നല്ല പെരുമാറ്റരീതികൾ—ദൈവജനത്തിന്റെ ഒരു സവിശേഷത
1 നല്ല പെരുമാറ്റരീതികൾ ഇന്നു വളരെ വിരളമാണ്. എന്തുകൊണ്ട്? ആളുകൾ വളരെ തിരക്കിലാണ്. അതുകൊണ്ട് “ദയവായി,” “നന്ദി,” “ക്ഷമിക്കണം” എന്നൊക്കെ പറയുന്നതു പോലുള്ള അടിസ്ഥാന ആചാരമര്യാദകളെ കുറിച്ചു പോലും അവർ അത്ര ചിന്തിക്കാറില്ല. അന്ത്യകാലത്ത് പെരുമാറ്റരീതികളിൽ ഉണ്ടാകുന്ന അധഃപതനത്തെ കുറിച്ച് ദൈവവചനം മുൻകൂട്ടി പറയുകയുണ്ടായി. ആളുകൾ ‘സ്വസ്നേഹികളും നന്ദികെട്ടവരും വാത്സല്യമില്ലാത്തവരും അജിതേന്ദ്രിയന്മാരും സൽഗുണദ്വേഷികളും ധാർഷ്ട്യക്കാരും’ ആയിരിക്കുമെന്ന് അതു പറയുന്നു. (2 തിമൊ. 3:1-4) അതെല്ലാം മോശമായ പെരുമാറ്റരീതികളാണ്. ദൈവജനമെന്ന നിലയിൽ ക്രിസ്ത്യാനികൾ, ഈ ലോകത്തിന്റെ ആദരവില്ലായ്മ അനുകരിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
2 എന്താണ് നല്ല പെരുമാറ്റരീതികൾ? മറ്റുള്ളവരുടെ വികാരങ്ങളെ കുറിച്ചുള്ള സൂക്ഷ്മമായ അവബോധം, മറ്റുള്ളവരുമൊത്തു സമാധാനത്തിൽ കഴിയാനുള്ള പ്രാപ്തി എന്ന് നല്ല പെരുമാറ്റരീതികളെ നിർവചിക്കാവുന്നതാണ്. നല്ല പെരുമാറ്റരീതികളുടെ വിവിധ വശങ്ങളാണ് പരിഗണന, ആദരവ്, ദയ, മര്യാദ, നയചാതുര്യം, മറ്റുള്ളവരെ കുറിച്ചുള്ള ചിന്ത എന്നിവ. ഈ സ്വഭാവഗുണങ്ങൾ ദൈവത്തോടും മനുഷ്യരോടുമുള്ള സ്നേഹത്തിൽ അധിഷ്ഠിതമാണ്. (ലൂക്കൊ. 10:27) അവ പ്രകടമാക്കുന്നതിനു പ്രത്യേകിച്ച് മുടക്കൊന്നുമില്ല. മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധം അഭിവൃദ്ധിപ്പെടുത്താൻ അവ സഹായിക്കും.
3 യേശുക്രിസ്തു പൂർണതയുള്ള ദൃഷ്ടാന്തം വെച്ചു. അവൻ എല്ലായ്പോഴും സുവർണനിയമം അനുസരിച്ചു. “മനുഷ്യർ നിങ്ങൾക്കു ചെയ്യേണം എന്നു നിങ്ങൾ ഇച്ഛിക്കുന്നതുപോലെ തന്നേ അവർക്കും ചെയ്വിൻ” എന്നാണ് അതു പറയുന്നത്. (ലൂക്കൊ. 6:31) ശിഷ്യന്മാരോടുള്ള ഇടപെടലിൽ യേശു പ്രകടമാക്കിയ പരിഗണനയും സ്നേഹപൂർവകമായ പെരുമാറ്റരീതികളും നമ്മെ അതിശയിപ്പിക്കുന്നില്ലേ? (മത്താ. 11:28-30) അവന്റെ പെരുമാറ്റരീതികൾ, പെരുമാറ്റച്ചട്ടങ്ങൾ വിവരിക്കുന്ന പുസ്തകങ്ങളിൽ അധിഷ്ഠിതമായിരുന്നില്ല. ആത്മാർഥതയും ഔദാര്യവുമുള്ള ഒരു ഹൃദയത്തിൽനിന്നു വന്നവ ആയിരുന്നു അവ. അവന്റെ നല്ല ദൃഷ്ടാന്തം അനുകരിക്കാൻ നാം ശ്രമിക്കണം.
