വിശുദ്ധ കാര്യങ്ങളെ നിങ്ങൾ വിലമതിക്കുന്നുവോ?
1 വിശുദ്ധ കാര്യങ്ങളോടു വിലമതിപ്പുണ്ടോ എന്നു ചോദിച്ചാൽ ഉവ്വ് എന്നായിരിക്കും നമ്മുടെ പെട്ടെന്നുള്ള ഉത്തരം. നാം വിലമതിക്കുന്ന ദൈവത്തിന്റെ ചില വിശുദ്ധ കരുതലുകൾ ഏതെല്ലാമാണ്?
2 സ്വർഗീയ പിതാവുമായുള്ള നമ്മുടെ വ്യക്തിപരമായ ബന്ധം നമുക്കെത്ര അമൂല്യമാണ്! ‘അവനോട് അടുത്തു ചെന്നാൽ അവൻ നമ്മോടും അടുത്തുവരുമെന്ന്’ അവന്റെ വചനം നമുക്ക് ഉറപ്പേകുന്നു. (യാക്കോ. 4:8) യേശുവിന്റെ മറുവിലയാഗം കൂടാതെ ആർക്കും നിത്യജീവൻ ലഭിക്കുകയില്ല. (യോഹ. 3:16) ആത്മാർഥമായ കൃതജ്ഞത നിമിത്തം ദൈവം നൽകിയ വിലതീരാത്ത ഈ ദാനത്തോടുള്ള നമ്മുടെ ആഴമായ വിലമതിപ്പ് നാം ദിവസവും പ്രാർഥനയിലൂടെ പ്രകടിപ്പിക്കുന്നു.
3 യഹോവയുടെ ഭൗമിക സംഘടനയെപോലെതന്നെ ദൈവത്തിന്റെ നിശ്വസ്ത വചനമായ വിശുദ്ധ ബൈബിളും നമുക്കു വിശുദ്ധമാണ്. ബൈബിൾ തത്ത്വങ്ങൾ അനുസരിച്ച് ജീവിക്കുകയും സഹോദര സ്നേഹത്തിന്റെ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും ശ്രദ്ധാപൂർവം ദിവ്യാധിപത്യ ക്രമം പിൻപറ്റുകയും നേതൃത്വമെടുക്കുന്നവരോടു സഹകരിക്കുകയും ചെയ്യുമ്പോൾ യഹോവയിൽനിന്നുള്ള ഈ കരുതലുകളോടു നാം ഉചിതമായ വിലമതിപ്പു പ്രകടിപ്പിക്കുകയാണു ചെയ്യുന്നത്.—1 പത്രൊ. 1:22.
4 വിശ്വസ്തനും വിവേകിയുമായ അടിമയിലൂടെ നമുക്ക് ആത്മീയ ആഹാരം സമൃദ്ധമായി ലഭിക്കുന്നു. ഈ വർഷത്തെ “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ അതു സത്യമായിരിക്കും. നമുക്ക് അടിയന്തിരമായി ആവശ്യമുള്ള ജീവത്പ്രധാനമായ പ്രബോധനങ്ങളും ഊഷ്മളമായ ക്രിസ്തീയ സഹവാസവും അവിടെ ലഭിക്കും. ഈ വിശുദ്ധ കരുതലിനോടു നമുക്ക് എങ്ങനെ ഹൃദയംഗമമായ വിലമതിപ്പു കാണിക്കാൻ കഴിയും?
