ഒരു മുസ്ലീമിനോടു നിങ്ങൾ എന്തു പറയും?
1 നിങ്ങൾ എപ്പോഴെങ്കിലും ഒരു മുസ്ലീമിനോടു സാക്ഷീകരിച്ചിട്ടുണ്ടോ? അങ്ങനെയെങ്കിൽ, അവർക്കു ദൈവത്തിൽ തീക്ഷ്ണമായ വിശ്വാസമുള്ളതായി നിങ്ങൾ മനസ്സിലാക്കിയിരിക്കാൻ ഇടയുണ്ട്. എന്നിരുന്നാലും, യഹോവയുടെ പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞ ആസന്നമായ ഭൗമിക പറുദീസയെക്കുറിച്ച് അവർക്ക് ഒന്നുംതന്നെ അറിയില്ല. ആ പ്രത്യാശ അവരുമായി പങ്കുവെക്കാൻ നാം ആഗ്രഹിക്കുന്നു. (1 തിമൊ. 2:3, 4) ഒരു നല്ല സാക്ഷ്യം നൽകാൻ പിൻവരുന്ന വിവരങ്ങൾ നിങ്ങളെ സഹായിക്കും.
2 മുസ്ലീങ്ങൾ അല്ലാഹുവിൽ അഥവാ ദൈവത്തിൽ വിശ്വസിക്കുന്നു. മുഹമ്മദ് ദൈവത്തിന്റെ പ്രവാചകനാണെന്നും അവർ വിശ്വസിക്കുന്നു. അവരുടെ വിശുദ്ധ ഗ്രന്ഥം ഖുർആൻ ആണ്. ഇസ്ലാം—“കീഴ്പെടൽ” എന്ന് അർഥം—എന്നാണ് അവരുടെ മതത്തിന്റെ പേർ. നുണ പറയലും വിഗ്രഹാരാധനയും തെറ്റാണെന്നും ദൈവം ഏകനാണെന്നും അവൻ ഒരു ത്രിത്വത്തിന്റെ ഭാഗമല്ലെന്നും ഖുർആൻ പറയുന്നു. മാത്രമല്ല, അത് ആത്മാവിന്റെ അമർത്യത, നരകാഗ്നി, സ്വർഗീയ പറുദീസ എന്നിവയെക്കുറിച്ചും പഠിപ്പിക്കുന്നു. ബൈബിളിനെ ദൈവവചനമായി അംഗീകരിക്കുന്നുണ്ടെങ്കിലും, അതിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെന്നും എന്നാൽ ഖുർആൻ മൂല ഭാഷയിൽത്തന്നെ ഇപ്പോഴും പരിശുദ്ധമായി തുടരുന്നുവെന്നും മുസ്ലീങ്ങൾ വിശ്വസിക്കുന്നു.
3 സൗഹൃദവും നയവും വിവേചനയും ഉള്ളവരായിരിക്കുക: ഒരു മുസ്ലീമുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ സൗഹൃദവും നയവും ഉള്ളവർ ആയിരിക്കുക. (സദൃ. 25:15) മുസ്ലീങ്ങളുടെ വിശ്വാസങ്ങൾ ആഴത്തിൽ വേരൂന്നിയവയാണെന്നും അവയിൽ മിക്കതും അവർ കേവലം മനപ്പാഠമാക്കിയവ ആണെന്നും ഓർത്തിരിക്കുക. തന്നിമിത്തം, മതോപദേശങ്ങൾ സംബന്ധിച്ച് യുക്തിപൂർവം ചിന്തിച്ച് ദൈവേഷ്ടം എന്താണെന്ന് സ്വയം ഉറപ്പുവരുത്തുന്ന രീതി അവരുടെ ആത്മീയ വളർച്ചയിൽ ഉൾപ്പെട്ടിട്ടില്ല. (റോമ. 12:2) മുസ്ലീങ്ങളെ സഹായിക്കുന്നതിന് ക്ഷമയും അവരെക്കുറിച്ചുള്ള ഗ്രാഹ്യവും അതിപ്രധാനമാണ്.—1 കൊരി. 9:19-23.