4 ക്രിസ്ത്യാനികൾക്ക് എപ്പോഴാണു നല്ല പെരുമാറ്റരീതികൾ ആവശ്യമായിരിക്കുന്നത്? മറ്റുള്ളവരിൽ നല്ല ധാരണ ഉളവാക്കാൻ ആഗ്രഹിക്കുന്ന ചില പ്രത്യേക സന്ദർഭങ്ങളിൽ മതിയോ? അവർ മറ്റുള്ളവരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അവസരങ്ങളിൽ മാത്രം മതിയോ? ഒരിക്കലുമല്ല! നാം എല്ലായ്പോഴും നല്ല പെരുമാറ്റരീതികൾ ഉള്ളവരായിരിക്കണം. സഭയിലെ മറ്റുള്ളവരുമായുള്ള നമ്മുടെ ഇടപെടലിൽ പ്രത്യേകിച്ച് ഏതെല്ലാം വിധങ്ങളിൽ നാം ഇതേക്കുറിച്ച് ചിന്തയുള്ളവർ ആയിരിക്കണം?
5 രാജ്യഹാളിൽ: രാജ്യഹാൾ നമ്മുടെ ആരാധനാ സ്ഥലമാണ്. യഹോവയുടെ ക്ഷണപ്രകാരമാണ് നാം അവിടെ ആയിരിക്കുന്നത്. ആ അർഥത്തിൽ നാം അവിടെ അതിഥികളാണ്. (സങ്കീ. 15:1) രാജ്യഹാളിൽ വരുമ്പോൾ നാം മാതൃകായോഗ്യരായ അതിഥികളാണോ? നമ്മുടെ വസ്ത്രധാരണത്തിനും ചമയത്തിനും നാം ഉചിതമായ ശ്രദ്ധ നൽകുന്നുണ്ടോ? തീർച്ചയായും അലസമോ അതിരുകവിഞ്ഞതോ ആയ വസ്ത്രധാരണരീതി നാം ഒഴിവാക്കണം. കൺവെൻഷനുകൾക്കു വരുമ്പോഴായാലും പ്രതിവാര സഭായോഗങ്ങൾക്കു ഹാജരാകുമ്പോഴായാലും ദൈവഭക്തി ഉള്ളവർക്കു ചേരുന്ന തരത്തിലുള്ള നല്ല ചമയത്തിന് യഹോവയുടെ ജനം ശ്രദ്ധേയരാണ്. (1 തിമൊ. 2:9, 10) അങ്ങനെ നാം നമ്മുടെ സ്വർഗീയ ആതിഥേയനോടും ക്ഷണിക്കപ്പെട്ടിരിക്കുന്ന മറ്റ് അതിഥികളോടും ഉചിതമായ ആദരവും പരിഗണനയും പ്രകടമാക്കുന്നു.
6 യോഗങ്ങളോടുള്ള ബന്ധത്തിൽ നല്ല പെരുമാറ്റരീതികൾ പ്രകടിപ്പിക്കാനുള്ള മറ്റൊരു മാർഗം കൃത്യസമയത്തു ഹാജരാകുക എന്നതാണ്. അത് എല്ലായ്പോഴും അത്ര എളുപ്പമല്ല എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ചിലർ താമസിക്കുന്നത് വളരെ അകലെ ആയിരിക്കാം. അല്ലെങ്കിൽ നിരവധി അംഗങ്ങളുള്ള ഒരു കുടുംബം ആയതിനാൽ എല്ലാവരും തയ്യാറായി വരുന്നതിന് സമയം എടുത്തേക്കാം. ചില സഭകളിൽ ഏതാണ്ട് 25 ശതമാനം പ്രസാധകരും പതിവായി പ്രാരംഭ ഗീതത്തിനും പ്രാർഥനയ്ക്കും ശേഷമാണു വരുന്നത്. അത് ഗൗരവമുള്ള ഒരു സംഗതിയാണ്. നമ്മുടെ പെരുമാറ്റരീതികൾ മറ്റുള്ളവരുടെ വികാരങ്ങളെ സംബന്ധിച്ച നമ്മുടെ ചിന്തയോട് ബന്ധപ്പെട്ടിരിക്കുന്നു എന്ന് ഓർമിക്കുന്നതു നല്ലതാണ്. കൃപാലുവായ ആതിഥേയനായിരിക്കുന്ന യഹോവ നമ്മുടെ പ്രയോജനത്തിനാണ് ഈ ആത്മീയ വിരുന്ന് ഒരുക്കിയിരിക്കുന്നത്. കൃത്യസമയത്തു ഹാജരായിക്കൊണ്ട് നാം അവന്റെ വികാരങ്ങളോടുള്ള വിലമതിപ്പും പരിഗണനയും പ്രകടമാക്കുന്നു. അതിനു പുറമേ, യോഗങ്ങൾക്കു താമസിച്ചു വരുന്നത് ഹാജരായിരിക്കുന്നവരുടെ ശ്രദ്ധാശൈഥില്യത്തിനു കാരണമാകും. മാത്രമല്ല, അത് അവരോടുള്ള ആദരവില്ലായ്മ കൂടി ആയിരിക്കും.
