രാജ്യഹാൾ നിർമാണ പരിപാടി പുരോഗമിക്കുന്നു
1 ഐക്യനാടുകളിലും കാനഡയിലും രാജ്യഹാളുകൾ നിർമിക്കുന്നതിനും പുതുക്കിപ്പണിയുന്നതിനുമായി ഒരു പ്രത്യേക ഫണ്ട് രൂപവത്കരിക്കുന്നതായി 1983-ൽ ഐക്യനാടുകളിൽവെച്ച് നടത്തിയ “രാജ്യ ഐക്യ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകളിൽ അറിയിക്കുകയുണ്ടായി. അത്തരം ചെറിയ തുടക്കങ്ങൾ കൈവരുത്താൻ പോകുന്ന അനുഗ്രഹങ്ങൾ അന്ന് ആരും വിഭാവന ചെയ്തിരിക്കാനിടയില്ല. സങ്കീർത്തനം 92:4-ലെ വാക്കുകളുടെ സത്യത അവർ കൂടുതലായി മനസ്സിലാക്കാൻ തുടങ്ങി: “യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാൻ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.” പിന്നീട് ആഫ്രിക്ക, ഏഷ്യ, ദക്ഷിണ-മധ്യ അമേരിക്ക, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെ സാമ്പത്തിക ക്ലേശം അനുഭവിക്കുന്ന പ്രദേശങ്ങളിലെ സഹോദരങ്ങളെ സഹായിക്കത്തക്കവിധം പരിപാടി വിപുലീകരിച്ചു.
2 ഇപ്പോൾ കൈവരിച്ചിരിക്കുന്ന നേട്ടങ്ങളെപ്രതി നമുക്കെല്ലാം വളരെയധികം ആനന്ദിക്കാൻ കഴിയും. ഇന്ന് അന്താരാഷ്ട്ര രാജ്യഹാൾ നിർമാണ പ്രവർത്തനം ത്വരിതഗതിയിൽ പുരോഗമിക്കുകയാണ്. എന്നാൽ ഇവിടെ, ഇന്ത്യയിൽ നമുക്ക് എങ്ങനെ ഈ പരിപാടിയിൽ പങ്കെടുക്കുന്നതിന്റെ പദവി ഉണ്ടായിരിക്കാനാകും? ഇപ്പോൾ പ്രാദേശിക സഭകളുടെ ചെറുതും വലുതുമായ സംഭാവനകളെ ആശ്രയിച്ചു നടക്കുന്ന നമ്മുടെ രാജ്യത്തെ രാജ്യഹാൾ നിർമാണ പരിപാടിയെ പിന്തുണച്ചുകൊണ്ട്. പല സഹോദരന്മാർക്കും തങ്ങളുടെ സമയവും പ്രാപ്തികളും വൈദഗ്ധ്യങ്ങളും സ്വമേധയാ നൽകിക്കൊണ്ട് ഇത്തരം പദ്ധതികളെ പിന്തുണയ്ക്കാൻ കഴിയും. എന്നാൽ അപ്പോഴും മുഴു പരിപാടിയുടെയും വിജയം ആശ്രയിച്ചിരിക്കുന്നത് നാം എത്രത്തോളം കൊടുക്കുന്നു എന്നതിലല്ല, മറിച്ച് നമ്മുടെ ഒരുമയോടെയുള്ള പരിശ്രമങ്ങളുടെമേൽ യഹോവ സമൃദ്ധമായി ചൊരിയുന്ന അനുഗ്രഹത്തിലും അവന്റെ മാർഗനിർദേശത്തിലും പിന്തുണയിലുമാണ് എന്നു നാം തിരിച്ചറിയുന്നു.—സങ്കീ. 127:1.
3 രാജ്യത്തെവിടെയുമുള്ള രാജ്യഹാളുകളിൽ പ്രസാധകർ രാജ്യഹാൾ ഫണ്ടിലേക്കുള്ള സംഭാവനകൾ നിക്ഷേപിക്കുന്ന ഒരു സംഭാവനപ്പെട്ടി ഉണ്ട്. കൂടാതെ പല സഭകളും തങ്ങളുടെ സഭാ സംഭാവനയിൽനിന്ന് പ്രതിമാസം ഒരു തുക ഇതിലേക്ക് അയച്ചുകൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്. മറ്റു ചില സഭകളാകട്ടെ, തങ്ങളുടെ സമ്പാദ്യം നിശ്ചിത കാലയളവിലേക്കുള്ള പദ്ധതികളിൽ നിക്ഷേപിക്കുന്നതിനു പകരം രാജ്യഹാൾ ഫണ്ടിലേക്കു നൽകുന്നു. അങ്ങനെ ചെയ്യുന്നതിലൂടെ തങ്ങൾക്ക് നിർമാണത്തിനുള്ള സാഹചര്യം ഒത്തുവരുമ്പോൾ തങ്ങളുടെ സംഭാവനയിൽനിന്നു മാത്രമല്ല, ഇപ്പോൾ പുതിയ രാജ്യഹാളിന്റെ ആവശ്യമില്ലാത്തവരുടെ സംഭാവനയിൽനിന്നും അവർക്കു പ്രയോജനം നേടാനാകും.
