പയനിയറിങ്—നമ്മുടെ സമയത്തിന്റെ ജ്ഞാനപൂർവകമായ ഉപയോഗം!
1 ‘എനിക്ക് ഇപ്പോൾത്തന്നെ നൂറുകൂട്ടം ജോലി ഉണ്ട്! അപ്പോൾ പിന്നെ ഞാൻ പയനിയറിങ് ആരംഭിക്കുന്നതു ബുദ്ധി ആയിരിക്കുമോ?’ ഒരു സർക്കിട്ട് സമ്മേളനത്തിൽ, പയനിയറും മൂപ്പനുമായ ഒരു സഹോദരൻ “പയനിയർ സേവനത്തിൽ മുന്നേറൽ” എന്ന വിഷയം അവതരിപ്പിക്കുന്നത് ശ്രദ്ധിക്കവേ ഒരു സഹോദരി അങ്ങനെയാണു ചിന്തിച്ചത്. സദസ്സിൽ ഉണ്ടായിരുന്ന മറ്റൊരു യുവ സഹോദരൻ ഇങ്ങനെ വിചാരിച്ചു, ‘അദ്ദേഹം എങ്ങനെയാണ് പയനിയറിങ്ങിന് സമയം കണ്ടെത്തുന്നത്? ഒരു മൂപ്പൻ അല്ലാഞ്ഞിട്ടുപോലും എനിക്കു നിന്നുതിരിയാൻ സമയമില്ല!’
2 പയനിയർ സേവനത്തിന്റെ അനുഗ്രഹങ്ങളെ കുറിച്ച് തുടർന്നു ചർച്ചചെയ്യവേ, ആ മൂപ്പൻ സർക്കിട്ടിൽ നിന്നുള്ള ഏതാനും പയനിയർമാരുമായി അഭിമുഖം നടത്തി. പയനിയറിങ് ചെയ്യാനായി തങ്ങൾ വരുത്തിയ പൊരുത്തപ്പെടുത്തലുകളെ കുറിച്ചും തങ്ങളുടെ ഉദ്യമങ്ങളുടെ മേൽ യഹോവ അനുഗ്രഹം ചൊരിഞ്ഞിരിക്കുന്നത് എപ്രകാരമെന്നതിനെ കുറിച്ചും അവർ വിവരിച്ചു. അവരിൽ ഒരാൾക്കു ശാരീരിക വൈകല്യം ഉണ്ടായിരുന്നു, മറ്റൊരു വ്യക്തിയുടെ ഇണ അവിശ്വാസി ആയിരുന്നു. വേറൊരാളാകട്ടെ തന്റെ ലൗകിക തൊഴിൽ ഉപേക്ഷിച്ചിട്ടാണ് പയനിയറിങ് നടത്തിയിരുന്നത്. എങ്കിലും, അടിസ്ഥാന ജീവിതാവശ്യങ്ങൾ നിറവേറ്റാൻ അദ്ദേഹത്തിനു വകയുണ്ടായിരുന്നു. യഹോവയുടെ സഹായത്താൽ ഈ പയനിയർമാർ വിജയം കൊയ്യുന്നതിനെ കുറിച്ച് കേട്ടപ്പോൾ, സദസ്സിൽ ഉണ്ടായിരുന്ന ആ സഹോദരനും സഹോദരിയും തങ്ങളുടെ ചിന്താഗതിയെയും സാഹചര്യങ്ങളെയും പുനഃപരിശോധിക്കാൻ തുടങ്ങി. അതുതന്നെ ചെയ്യാനാണു ഞങ്ങൾ നിങ്ങളെയും പ്രോത്സാഹിപ്പിക്കുന്നത്. വിശേഷിച്ചും, മണിക്കൂർ വ്യവസ്ഥയിൽ വരുത്തിയ കുറവു നിമിത്തം സുവാർത്താ പ്രസാധകരായ നിരവധി പേർക്ക് ഇപ്പോൾ പയനിയറിങ് എത്തിപ്പിടിക്കാൻ കഴിയുന്ന സ്ഥിതിക്ക്.
