“പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?”
1 ഭൂമിയിലെമ്പാടുമുള്ള മനുഷ്യർ ഉത്തരം കണ്ടെത്താൻ ആഗ്രഹിക്കുന്ന ഒരു ചോദ്യമാണ് അത്. കാരണം, കഴിഞ്ഞ നൂറ്റാണ്ടുകളെ അപേക്ഷിച്ച് മനുഷ്യർ വളരെ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, സഹസ്രാബ്ദങ്ങളായി മനുഷ്യരെ ബാധിച്ചിരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു. അത് ആളുകളെ നിരാശരാക്കുന്നു. (ഇയ്യോ. 14:1; സങ്കീ. 90:10) അങ്ങനെയെങ്കിൽ, മനുഷ്യവർഗത്തിന് എവിടെയാണ് ആശ്വാസം കണ്ടെത്താൻ കഴിയുക?
2 നമ്മുടെ അയൽക്കാർക്ക് ആ ചോദ്യത്തിന് ഉത്തരം നൽകാനുള്ള ഒരു പ്രത്യേക അവസരം നവംബർ മാസത്തിൽ നമുക്കുണ്ട്. നമുക്ക് അത് എങ്ങനെയാണ് ചെയ്യാൻ കഴിയുക? രാജ്യവാർത്ത നമ്പർ 36 വിതരണം ചെയ്യുന്നതിലൂടെ. “പുതിയ സഹസ്രാബ്ദം—നിങ്ങളുടെ ഭാവി ശോഭനമായിരിക്കുമോ?” എന്നതാണ് അതിന്റെ ശീർഷകം. നവംബർ 1 ബുധനാഴ്ച നാം രാജ്യവാർത്ത നമ്പർ 36-ന്റെ ഊർജിതമായ വിതരണം തുടങ്ങും. ഈ പ്രസ്ഥാനകാലത്ത്, തിങ്കൾ മുതൽ വെള്ളിവരെയുള്ള ദിവസങ്ങളിൽ രാജ്യവാർത്ത നമ്പർ 36 വിതരണം ചെയ്യുന്നതിലായിരിക്കും നാം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. വാരാന്തങ്ങളിൽ, നാം അത് മാസികകളോടൊപ്പം സമർപ്പിക്കുന്നതായിരിക്കും.
3 നിങ്ങൾക്ക് പൂർണ പങ്കുണ്ടായിരിക്കുമോ? മൂപ്പന്മാരും ശുശ്രൂഷാദാസന്മാരും പയനിയർമാരും വേലയുടെ മുൻപന്തിയിൽ ആയിരിക്കുന്നതിനാൽ അവർ ഈ പ്രസ്ഥാനത്തിൽ നേതൃത്വമെടുക്കുന്നതായിരിക്കും. നവംബറിൽ സഹായ പയനിയറിങ് നടത്താൻ തക്കവിധം പല പ്രസാധകരും തങ്ങളുടെ സാഹചര്യങ്ങളിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തിയിട്ടുണ്ട്. മറ്റുള്ളവർ സാധാരണയിൽ കൂടുതൽ സമയം ശുശ്രൂഷയിൽ ചെലവഴിക്കാൻ ലക്ഷ്യമിടുന്നു.
