ഒരിക്കലും നഷ്ടമാകുന്നില്ല. കാലം കടന്നുപോയാലും അവയിൽ അടങ്ങിയിരിക്കുന്ന സന്ദേശത്തിന്റെ പ്രാധാന്യത്തിനു കുറവു സംഭവിക്കുന്നില്ല. തീർച്ചയായും, വാങ്ങുന്ന എല്ലാ മാസികകളും സമർപ്പിക്കാൻ ഒരു ലക്ഷ്യം വെക്കുകയാണെങ്കിൽ നമ്മുടെ അലമാരകളിൽ പഴയ ലക്കങ്ങൾ കുമിഞ്ഞുകൂടുകയില്ല.
9 തെരുവുസാക്ഷീകരണം ഫലപ്രദമാണ്: അനേകമാളുകൾക്ക് മാസികകൾ സമർപ്പിക്കാൻ ഉത്തമമായ ഒരു മാർഗമാണിത്. ചില പ്രസാധകർ തിരക്കുള്ള റോഡുകളിൽ ഇടവിട്ടിടവിട്ടു നിന്ന് പ്രവർത്തിക്കുന്നു.
10 ബിസിനസ് പ്രദേശം ഫലപ്രദമാണ്: കടകൾതോറും പ്രവർത്തിക്കുമ്പോൾ മിക്കവാറും ആളില്ലാഭവനങ്ങൾ എന്ന പ്രശ്നം ഉണ്ടാകാറില്ല. മിക്ക ബിസിനസുകാരും മര്യാദക്കാരാണ്. പലരും മാസികകളും വരിസംഖ്യകളും സസന്തോഷം സ്വീകരിക്കുന്നു. നാം ചെല്ലുന്ന കടക്കാരന്റെ ബിസിനസുമായി ബന്ധപ്പെട്ട അനുയോജ്യ ലേഖനങ്ങൾ എടുത്തുകാണിക്കുക.
11 മാസികാറൂട്ടുകൾ ഫലവത്താണ്: ഒരാൾ വരിസംഖ്യ സ്വീകരിക്കാതെ മാസികകളുടെ ഒറ്റപ്രതികൾ ഏറെ താത്പര്യത്തോടെ സ്വീകരിക്കുന്നെങ്കിൽ, അടുത്ത ലക്കങ്ങൾ നൽകാൻ വീണ്ടും സന്ദർശിക്കുന്നത് തീർച്ചയായും ഉചിതമായിരിക്കും. നാം പതിവായി മടക്കസന്ദർശനങ്ങൾ നടത്തുന്നത് മാസികകൾ സമർപ്പിക്കാൻ മാത്രമല്ല, ആ വ്യക്തിക്കു ബൈബിളിലുള്ള താത്പര്യം വളർത്തിയെടുക്കാൻ കൂടിയായിരിക്കണം. മാസികാറൂട്ടുകൾ ബൈബിളധ്യയനങ്ങളായി മാറാൻ വളരെയധികം സാധ്യതയുണ്ട്.
12 ഏപ്രിൽ, മേയ് മാസങ്ങൾ ഏറ്റവും നന്നായി പ്രയോജനപ്പെടുത്തുക: വീക്ഷാഗോപുരവും ഉണരുക!യും വിലമതിപ്പുള്ള ദശലക്ഷക്കണക്കിനു വായനക്കാരുടെ ആത്മവിശ്വാസം ആർജിച്ചെടുത്തിട്ടുണ്ട്. രാജ്യം പ്രസിദ്ധമാക്കുന്നതിൽ അവ വളരെ ഫലപ്രദമായതുകൊണ്ട് അവ കൂടെ കരുതാനും എല്ലാ അവസരങ്ങളിലും സമർപ്പിക്കാനും നാം ലക്ഷ്യം വെക്കണം. ഏപ്രിൽ, മേയ് മാസങ്ങൾ വരിസംഖ്യ സമർപ്പിക്കുന്നതിനും മാസിക വിതരണം ചെയ്യുന്നതിനും പറ്റിയവയെന്നു തെളിയട്ടെ!