യോഗങ്ങൾ യുവജനങ്ങൾക്കു പ്രയോജനം ചെയ്യുന്നു
1 ഒരു കൗമാരപ്രായക്കാരി ഇങ്ങനെ പറഞ്ഞു: “ജീവിതത്തിൽ ഏറ്റവുമധികം വെല്ലുവിളികൾ നേരിടുന്നത് യുവജനങ്ങളാണെന്ന് എനിക്കു ചിലപ്പോഴൊക്കെ തോന്നാറുണ്ട്. മദ്യപിക്കുകയും മയക്കുമരുന്ന് ഉപയോഗിക്കുകയും ദുർവൃത്തിയിൽ ഏർപ്പെടുകയും ചെയ്യുന്ന ആളുകളാണ് ഞങ്ങൾക്കു ചുറ്റുമുള്ളത്.” നിങ്ങൾക്ക് അങ്ങനെയാണോ തോന്നുന്നത്? എങ്കിൽ, ഇത്തരം മോശമായ സ്വാധീനങ്ങളെ ചെറുത്തുനിൽക്കാൻ എന്തു സഹായിക്കുമെന്നാണു നിങ്ങൾ വിചാരിക്കുന്നത്? യഹോവയുടെ വഴികളാണ് ഏറ്റവും ഉചിതം എന്നുള്ള ശക്തമായ വിശ്വാസം നിങ്ങൾക്ക് ആവശ്യമാണ്. കാരണം, ആ വിശ്വാസം കൂടാതെ “ദൈവത്തെ പ്രസാദിപ്പിപ്പാൻ കഴിയുന്നതല്ല.” (എബ്രാ. 11:6) യോഗങ്ങളിൽ സംബന്ധിക്കുന്നത് ക്രിസ്തീയ വിശ്വാസത്തെയും മോശമായ കാര്യങ്ങൾ ഒഴിവാക്കുന്നതിനുള്ള നിശ്ചയദാർഢ്യത്തെയും ബലിഷ്ഠമാക്കാൻ നിങ്ങളെ സഹായിക്കും.
2 യോഗങ്ങളിൽ നിന്നുള്ള പ്രയോജനങ്ങൾ ഒട്ടനവധി: സുഹൃത്തുക്കളുമൊത്തുള്ള ഒരു ഭക്ഷണവേളയെ ആസ്വാദ്യമാക്കുന്നത് എന്താണ്? രുചികരമായ ഭക്ഷണവും പ്രശാന്തമായ ഒരു ചുറ്റുപാടിലെ ഹൃദ്യമായ സഹവാസവുമല്ലേ? ഹൃദ്യമായ അതേ അനുഭവമാണ് നമുക്കു ക്രിസ്തീയ യോഗങ്ങളിലൂടെയും ലഭിക്കുന്നത്, ഒരു ആത്മീയ വിധത്തിൽ ആണെന്നുമാത്രം.
3 ദൈനംദിന ജീവിത പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതു മുതൽ ശ്രദ്ധേയമായ ബൈബിൾ പ്രവചനങ്ങൾവരെ യോഗങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന വിവരങ്ങളെല്ലാംതന്നെ നിങ്ങളെ കെട്ടുപണി ചെയ്യുന്നവയാണ്. ഈ യോഗങ്ങളിൽനിന്നു ലഭിക്കുന്ന പ്രായോഗിക നിർദേശങ്ങൾ, വെല്ലുവിളികളെ എങ്ങനെ നേരിടാമെന്നും മെച്ചപ്പെട്ട ജീവിതം എങ്ങനെ നയിക്കാമെന്നും നിങ്ങളെ പഠിപ്പിക്കുന്നു. ക്രിസ്തീയ യോഗസ്ഥലത്തു കണ്ടുമുട്ടുന്നവരെ പോലുള്ള സുഹൃത്തുക്കളെ മറ്റൊരിടത്തും നമുക്കു ലഭിക്കുകയില്ല. അവിടത്തെ ആത്മീയ അന്തരീക്ഷം സന്തോഷകരവും സുരക്ഷിതവുമാണ്. (സങ്കീ. 133:1) ഒരു ചെറുപ്പക്കാരി ഇങ്ങനെ പറഞ്ഞതിൽ അതിശയിക്കാനില്ല: “സ്കൂളിലെ ഓരോ ദിവസവും സമ്മർദപൂരിതമാണ്. എന്നാൽ, മരുഭൂമിയിലെ ഒരു മരുപ്പച്ച എങ്ങനെയാണോ അതുപോലെയാണ് എനിക്ക് ക്രിസ്തീയ യോഗങ്ങൾ. സ്കൂളിലെ അടുത്ത ദിവസത്തിനായി അത് എനിക്ക് ഉന്മേഷം പകരുന്നു.” മറ്റൊരു പെൺകുട്ടി പറഞ്ഞു: “യഹോവയെ സ്നേഹിക്കുന്നവരുമായുള്ള അടുത്ത സഹവാസം അവനോട് പറ്റിനിൽക്കാൻ എന്നെ സഹായിക്കുന്നതായി ഞാൻ മനസ്സിലാക്കിയിരിക്കുന്നു.”