5 യഹോവയുടെ ആലയത്തെ കൈവിടരുത്: യെരൂശലേം മതിൽ പുതുക്കിപ്പണിയാൻ കഠിനമായി അധ്വാനിച്ചവരോട് ‘ദൈവത്തിന്റെ ആലയത്തെ കൈവിടരുതെന്ന്’ നെഹെമ്യാവ് ഉദ്ബോധിപ്പിച്ചു. (നെഹെ. 10:39) ഇന്ന് യഹോവയുടെ “ആലയം” ആരാധനയ്ക്കായുള്ള അവന്റെ ക്രമീകരണമാണ്. നമ്മുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ ആ ക്രമീകരണത്തിന്റെ ഒരു ഭാഗമാണ്. ഈ ക്രമീകരണത്തെ അവഗണിക്കാതെ അവിടെ സന്നിഹിതരാകുകയും സൂക്ഷ്മ ശ്രദ്ധ കൊടുത്തുകൊണ്ട് യഹോവയുടെ കരുതലുകളെ നാം അതിയായി വിലമതിക്കുന്നുവെന്ന് പ്രകടമാക്കുകയും ചെയ്യാം. (എബ്രാ. 10:24, 25) ഈ വിശുദ്ധ കരുതലിനെ പൂർണമായി വിലമതിക്കുന്നുവെന്ന് പ്രകടമാക്കാൻ നാം എന്തൊക്കെ ആസൂത്രണങ്ങളാണ് ഇപ്പോൾ ചെയ്യേണ്ടത്?
6 മൂന്നു ദിവസവും ഹാജരാകുക: കൺവെൻഷന്റെ മൂന്നു ദിവസവും ഹാജരാകാൻ നാം ഓരോരുത്തരും ക്രമീകരണം ചെയ്യണം. ഓരോ ദിവസവും നേരത്തേതന്നെ വന്നുചേരാനും ഞായറാഴ്ച സമാപന പ്രാർഥന കഴിയുന്നതുവരെ അവിടെ ഉണ്ടായിരിക്കാനുമാണോ നിങ്ങൾ ആസൂത്രണം ചെയ്യുന്നത്? അങ്ങനെയെങ്കിൽ സമൃദ്ധമായ അനുഗ്രഹങ്ങൾ നിങ്ങൾക്കു ലഭിക്കും. കൺവെൻഷനു ഹാജരാകുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. ലൗകിക തൊഴിലിൽ പൊരുത്തപ്പെടുത്തൽ വരുത്തുന്നതിന് നിങ്ങൾ ഉറച്ച ഒരു നിലപാടു സ്വീകരിക്കേണ്ടി വന്നേക്കാം. കൺവെൻഷൻ സ്ഥലത്തേക്കുള്ള യാത്ര അത്ര എളുപ്പമായിരിക്കണമെന്നില്ല. അങ്ങനെയൊക്കെ ആണെങ്കിൽ പോലും, കൺവെൻഷനിൽ സംബന്ധിക്കുന്നതിൽനിന്നു നിങ്ങളെ പിന്തിരിപ്പിക്കാൻ അവയെ അനുവദിക്കരുത്.
7 ഈ മികച്ച മാതൃക ശ്രദ്ധിക്കുക: ആഭ്യന്തര കലാപം നടക്കുന്ന ഒരു ആഫ്രിക്കൻ രാജ്യത്താണ് ഈ സംഭവം. ഇവിടെ കഴിഞ്ഞ വർഷം കുറെ സഹോദരങ്ങൾ കൺവെൻഷൻ സ്ഥലത്തേക്കുള്ള യാത്രാമധ്യേ ഒരു കൂട്ടം സൈനികരെ കണ്ടുമുട്ടി. അവർ സഹോദരങ്ങളോട് ചോദിച്ചു: “നിങ്ങൾ ആരാണ്, എങ്ങോട്ടു പോകുന്നു?” സഹോദരങ്ങൾ പറഞ്ഞു: “ഞങ്ങൾ യഹോവയുടെ സാക്ഷികളാണ്, ഞങ്ങളുടെ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ സംബന്ധിക്കാൻ പോകുകയാണ്.” അവരിൽ ഒരു പട്ടാളക്കാരൻ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾക്ക് ഒന്നിനെയും പേടിയില്ല. പൊയ്ക്കൊള്ളൂ, കുഴപ്പമൊന്നും കൂടാതെ നിങ്ങൾക്ക് കൺവെൻഷനിൽ സംബന്ധിക്കാനാകും. എങ്കിലും നിങ്ങൾ അനേകം ഭടന്മാരെ കാണുമെന്ന് ഓർത്തിരിക്കുക. വഴിയുടെ നടുവിലൂടെ മാത്രം നടക്കുക! ആൾക്കൂട്ടത്തെ കണ്ടാലും വഴിയുടെ നടുവിലൂടെതന്നെ നടക്കുക!” അങ്ങനെതന്നെ ചെയ്ത അവർ കൺവെൻഷൻ സ്ഥലത്ത് സുരക്ഷിതരായി എത്തി. വിശുദ്ധ കാര്യങ്ങളോടു വിലമതിപ്പു കാണിച്ചതിനാൽ ഈ സഹോദരങ്ങൾ അനുഗ്രഹിക്കപ്പെട്ടു.
