ക്രിസ്തീയ കൂട്ടായ്മ എത്ര പ്രധാനമാണ്?
1 ‘പരസഹായം കൂടാതെ ആർക്കും ജീവിക്കാനാവില്ല.’ 17-ാം നൂറ്റാണ്ടിലെ ഒരു കവിയുടെ വാക്കുകളാണവ. വാസ്തവത്തിൽ ആ വാക്കുകൾ, മനുഷ്യന്റെ ഒരു അടിസ്ഥാന ആവശ്യമായി ബൈബിൾ ചൂണ്ടിക്കാണിക്കുന്ന ഒരു കാര്യത്തെ പ്രതിധ്വനിപ്പിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. അത് കൂട്ടായ്മയ്ക്കുള്ള ആവശ്യമാണ്. (സദൃ. 18:1) നമ്മുടെ ക്രിസ്തീയ സഹവാസം ഈ ആവശ്യം നിറവേറ്റുന്നു. പ്രയോജനകരമായ ഏതെല്ലാം വിധങ്ങളിൽ?
2 ശുശ്രൂഷയിൽ: പരസ്യ ശുശ്രൂഷയിൽ നമ്മുടെ സഹോദരങ്ങൾ നമ്മെ ബലപ്പെടുത്തുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വിധമാണ് പ്രമുഖ പ്രയോജനങ്ങളിൽ ഒന്ന്. പ്രസംഗ പ്രവർത്തനത്തിന് യേശു തന്റെ ശിഷ്യന്മാരെ “ഈരണ്ടായി” അയച്ചു. (മർക്കൊ. 6:7; ലൂക്കൊ. 10:1) ഈ മാതൃക പിൻപറ്റിക്കൊണ്ട് വയൽസേവനത്തിൽ മറ്റുള്ളവരോടൊത്തു പ്രവർത്തിക്കുമ്പോൾ നാം സഭാപ്രസംഗി 4:9, 10-ന്റെ സത്യത തിരിച്ചറിയുന്നു. നാം ഒത്തൊരുമിച്ച് ശുശ്രൂഷ നിർവഹിക്കുമ്പോൾ, നമ്മുടെ സഹകാരികളുടെ വിശ്വാസവും അനുസരണവും സ്നേഹവും നമുക്കു ധൈര്യം പകരുകയും നമ്മുടെ ഉത്സാഹത്തെ വർധിപ്പിക്കുകയും ചെയ്യുന്നു.
3 വ്യക്തിപരമായ സഹായം: സമ്മർദങ്ങളെ തരണം ചെയ്യാനും പ്രലോഭനങ്ങളെ ചെറുക്കാനും ഉള്ള പ്രോത്സാഹനത്തിന്റെയും മാർഗനിർദേശത്തിന്റെയും ഉറവാണ് നമ്മുടെ സഹോദരവർഗം. നമ്മുടെ വ്യക്തിപരമായ സാഹചര്യവുമായി ബന്ധപ്പെട്ട തിരുവെഴുത്തുകൾ ക്രിസ്തീയ സഹോദരങ്ങൾ നമ്മുടെ ശ്രദ്ധയിലേക്കു കൊണ്ടുവന്നേക്കാം. അവർ നമുക്കു വേണ്ടി പ്രാർഥിക്കുകപോലും ചെയ്തേക്കാം, നാം അവർക്കുവേണ്ടി പ്രാർഥിക്കുന്നതുപോലെ. (2 കൊരി. 1:11) അവരുടെ നല്ല ദൃഷ്ടാന്തങ്ങൾ തീർച്ചയായും ശരിയായതു ചെയ്യാൻ നമുക്കു പ്രചോദനവും ശക്തിയും നൽകുന്നു.
4 യോഗങ്ങളിൽ: സഭായോഗങ്ങൾക്കു മുടങ്ങാതെ ഹാജരാകുമ്പോൾ നമുക്ക് ക്രിസ്തീയ കൂട്ടായ്മയുടെ അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിയുന്നു. (എബ്രാ. 10:24, 25) ആത്മീയ പ്രബോധനങ്ങളാൽ സമൃദ്ധമാണ് പരിപാടികൾ. യോഗസ്ഥലത്ത് ആയിരിക്കുന്നത് നമ്മുടെ സഹവിശ്വാസികളുമായി അടുത്ത ബന്ധം ഉണ്ടായിരിക്കാൻ സഹായിക്കുന്നു. നമ്മുടെ സഹോദരീസഹോദരന്മാർ സ്റ്റേജിൽ നിന്നോ, സദസ്സിൽ നിന്നോ തങ്ങളുടെ വിശ്വാസം പ്രകടിപ്പിക്കുന്നതു കേൾക്കുന്നതിനുള്ള അവസരം ഈ കൂടിവരവുകളിലൂടെ നമുക്കു ലഭിക്കുന്നു. (റോമ. 1:12) യോഗങ്ങൾക്കു മുമ്പും ശേഷവും സഹോദരങ്ങളുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ നമ്മുടെ കൂട്ടായ്മയുടെ ആഴം വർധിക്കുന്നു. വിശ്വാസത്തെ കെട്ടുപണി ചെയ്യുന്ന സ്വന്തം അനുഭവങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള അവസരങ്ങളും അതുവഴി നമുക്കു ലഭിക്കുന്നു. യഹോവയെയും അവന്റെ വചനത്തെയും വേലയെയും അവന്റെ ജനത്തെയും സ്നേഹിക്കുന്നവരുമായി സ്വതന്ത്രമായി ഇടപഴകുന്നത് നമ്മുടെ വ്യക്തിത്വത്തെ പ്രയോജനകരമായ വിധത്തിൽ സ്വാധീനിക്കുന്നു.—ഫിലി. 2:1, 2.
5 നമ്മുടെ ക്രിസ്തീയ സഹോദരങ്ങളെ നമുക്ക് ആവശ്യമാണ്. അവരെ കൂടാതെ, ജീവനിലേക്കുള്ള ഇടുങ്ങിയ പാതയിലൂടെ സഞ്ചരിക്കുന്നത് ഏറെ ദുഷ്കരമായിരിക്കും. അവരുടെ സ്നേഹവും പ്രോത്സാഹനവും യഹോവയുടെ നീതിനിഷ്ഠമായ പുതിയ ലോകത്തിലേക്കു മുന്നേറുന്നതിൽ തുടരാൻ നമ്മെ സഹായിക്കും.—മത്താ. 7:14.