4 ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ പങ്കെടുക്കുകവഴി, ബൈബിൾ വിവരങ്ങൾ ശേഖരിച്ച്, ഒരു പ്രസംഗമായി വികസിപ്പിച്ച്, രാജ്യഹാളിലെ സദസ്സിനു മുമ്പാകെ അത് സംഭാഷണ ശൈലിയിൽ അവതരിപ്പിക്കാൻ നിങ്ങൾ പഠിക്കുന്നു. ദൈവവചനത്തിലെ ജീവരക്ഷാകരമായ സത്യങ്ങൾ വൈദഗ്ധ്യത്തോടെ പഠിപ്പിക്കാൻ തക്കവിധം പരിശീലനം നേടുന്നത് എത്ര പ്രയോജനകരമാണ്! അത്തരം അമൂല്യമായ പരിശീലനം മറ്റെവിടെനിന്നാണ് യുവജനങ്ങൾക്കു ലഭിക്കുക?
5 യോഗങ്ങളിൽനിന്നു പരമാവധി പ്രയോജനം നേടുന്ന വിധം: യോഗങ്ങളിൽനിന്ന് പരമാവധി പ്രയോജനം നേടുന്നതിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു: തയ്യാറാകൽ, പങ്കുപറ്റൽ, പ്രാവർത്തികമാക്കൽ.
6 തയ്യാറാകൽ: ക്രമമായ അടിസ്ഥാനത്തിൽ യോഗങ്ങൾക്കു തയ്യാറാകാൻ സമയം പട്ടികപ്പെടുത്തുക. ഓരോ യോഗത്തിലും ചർച്ച ചെയ്യപ്പെടാൻ പോകുന്ന വിഷയങ്ങൾ മുന്നമേ പരിചിന്തിക്കാനുള്ള സമയത്തെ കവർന്നുകളയാൻ സ്കൂളിലെ പാഠ്യവിഷയങ്ങളുടെ തയ്യാറാകലിനെയോ അംശകാല ജോലിയെയോ വിനോദ പ്രവർത്തനങ്ങളെയോ അനുവദിക്കരുത്. നല്ല ഒരു പഠനശീലം വളർത്തിയെടുക്കാൻ അതു നിങ്ങളെ സഹായിക്കുന്നു. ഒന്നാമതായി, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിലെ ബൈബിൾ വായനാ പട്ടികയോടു പറ്റിനിൽക്കുക. നിയമിത അധ്യായങ്ങൾ വായിച്ചു ധ്യാനിക്കുന്നതിന് ദിവസവും ഏതാനും മിനിട്ടുകളേ വേണ്ടൂ. സഭാ പുസ്തകാധ്യയനത്തിനും വീക്ഷാഗോപുര അധ്യയനത്തിനും തയ്യാറാകാൻ സമയം മാറ്റിവെക്കുക. ചിലർ ഈ യോഗങ്ങൾ നടക്കുന്നതിന് കുറഞ്ഞത് ഒന്നോ രണ്ടോ ദിവസം മുമ്പുതന്നെ അതു ചെയ്യുന്നു. സാധ്യമാകുന്നിടത്തോളം, ഓരോ വാരത്തിലെയും സേവനയോഗ പരിപാടിയുടെ കാര്യത്തിലും അതുതന്നെ ചെയ്യുക.