3 യഹോവ സ്രഷ്ടാവും അഖിലാണ്ഡ പരമാധികാരിയും ആയതിനാൽ നമ്മുടെ ജീവന് നാം അവനോടു കടപ്പെട്ടിരിക്കുന്നുവെന്നു നമുക്ക് അറിയാം. (ദാനീ. 4:17; പ്രവൃ. 17:28) യഹോവ ഒരൊറ്റ സംഘടനയെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ എന്ന് നമുക്കു വ്യക്തമായി അറിയാം. അന്ത്യം വരുന്നതിനു മുമ്പ് രാജ്യസാക്ഷ്യം നൽകുന്നതിൽ “വിശ്വസ്തനും വിവേകിയുമായ അടിമ”യെ പിന്തുണച്ചുകൊണ്ട്, ഈ സംഘടനയോടൊപ്പം വിശ്വസ്തതയോടെ സേവിക്കാനുള്ള പദവി നമുക്കുണ്ട്. (മത്താ. 24:45, NW; മത്താ. 25:40; 1 പത്രൊ. 2:9) ഈ “അന്ത്യകാലം” ബഹുദൂരം മുന്നേറിയിരിക്കുന്നതിനാൽ, പ്രസംഗിക്കാനുള്ള സമയം അതിവേഗം തീർന്നുകൊണ്ടിരിക്കുകയാണെന്നു നാം തിരിച്ചറിയുന്നു. (2 തിമൊ. 3:1) അതിനിടയിൽ നമുക്കു നമ്മുടെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുകയും ചെയ്യേണ്ടതുണ്ട്. (1 തിമൊ. 5:8) ഒരുവന് തന്റെ വരുമാനംകൊണ്ട് മുൻകാലങ്ങളിലേതു പോലെ കഴിഞ്ഞുകൂടുക പ്രയാസമാണെന്നു തോന്നിയേക്കാം. നമ്മുടെ ആരോഗ്യം മുമ്പത്തെക്കാൾ കുറഞ്ഞിട്ടും ഉണ്ടായിരിക്കാം. വാസ്തവത്തിൽ, സ്വന്തം ആവശ്യങ്ങൾക്കായി അൽപ്പം സമയവും സമ്പത്തും നീക്കിവെക്കാൻ നാം ആഗ്രഹിക്കുകയും ചെയ്തേക്കാം. (സഭാ. 3:12, 13) അതുകൊണ്ട് പയനിയർമാരായി സേവിക്കാനുള്ള ക്ഷണത്തിനു ചെവികൊടുക്കുന്നത് ജ്ഞാനപൂർവകം ആയിരിക്കുമോ എന്നു നാം ചിന്തിച്ചേക്കാം.
4 സ്വന്തം സാഹചര്യങ്ങൾ ശ്രദ്ധാപൂർവം പരിശോധിച്ച്, പയനിയറിങ് ചെയ്യാൻ സാധിക്കുമോ എന്നു തീരുമാനിക്കാനുള്ള ഉത്തരവാദിത്വം ഓരോ വ്യക്തിയുടേതുമാണ്. (റോമ. 14:12; ഗലാ. 6:5) എന്നാൽ പയനിയർ സേവനത്തിനായുള്ള ഈ ക്ഷണത്തോട് കൂടുതൽ കൂടുതൽ ആളുകൾ പ്രതികരിക്കുന്നതു കാണുന്നതു പ്രോത്സാഹജനകമാണ്. ഈ അന്ത്യകാലത്തിന്റെ സമ്മർദങ്ങളും പ്രശ്നങ്ങളും ഒക്കെ ഉണ്ടെങ്കിലും, ലോകവ്യാപകമായി യഹോവയുടെ ജനത്തിലെ 7,00,000-ത്തോളം പേർ പയനിയർ സേവനത്തിൽ ഉത്സാഹത്തോടെ മുന്നേറുന്നു എന്നാണ് വാർഷികപുസ്തകം 1999-ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടു പ്രകടമാക്കുന്നത്. പരിമിത സാമ്പത്തിക ചുറ്റുപാടുകൾ, ഗതാഗത സൗകര്യമില്ലായ്മ, ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ തടസ്സങ്ങളും ദുരിതങ്ങളും മറ്റും ഉണ്ടെങ്കിലും നന്മ ചെയ്യുന്നതിൽ ഈ സഹോദരീസഹോദരന്മാർ മടുത്തുപോകുന്നില്ല. അതു പ്രശംസനീയമാണ്. (ഗലാ. 6:9) തന്നെ പരീക്ഷിക്കാനുള്ള യഹോവയുടെ ക്ഷണം അവർ സ്വീകരിച്ചിരിക്കുന്നു. (മലാ. 3:10) തങ്ങളുടെ പരിമിത സമയവും വിഭവങ്ങളും വളരെ ജ്ഞാനപൂർവം ഉപയോഗിക്കാനുള്ള ഒരു മാർഗമാണ് പയനിയറിങ് എന്ന് അവർ കരുതുന്നു. ആവശ്യമായ പൊരുത്തപ്പെടുത്തലുകൾ വരുത്തി പയനിയർ സേവനത്തിൽ പ്രവേശിച്ച് അതിൽ തുടരുന്നതു നിമിത്തം യഹോവ വാസ്തവമായും അവരെ അനുഗ്രഹിച്ചിരിക്കുന്നു.
