“ദൈവവചനം പഠിപ്പിക്കുന്നവർ” ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ പഠിച്ച കാര്യങ്ങൾ നിങ്ങൾ ബാധകമാക്കുന്നുണ്ടോ?
1 യഹോവയുടെ സാക്ഷികൾ, ദൈവവചനം പഠിപ്പിക്കുന്നവർ ആയിരിക്കുക എന്ന നിയോഗം നിറവേറ്റുന്നതിൽ ഉത്സുകരാണെന്ന് കഴിഞ്ഞ ഡിസ്ട്രിക്റ്റ് കൺവെൻഷനിൽ ഹാജരായ ഏതൊരാൾക്കും തിരിച്ചറിയാൻ കഴിഞ്ഞു. (മത്താ. 28:19, 20) വീട്ടിലേക്കു മടങ്ങിവരവേ, ഏതു പ്രത്യേക നിർദേശങ്ങൾ വ്യക്തിപരമായ ജീവിതത്തിലും വയൽശുശ്രൂഷയിലും ബാധകമാക്കാൻ നിങ്ങൾ ദൃഢചിത്തരായിരുന്നു?
2 നിശ്വസ്ത തിരുവെഴുത്തുകൾ പഠിപ്പിക്കാൻ പ്രയോജനകരം: ഒന്നാം ദിവസത്തെ വിഷയം 2 തിമൊഥെയൊസ് 3:16, 17 വിശേഷവത്കരിച്ചു. “ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പൂർണ സജ്ജർ” ആയിരിക്കുന്നതിന് നാം അതിനെ അമൂല്യമായി വിലമതിക്കുകയും മാനുഷ അഭിപ്രായങ്ങൾക്കും പാരമ്പര്യങ്ങൾക്കും ഉപരി അതിനെ ബഹുമാനിക്കുകയും വിശ്വസ്തമായി അത് ഉപയോഗിക്കുകയും വേണമെന്ന് മുഖ്യവിഷയ പ്രസംഗം പ്രകടമാക്കി. കൂടാതെ ശുശ്രൂഷയിൽ നമ്മെ സഹായിക്കുന്നതിനു നാം പരിശുദ്ധാത്മാവിനുവേണ്ടി ദിവസവും പ്രാർഥിക്കുകയും അതിന്റെ പ്രമുഖ ഫലമായ സ്നേഹം നട്ടുവളർത്താൻ പ്രവർത്തിക്കുകയും വേണം. മാത്രമല്ല, എല്ലാ സഭായോഗങ്ങളിലൂടെയും ശുശ്രൂഷകരെന്ന നിലയിൽ നമ്മെ പരിശീലിപ്പിക്കാൻ യഹോവയുടെ ഭൗമിക സംഘടനയെ നാം അനുവദിക്കുകയും വേണം.
3 “മറ്റുള്ളവരെ പഠിപ്പിക്കവേ നമ്മെത്തന്നെ പഠിപ്പിക്കൽ” എന്ന ഒന്നാം ദിവസത്തെ സിമ്പോസിയം പിൻവരുന്ന കാര്യങ്ങളിൽ നാം മാതൃകായോഗ്യരായിരിക്കണം എന്നു വിശദീകരിച്ചു: (1) ക്രിസ്തീയ ധാർമികതയുടെ എല്ലാ വശങ്ങളിലും ദൈവനിയമത്തോടു പറ്റിനിൽക്കൽ, (2) നല്ല പഠനശീലങ്ങൾ നിലനിറുത്തൽ, (3) പിശാച് മുതലെടുത്തേക്കാവുന്ന ഹൃദയത്തിന്റെയും മനസ്സിന്റെയും അവസ്ഥയെയും മനോഭാവങ്ങളെയും നീക്കംചെയ്യൽ. തുടർന്ന്, ലോകത്തെ ഗ്രസിച്ചിരിക്കുന്ന അശ്ലീലബാധയിൽനിന്നു നമ്മുടെ കുടുംബത്തെ സംരക്ഷിക്കാനുള്ള പ്രായോഗിക വിധങ്ങളെ കുറിച്ചും നാം പഠിച്ചു. ലൈംഗികരംഗങ്ങൾ ഒരു നിമിഷം കാണുന്നതു പോലും ഒഴിവാക്കിക്കൊണ്ട് മാതൃക വെക്കാനും കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗത്തിന്റെയും ടിവി കാണലിന്റെയും കാര്യത്തിൽ ശ്രദ്ധ ചെലുത്താനും മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കുകയുണ്ടായി. വെള്ളിയാഴ്ചത്തെ പരിപാടിയിലെ ഏത് ആശയങ്ങളാണു നിങ്ങൾ ബാധകമാക്കാൻ തുടങ്ങിയിരിക്കുന്നത്?
