യഹോവയുടെ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കുന്നതിന്റെ പ്രയോജനങ്ങൾ—ഭാഗം 2
1 ഈ വിഷയത്തെ കുറിച്ച് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ലേഖനത്തിൽ, ശുശ്രൂഷയിൽ യഹോവയുടെ സ്നേഹത്തോടു വിലമതിപ്പു പ്രകടമാക്കാൻ കഴിയുന്ന നാലു വിധങ്ങൾ നാം വിശേഷവത്കരിക്കുകയുണ്ടായി. (1 യോഹ. 4:9-11) അതു ചെയ്യുന്നതിനുള്ള കൂടുതലായ അഞ്ചു വിധങ്ങൾ കൂടി ഇവിടെ ചേർക്കുകയാണ്. മറ്റുള്ളവരെ ആത്മീയമായി സഹായിക്കുന്നതിൽ നാം പൂർണമായി പങ്കെടുക്കുമ്പോൾ നാം അനുഗ്രഹിക്കപ്പെടും.
2 അനൗപചാരിക സാക്ഷീകരണം: നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവരെ കണ്ടെത്താനും സഹായകമായ സാഹിത്യങ്ങൾ അവർക്കു നൽകാനുമുള്ള ഫലകരമായ ഒരു മാർഗമാണിത്. ‘സമയം തക്കത്തിൽ ഉപയോഗിക്കുന്നതും’ എല്ലാ അവസരങ്ങളിലും അതുപോലെതന്നെ കണ്ടുമുട്ടുന്ന എല്ലാവരോടും സാക്ഷീകരിക്കുന്നതും മൂല്യവത്താണ്. (എഫെ. 5:16) ഈ വിധത്തിൽ സാക്ഷീകരിക്കുന്നതിന് നാം ധൈര്യം സംഭരിക്കേണ്ടതുണ്ടായിരിക്കാം. എന്നാൽ ദൈവത്തിന്റെ സ്നേഹവും ആളുകളുടെ ആവശ്യങ്ങളും നാം വിലമതിക്കുന്നെങ്കിൽ നാം ഏത് അവസരങ്ങളിലും സാക്ഷീകരിക്കും.—2 തിമൊ. 1:7, 8.
3 ഒരു മുഴുസമയ ശുശ്രൂഷകൻ, ടാക്സിയിൽ തന്നോടൊപ്പം യാത്രചെയ്തിരുന്ന ഒരാളുമായി സംഭാഷണം തുടങ്ങിയതിനാൽ സമൃദ്ധമായി അനുഗ്രഹിക്കപ്പെട്ടു. ആ മനുഷ്യൻ താത്പര്യം പ്രകടമാക്കി. അദ്ദേഹത്തിനു മടക്കസന്ദർശനങ്ങൾ നടത്തി, ഒരു ബൈബിൾ അധ്യയനവും തുടങ്ങി. അദ്ദേഹം സത്യം സ്വീകരിച്ചു, ഒരു സഭാ മൂപ്പനാകുന്ന അളവോളം പുരോഗതി പ്രാപിച്ചു!
4 കത്തെഴതൽ: ശാരീരിക വൈകല്യങ്ങളോ മോശമായ കാലാവസ്ഥയോ നിമിത്തം ഒരുപക്ഷേ നമുക്കു വീടുതോറും പോകാൻ കഴിയില്ലായിരിക്കും. എന്നാൽ നമുക്ക് കത്തുകൾ എഴുതാം. നമ്മുടെ പരിചയക്കാർക്കോ പ്രിയപ്പെട്ടവർ മരിച്ചുപോയ വ്യക്തികൾക്കോ വീട്ടിൽ കണ്ടുമുട്ടാൻ കഴിയാഞ്ഞവർക്കോ കത്തിലൂടെ ഹ്രസ്വമായി സാക്ഷ്യം നൽകാവുന്നതാണ്. ആകർഷകമായ ബൈബിളധിഷ്ഠിത സന്ദേശം അടങ്ങിയതും ഏതെങ്കിലും ചോദ്യങ്ങൾ ഉള്ളപക്ഷം അവ ചോദിക്കാൻ വ്യക്തിയെ പ്രോത്സാഹിപ്പിക്കുന്നതുമായ ഉചിതമായ ഒരു ലഘുലേഖയും ഒപ്പം അയയ്ക്കാവുന്നതാണ്. മറുപടി അയയ്ക്കുന്നതിന് നിങ്ങളുടെയോ രാജ്യഹാളിന്റെയോ മേൽവിലാസം നൽകുക; ദയവായി ബ്രാഞ്ച് ഓഫീസിന്റെ വിലാസം ഉപയോഗിക്കരുത്.