7 കൂടിവരുമ്പോൾ നാം പുതിയവരുടെ കാര്യത്തിൽ ശ്രദ്ധിക്കാറുണ്ടോ? അവരെ സ്വാഗതം ചെയ്യുന്നത് നല്ല പെരുമാറ്റരീതിയുടെ ഭാഗമാണ്. (മത്താ. 5:47; റോമ. 15:7) സൗമ്യമായ ഒരു അഭിവാദനം, ഊഷ്മളമായ ഒരു ഹസ്തദാനം, ദയാപൂർവകമായ ഒരു പുഞ്ചിരി—എല്ലാം ചെറിയ ചെറിയ കാര്യങ്ങളാണ്. എന്നാൽ നമ്മെ സത്യക്രിസ്ത്യാനികളായി തിരിച്ചറിയിക്കുന്ന സംഗതികളിൽ അവയും ഉൾപ്പെടുന്നു. (യോഹ. 13:35) ആദ്യമായി രാജ്യഹാളിൽ വന്ന ഒരാൾ ഇപ്രകാരം പറഞ്ഞു: “തികച്ചും അപരിചിതരെങ്കിലും, ചെറുപ്പം മുതൽ ഞാൻ പോയിരുന്ന പള്ളിയിൽ കണ്ടുമുട്ടിയിരിക്കുന്നതിനെക്കാൾ ആത്മാർഥ സ്നേഹമുള്ള നിരവധി ആളുകളെ ഒറ്റ ദിവസംതന്നെ ഞാൻ കണ്ടുമുട്ടി. ഞാൻ സത്യം കണ്ടെത്തി എന്നതു സ്പഷ്ടമായിരുന്നു.” തത്ഫലമായി അദ്ദേഹം തന്റെ ജീവിതരീതിക്കു മാറ്റം വരുത്തി. ഏഴു മാസത്തിനു ശേഷം അദ്ദേഹം സ്നാപനമേറ്റു. നല്ല പെരുമാറ്റരീതികൾക്കു തീർച്ചയായും ദൂരവ്യാപക ഫലങ്ങൾ ഉളവാക്കാൻ കഴിയും!
8 കണ്ടുമുട്ടുന്ന അപരിചിതരോടുള്ള നമ്മുടെ പെരുമാറ്റരീതികൾ നല്ലതാണെങ്കിൽ “വിശേഷാൽ സഹവിശ്വാസിക”ളോടു നാം അപ്രകാരം ചെയ്യേണ്ടതല്ലേ? (ഗലാ. 6:10) ഈ തത്ത്വവും ബാധകമാകുന്നു: “വൃദ്ധന്റെ [അല്ലെങ്കിൽ, വൃദ്ധയുടെ] മുഖം ബഹുമാനിക്ക.” (ലേവ്യ. 19:32) നമ്മുടെ കൂടിവരവുകളിൽ അവരെ അവഗണിക്കരുത്.
