‘ഉണർന്നിരിപ്പിൻ’
1 ഈ വ്യവസ്ഥിതിയുടെ അന്ത്യനാളുകളെ തിരിച്ചറിയിക്കുന്ന സുപ്രധാന സംഭവങ്ങൾ വിവരിച്ച ശേഷം യേശു തന്റെ ശിഷ്യന്മാരെ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: ‘ഉണർന്നിരിപ്പിൻ.’ (മർക്കൊ. 13:33) ക്രിസ്ത്യാനികൾ ഉണർന്നിരിക്കേണ്ടത് എന്തുകൊണ്ടാണ്? കാരണം, മാനവചരിത്രത്തിലെ ഏറ്റവും അപകടകരമായ സമയത്താണു നാം ജീവിക്കുന്നത്. അതുകൊണ്ട് ഇപ്പോൾ ഒരുകാരണവശാലും നാം ആത്മീയ മയക്കത്തിലേക്കു വഴുതി വീഴരുത്. അങ്ങനെ സംഭവിക്കുന്നെങ്കിൽ, ഈ അന്ത്യകാലത്ത് യഹോവ നമ്മെ ഭരമേൽപ്പിച്ചിരിക്കുന്ന വേലയുടെ പ്രാധാന്യം തിരിച്ചറിയാൻ നമുക്കു കഴിയാതെ പോകും. ആ വേല ഏതാണ്?
2 മനുഷ്യ വർഗത്തിന്റെ ഏക പ്രത്യാശയായ ദൈവരാജ്യത്തെ കുറിച്ചുള്ള സുവാർത്ത ഭൂമിയിലെമ്പാടും ഘോഷിക്കാൻ യഹോവ തന്റെ ജനത്തെ ഉപയോഗിച്ചുകൊണ്ടിരിക്കുകയാണ്. ദൈവത്തിന്റെ സംഘടനയോടൊപ്പം പ്രവർത്തിക്കുന്നത്, കാലത്തിന്റെ പ്രാധാന്യവും “നിത്യജീവന്റെ വചനങ്ങൾ” മറ്റുള്ളവരെ അറിയിക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കുന്ന സത്യക്രിസ്ത്യാനികളായി നമ്മെത്തന്നെ തിരിച്ചറിയിക്കുന്നു. (യോഹ. 6:68) മർമപ്രധാനമായ ഈ രാജ്യപ്രസംഗവേലയിൽ തീക്ഷ്ണതയോടെ ഏർപ്പെടുന്നത് നാം ആത്മീയമായി ഉണർന്നിരിക്കുന്നു എന്നതിന്റെ തെളിവാണ്.
3 പ്രസംഗിക്കാൻ പ്രേരിതരാകുന്നു: യഹോവയുടെ സാക്ഷികളായ നമുക്കു ശുശ്രൂഷയെ സംബന്ധിച്ച് ക്രിയാത്മകമായ ഒരു മനോഭാവം ഉണ്ടായിരിക്കണം. ദൈവത്തോടും അയൽക്കാരനോടുമുള്ള സ്നേഹമാണ് പ്രസംഗവേലയിൽ പങ്കുപറ്റാൻ നമ്മെ പ്രേരിപ്പിക്കുന്നത്. (1 കൊരി. 9:16, 17) അത് നമ്മുടെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരുടെയും രക്ഷയിൽ കലാശിക്കും. (1 തിമൊ. 4:16) മനുഷ്യവർഗത്തിനു ലഭിക്കാവുന്നതിൽവെച്ച് ഏറ്റവും ഉത്തമമായ ഗവൺമെന്റിനെ കുറിച്ച്, അതായത് ദൈവരാജ്യത്തെ കുറിച്ച്, പ്രസംഗിക്കേണ്ടിടത്തോളം കാലം അതിൽ സാധിക്കുന്നത്ര പതിവായി പങ്കുപറ്റാൻ നമുക്കു ദൃഢചിത്തരായിരിക്കാം!
4 ഒരു പ്രധാനപ്പെട്ട വസ്തുത തിരിച്ചറിയുന്നത് ശുശ്രൂഷയുടെ അടിയന്തിരത മനസ്സിൽ പിടിക്കാൻ നമ്മെ സഹായിക്കും—നാം ഈ വേലയിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെയായിരിക്കും മഹോപദ്രവം പൊട്ടിപ്പുറപ്പെടുന്നത്. ആ നാളും നാഴികയും നമുക്ക് അറിയില്ലാത്തതിനാൽ പ്രാർഥനാപൂർവം യഹോവയിൽ ആശ്രയിച്ചുകൊണ്ട് നാം സദാ ഉണർന്നും ജാഗരിച്ചുംകൊണ്ടിരിക്കേണ്ടതുണ്ട്. (എഫെ. 6:18 പി.ഒ.സി. ബൈബിൾ) ഇന്ന് പ്രസംഗപ്രവർത്തനത്തിനായി പുതിയപുതിയ വാതിലുകൾ തുറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നാൽ പെട്ടെന്നുതന്നെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ ഈ സാക്ഷീകരണ വേല അതിന്റെ പാരമ്യത്തിലെത്തും.
5 ‘ഉണർന്നിരിക്കാനുള്ള’ യേശുവിന്റെ കൽപ്പന വിശ്വസ്തതയോടെ പിൻപറ്റേണ്ടത് മുമ്പെന്നത്തെക്കാൾ ആവശ്യമാണ്. നമുക്ക് അടിയന്തിരതാ ബോധത്തോടെ പ്രവർത്തിക്കാം. എല്ലായ്പോഴും നമുക്ക് യഹോവയുടെ സേവനത്തിൽ ഊർജസ്വലരും ആത്മീയമായി ഗൗരവമാനസരും ജാഗ്രതയുള്ളവരും ആയിരിക്കാം. അതേ, ‘ഉണർവും സുബോധവും’ ഉള്ളവർ തന്നെ.—1 തെസ്സ. 5:6.