5 പയനിയർമാർ അനുഗ്രഹിക്കപ്പെടുന്നു: തീരെ പ്രായം കുറഞ്ഞ ഒരു കുട്ടിയുള്ള കാമറൂണിലെ ഒരു സഹോദരി വിശദീകരിക്കുന്നു: “എന്റെ മോൾ, അവൾ ജനിച്ചപ്പോൾ മുതൽ എന്നും ശുശ്രൂഷയിൽ എന്റെ കൂടെ പോരുന്നു. നടക്കാൻ പഠിക്കുന്നതിനു മുമ്പുതന്നെ ഞാൻ അവളെ സുരക്ഷിതമായി ഒരു തുണിയിൽ ഇരുത്തി എന്റെ പുറത്തു തൂക്കുമായിരുന്നു. ഒരു ദിവസം രാവിലെ, ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് ഞാൻ റോഡു വക്കിലുണ്ടായിരുന്ന ഒരു കടയുടെ സമീപത്തു നിൽക്കുകയായിരുന്നു. എന്റെ മോൾ ബാഗിൽ നിന്ന് കുറച്ചു മാസികയും എടുത്ത് പയ്യെപ്പയ്യെ അടുത്ത കടയുടെ സമീപത്തേക്കു നടന്നുനീങ്ങി. അവൾക്ക് അധികമൊന്നും സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലും, അവൾ ഒരു സ്ത്രീയുടെ ശ്രദ്ധ പിടിച്ചുപറ്റുകയും ഒരു മാസിക കാണിക്കുകയും ചെയ്തു. ഈ പ്രവർത്തനത്തിൽ ഇത്രയും ചെറിയ ഒരു കുട്ടി പങ്കെടുക്കുന്നതു കണ്ടതിൽ ആ സ്ത്രീ അത്ഭുതം കൂറി. അവർ പെട്ടെന്നുതന്നെ ആ മാസിക സ്വീകരിക്കുകയും ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിക്കുകയും ചെയ്തു!”
6 കൂടുതൽ സഹായ പയനിയർമാർക്കായുള്ള ആഹ്വാനത്തോടു പ്രതികരിക്കാൻ സാംബിയയിലെ ഒരു മൂപ്പനും കുടുംബത്തലവനും ആയ ഒരു സഹോദരൻ തീരുമാനിച്ചു. ഒരു മുഴു സമയ ലൗകിക ജോലി ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ജീവിതം വളരെ തിരക്കുപിടിച്ചത് ആയിരുന്നു. സഭയ്ക്കും തന്റെ കുടുംബത്തിനും ഒരു നല്ല മാതൃക വെക്കാൻ അദ്ദേഹം ആഗ്രഹിച്ചു. ചില അവസരങ്ങളിൽ അദ്ദേഹം തന്റെ കാർ വഴിയോരത്തു നിർത്തിയിട്ട് കുടുംബസന്തുഷ്ടിയുടെ രഹസ്യം പുസ്തകത്തിന്റെ ഓഡിയോ കാസെറ്റ് ഉച്ചത്തിൽ വെക്കുമായിരുന്നു. തുടർന്ന് അതു കേൾക്കുന്നതിന് അദ്ദേഹം കാൽനടക്കാരെ ക്ഷണിക്കും. ഇപ്രകാരം, 16 കുടുംബസന്തുഷ്ടി പുസ്തകവും 13 പരിജ്ഞാനം പുസ്തകവും സമർപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചു. രണ്ടു ബൈബിൾ അധ്യയനങ്ങളും അദ്ദേഹം ആരംഭിച്ചു.