5 ടെലിഫോൺ സാക്ഷീകരണം: വീടുതോറുമുള്ള പ്രവർത്തനത്തിലൂടെ കണ്ടുമുട്ടാൻ കഴിയാത്തവരെ സുവാർത്തയുമായി സമീപിക്കാനുള്ള ഒരു ഉത്തമ മാർഗമാണ് ഇത്. നാം അത് വിവേചനയോടെ, ദയാപൂർവം, നയപരമായും വൈദഗ്ധ്യത്തോടെയും ചെയ്യുന്നെങ്കിൽ നല്ല പ്രതികരണം ലഭിച്ചേക്കാം. 2001 ഫെബ്രുവരി ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ 5-6 പേജുകളിൽ ഏറ്റവും നല്ല ഫലങ്ങൾ കൊയ്യുന്നതിനുള്ള പ്രായോഗിക നിർദേശങ്ങൾ പ്രദാനം ചെയ്തിരിക്കുന്നു.
6 ഒരു സഹോദരി ടെലിഫോണിലൂടെ ഒരു സ്ത്രീയോടു സാക്ഷീകരണം നടത്തുകയായിരുന്നു. അവരുടെയും കുടുംബത്തിന്റെയും ഭാവിയെ കുറിച്ച് ഗൗരവമായി ചിന്തിച്ചിട്ടുണ്ടോ എന്ന് സഹോദരി ചോദിച്ചു. ഉണ്ടെന്ന് ആ സ്ത്രീ മറുപടി പറഞ്ഞു. നിരാശ മൂത്ത് താൻ വീട്ടിൽ തന്നെത്തന്നെ ഒറ്റപ്പെടുത്തിയിരിക്കയാണെന്ന് അവർ വെളിപ്പെടുത്തി. സഹോദരി പ്രകടമാക്കിയ ആത്മാർഥമായ താത്പര്യം നിമിത്തം അടുത്തുള്ള ഒരു കമ്പോളത്തിൽവെച്ച് കാണാമെന്ന് ആ സ്ത്രീ സമ്മതിച്ചു. അതിന്റെ ഫലമായി, അവർ ഉടനടി ഒരു ബൈബിൾ അധ്യയനത്തിനു സമ്മതിച്ചു!
7 അപരിചിതരെ സ്വാഗതം ചെയ്യൽ: നാം സഹമനുഷ്യരെ സ്നേഹിക്കുന്നെങ്കിൽ, ഏതെങ്കിലും അപരിചിതൻ നമ്മുടെ യോഗസ്ഥലം സന്ദർശിക്കുന്നുണ്ടോ എന്നതു സംബന്ധിച്ച് നാം ശ്രദ്ധാലുക്കളായിരിക്കും; അദ്ദേഹത്തെ ഊഷ്മളമായി സ്വാഗതം ചെയ്യാൻ നാം ശ്രമിക്കുകയും ചെയ്യും. (റോമ. 15:7) തന്റെ ആത്മീയ ക്ഷേമത്തിൽ ആത്മാർഥ താത്പര്യമുള്ളവരോടൊപ്പമാണ് താനെന്നു തിരിച്ചറിയാൻ അത് അദ്ദേഹത്തെ സഹായിക്കും. നമ്മുടെ ആത്മാർഥമായ പരിഗണനയും വ്യക്തിപരമായി ബൈബിൾ പഠിപ്പിക്കാമെന്ന നമ്മുടെ വാഗ്ദാനവും നാം വെച്ചുനീട്ടുന്ന സഹായം സ്വീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചേക്കാം.
8 നമ്മുടെ നല്ല നടത്ത: നമ്മുടെ നല്ല നടത്തയാൽ നാം സത്യത്തെ അലങ്കരിക്കുന്നു. (തീത്തൊ. 2:10, NW) ലോകത്തിലുള്ള ആളുകൾ യഹോവയുടെ സാക്ഷികളായ നമ്മെ കുറിച്ച് നല്ല കാര്യങ്ങൾ പറയുമ്പോൾ അത് നമ്മുടെ ദൈവത്തിനു ബഹുമതി കൈവരുത്തുന്നു. (1 പത്രൊ. 2:12) അതിനും ജീവന്റെ മാർഗത്തിൽ സഞ്ചരിച്ചു തുടങ്ങാൻ മറ്റുള്ളവരെ സഹായിക്കാനാകും.
9 യഹോവയുടെ മഹാ സ്നേഹത്തോടുള്ള നമ്മുടെ വിലമതിപ്പു പ്രകടിപ്പിക്കാനുള്ള ഈ അഞ്ചു വിധങ്ങൾ എന്തുകൊണ്ട് പുനരവലോകനം ചെയ്യുകയും പ്രവൃത്തിപഥത്തിൽ വരുത്തുകയും ചെയ്തുകൂടാ? (1 യോഹ. 4:16) എങ്കിൽ, നിങ്ങൾ ധാരാളം അനുഗ്രഹങ്ങൾ കൊയ്യും.