4 രാജ്യവാർത്ത നമ്പർ 36-ന്റെ വിതരണത്തിൽ തങ്ങളുടെ പുസ്തകാധ്യയന കൂട്ടത്തിലെ എല്ലാവർക്കും പൂർണപങ്കുണ്ടായിരിക്കാൻ തക്കവിധം ഓരോരുത്തരെയും പ്രോത്സാഹിപ്പിക്കുന്നതിൽ പുസ്തകാധ്യയന നിർവാഹകന്മാർക്ക് ഒരു സുപ്രധാന പങ്ക് വഹിക്കാൻ കഴിയും. പ്രസംഗവേലയിൽ നിഷ്ക്രിയരായ ചില പ്രസാധകർ ഉണ്ടായിരുന്നേക്കാം. അവരെ സഹായിക്കാനായി എന്തു ചെയ്യാൻ കഴിയുമെന്നറിയാൻ മൂപ്പന്മാർ അവരെ സന്ദർശിക്കണം. ഒരുപക്ഷേ, നിഷ്ക്രിയനായ ഓരോ വ്യക്തിയോടും ഒപ്പം പ്രസ്തുത മാസം വയൽ സേവനത്തിനു പോകാൻ അനുഭവസമ്പന്നരായ പ്രസാധകരെ ക്രമീകരിക്കാവുന്നതാണ്. ലളിതമായ ഒരു അവതരണം ഉപയോഗിച്ചുകൊണ്ട് രാജ്യവാർത്ത നമ്പർ 36-ന്റെ വിതരണത്തിൽ പങ്കുപറ്റുകവഴി ഈ പ്രസാധകർക്കു പുനഃക്രിയരാകാൻ കഴിയും.
5 പരിജ്ഞാനം പുസ്തകം പഠിച്ചു തീരാറായ, സ്നാപനമേറ്റിട്ടില്ലാത്ത പ്രസാധകരായി സേവിക്കാൻ യോഗ്യതയുള്ളവർക്ക് ശുശ്രൂഷയിൽ ഏർപ്പെട്ടു തുടങ്ങാനുള്ള ഒരു നല്ല അവസരവും കൂടെയാണ് ഇത്. കൊച്ചു കുട്ടികൾക്കുപോലും ഊർജിതമായ ഈ പ്രവർത്തനത്തിൽ ഒരു നല്ല പങ്കുണ്ടായിരിക്കാൻ കഴിയും.
6 ലളിതമായ ഒരു അവതരണമേ ആവശ്യമുള്ളൂ. നിങ്ങൾക്ക് ഇങ്ങനെ പറയാവുന്നതാണ്:
◼ “ഈ [നഗരത്തിന്റെയോ പട്ടണത്തിന്റെയോ പേർ പറയുക] സ്ഥലത്തെ എല്ലാ ഭവനങ്ങളിലും സുപ്രധാനമായ ഈ സന്ദേശം എത്തിക്കുന്നതിനായി ഞാൻ സ്വമേധയാ പ്രവർത്തിക്കുകയാണ്. ഈ ലഘുലേഖ താങ്കൾക്കുള്ളതാണ്. ദയവായി, ഇത് വായിച്ചുനോക്കുക.” രാജ്യവാർത്ത നമ്പർ 36 വിതരണം ചെയ്യുമ്പോൾ സാക്ഷീകരണ ബാഗ് കൊണ്ടുപോകാതിരിക്കുന്നതാണ് ഉചിതം.
7 നന്നായി ആസൂത്രണം ചെയ്ത വയൽസേവന യോഗങ്ങൾ: വയൽസേവനത്തിനു ക്രമീകരണങ്ങൾ സൗകര്യപ്രദവും പ്രായോഗികവും ആണെന്ന് മൂപ്പന്മാർ ഉറപ്പുവരുത്തണം. പ്രത്യേകിച്ച് സേവന മേൽവിചാരകൻ, എല്ലാവർക്കും ശുശ്രൂഷയിൽ ഏർപ്പെടാൻ മതിയായ വീടുകളും ബിസിനസ്സ് പ്രദേശങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണം. സാധ്യമെങ്കിൽ എല്ലാ ദിവസവും, സായാഹ്നങ്ങളിൽപോലും വയൽസേവന യോഗങ്ങൾ നടത്തണം. വിദ്യാർഥികളുടെയും ഷിഫ്റ്റ് ജോലിക്കാരുടെയും മറ്റുള്ളവരുടെയും പ്രയോജനത്തിനായി വൈകുന്നേരങ്ങളിലും വയൽസേവനം ക്രമീകരിക്കാവുന്നതാണ്.