7 അയൽ രാജ്യമായ സിംബാബ്വേയിലും നല്ല പയനിയർ ആത്മാവ് പ്രകടമായി. 1998 ഏപ്രിലിൽ, 117 പ്രസാധകരുള്ള ഒരു സഭയിൽ 70 പേർ സഹായ പയനിയർമാരായും 9 പേർ നിരന്തര പയനിയർമാരായും റിപ്പോർട്ടു ചെയ്യുകയുണ്ടായി. 94 പ്രസാധകർ ഉള്ള മറ്റൊരു സഭയിൽ 58 പേർ സഹായ പയനിയർമാരായി റിപ്പോർട്ടു ചെയ്തു. നിലവിലുള്ള 4 നിരന്തര പയനിയർമാരോടൊപ്പം, സഹായ പയനിയറിങ് ചെയ്യാൻ 58 പേർ തീരുമാനിച്ചതായി 126 പ്രസാധകർ ഉള്ള ഒരു സഭ റിപ്പോർട്ടു ചെയ്തു. സിംബാബ്വേയിൽ ഇക്കഴിഞ്ഞ സേവന വർഷം വളരെ ശ്രദ്ധാർഹമായിരുന്നു. കുടുംബ കാര്യങ്ങൾ, സഭാ പ്രവർത്തനങ്ങൾ, ബ്രാഞ്ച് നിർമാണം എന്നിവ നിമിത്തം അവിടത്തെ സഹോദരങ്ങൾ വളരെ തിരക്കിലായിരുന്നു എങ്കിലും ശുശ്രൂഷയിൽ തങ്ങളുടെ സമയം ജ്ഞാനപൂർവം ചെലവഴിക്കുന്നതിൽ അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.
8 പയനിയറിങ് ആരംഭിച്ച് അതിൽ തുടരാൻ സാധിക്കുന്നതു തങ്ങളുടെ കഴിവു നിമിത്തമല്ലെന്നു പയനിയർമാർ തിരിച്ചറിയുന്നു. തങ്ങൾക്കു ചെയ്യാൻ സാധിക്കുന്നതെല്ലാം “ദൈവം നല്കുന്ന പ്രാപ്തി”യാലാണ് എന്ന് അവർ മനസ്സോടെ സമ്മതിക്കുന്നു. (1 പത്രൊ. 4:11) ഓരോ ദിവസവും ശുശ്രൂഷയിൽ പിടിച്ചുനിൽക്കാൻ വിശ്വാസം അവരെ പ്രാപ്തരാക്കുന്നു. സേവനത്തിൽ മുന്നേറുന്നതിന്, സ്വന്തം സുഖസൗകര്യങ്ങൾ തേടുന്നതിനു പകരം “വലിയ പോരാ”ട്ടം നടത്തേണ്ടത് ആവശ്യമായേക്കാം എന്ന് വിജയപ്രദരായ പയനിയർമാർ തിരിച്ചറിയുന്നു. (1 തെസ്സ. 2:2) എന്നാൽ അതിന്റെ ഫലമായി അവർ ധാരാളം അനുഗ്രഹങ്ങളും കൊയ്യുന്നു.
