ദാനീയേൽ പ്രവചനം പഠിക്കൽ
1 ഏപ്രിൽ 17-ന് ആരംഭിക്കുന്ന വാരം മുതൽ സഭാ പുസ്തക അധ്യയനത്തിൽ, ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! എന്ന പുസ്തകമായിരിക്കും നാം പഠിക്കുന്നത്. ആകർഷകമായ ഈ പുസ്തകം പലരും ഇപ്പോൾത്തന്നെ വ്യക്തിപരമായി വായിച്ചുകഴിഞ്ഞിരിക്കുന്നു, എന്നാൽ ഒരു കൂട്ടമെന്ന നിലയിൽ ഈ വിവരങ്ങൾ പരിചിന്തിക്കുന്നതിൽ നിന്നു ലഭിക്കുന്ന പ്രയോജനങ്ങൾ ആസ്വദിക്കുന്നതിനുള്ള അവസരമാണ് ഇപ്പോൾ നമുക്കുള്ളത്. ദാനീയേൽ എന്ന ബൈബിൾ പുസ്തകത്തെക്കുറിച്ചുള്ള ഗഹനമായ പഠനത്തിനായി വാരം തോറും കൂടിവരാൻ എല്ലാ പ്രസാധകരെയും താത്പര്യക്കാരെയും കുട്ടികളെയും ക്ഷണിക്കുന്നു, പ്രോത്സാഹിപ്പിക്കുന്നു.—ആവ. 31:12, 13.
2 അധ്യയന പട്ടികയും നിർദേശങ്ങളും: ദാനീയേൽ പ്രവചനം എന്ന പുസ്തകത്തിന്റെ മുഴു അധ്യയന പട്ടികയും ഈ ലക്കം രാജ്യ ശുശ്രൂഷയോടൊപ്പം ഉണ്ട്. നിങ്ങൾ പഠിക്കുന്ന പുസ്തകത്തോടൊപ്പം അതിന്റെ ഒരു പകർപ്പ് സൂക്ഷിക്കുക. പുസ്തകത്തിലെ ഏത് അധ്യായവും ഖണ്ഡികകളും ആണ് ഓരോ വാരവും ചർച്ച ചെയ്യുന്നത് എന്നതിനു പുറമേ ദാനീയേലിലെ ഏതെല്ലാം വാക്യങ്ങളെ അടിസ്ഥാനമാക്കിയായിരിക്കും ചർച്ച എന്നതും അതിൽ പരാമർശിച്ചിട്ടുണ്ട്. ഈ പുസ്തകത്തിലെ ചില വിവരങ്ങൾ എങ്ങനെ എപ്പോൾ പരിചിന്തിക്കപ്പെടുമെന്ന് അടിക്കുറിപ്പുകൾ വിവരിക്കുന്നു. ഓരോ വാരത്തിലെയും അധ്യയനത്തിന്റെ അവസാനം, ദാനീയേൽ പുസ്തകത്തിൽനിന്ന് പ്രസ്തുത വാരത്തേക്കായി പട്ടികപ്പെടുത്തിയിരിക്കുന്ന പ്രത്യേക വാക്യങ്ങൾ പുസ്തകാധ്യയന നിർവാഹകൻ സദസ്സുമായി പുനരവലോകനം ചെയ്യേണ്ടതാണ്. സമയം അനുവദിക്കുന്നപക്ഷം, വാക്യങ്ങൾ വായിച്ച് അവയെപ്പറ്റി അഭിപ്രായങ്ങൾ പറയുക. ചില വാക്യങ്ങളുടെ ചർച്ച ചിലപ്പോൾ പിറ്റേ ആഴ്ചയിലേക്കു നീണ്ടുപോയേക്കാം.
3 ഒരു സമ്പൂർണ പഠനത്തിനായി തയ്യാറാകുക: ഓരോ വാരത്തിലെയും നിയമിത ഭാഗങ്ങൾ സമയമെടുത്ത് ചർച്ച ചെയ്യാൻ തക്കവണ്ണമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. നാല് അധ്യായങ്ങൾ ദൈർഘ്യം കുറഞ്ഞവയാണ്. അതിനാൽ, ജൂൺ 5-ന് ആരംഭിക്കുന്ന വാരത്തിലെ അധ്യയനത്തിന്റെ അവസാനം, നിർവാഹകന് ദാനീയേൽ 2:1-40 വരെയുള്ള ഭാഗത്തിന്റെ ഒരു പുനരവലോകനം ഉൾപ്പെടുത്താവുന്നതാണ്. ജൂൺ 26-ന് ആരംഭിക്കുന്ന വാരത്തിൽ ദാനീയേൽ 3:1-30 വരെ പുനരവലോകനം ചെയ്യാവുന്നതാണ്. സെപ്റ്റംബർ 4-ന് ആരംഭിക്കുന്ന വാരത്തിൽ 139-ാം പേജിലെ ചിത്രീകരണങ്ങളെയും തിരുവെഴുത്തുകളെയും കുറിച്ചുള്ള ഒരു സമഗ്ര ചർച്ച ഉൾപ്പെടുത്തണം. ഒക്ടോബർ 2-ന് ആരംഭിക്കുന്ന വാരത്തിൽ, 188, 189 എന്നീ പേജുകളിലെ ചാർട്ട് ചർച്ച ചെയ്യേണ്ടതാണ്.
4 ഓരോ വാരത്തിലെയും അധ്യയനത്തിനുവേണ്ടി നന്നായി തയ്യാറായി വരിക, നല്ല ഉത്തരങ്ങൾ പറയുക. യഹോവയുടെ ദൃശ്യ സംഘടനയോടൊത്തു സഹവസിക്കാനും അവന്റെ വിശ്വസ്ത അഭിഷിക്തർ മുഖാന്തരം പ്രദാനം ചെയ്തിരിക്കുന്ന ഉൾക്കാഴ്ചയിൽ നിന്നും ഗ്രാഹ്യത്തിൽ നിന്നും പ്രയോജനം നേടാനും നിങ്ങൾക്കു ലഭിച്ചിരിക്കുന്ന പദവിയെ വിലമതിക്കുക. (ദാനീ. 12:3, 4) ക്രമമായി പുസ്തക അധ്യയനത്തിനു ഹാജരാകാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുക. ദാനീയേൽ പുസ്തകത്തിലൂടെ ദൈവം വെളിപ്പെടുത്തിയിരിക്കുന്ന ഭയാദരവ് ഉണർത്തുന്ന പ്രാവചനിക വാക്കുകൾക്ക് നമുക്കേവർക്കും ശ്രദ്ധ കൊടുക്കാം.—എബ്രാ. 10:23-25; 2 പത്രൊ. 1:19, NW.