പ്രസംഗവേലയിൽ വ്യാപൃതരായിരിപ്പിൻ!
1 “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും” ദൈവം ഇച്ഛിക്കുന്നു. (1 തിമൊ. 2:4) സുവാർത്ത പ്രസംഗിക്കുക എന്ന നിയമനം അവൻ നമുക്കു നൽകിയിരിക്കുന്നതിന്റെ കാരണവും അതുതന്നെയാണ്. (മത്താ. 24:14) പ്രസംഗവേലയിൽ വ്യാപൃതരായിരിക്കേണ്ടതിന്റെ കാരണം നാം മനസ്സിലാക്കുന്നപക്ഷം നിരുത്സാഹമോ ശ്രദ്ധാശൈഥില്യമോ ഒന്നും നമ്മുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയില്ല.
2 പ്രസംഗവേലയിൽ വ്യാപൃതരായിരിക്കേണ്ടത് എന്തുകൊണ്ട്? ഇന്ന് ലോകത്തിൽ ആളുകൾക്കു നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നു. തന്മൂലം, നാം നൽകുന്ന സന്ദേശം അവർ ശ്രദ്ധിക്കാതിരിക്കുകയോ മറന്നുകളയുകയോ അതിനെ ലാഘവത്തോടെ എടുക്കുകയോ ചെയ്തേക്കാം. അതുകൊണ്ട്, ദൈവത്തിന്റെ രക്ഷാ സന്ദേശത്തെ കുറിച്ച് നാം കൂടെക്കൂടെ അവരെ ഓർമിപ്പിച്ചുകൊണ്ടിരിക്കണം. (മത്താ. 24:38, 39) കൂടാതെ, ആളുകളുടെ ജീവിത സാഹചര്യങ്ങൾ നിരന്തരം മാറിക്കൊണ്ടിരിക്കുകയാണ്. ഒറ്റ രാത്രികൊണ്ട് ലോകസാഹചര്യങ്ങൾക്കുപോലും ശ്രദ്ധേയമായ മാറ്റം സംഭവിച്ചേക്കാം. (1 കൊരി. 7:31) നാം ആരോട് പ്രസംഗിക്കുന്നുവോ അവർ, നാളെയോ അടുത്ത ആഴ്ചയോ അടുത്ത മാസമോ പുതിയ പ്രശ്നങ്ങളെയോ ഉത്കണ്ഠകളെയോ അഭിമുഖീകരിക്കാൻ ഇടയുണ്ട്. നാം അറിയിക്കുന്ന സുവാർത്തയ്ക്ക് ഗൗരവപൂർവമായ ശ്രദ്ധ നൽകാൻ അതൊക്കെ അവരെ പ്രേരിപ്പിച്ചേക്കാം. നിങ്ങളെ സത്യം അറിയിച്ച സാക്ഷികൾ തുടർച്ചയായി നിങ്ങളെ സന്ദർശിച്ചതിൽ നിങ്ങൾ നന്ദിയുള്ളവരല്ലേ?
3 ദൈവത്തിന്റെ കരുണയെ അനുകരിക്കൽ: ദുഷ്ടന്മാരുടെമേൽ ന്യായവിധി നടത്തുന്നതിനു മുമ്പായി യഹോവ ക്ഷമാപൂർവം കുറെ സമയം അനുവദിച്ചിരിക്കുന്നു. തന്നിലേക്കു തിരിഞ്ഞ് രക്ഷ പ്രാപിക്കാൻ നമ്മിലൂടെ അവൻ പരമാർഥ ഹൃദയരോടു തുടർച്ചയായി അഭ്യർഥിക്കുകയാണ്. (2 പത്രൊ. 3:9) നാം ആളുകളെ ദൈവത്തിന്റെ കരുണാ സന്ദേശം അറിയിക്കാതിരിക്കുകയും ദുഷിച്ച വഴികളിൽനിന്നു പിന്തിരിയാത്തവരുടെമേൽ വരാൻ പോകുന്ന ദൈവത്തിന്റെ ന്യായവിധി നിർവഹണത്തെക്കുറിച്ച് അവർക്കു മുന്നറിയിപ്പു നൽകാതിരിക്കുകയും ചെയ്യുന്നെങ്കിൽ നാം രക്തപാതക കുറ്റം ഉള്ളവരായിരിക്കും. (യെഹെ. 33:1-11) നമ്മുടെ സന്ദേശത്തിന് എല്ലായ്പോഴും നല്ല പ്രതികരണം ലഭിക്കുന്നില്ലെങ്കിലും, ദൈവത്തിന്റെ മഹാ കരുണയെ വിലമതിക്കാൻ ആത്മാർഥ ഹൃദയരെ സഹായിക്കുന്നതിന് സർവ ശ്രമവും ചെയ്യുന്നതിൽ നാം ഒരിക്കലും മന്ദീഭാവം കാണിക്കരുത്.—പ്രവൃ. 20:26, 27; റോമ. 12:11.
4 നമ്മുടെ സ്നേഹം പ്രകടിപ്പിക്കൽ: മുഴു ഭൂമിയിലും സുവാർത്ത പ്രസംഗിക്കാനുള്ള കൽപ്പന യേശുവിലൂടെ നൽകിയിരിക്കുന്നതു യഹോവയാണ്. (മത്താ. 28:19, 20) ആളുകൾ ശ്രദ്ധിക്കാത്തപ്പോൾപ്പോലും, ശരിയായത് ചെയ്യുന്നതിൽ തുടരുന്നതു മുഖാന്തരം ദൈവത്തോടുള്ള സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാനുള്ള അവസരമാണ് നമുക്ക് ലഭിക്കുന്നത്.—1 യോഹ. 5:3.
5 പ്രസംഗവേലയിൽ വ്യാപൃതരായിരിക്കാൻ നമുക്കു ദൃഢനിശ്ചയം ഉള്ളവരായിരിക്കാം! യഹോവയുടെ ‘രക്ഷാദിവസം’ ഇപ്പോഴും തുടരുന്നതിന്റെ അടിസ്ഥാനത്തിൽ തീക്ഷ്ണതയോടെ നമുക്കതിൽ ഏർപ്പെടാം.—2 കൊരി. 6:2.