9 പൗലൊസിന്റെ ദൃഷ്ടാന്തം അനുകരണാർഹം: ശുശ്രൂഷയിൽ അപ്പൊസ്തലനായ പൗലൊസ് കൈവരിച്ച നേട്ടങ്ങളും മറ്റുള്ളവർക്ക് അവൻ നൽകിയ സഹായങ്ങളും ബൈബിളിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ പൗലൊസിനു നിരവധി പ്രശ്നങ്ങളെയും നേരിടേണ്ടിവന്നു. സുവാർത്ത പ്രസംഗിക്കുന്നതിനും സഭകളെ ശക്തിപ്പെടുത്തുന്നതിനുമായി അവൻ പീഡനങ്ങളും ശാരീരിക ദുരിതങ്ങളും അനുഭവിച്ചു. അവനു കഠിനമായ ഒരു ആരോഗ്യപ്രശ്നവുമായി മല്ലിടേണ്ടതും ഉണ്ടായിരുന്നു. (2 കൊരി. 11:21-29; 12:7-10) തന്റെ സമയം ജ്ഞാനപൂർവം വിനിയോഗിക്കാൻ അവൻ ദൃഢചിത്തനായിരുന്നു. തന്റെ എല്ലാ പ്രവർത്തനങ്ങളും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചത് യഹോവയുടെ സഹായത്താലാണെന്ന് അവൻ തിരിച്ചറിഞ്ഞു. (ഫിലി. 4:13) യഹോവയുടെ സേവനത്തിൽ പൗലൊസ് ചെലവഴിച്ച സമയവും ശ്രമങ്ങളും പാഴായിപ്പോയെന്ന് അല്ലെങ്കിൽ അവ അതിലും മെച്ചമായി ഉപയോഗിക്കാമായിരുന്നു എന്ന് അവനിൽനിന്നു സഹായം ലഭിച്ച ആരും നിഗമനം ചെയ്യുമായിരുന്നില്ല. എന്തിന്, പൗലൊസ് തന്റെ സമയം ജ്ഞാനപൂർവം ഉപയോഗിച്ചതിനാൽ നാം ഇന്നു പോലും പ്രയോജനം അനുഭവിക്കുന്നു! മുൻഗണനകൾ വെക്കുന്നതിനും ഈ ദുരിതപൂർണമായ സമയങ്ങളിൽ സത്യത്തോടു പറ്റിനിൽക്കുന്നതിനും സഹായിക്കുന്ന പൗലൊസിന്റെ നിശ്വസ്ത ബുദ്ധിയുപദേശത്തെ നാം എത്ര വിലമതിക്കുന്നു!
10 ‘സുവാർത്ത പ്രസംഗിക്കാനുള്ള കാലം’ ഇന്ന് മുമ്പെന്നത്തേതിലും ‘ചുരുങ്ങിയിരിക്കുന്നു.’ (1 കൊരി. 7:29; മത്താ. 24:14) അതുകൊണ്ട് ഇപ്രകാരം നമ്മോടുതന്നെ ചോദിക്കുന്നത് ഉചിതമാണ്, ‘എന്റെ ജീവിതം അപ്രതീക്ഷിതമായി നാളെ അവസാനിക്കുകയാണ് എങ്കിൽ, ഞാൻ എന്റെ സമയം ജ്ഞാനപൂർവം ഉപയോഗിച്ചിരിക്കുന്നു എന്ന് ഇന്ന് എനിക്കു യഹോവയോടു പറയാനാകുമോ?’ (യാക്കോ. 4:14) ഒരു യഹോവയുടെ സാക്ഷിയെന്ന നിലയിൽ സമയം ജ്ഞാനപൂർവം ഉപയോഗിക്കാനുള്ള നിങ്ങളുടെ ആഗ്രഹത്തിന് ഇന്ന് പ്രാർഥനയിൽ എന്തുകൊണ്ട് മുൻഗണന കൊടുത്തുകൂടാ? (സങ്കീ. 90:12) നിങ്ങളുടെ ജീവിതം ലളിതമാക്കുന്നതിനു യഹോവയുടെ സഹായം അഭ്യർഥിക്കുക. പയനിയറിങ് ചെയ്യാൻ സാധിക്കുകയില്ലെന്ന് നിങ്ങൾ നേരത്തെ തീരുമാനിച്ചിട്ടുണ്ടായിരിക്കാം. എങ്കിലും, ഇപ്പോൾ നിങ്ങൾക്കു പയനിയറിങ് ചെയ്യുക സാധ്യമായേക്കുമോ?