8 ആഫ്രിക്കയിലെ നമ്മുടെ സഹോദരങ്ങളെപ്പോലെ നാമും വെല്ലുവിളികൾ അഭിമുഖീകരിക്കുന്നുണ്ട്. എന്നിരുന്നാലും, അവരുടെ വിശ്വാസം അനുകരിച്ചുകൊണ്ട് ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ എല്ലാ പരിപാടികളിലും സംബന്ധിക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. പൊരുത്തപ്പെടുത്തലുകൾ ആവശ്യമാണെങ്കിൽ, മുഴുപരിപാടികളിലും സംബന്ധിക്കാനുള്ള നമ്മുടെ പ്രയത്നങ്ങളെ യഹോവ അനുഗ്രഹിക്കുമെന്ന തിരിച്ചറിവോടെ മാർഗനിർദേശത്തിനായി അവനിലേക്കു തിരിയുക.
9 അനുഗ്രഹങ്ങൾ കൊയ്യുക: രക്ഷയ്ക്കായി വളരാൻ ദൈവവചനം ആവശ്യമാണെന്ന് അറിഞ്ഞുകൊണ്ട് നാം അതിനായി വാഞ്ഛിക്കുന്നു. (1 പത്രൊ. 2:2) കൺവെൻഷനിൽ സംബന്ധിക്കുന്നതും പരിപാടികൾ ശ്രദ്ധിക്കുന്നതും ആ വചനത്തിലുള്ള നമ്മുടെ വിശ്വാസത്തെ ബലിഷ്ഠമാക്കുകയും സാത്താന്റെ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ നമ്മെ സജ്ജരാക്കുകയും ചെയ്യും. അപ്രകാരം പ്രവർത്തിക്കുന്നതു മുഖാന്തരം, വിശുദ്ധ കാര്യങ്ങളോടു പൂർണ വിലമതിപ്പുള്ളവരാണെന്നും “പിൻമാറുന്ന തരക്കാരല്ല, പിന്നെയോ ദേഹിയെ ജീവനോടെ പരിരക്ഷിക്കാൻ തക്ക വിശ്വാസമുളള തരക്കാരാണ്” എന്നും യഹോവയുടെയും മറ്റു നിരീക്ഷകരുടെയും മുമ്പാകെ പ്രകടിപ്പിക്കുകയായിരിക്കും നാം ചെയ്യുന്നത്.—എബ്രാ. 10:39; 12:16; സദൃ. 27:11.
10 യഹോവയാം ദൈവം ആകാശത്തിന്റെ കിളിവാതിലുകളെ തുറന്ന് ആത്മീയാനുഗ്രഹങ്ങൾ സമൃദ്ധമായി ചൊരിയുന്ന സമയത്തിനായി നമുക്ക് ആകാംക്ഷാപൂർവം നോക്കിപ്പാർത്തിരിക്കാം. (മലാ. 3:10) “ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ ആദ്യദിനമായ വെള്ളിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള സമാപന പ്രാർഥനയ്ക്ക് “ആമേൻ” പറയുന്നതുവരെ അവിടെ ഉണ്ടായിരിക്കാൻ ലക്ഷ്യമിടുക. അങ്ങനെ ചെയ്താൽ നിങ്ങൾക്കു വലിയ സന്തോഷം ആസ്വദിക്കാൻ കഴിയും, തീർച്ച!