‘കർത്താവിൽ കഠിനമായി അധ്വാനിക്കുന്ന സ്ത്രീകൾ’
1 റോമാ സഭയിലെ കഠിനാധ്വാനികളായ രണ്ടു സഹോദരിമാരെ, ത്രുഫൈനെയേയും ത്രുഫോസെയേയും, വർണിക്കാൻ അപ്പൊസ്തലനായ പൗലൊസ് മേൽപ്പറഞ്ഞ വാക്കുകൾ ഉപയോഗിച്ചു. മറ്റൊരു സഹോദരിയായ പെർസിസിനെ കുറിച്ച് അവൻ പറഞ്ഞു: “അവൾ കർത്താവിൽ വളരെ അധ്വാനിച്ചു.” സമാനമായി ഫേബ, “അനേകർക്കായി പ്രതിവാദം നടത്തി”യതായി അവൻ പ്രശംസിച്ചു പറഞ്ഞു. (റോമ. 16:2, 12, NW) തിരുവെഴുത്തുകളിൽ “വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്നവളായ” തബീഥയെ കുറിച്ചു പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. (പ്രവൃ. 9:36) ആത്മീയതയുള്ള സ്ത്രീകൾ സഭയ്ക്ക് എത്ര വലിയ ഒരു അനുഗ്രഹമാണ്!
2 നമ്മുടെ സഭയിൽ കഠിനാധ്വാനം ചെയ്യുന്ന സഹോദരിമാരെ നാം വിലമതിക്കുന്നുണ്ടോ? പ്രസംഗവേലയുടെ സിംഹഭാഗവും നിറവേറ്റുന്നത് അവരാണ്. കൂടാതെ, അവർ ബൈബിൾ അധ്യയനങ്ങളിൽ ഭൂരിഭാഗവും നടത്തുകയും അനേകം പുതിയവരെ സഹായിക്കുകയും ചെയ്യുന്നു. അതുപോലെതന്നെ ആത്മീയ പുരോഗതി കൈവരിക്കാൻ കുട്ടികളെ സഹായിക്കുന്നതിനും അവർ വളരെയധികം സമയം ചെലവഴിക്കുന്നുണ്ട്. സഭയിൽ സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും തീക്ഷ്ണതയുടെയും ആത്മാവു വളർത്തിയെടുക്കുന്നതിൽ ക്രിസ്തീയ സ്ത്രീകൾ തങ്ങളുടെ പങ്കു നിർവഹിക്കുന്നു. തങ്ങളുടെ ഭർത്താക്കന്മാർക്കും മറ്റു കുടുംബാംഗങ്ങൾക്കും യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാൻ കഴിയേണ്ടതിന് അവർ പല വിധങ്ങളിൽ പിന്തുണ നൽകുന്നു.
3 മുഴുസമയ സേവകരായ സഹോദരിമാർ: കർത്താവിൽ കഠിനാധ്വാനം ചെയ്യുന്നവരിൽ സഞ്ചാരമേൽവിചാരകന്മാരുടെ ഭാര്യമാരും ഉൾപ്പെടുന്നു. തങ്ങൾ നിയമിക്കപ്പെട്ടിരിക്കുന്ന സർക്കിട്ടിലെ വേലയുടെ പുരോഗതിയിൽ അവരിൽ പലരും ഒരു പങ്കു വഹിച്ചിരിക്കുന്നു. തങ്ങളുടെ ഭർത്താക്കന്മാർ സേവിക്കുന്ന സഭകളിൽ തിരക്കോടെ വയൽ ശുശ്രൂഷയിൽ ഏർപ്പെട്ടുകൊണ്ട് അവർ മറ്റു സഹോദരിമാർക്കു പ്രോത്സാഹനമേകുന്നു. ബെഥേലിൽ സേവിക്കുന്ന സഹോദരിമാരെ നമുക്കു മറന്നുകളയാതിരിക്കാം. യഹോവയുടെ സംഘടനയെ പിന്തുണച്ചുകൊണ്ട് അവർ സതീക്ഷ്ണം വിശുദ്ധ സേവനം അർപ്പിക്കുന്നു. ഇനി, സാധാരണ പയനിയർമാരായ നമ്മുടെ സഹോദരിമാരാണെങ്കിൽ ദൈവത്തെ സ്തുതിക്കാനുള്ള തങ്ങളുടെ വിശ്വസ്ത ശ്രമങ്ങളിലൂടെ ആയിരങ്ങളെ സത്യം പഠിക്കാൻ സഹായിച്ചുകൊണ്ടിരിക്കുന്നു.
4 തങ്ങളുടെ ആത്മത്യാഗപരമായ ജീവിതഗതിയിൽ ഈ വിശ്വസ്ത സ്ത്രീകൾ വലിയ സംതൃപ്തി കണ്ടെത്തുന്നു. (1 തിമൊ. 6:6, 8) നമ്മുടെ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും അഭിനന്ദനത്തിനും അവർ അർഹരാണ്.
5 ഏവർക്കും പ്രയോജനകരമായ വിശ്വസ്ത സേവനം അനുഷ്ഠിക്കുന്ന ക്രിസ്തീയ സ്ത്രീകൾ യഹോവയുടെ സംഘടനയ്ക്ക് ഒരു മുതൽക്കൂട്ടാണ്. നമുക്ക് അവരെ വിലമതിക്കുകയും “കർത്താവിൽ കഠിനാധ്വാനം” ചെയ്യുന്നതിൽ അവർ തുടരവെ യഹോവയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും ചെയ്യാം.