4 അന്നത്തെ അവസാന പ്രസംഗം, യഹോവ നൽകുന്ന വെളിച്ചത്തെ അങ്ങേയറ്റം പ്രിയങ്കരമായി കണക്കാക്കാനും ദൈവത്തിന്റെ വിശ്വസ്ത അഭിഷിക്ത വർഗത്തോടു പറ്റിനിൽക്കാനും യഹോവയുടെ ജനത്തിനിടയിലെ സമാധാനം ഉന്നമിപ്പിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയത്തെ വർധിപ്പിച്ചു. പുതുതായി പ്രകാശനം ചെയ്ത, യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 2 നിങ്ങൾ വായിച്ചോ?
5 മറ്റുള്ളവരെ പഠിപ്പിക്കാൻ വേണ്ടത്ര യോഗ്യതയുള്ളവർ: രണ്ടാം ദിവസത്തെ ആധാരവാക്യം 2 തിമൊഥെയൊസ് 2:2 [NW] ആയിരുന്നു. അന്നു രാവിലത്തെ സിമ്പോസിയം ശ്രദ്ധിക്കവേ, പിൻവരുന്ന കാര്യങ്ങൾ എപ്രകാരം ചെയ്യാം എന്നതു സംബന്ധിച്ച നിർദേശങ്ങൾ നിങ്ങൾ ശ്രദ്ധിച്ചോ? (1) അർഹതയുള്ളവരെ അന്വേഷിക്കൽ, (2) അവരുടെ താത്പര്യം നട്ടുവളർത്തൽ, (3) ക്രിസ്തു കൽപ്പിച്ചത് ഒക്കെയും പ്രമാണിപ്പാൻ അവരെ പഠിപ്പിക്കൽ. തിരുവെഴുത്തുകളിൽനിന്ന് കുറഞ്ഞത് ഒരു ആശയമെങ്കിലും വീട്ടുകാരനെ കാണിക്കുന്നതിനെയും ഭാവി സന്ദർശനത്തിന് അടിസ്ഥാനം ഇടുന്നതിനെയും കുറിച്ച് പഠിച്ച കാര്യങ്ങൾ നിങ്ങൾ ബാധകമാക്കുന്നുണ്ടോ?
6 മഹാ ഗുരുവായ യേശുവിനെ അനുകരിക്കേണ്ടതിന്റെ പ്രാധാന്യം ഉച്ചകഴിഞ്ഞത്തെ പരിപാടിയിൽ ഊന്നിപ്പറഞ്ഞു. കൂടുതലായി അവനെ അനുകരിക്കാൻ ഏതു വിധങ്ങളിലാണു നിങ്ങൾ ശ്രമിക്കുന്നത്? അന്നത്തെ രണ്ടാമത്തെ സിമ്പോസിയത്തിലൂടെ പഠിച്ചതിൽനിന്ന്, എപ്രകാരം “ദിവ്യാധിപത്യ വിദ്യാഭ്യാസത്തിൽനിന്നു പൂർണമായും പ്രയോജനം നേടുക” സാധ്യമാണെന്നു നിങ്ങൾക്കു തോന്നുന്നു? വ്യക്തിപരമായ പഠനത്തിലും സഭായോഗങ്ങളിലും നിങ്ങളുടെ ശ്രദ്ധാദൈർഘ്യം വർധിപ്പിക്കാൻ ഏതു നിർദേശങ്ങളാണു നിങ്ങൾ ബാധകമാക്കിയത്?