9 അടുത്ത ശ്രദ്ധ നൽകൽ: സഭായോഗ വേളയിൽ ദൈവത്തിന്റെ ക്രിസ്തീയ ശുശ്രൂഷകർ നമ്മെ കെട്ടുപണി ചെയ്യുന്ന ആത്മീയ ദാനങ്ങൾ പ്രദാനം ചെയ്യുന്നതിനായി സംസാരിക്കുന്നു. (റോമ. 1:11, NW) നാം ഉറക്കംതൂങ്ങുകയോ എന്തെങ്കിലും കൊറിക്കുകയോ ച്യൂയിങ്ഗം ചവയ്ക്കുകയോ അടുത്തിരിക്കുന്നവരോടു കൂടെക്കൂടെ അടക്കം പറയുകയോ അനാവശ്യമായി ടോയ്ലറ്റിൽ പോകുകയോ ബന്ധമില്ലാത്ത എന്തെങ്കിലും വായിക്കുകയോ മറ്റെന്തെങ്കിലും ചെയ്യുന്നതിൽ ശ്രദ്ധിക്കുകയോ ഒക്കെ ചെയ്യുന്നപക്ഷം അത് വളരെ മോശമായ പെരുമാറ്റരീതി ആയിരിക്കും. മൂപ്പന്മാർ ഈ കാര്യത്തിൽ മാതൃക ആയിരിക്കണം. പ്രസംഗകനും അദ്ദേഹത്തിന്റെ ബൈബിളധിഷ്ഠിത സന്ദേശത്തിനും സൂക്ഷ്മ ശ്രദ്ധ നൽകിക്കൊണ്ട് ഉചിതമായ ആദരവു പ്രകടിപ്പിക്കാൻ നല്ല ക്രിസ്തീയ പെരുമാറ്റരീതികൾ നമ്മെ പ്രേരിപ്പിക്കും.
10 കൂടാതെ, പ്രസംഗകനോടും സദസ്യരോടുമുള്ള പരിഗണന എന്ന നിലയിൽ പേജറുകളും മൊബൈൽ ഫോണുകളും യോഗങ്ങൾക്കു ശല്യം ഉണ്ടാക്കാത്ത രീതിയിൽ വെക്കേണ്ടതാണ്.
11 പെരുമാറ്റരീതികളും കുട്ടികളും: കുട്ടികൾ എങ്ങനെ പെരുമാറുന്നു എന്ന കാര്യത്തിൽ മാതാപിതാക്കൾ എല്ലായ്പോഴും ശ്രദ്ധാലുക്കൾ ആയിരിക്കണം. യോഗസമയത്ത് മറ്റുള്ളവർക്കു ശല്യമാകുംവിധം കുട്ടി കരയുകയോ അടങ്ങിയിരിക്കാതിരിക്കുകയോ ചെയ്യുന്ന പക്ഷം എത്രയും പെട്ടെന്ന് കുട്ടിയെ ഹാളിനു വെളിയിൽ കൊണ്ടുപോകുന്നതു നന്നായിരിക്കും. അത് ചിലപ്പോൾ അൽപ്പം ബുദ്ധിമുട്ടായിരിക്കും. എന്നാൽ നിങ്ങൾ മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നുവെന്ന് അതു പ്രകടമാക്കുന്നു എന്ന കാര്യം ഓർമിക്കുക. അടങ്ങിയിരിക്കാത്ത കൊച്ചുകുട്ടികളുള്ള മാതാപിതാക്കൾ പിൻനിരകളിൽ ഇരിക്കുന്നതു നന്നായിരിക്കും. അങ്ങനെയാകുമ്പോൾ യോഗസമയത്ത് കഴിവതും മറ്റുള്ളവർക്കു ശല്യമാകാതെ അവർക്കു പുറത്തുപോകാനാകും. ആഗ്രഹിക്കുന്നപക്ഷം, പിന്നിൽ ഇരിക്കാൻ സാധിക്കത്തക്കവിധം അവർക്കായി ആ ഇരിപ്പിടങ്ങൾ ഒഴിച്ചിട്ടുകൊണ്ട് മറ്റുള്ളവർക്കു പരിഗണന കാണിക്കാനാകും.
