ചോദ്യപ്പെട്ടി
◼ നമ്മുടെ യോഗങ്ങളുടെ ഫലപ്രദത്വം വർധിപ്പിക്കാൻ എന്തു ചെയ്യാനാകും?
സഭായോഗങ്ങൾ നടത്തുന്നതും അവയിലെ മിക്ക പരിപാടികൾ നിർവഹിക്കുന്നതും മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും ആയതുകൊണ്ട് അവയുടെ വിജയത്തിനു പൂർണമായും പങ്കുവഹിക്കുന്നത് അവരാണെന്നു വിചാരിക്കാൻ ചിലർ പ്രവണത കാട്ടിയേക്കാം. രസകരവും പ്രയോജനപ്രദവുമായ യോഗങ്ങൾക്കായി എല്ലാവർക്കും വ്യക്തിപരമായി പങ്കുവഹിക്കാൻ സാധിക്കുമെന്നതാണു വാസ്തവം. പിൻവരുന്ന പത്തു വിധങ്ങളിൽ യോഗങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ നമുക്കു സഹായിക്കാവുന്നതാണ്:
മുന്നമേ തയ്യാറാകുക. നാം നന്നായി തയ്യാറാകുമ്പോൾ യോഗങ്ങൾ നമുക്കു താത്പര്യജനകമാകുന്നു. നാമെല്ലാം അതു ചെയ്യുമ്പോൾ യോഗങ്ങൾ ഓജസ്സുറ്റതും കൂടുതൽ പരിപുഷ്ടിപ്പെടുത്തുന്നതുമായിത്തീരും. പതിവായി സംബന്ധിക്കുക. ഉയർന്ന ഹാജർ സന്നിഹിതരായിരിക്കുന്ന എല്ലാവർക്കും പ്രോത്സാഹജനകമാണ്. യോഗത്തിൽ സംബന്ധിക്കുന്നതിന്റെ പ്രാധാന്യത്തോടുള്ള വിലമതിപ്പിനെ അതു ബലിഷ്ഠമാക്കുന്നു. കൃത്യസമയത്തെത്തുക. പരിപാടി തുടങ്ങുന്നതിനു മുമ്പ് ഇരിപ്പിടങ്ങളിൽ ഉണ്ടായിരിക്കുന്നപക്ഷം, പ്രാരംഭ ഗീതത്തിലും പ്രാർഥനയിലും പങ്കുപറ്റാൻ നമുക്കു സാധിക്കും. അങ്ങനെ യോഗത്തിൽനിന്നു പൂർണ പ്രയോജനം ലഭിക്കും. സുസജ്ജരായി വരുക. ബൈബിളും യോഗത്തിൽ ഉപയോഗിക്കുന്ന പ്രസിദ്ധീകരണങ്ങളും കൊണ്ടുവരുന്നതിനാൽ, ചർച്ച ചെയ്യുന്ന വിവരങ്ങൾ ഒത്തുനോക്കാനും മെച്ചമായി ഗ്രഹിക്കാനും നമുക്കു സാധിക്കും. ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുക. മുമ്പിലിരിക്കുമ്പോൾ നാം നന്നായി ശ്രദ്ധിക്കാനിടയുണ്ട്. മന്ത്രിക്കുന്നതും കൂടെക്കൂടെ കക്കൂസിൽ പോകുന്നതും നമ്മുടെയും മറ്റുള്ളവരുടെയും ശ്രദ്ധ പതറിക്കാൻ ഇടയാക്കും. പങ്കെടുക്കുക. കൂടുതൽ പേർ കയ്യുയർത്തി ഉത്തരം പറയുമ്പോൾ കൂടുതൽ പേർക്ക് പ്രോത്സാഹനം ലഭിക്കുകയും വിശ്വാസത്തിന്റെ പ്രകടനങ്ങളാൽ അവർ കെട്ടുപണി ചെയ്യപ്പെടുകയും ചെയ്യുന്നു. ഹ്രസ്വമായ ഉത്തരങ്ങൾ പറയുക. ഇത് അനേകർക്ക് ഉത്തരം പറയുന്നതിനുള്ള അവസരമേകുന്നു. നമ്മുടെ ഹ്രസ്വോത്തരങ്ങൾ പരിചിന്തിക്കുന്ന വിവരങ്ങളിൽ മാത്രമായി പരിമിതപ്പെടുത്തണം. നിയമനങ്ങൾ നടത്തുക. ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ വിദ്യാർഥികളെന്ന നിലയിലോ സേവനയോഗത്തിൽ പരിപാടികൾ നടത്തുന്നവരെന്ന നിലയിലോ നാം നന്നായി തയ്യാറാകുകയും കാലേക്കൂട്ടി റിഹേഴ്സൽ നടത്തുകയും പരിപാടി മുടങ്ങാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. പങ്കെടുക്കുന്നവരെ അനുമോദിക്കുക. മറ്റുള്ളവരുടെ ശ്രമങ്ങൾ എത്രമാത്രം വിലമതിക്കപ്പെടുന്നുണ്ടെന്ന് അവരോടു പറയുക. ഇത് അവരെ കെട്ടുപണി ചെയ്യുകയും ഭാവിയിൽ ഏറെ മെച്ചമായി പ്രവർത്തിക്കാൻ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. അന്യോന്യം പ്രോത്സാഹിപ്പിക്കുക. യോഗങ്ങൾക്കു മുമ്പും പിമ്പുമുള്ള ദയാപുരസ്സരമായ അഭിവാദ്യങ്ങളും കെട്ടുപണി ചെയ്യുന്ന സംസാരവും യോഗങ്ങളിൽ സംബന്ധിക്കുന്നതിൽനിന്നു ലഭിക്കുന്ന സന്തോഷവും പ്രയോജനങ്ങളും വർധിപ്പിക്കുന്നു.