4 നിങ്ങൾ ക്രൈസ്തവലോകത്തിൽ പെട്ട ഒരാളാണ് എന്ന് ഒരു മുസ്ലീം തെറ്റിദ്ധരിക്കാൻ ഇടയാക്കുന്ന പദപ്രയോഗങ്ങൾ ഒഴിവാക്കുക. നിങ്ങൾ കത്തോലിക്കാ/പ്രൊട്ടസ്റ്റന്റു മതവിഭാഗങ്ങളിൽപ്പെട്ട ആളല്ലെന്നും അവരിൽ നിന്നു തികച്ചും വ്യത്യസ്തനാണെന്നും വ്യക്തമാക്കുക. ബൈബിളിനെ ദൈവത്തിന്റെ ഗ്രന്ഥം എന്നു പരാമർശിക്കുക. “ദൈവപുത്രൻ” എന്ന പദത്തോട് മുസ്ലീങ്ങൾക്ക് വിപ്രതിപത്തി ഉള്ളതിനാൽ, ആത്മീയ പുരോഗതി കൈവരിക്കുന്നതുവരെ ആ പദപ്രയോഗം ഉപയോഗിക്കുകയോ അതേക്കുറിച്ചു ചർച്ച ചെയ്യുകയോ ചെയ്യാതിരിക്കുന്നതാണ് സാധാരണഗതിയിൽ നല്ലത്. എങ്കിലും, ഒരു പ്രവാചകൻ എന്നോ സന്ദേശവാഹകൻ എന്നോ പരാമർശിച്ചുകൊണ്ട് നിങ്ങൾക്ക് യേശുവിനെക്കുറിച്ചു സംസാരിക്കാവുന്നതാണ്. വാഗ്വാദങ്ങൾ ഒഴിവാക്കുക. ചർച്ച ചൂടുപിടിച്ചു തുടങ്ങുന്നെങ്കിൽ നയപൂർവം പെട്ടെന്നുതന്നെ അവിടെനിന്നു പോകുക.
5 ഒരു കൂട്ടത്തോട് സംസാരിക്കുന്നതിലും നല്ലത് ഒരു വ്യക്തിയോടു സംസാരിക്കുന്നതാണ്. സാധാരണഗതിയിൽ സ്ത്രീകൾ സ്ത്രീകളോടും പുരുഷന്മാർ പുരുഷന്മാരോടും സംസാരിക്കുന്നതാണ് നല്ലത്. എപ്പോഴും അത് സാധിച്ചെന്നുവരില്ലെങ്കിലും ഇക്കാര്യത്തിൽ നല്ല വിവേചന ഉപയോഗിക്കണം. കൂടാതെ, സ്ത്രീകളുടെ വസ്ത്രധാരണത്തെയും ചമയത്തെയും സംബന്ധിച്ച് മിക്ക മുസ്ലീങ്ങൾക്കും കണിശമായ നിലവാരങ്ങൾ ഉണ്ട്. അതുകൊണ്ട്, ഇക്കാര്യം സംബന്ധിച്ച് സഹോദരിമാർ ശ്രദ്ധയുള്ളവർ ആയിരിക്കണം.—1 കൊരി. 10:31-33.
6 സംസാരിക്കേണ്ട സംഗതികൾ: ദൈവത്തിന്റെ ഔന്നത്യത്തെയും അവന്റെ സ്നേഹത്തെയും കുറിച്ച് തുറന്നു സംസാരിക്കുക. നിങ്ങൾ ഒരു യഥാർഥ വിശ്വാസിയാണെന്നും ദൈവം ഏകനാണെന്നും (ത്രിത്വമല്ലെന്നും) വിഗ്രഹാരാധന തെറ്റാണെന്നും പറയാൻ മടിക്കരുത്. യുദ്ധങ്ങൾ, ആഭ്യന്തര കലഹങ്ങൾ, വർഗീയ വിദ്വേഷം, അനേകം മതഭക്തരിലും വ്യക്തമായി കാണുന്ന കപടവിശ്വാസം എന്നിങ്ങനെ ഇന്നു ലോകത്തിൽ നടമാടുന്ന ദുഷ്ടതയെക്കുറിച്ചു സംസാരിക്കുക.
7 മുസ്ലീങ്ങളോടു സംഭാഷണം തുടങ്ങാനായി ഉപയോഗിക്കാവുന്ന വിഷയങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി എന്ന ലഘുപത്രികയിൽ നിങ്ങൾക്കു കാണാൻ കഴിയും. ബൈബിൾ പഠിക്കാൻ അനുകൂലമായ ചുറ്റുപാടുകളുള്ള മുസ്ലീങ്ങളെ ആകർഷിക്കത്തക്ക വിധത്തിലാണ് ഇതു രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്നത്.