8 ആളില്ലാ ഭവനങ്ങൾ: സാധ്യമാകുന്നത്രയും വീട്ടുകാർക്ക് സാക്ഷ്യം നൽകുക എന്നതാണ് നമ്മുടെ ലക്ഷ്യം. നിങ്ങൾ സന്ദർശിക്കുമ്പോൾ വീട്ടിൽ ആളില്ലെങ്കിൽ മേൽവിലാസം കുറിച്ചെടുക്കുകയും മറ്റൊരു സമയത്ത് സന്ദർശിക്കുകയും ചെയ്യുക. ഈ പ്രസ്ഥാനത്തിന്റെ അവസാന വാരത്തിലും അവരെ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ, വഴിപോക്കർ കാണാത്ത ഒരു സ്ഥലത്ത് രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു പ്രതി നിങ്ങൾക്ക് വെക്കാവുന്നതാണ്. ഗ്രാമ പ്രദേശങ്ങളിലും ഈ പ്രസ്ഥാനകാലത്തിനുള്ളിൽ പ്രവർത്തിച്ചു തീർക്കാൻ പറ്റാത്ത പ്രദേശങ്ങളിലും ഉള്ള ആളില്ലാ ഭവനങ്ങളിൽ ആദ്യമായി ചെല്ലുമ്പോൾത്തന്നെ രാജ്യവാർത്ത നമ്പർ 36-ന്റെ ഒരു പ്രതി അവിടെ ഇട്ടേച്ചു പോരാൻ പ്രാദേശിക മൂപ്പന്മാർക്കു സഹോദരങ്ങളോടു നിർദേശിക്കാവുന്നതാണ്.
9 നമുക്ക് തിരക്കോടെ ഏർപ്പെടാം! പ്രസ്ഥാനകാലം തീരുന്നതിനു മുമ്പ് പ്രദേശം പ്രവർത്തിച്ചു തീർക്കാൻ സഭകൾ ശ്രമിക്കണം. പ്രദേശം വളരെ വലുതാണെങ്കിൽ, പ്രായോഗികവും സുരക്ഷിതവുമായ സ്ഥലങ്ങളിൽ ചില പ്രസാധകർക്ക് ഒറ്റയ്ക്ക് പ്രവർത്തിക്കാവുന്നതാണ്. അർഹരായ സാധ്യമാകുന്നത്രയും ആളുകളുടെ അടുത്ത് എത്തിച്ചേരാൻ ഈ ക്രമീകരണം സഹായിക്കും. എല്ലാ താത്പര്യക്കാരെയും കുറിച്ച് വ്യക്തമായ രേഖ സൂക്ഷിക്കുക.
10 ഏകദേശം എത്ര മാസികകൾ കൂടുതലായി വേണ്ടിവരുമെന്ന് മൂപ്പന്മാർ തിട്ടപ്പെടുത്തി അതനുസരിച്ച് ഓർഡർ ചെയ്യണം. രാജ്യവാർത്ത നമ്പർ 36 ഓർഡർ ചെയ്യേണ്ട ആവശ്യമില്ല. കാരണം, എല്ലാ സഭകൾക്കും അത് അയച്ചുതരുന്നുണ്ട്. പ്രത്യേക-സാധാരണ-സഹായ പയനിയർമാർ ഓരോരുത്തർക്കും 300 പ്രതികൾ ലഭിക്കും. പ്രസാധകർക്ക് 100 പ്രതികളും. അതുകൊണ്ട്, ഈ പ്രത്യേക പ്രവർത്തനത്തിൽ ഏർപ്പെടാൻ നിങ്ങൾ സജ്ജരും ആകാംക്ഷയുള്ളവരും അല്ലേ? ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ആസന്ന ഭാവിയെക്കുറിച്ച് നമ്മുടെ അയൽക്കാരെയെല്ലാം അറിയിക്കാനുള്ള നമ്മുടെ പദവി എത്ര അമൂല്യമാണ്!