നേതൃത്വം വഹിക്കുന്ന മേൽവിചാരകന്മാർ—അധ്യക്ഷ മേൽവിചാരകൻ
1 സഭയിൽ ഒരു മേൽവിചാരകനായി സേവിക്കുക എന്നത് ഗൗരവമേറിയ ഒരു ഉത്തരവാദിത്വമാണ്. (പ്രവൃ. 20:28; 1 തിമൊ. 3:1) ക്രിസ്തീയ മൂപ്പന്മാരുടെ വ്യത്യസ്ത ഉത്തരവാദിത്വങ്ങൾ വിവരിച്ചുകൊണ്ടുള്ള ഒരു ലേഖന പരമ്പരയിൽ ആദ്യത്തേതാണ് ഇത്. നമുക്കു വേണ്ടി അവർ ചെയ്യുന്ന സുപ്രധാന വേലയെ വിലമതിക്കാൻ നമ്മെ ഏവരെയും സഹായിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
2 സൊസൈറ്റി അധ്യക്ഷ മേൽവിചാരകനെ നിയമിക്കുന്നത് അനിശ്ചിത കാലത്തേക്കു സേവിക്കാനാണ്. അധ്യക്ഷ മേൽവിചാരകൻ കാര്യങ്ങൾ ശരിയാംവണ്ണം സംഘടിപ്പിക്കുമ്പോൾ, തങ്ങളുടെ നിയമിത ഉത്തരവാദിത്വങ്ങൾക്ക് ഉചിതമായ ശ്രദ്ധ നൽകാൻ അതു മൂപ്പന്മാരെ സഹായിക്കുന്നു. (നമ്മുടെ ശുശ്രൂഷ പേ. 42) ഇതിൽ എന്തൊക്കെ ഉൾപ്പെട്ടിരിക്കുന്നു?
3 അധ്യക്ഷ മേൽവിചാരകൻ സഭയ്ക്കു വരുന്ന കത്തുകൾ സ്വീകരിച്ച് അവ വേണ്ട രീതിയിൽ കൈകാര്യം ചെയ്യുന്നതിന് സത്വരം സെക്രട്ടറിക്കു കൈമാറുന്നു. മൂപ്പന്മാരുടെ യോഗങ്ങൾക്കായുള്ള തയ്യാറാകലിന്റെ ഭാഗമായി, അധ്യക്ഷ മേൽവിചാരകൻ ചർച്ച ചെയ്യേണ്ട വിഷയങ്ങളെക്കുറിച്ചു മൂപ്പന്മാരുടെ നിർദേശങ്ങൾ മുൻകൂട്ടി ആരാഞ്ഞറിയുകയും അജണ്ട തയ്യാറാക്കുകയും ചെയ്യുന്നു. മൂപ്പന്മാരുടെ യോഗങ്ങളിൽ അധ്യക്ഷനായും അദ്ദേഹം സേവിക്കുന്നു. തീരുമാനങ്ങൾ എടുക്കുമ്പോൾ അവ ശരിയാംവണ്ണം നടപ്പാക്കുന്നുവെന്ന് അദ്ദേഹം ഉറപ്പു വരുത്തുന്നു. സേവനയോഗ പരിപാടികൾ നിയമിച്ചു കൊടുക്കുന്നതിനും പരസ്യപ്രസംഗങ്ങൾ പട്ടികപ്പെടുത്തുന്നതിനും അദ്ദേഹം മേൽനോട്ടം വഹിക്കുന്നു. സഭയിൽ നടത്തുന്ന ഏതൊരു അറിയിപ്പിനും അനുമതി നൽകുക, സഭയുടെ പൊതുവായ എല്ലാ ചെലവുകൾക്കുമുള്ള അംഗീകാരം നൽകുക, മൂന്നു മാസം കൂടുമ്പോൾ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യുന്നുവെന്ന് ഉറപ്പു വരുത്തുക തുടങ്ങിയ കാര്യങ്ങളുടെ ഉത്തരവാദിത്വം അദ്ദേഹത്തിനാണ്.
4 സഭാ സേവന കമ്മിറ്റിയുടെ അധ്യക്ഷനെന്ന നിലയിൽ അധ്യക്ഷ മേൽവിചാരകൻ അതിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഒരു ബൈബിൾ വിദ്യാർഥി സ്നാപനമേൽക്കാത്ത പ്രസാധകനായി അംഗീകരിക്കപ്പെടാൻ ആഗ്രഹം പ്രകടിപ്പിക്കുമ്പോഴോ അല്ലെങ്കിൽ സ്നാപനമേൽക്കാത്ത ഒരു പ്രസാധകൻ സ്നാപനമേൽക്കാൻ ആഗ്രഹിക്കുമ്പോഴോ അധ്യക്ഷ മേൽവിചാരകൻ ആ വ്യക്തിയുമായി ചർച്ച നടത്താൻ മൂപ്പന്മാരെ ക്രമീകരിക്കുന്നു. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനത്തിനായി ഒരുങ്ങാൻ അധ്യക്ഷ മേൽവിചാരകൻ മുൻകൈ എടുക്കുന്നു. സഭയ്ക്ക് ആ പ്രത്യേക പ്രവർത്തന വാരത്തിൽ നിന്നും പൂർണ പ്രയോജനം നേടാൻ സാധിക്കേണ്ടതിനാണ് ഇത്.
5 അധ്യക്ഷ മേൽവിചാരകന്റെ ഉത്തരവാദിത്വങ്ങൾ വ്യത്യസ്തവും നിരവധിയുമാണ്. അദ്ദേഹം “ഉത്സാഹത്തോടെ” വിനയപൂർവം തന്റെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുമ്പോൾ നമുക്കെല്ലാവർക്കും മൂപ്പന്മാരുമായി സഹകരിച്ചുകൊണ്ട് നമ്മുടെ ഭാഗം നിറവേറ്റാം. (റോമ. 12:8) നമ്മുടെ ഇടയിൽ നേതൃത്വം വഹിക്കുന്നവരെ നാം “അനുസരിച്ചു കീഴടങ്ങിയിരി”ക്കുന്നു എങ്കിൽ അവർക്കു വർധിച്ച സന്തുഷ്ടിയോടെ തങ്ങളുടെ വേല ചെയ്യാൻ കഴിയും.—എബ്രാ. 13:17.