8 നിങ്ങൾക്ക് ഈ അവതരണം പരീക്ഷിച്ചുനോക്കാവുന്നതാണ്:
◼“ഞാൻ മുസ്ലീങ്ങളോടു സംസാരിക്കാൻ ഒരു പ്രത്യേക ശ്രമം നടത്തിവരികയാണ്. ഞാൻ നിങ്ങളുടെ മതത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കാറുണ്ട്. മുസ്ലീങ്ങൾ ഒരേയൊരു സത്യ ദൈവത്തിലും എല്ലാ നബിമാരിലും വിശ്വസിക്കുന്നുവെന്നാണ് അവയിൽ നിന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. അതു ശരിയല്ലേ? [പ്രതികരിക്കാൻ അനുവദിക്കുക.] ഭൂമി ഒരു ഫിർദോസായി (പറുദീസ) മാറും എന്നതു സംബന്ധിച്ചുള്ള ഒരു പുരാതന നബിവചനത്തെ (പ്രവചനം) കുറിച്ച് താങ്കളോടു സംസാരിക്കാൻ എനിക്കു താത്പര്യമുണ്ട്. അതേക്കുറിച്ച് ഒരു നബി എഴുതിയത് എന്താണെന്നു ഞാൻ താങ്കളെ വായിച്ചു കേൾപ്പിക്കട്ടെ? [യെശയ്യാവു 11:6-9 വായിക്കുക.] ഈ നബിവചനം എന്റെ മനസ്സിലേക്ക് കൊണ്ടുവരുന്നത് ഈ ലഘുപത്രികയിലെ, ഖുർആനിൽ നിന്നുള്ള ഒരു ഉദ്ധരണിയാണ്.” പടച്ചവന്റെ മാർഗനിർദേശം ലഘുപത്രികയുടെ 9-ാം പേജിലെ, ഭൂമിയെ അവകാശമാക്കുന്ന നീതിമാന്മാരെ കുറിച്ചു പരാമർശിക്കുന്ന, തടിച്ച അക്ഷരത്തിലുള്ള ഉദ്ധരണി വായിക്കുക. വീട്ടുകാരൻ താത്പര്യം കാണിക്കുന്നെങ്കിൽ, എതിർ പേജിലെ 7-9 ഖണ്ഡികകൾ ചർച്ച ചെയ്തുകൊണ്ട് സംഭാഷണം തുടരുക. ലഘുപത്രിക കൊടുത്തിട്ട്, മടക്കസന്ദർശനം ക്രമീകരിക്കുക.—മറ്റൊരു അവതരണത്തിന്, 1998 ഫെബ്രുവരിയിലെ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 6-ാം പേജിലെ 23-ാം ഖണ്ഡിക കാണുക.
9 പടച്ചവന്റെ മാർഗനിർദേശം ലഘുപത്രിക പരിചിന്തിക്കാനായി ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുമ്പോൾ, അതിനെ ബൈബിൾ അധ്യയനം എന്നല്ല മറിച്ച് ഒരു ചർച്ച എന്നു വിളിക്കുന്നതാണു നല്ലത്. ലഘുപത്രിക ഉപയോഗിച്ചുള്ള ചർച്ച പൂർത്തിയാകുമ്പോൾ, വിദ്യാർഥി ആവശ്യം ലഘുപത്രികയോ പരിജ്ഞാനം പുസ്തകമോ പഠിക്കാൻ തയ്യാറായിരിക്കണം. മുസ്ലീങ്ങൾക്കുവേണ്ടി പ്രത്യേകം തയ്യാർ ചെയ്തിരിക്കുന്ന മറ്റു പ്രസിദ്ധീകരണങ്ങൾ ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം എന്ന ലഘുലേഖയും ദൈവത്തോടുള്ള യഥാർഥ കീഴ്പെടലിനുള്ള സമയം എന്ന ചെറുപുസ്തകവുമാണ്.
10 മുസ്ലീങ്ങളുടെ വിശ്വാസങ്ങളെ കുറിച്ചും മറ്റുമുള്ള ഈ അറിവിന്റെ അടിസ്ഥാനത്തിൽ അവർക്കായി സാഹിത്യം തിരഞ്ഞെടുക്കുന്ന കാര്യത്തിലും അവരോടു സാക്ഷീകരിക്കുന്ന വിധത്തിലും നമുക്കു വിവേചന പുലർത്താനാകും. യഹോവയുടെ നാമം വിളിച്ചപേക്ഷിച്ച് രക്ഷ പ്രാപിക്കാൻ എല്ലാത്തരം ആളുകളെയും സഹായിക്കാനുള്ള നമ്മുടെ ശ്രമങ്ങളെ അവൻ തുടർന്നും അനുഗ്രഹിക്കുമാറാകട്ടെ.—പ്രവൃ. 2:21.