11 സാഹചര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക: നിരന്തര പയനിയർമാരായി സേവിച്ചുകൊണ്ട് ഓരോ മാസവും 70 മണിക്കൂർ പ്രവർത്തിക്കാൻ എല്ലാവരുടെയും സാഹചര്യങ്ങൾ അനുവദിക്കുകയില്ല എന്നതു സത്യമാണ്. എന്നുവരികിലും മാസം 50 മണിക്കൂർ ശുശ്രൂഷയിൽ ചെലവഴിച്ചുകൊണ്ട് സാധിക്കുമ്പോഴെല്ലാം അല്ലെങ്കിൽ തുടർച്ചയായി സഹായ പയനിയറിങ് ചെയ്യാൻ നിരവധി പ്രസാധകർ ക്രമീകരണം ചെയ്യുന്നു. എന്നാൽ, സാഹചര്യങ്ങൾ നിമിത്തം നിങ്ങൾക്കു നിരന്തര പയനിയറോ സഹായ പയനിയറോ ആയി ഇപ്പോൾ സേവിക്കാൻ കഴിയുന്നില്ലെങ്കിൽ നിരുത്സാഹിതർ ആകരുത്. അവസ്ഥകൾ മെച്ചപ്പെടുന്നതിനായി പ്രാർഥിക്കുന്നതിൽ തുടരുക. അതിനിടയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുക സാധ്യമല്ലെങ്കിൽ, സേവനത്തിൽ മുഴു ദേഹിയോടെ നിങ്ങൾക്കു ചെയ്യാൻ സാധിക്കുന്നതു ചെയ്യുന്നതിൽ യഹോവ സംപ്രീതനാണ് എന്ന് അറിയുന്നതിൽ ആശ്വാസം കൊള്ളുക. (മത്താ. 13:23) നിങ്ങൾ അവന്റെ പക്ഷത്ത് ഉറച്ചു നിൽക്കുന്നതും സാക്ഷീകരിക്കുന്നതിനുള്ള അവസരങ്ങൾ ഒരു മാസം പോലും വിട്ടുകളയാത്ത ഒരു വിശ്വസ്ത പ്രസാധകനായി അഥവാ പ്രസാധികയായി തുടരാൻ കഠിനശ്രമം ചെയ്യുന്നതും അവൻ കാണുന്നുണ്ട്. ഒരുപക്ഷേ നിങ്ങളുടെ സാക്ഷീകരണ വൈദഗ്ധ്യങ്ങൾക്കു കൂടുതൽ മൂർച്ച വരുത്തിക്കൊണ്ടും സുവാർത്തയുടെ ഒരു പ്രസംഗകനും അധ്യാപകനും എന്ന നിലയിൽ മികവുറ്റു നിൽക്കാൻ ശ്രമിച്ചുകൊണ്ടും നിങ്ങൾക്കു പുരോഗതി വരുത്താൻ സാധിക്കും.—1 തിമൊ. 4:16.
12 “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം” ഇത്ര അടുത്ത് എത്തിയിരിക്കുന്നതിനാൽ, നിയമിച്ചു കിട്ടിയിരിക്കുന്ന വേല പൂർത്തീകരിക്കുന്നതിന് ഇനിയുള്ള സമയം നാം ജ്ഞാനപൂർവം ഉപയോഗിക്കേണ്ടതുണ്ട്. (യോവേ. 2:31) തനിക്കിനി അവശേഷിക്കുന്ന സമയം വളരെ പരിമിതമാണ് എന്നു സാത്താന് അറിയാം. നമ്മുടെ ജീവിതം കൂടുതൽ ദുസ്സഹം ആക്കുന്നതിനും വാസ്തവത്തിൽ പ്രാധാന്യം അർഹിക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതു പ്രയാസകരം ആക്കുന്നതിനുമായി തന്റെ കൈവശമുള്ള എല്ലാ തന്ത്രങ്ങളും പ്രയോഗിക്കാൻ അവൻ പൂർവാധികം കിണഞ്ഞു പരിശ്രമിക്കുകയാണ്. (ഫിലി. 1:10, NW; വെളി. 12:12) നിങ്ങളിലുള്ള യഹോവയുടെ താത്പര്യത്തെ ഒരിക്കലും താഴ്ത്തിമതിക്കരുത്. നിങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കാനും ശുശ്രൂഷയിൽ കഴിവിന്റെ പരമാവധി ചെയ്യാനും നിങ്ങളെ സഹായിക്കാൻ യഹോവയ്ക്കു സാധിക്കും. (സങ്കീ. 145:16) സന്തോഷകരമെന്നു പറയട്ടെ, സഹായ/നിരന്തര പയനിയർ അണിയിൽ തങ്ങൾക്കും ചേരാനാകും എന്നാണ് സാഹചര്യങ്ങൾ പുനഃപരിശോധിക്കുമ്പോൾ മിക്കവരും കണ്ടെത്തുന്നത്. തങ്ങളുടെ സമയം ജ്ഞാനപൂർവം ഉപയോഗിക്കുന്നതിൽ പയനിയർമാർ തീർച്ചയായും ആഴമായ സംതൃപ്തി കണ്ടെത്തുന്നു. നിങ്ങൾ അവരിൽ ഒരാളായിരിക്കുമോ?