7 പങ്കുപറ്റൽ: 12-ാം വയസ്സിൽ യേശു ആലയത്തിലിരുന്ന് ഉപദേഷ്ടാക്കന്മാർ പറയുന്നതു ശ്രദ്ധിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്തതായി ബൈബിൾ പറയുന്നു. (ലൂക്കൊ. 2:46, 47) മറ്റു വാക്കുകളിൽ പറഞ്ഞാൽ അവൻ പൂർണമായും അതിൽ മുഴുകിയിരുന്നു. യോഗങ്ങളിൽ പങ്കുപറ്റാൻ ശ്രമിക്കുമ്പോൾ നിങ്ങൾക്കും അതിൽനിന്നു കൂടുതൽ പ്രയോജനങ്ങൾ ലഭിക്കും.—സദൃ. 15:23.
8 യോഗങ്ങളിൽ പഠിപ്പിക്കപ്പെടുന്ന കാര്യങ്ങൾക്കു നിങ്ങൾ നല്ല ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ചിലപ്പോൾ, ഒരു പ്രസംഗം നടത്തുന്നതിനെക്കാൾ ബുദ്ധിമുട്ടാണ് അതു ശ്രദ്ധിക്കാൻ. എന്താണ് കാരണം? മറ്റൊരാൾ പ്രസംഗം നടത്തുമ്പോൾ നിങ്ങളുടെ മനസ്സ് അലഞ്ഞുതിരിഞ്ഞേക്കാം. എന്താണൊരു പോംവഴി? കുറിപ്പുകളെടുക്കുക എന്നതുതന്നെ. പിന്നീട് എടുത്തുനോക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്ന പ്രധാന ആശയങ്ങൾ കുറിച്ചിടുക. അങ്ങനെ ചെയ്യുന്നത് പരിപാടികളിൽ ശ്രദ്ധിച്ചിരിക്കാൻ നിങ്ങളെ സഹായിക്കും. പ്രസംഗകൻ വായിക്കുന്ന തിരുവെഴുത്തുകൾ അദ്ദേഹത്തോടൊപ്പം എടുത്തുനോക്കുകയും ചെയ്യുക.
9 ഇനിയും, യോഗങ്ങളിലെ ഓരോ ചോദ്യോത്തര ചർച്ചകളിലും പങ്കുണ്ടായിരിക്കാൻ ലക്ഷ്യമിടുക. പറയാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം പരിചിന്തിക്കുന്നെങ്കിൽ, അതു കൂടുതൽ പ്രയോജനപ്രദമായിരിക്കും. സദൃശവാക്യങ്ങൾ 15:28 പറയുന്നു: “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു.”
10 പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കൽ: അവസാന പടി, പഠിക്കുന്ന കാര്യങ്ങൾ നിങ്ങളിൽ ‘വ്യാപരിക്കുന്നു’ എന്ന് ഉറപ്പുവരുത്തുകയാണ്. (1 തെസ്സ. 2:13) ഓരോ യോഗത്തിലും പഠിക്കുന്ന ആശയങ്ങൾ പ്രവൃത്തിപഥത്തിൽ കൊണ്ടുവരുമ്പോൾ നിങ്ങൾ യഹോവയോടു കൂടുതൽ അടുത്തുവരും. അവൻ നിങ്ങൾക്ക് യഥാർഥ വ്യക്തി ആയിത്തീരും, സത്യം നിങ്ങളുടെ സ്വന്തമാക്കിക്കൊണ്ട് ‘അതിൽ നടക്കു’ന്നതിന്റെ സന്തോഷവും സംതൃപ്തിയും നിങ്ങൾ അനുഭവിക്കും.—3 യോഹ. 4.
11 അതുകൊണ്ട് യുവ സഹോദരങ്ങളേ, യോഗങ്ങൾക്കു പതിവായി തയ്യാറാകുകയും അവയിൽ പങ്കുപറ്റുകയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോൾ നിങ്ങൾ യോഗങ്ങൾ പരമാവധി ആസ്വദിക്കും. ഒപ്പം, യോഗങ്ങളിൽ നിന്നുള്ള മുഴു പ്രയോജനവും നിങ്ങൾക്കു ലഭിക്കും. അങ്ങനെ, നിങ്ങളുടെ വിശ്വാസവും സ്വർഗീയ പിതാവായ യഹോവയോടു വിശ്വസ്തരായി നിലകൊള്ളാനുള്ള തീരുമാനവും ബലിഷ്ഠമാക്കപ്പെടും.—സങ്കീ. 145:18.