12 യോഗങ്ങൾക്കു മുമ്പും ശേഷവും കുട്ടികളുടെ പെരുമാറ്റം സംബന്ധിച്ചും മാതാപിതാക്കൾ ശ്രദ്ധ പുലർത്തണം. കെട്ടിടത്തിനുള്ളിൽ ഓടിനടക്കാൻ കുട്ടികളെ അനുവദിക്കരുത്, അത് അപകടം വരുത്തിവെച്ചേക്കാം. രാജ്യഹാളിനു ചുറ്റും ഓടുന്നതും അപകടകരമായിരിക്കാം, പ്രത്യേകിച്ച് സന്ധ്യ മയങ്ങിയശേഷം. ഹാളിനു വെളിയിൽനിന്ന് ഉച്ചത്തിൽ സംസാരിക്കുന്നത് അയൽക്കാർക്കു ശല്യമായേക്കാം. അത് നമ്മുടെ ആരാധനയെ കുറിച്ച് മോശമായ ധാരണ ഉളവാകാൻ കാരണമായേക്കാം. രാജ്യഹാളിനകത്തും പുറത്തും കുട്ടികളുടെ മേൽനോട്ടത്തിന്റെ കാര്യത്തിൽ നല്ല ശ്രദ്ധ ചെലുത്തുന്ന മാതാപിതാക്കൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കാരണം, അപ്രകാരം ചെയ്യുന്നത് ഐക്യത്തിൽ ഒരുമിച്ചു വസിക്കുന്നതിന്റെ സന്തോഷം വർധിപ്പിക്കുന്നു.—സങ്കീ. 133:1.
13 പുസ്തകാധ്യയനത്തിൽ: സഭായോഗങ്ങൾക്കായി തങ്ങളുടെ ഭവനം ലഭ്യമാക്കുന്ന നമ്മുടെ സഹോദരങ്ങളുടെ മനസ്സൊരുക്കം നാം വളരെ വിലമതിക്കുന്നു. അവിടെ ഹാജരാകുമ്പോൾ നാം അവരുടെ വസ്തുവകകളോട് ആദരവും പരിഗണനയും കാട്ടേണ്ടതുണ്ട്. തറയിലും കാർപ്പെറ്റിലും മറ്റും മണ്ണു ചവട്ടിക്കയറ്റാതെ നമ്മുടെ പാദരക്ഷകൾ നന്നായി തുടയ്ക്കണം. കുട്ടികൾ പുസ്തകാധ്യയനത്തിന് അനുവദിച്ചിരിക്കുന്ന സ്ഥലപരിധി വിട്ട് പോകുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനു മാതാപിതാക്കൾക്ക് അവരുടെമേൽ ഒരു കണ്ണുണ്ടായിരിക്കണം. കൂട്ടം ചെറുതും ചുറ്റുപാടുകൾ ഏതാണ്ട് അനൗപചാരികവും ആയതിനാൽ മറ്റുള്ളവരുടെ ഭവനത്തിൽ അനാവശ്യമായ സ്വാതന്ത്ര്യം എടുക്കാമെന്ന് നാം വിചാരിക്കരുത്. ടോയ്ലറ്റിൽ പോകേണ്ടിവരുമ്പോൾ കൊച്ചുകുട്ടികളെ തനിയെ വിടാതെ മാതാപിതാക്കളിൽ ആരെങ്കിലും കൂടെ പോകണം. കൂടാതെ, പുസ്തകാധ്യയനവും ഒരു സഭായോഗമായതിനാൽ രാജ്യഹാളിൽ പോകുമ്പോഴത്തേതു പോലുള്ള വസ്ത്രധാരണം ആയിരിക്കണം ഇവിടെയും.
14 നല്ല പെരുമാറ്റരീതികൾ മർമപ്രധാനം: നമ്മുടെ ശുശ്രൂഷ ദുഷിക്കപ്പെടാതിരിക്കാൻ മാത്രമല്ല മറ്റുള്ളവരുമായി നല്ല ബന്ധങ്ങൾ നിലനിറുത്താനും ക്രിസ്തീയ പെരുമാറ്റരീതികൾ സഹായിക്കുന്നു. (2 കൊരി. 6:3, 4, 6) സന്തുഷ്ട ദൈവത്തിന്റെ ആരാധകരെന്ന നിലയിൽ, മടികൂടാതെ പുഞ്ചിരിക്കാനും വിട്ടുവീഴ്ച ചെയ്യാനും മറ്റുള്ളവർക്കു സന്തോഷം പകരുന്ന ചെറിയ ചെറിയ കാര്യങ്ങൾ പോലും ചെയ്യാനും നമുക്ക് കഴിയണം. ഇത്തരം പെരുമാറ്റരീതികൾ ദൈവജനമെന്ന നിലയിലുള്ള നമ്മുടെ ജീവിതത്തെ തീർച്ചയായും അലങ്കരിക്കും.