7 ഭാവിയിൽ ലഭ്യമാകുന്ന, ദിവ്യാധിപത്യ വിദ്യാഭ്യാസത്തിൽനിന്ന് പ്രയോജനം നേടുക എന്ന പുസ്തകം, ദൈവവചനം പ്രസംഗിക്കുന്നവരും പഠിപ്പിക്കുന്നവരും എന്ന നിലയിലുള്ള നമ്മുടെ പ്രാപ്തികളിൽ വളരാൻ നമ്മെ സഹായിക്കുമെന്നതിൽ സംശയമില്ല. ബൈബിൾ കാലങ്ങളിലെ വിശ്വസ്ത ദാസന്മാരുടെ പ്രസംഗങ്ങളിൽ പ്രകടമായിരുന്ന ചില ഗുണങ്ങൾക്ക് കൂടുതലായ ശ്രദ്ധ നൽകും. ഈ പുതിയ പുസ്തകത്തിലെ ഓരോ പാഠത്തിലും, നാം എന്തു ചെയ്യണം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, അത് എപ്രകാരം ചെയ്യണം എന്നു സംക്ഷിപ്തമായി കാണിച്ചിരിക്കുന്ന ചതുരങ്ങൾ ഉണ്ട്. പ്രായോഗിക അഭ്യാസങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സഹോദരിമാർക്ക് തങ്ങളുടെ നിയമനങ്ങൾ നിർവഹിക്കുമ്പോൾ ഉപയോഗിക്കാൻ കഴിയുന്ന 29 രംഗസംവിധാനങ്ങൾ അതിലുണ്ട്. ക്രമേണ, സ്കൂൾ നടത്തപ്പെടുന്ന വിധത്തിന് നേരത്തേ അറിയിച്ച പ്രകാരമുള്ള മാറ്റം നിലവിൽ വരും. ഓരോ വാരവും ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽനിന്നു പൂർണമായി പ്രയോജനം നേടുന്നതിന് നല്ല പഠനരീതി നിങ്ങൾക്കുണ്ടോ?
8 കാലത്തിന്റെ വീക്ഷണത്തിൽ പഠിപ്പിക്കുന്നവർ ആയിരിക്കുക: എബ്രായർ 5:12 കൺവെൻഷന്റെ അവസാന ദിവസത്തിനായി സദസ്സിനെ മാനസികമായി ഒരുക്കി. “മലാഖി പ്രവചനം യഹോവയുടെ ദിവസത്തിനായി നമ്മെ ഒരുക്കുന്നു” എന്ന രാവിലത്തെ സിമ്പോസിയം, യഹോവയുടെ വലുതും ഭയങ്കരവുമായ ദിവസത്തെ അതിജീവിക്കുന്നതിന് ദൈവത്തിനു നമ്മുടെ ഏറ്റവും നല്ലതു നൽകാനും എല്ലാത്തരം കാപട്യത്തെയും വെറുക്കാനും നമ്മെ ഉദ്ബോധിപ്പിച്ചു. “യഹോവയുടെ അധികാരത്തെ ആദരിക്കുക” എന്ന നാടകം, കോരഹിന്റെയും കൂട്ടാളികളുടെയും അഹങ്കാരം, അധികാരമോഹം, അസൂയ, അനുചിതമായി പ്രകടമാക്കിയ വിശ്വസ്തത എന്നിവ യഹോവയുടെ നേരെതന്നെയുള്ള മത്സരത്തിലേക്കു നയിച്ചത് എങ്ങനെയെന്നു കാണിച്ചു. അതേത്തുടർന്നുള്ള പ്രസംഗം, കുടുംബത്തിലും സഭയിലുമുള്ള ദൈവിക അധികാരത്തിനു കീഴ്പെട്ടിരിക്കേണ്ടതിന്റെ ആധുനികകാല ആവശ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. “ആരാണ് മുഴു ജനതകളെയും സത്യം പഠിപ്പിക്കുന്നത്?” എന്ന പരസ്യപ്രസംഗം, ക്രൈസ്തവലോകമല്ല മറിച്ച് യഹോവയുടെ സാക്ഷികളാണ് അതു ചെയ്യുന്നത് എന്നതിനും ക്രൈസ്തവലോകം ബൈബിൾ സത്യം പഠിപ്പിക്കുന്നു എന്ന് അവകാശപ്പെടുക മാത്രമേ ചെയ്യുന്നുള്ളു എന്നതിനും ഈടുറ്റ തെളിവു നൽകി.
9 ദൈവവചനം നന്നായി പഠിപ്പിക്കുന്നവർ ആയിരിക്കുന്നതിന് യഹോവ നമ്മെ പരിശീലിപ്പിക്കുന്നു എന്നതിനു സംശയമില്ല. ‘നമ്മെയും നമ്മുടെ പ്രസംഗം കേൾക്കുന്നവരെയും രക്ഷിക്കാൻ തക്കവണ്ണം നമുക്കുതന്നെയും നമ്മുടെ ഉപദേശത്തിനും നിരന്തര ശ്രദ്ധ നൽകിക്കൊണ്ട്’ പഠിച്ച കാര്യങ്ങൾ നമുക്കു ബാധകമാക്കാം.—1 തിമൊ. 4:16, NW.