യെശയ്യാ പ്രവചനം പഠിക്കാൻ ഒരുങ്ങുക!
1 “യഹോവ, നീതി നിഷ്കർഷിക്കുന്നതിനെക്കാൾ ഒരു ദിവസംപോലും കൂടുതൽ നിലനിൽക്കാൻ സാത്താന്റെ ലോകത്തെ അനുവദിക്കുകയില്ല എന്ന് അവന്റെ വിശ്വസ്ത ആരാധകർക്ക് ഉറപ്പുണ്ടായിരിക്കാവുന്നതാണ്.” എത്ര പ്രോത്സാഹജനകമായ പ്രസ്താവന! ഇത് എവിടെനിന്നുള്ള ഉദ്ധരണിയാണ്? യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 എന്ന പുസ്തകത്തിൽനിന്ന്. ഇത്ര പ്രോത്സാഹജനകമായ ഒരു നിഗമനത്തിൽ എത്താൻമാത്രം കാരണങ്ങൾ യെശയ്യാ പ്രവചനം നൽകുന്നുണ്ടോ? തീർച്ചയായും! ആ ബൈബിൾ പുസ്തകത്തിൽ, രക്ഷയെ കുറിച്ച് വ്യക്തമായും ശക്തമായും ഊന്നിപ്പറഞ്ഞിരിക്കുന്നു. (യെശ. 25:9) അതുകൊണ്ട് നമ്മുടെ സഭാ പുസ്തക അധ്യയനത്തിൽ ദൈവവചനത്തിന്റെ ഈ ഭാഗം പഠിക്കുന്നത് വളരെ പ്രോത്സാഹജനകമായിരിക്കും. എല്ലാ വാരത്തിലും അത് ആസ്വദിക്കാൻ നാം അവിടെ ഉണ്ടായിരിക്കുമോ? നാം അവിടെ ഉണ്ടായിരിക്കേണ്ടത് എന്തുകൊണ്ട്?
2 യെശയ്യാവു 30:20-ൽ (NW) യഹോവയെ “മഹാ പ്രബോധകൻ” എന്നു വിളിച്ചിരിക്കുന്നു. തന്റെ വചനത്തിലൂടെയും “വിശ്വസ്തനും വിവേകിയുമായ അടിമ” പ്രദാനം ചെയ്യുന്ന ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും യഹോവ നമ്മോടു സംസാരിക്കുമ്പോൾ ക്രിസ്ത്യാനികളായ നാം ഓരോരുത്തരും അതിനു സൂക്ഷ്മ ശ്രദ്ധ കൊടുക്കണം. (മത്താ. 24:45, NW; യെശ. 48:17, 18) യെശയ്യാ പ്രവചനം 1 പുസ്തകത്തിന്റെ കാര്യത്തിൽ ഇതു വളരെ സത്യമാണ്. അതിന്റെ പഠനത്തിൽനിന്നു നമുക്ക് എങ്ങനെ പരമാവധി പ്രയോജനം നേടാം?
3 പങ്കുപറ്റാൻ തയ്യാറാകുക: പുസ്തക അധ്യയനത്തിനു തയ്യാറാകാൻ ഓരോ വാരവും വേണ്ടത്ര സമയം മാറ്റിവെക്കുക. നിയമിത ഭാഗത്തെ ഖണ്ഡികകൾ ഓരോന്നായി വായിക്കുക. അച്ചടിച്ച ഓരോ ചോദ്യത്തെ കുറിച്ചും ചിന്തിക്കുക. ഉത്തരങ്ങൾ പുസ്തകത്തിൽ അടയാളപ്പെടുത്തുക. യെശയ്യാവിൽനിന്ന് ഉദ്ധരിച്ചിരിക്കുന്ന വാക്യങ്ങൾ തടിച്ച അക്ഷരത്തിൽ കൊടുത്തിരിക്കുന്നു. അവ ശ്രദ്ധാപൂർവം വായിക്കുക. പരാമർശിച്ചിരിക്കുന്ന മറ്റു തിരുവെഴുത്തുകൾ പ്രസ്തുത ഭാഗവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു മനസ്സിലാക്കാൻ എടുത്തു നോക്കുക. പഠിക്കുന്ന കാര്യങ്ങളെ കുറിച്ചു ധ്യാനിക്കുക. തുടർന്ന്, പഠിച്ച കാര്യങ്ങൾ പുസ്തക അധ്യയന കൂട്ടവുമായി പങ്കുവെക്കുക.
4 ബൈബിൾ നന്നായി ഉപയോഗിക്കുന്നതിനും പഠിക്കുന്ന കാര്യങ്ങളുടെ പ്രായോഗിക മൂല്യം വിലമതിക്കുന്നതിനും പുസ്തക അധ്യയന നിർവാഹകൻ എല്ലാവരെയും സഹായിക്കണം. ഒരു ചോദ്യത്തിന് ആദ്യത്തെ അഭിപ്രായം പറയുന്നത് നിങ്ങളാണെങ്കിൽ ലളിതമായ രീതിയിൽ, ചോദ്യത്തിനുള്ള ഉത്തരം മാത്രം നൽകുക. മറ്റാരെങ്കിലുമാണ് അതു ചെയ്യുന്നതെങ്കിൽ നിങ്ങൾക്ക് ചർച്ചചെയ്യുന്ന വിഷയം വികസിപ്പിക്കാവുന്നതാണ്. ഒരുപക്ഷേ ഒരു മുഖ്യ തിരുവെഴുത്ത്, വിഷയത്തെ എങ്ങനെ പിന്താങ്ങുന്നുവെന്ന് നിങ്ങൾക്കു പറയാവുന്നതാണ്. സ്വന്തം വാക്കുകളിൽ അഭിപ്രായം പറയാൻ ശ്രമിക്കുക. അങ്ങനെ, ചർച്ചയിൽ പങ്കെടുക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുക.
5 യെശയ്യാ പുസ്തകത്തിലെ വിലയേറിയ സന്ദേശം നമുക്ക് ഒത്തൊരുമിച്ച് ഉത്സാഹപൂർവം പരിശോധിക്കാം. അത്, യഹോവയിൽനിന്നുള്ള രക്ഷയുടെ സന്തോഷകരമായ പ്രതീക്ഷയിൽ അനുദിനം ജീവിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കും!—യെശ. 30:18.