4 ഇതുവരെയുള്ള പ്രതികരണം എങ്ങനെ? സഹോദരങ്ങൾ ഈ പരിപാടിയെ കുറിച്ച് ആദ്യം കേട്ട കഴിഞ്ഞ വർഷം മാർച്ച് മുതൽ രണ്ടു രാജ്യഹാളുകൾ നിർമിക്കാനാവശ്യമായ പണം നിക്ഷേപിക്കപ്പെട്ടു കഴിഞ്ഞു. ഈ ഫണ്ടിൽ നിന്നുള്ള സഹായത്തോടെ രാജ്യഹാൾ നിർമിച്ചു കഴിഞ്ഞ സഭകൾ തങ്ങളെപ്പോലെതന്നെ മറ്റു സഭകൾക്കും പ്രയോജനം ലഭിക്കേണ്ടതിന് ഇപ്പോഴും ക്രമമായി സംഭാവന ചെയ്യുന്നതു കാണുന്നത് പ്രോത്സാഹജനകം തന്നെ. സ്വന്തമായി ഹാൾ നിർമിക്കാനുള്ള സാഹചര്യം ഇപ്പോൾ ഇല്ലാത്ത സഭകൾ പ്രതിമാസ സംഭാവന അയച്ചു തുടങ്ങിയിട്ടുണ്ട്. ഈ സംഭാവനകൾ ഉടനടി രാജ്യത്തെവിടെയെങ്കിലും ഒരു രാജ്യഹാൾ നിർമിക്കുന്നതിന് ഉപയോഗിക്കാം എന്നും ഉചിതമായ സമയത്ത് തങ്ങളുടെ നിർമാണ പദ്ധതിക്ക് ആവശ്യമായ പിന്തുണ സമാനമായ സംഭാവനകളിൽനിന്നു ലഭ്യമാകും എന്നും അറിയുന്നതിന്റെ സന്തോഷം അവർക്കുണ്ട്.
5 മറ്റു രാജ്യങ്ങളിൽ ഈ പദ്ധതിയെ യഹോവ എങ്ങനെ അനുഗ്രഹിച്ചിരിക്കുന്നു എന്നത് അവിടെ നിർമിക്കപ്പെട്ട ചില രാജ്യഹാളുകളുടെ ഇവിടെ കൊടുത്തിട്ടുള്ള ചിത്രങ്ങളിൽനിന്നു വ്യക്തമാണ്. അത്തരം നിർമാണ പ്രവർത്തനം ആ രാജ്യങ്ങളിലെ യഹോവയുടെ സാക്ഷികളുടെ പ്രവർത്തനത്തിന്മേൽ ചെലുത്തിയിട്ടുള്ള പ്രഭാവത്തെ കുറിച്ച് ഒന്നു ചിന്തിക്കുക. മൂന്നു വ്യതിരിക്ത മേഖലകളിൽ ഇതു പ്രകടമാണ്—നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന്റെ ഐക്യം, പ്രദേശത്തെ ആളുകളുടെമേലുള്ള ഫലം, കൂടാതെ സഭായോഗങ്ങളിലെ വർധിച്ച ഹാജർ എന്നിവയിൽ. ഈ അനുബന്ധത്തിൽ, ആഫ്രിക്കയിൽ നിർമിക്കപ്പെട്ട രാജ്യഹാളുകളുടെ ചിത്രങ്ങളാണ് കൊടുത്തിരിക്കുന്നത്. എന്നാൽ നമ്മുടെ രാജ്യ ശുശ്രൂഷയുടെ ഭാവി ലക്കങ്ങളിൽ ഇന്ത്യയിലെ രാജ്യഹാൾ നിർമാണ പരിപാടിയുടെ പുരോഗമനത്തെക്കുറിച്ചു പ്രതിപാദിക്കാൻ കഴിഞ്ഞേക്കുമെന്നു ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സഭ ഈ ക്രമീകരണത്തിൽനിന്നു പ്രയോജനം അനുഭവിക്കുമോ? ഈ പദ്ധതിയെ പൂർണമായി പിന്തുണയ്ക്കുന്നതിനു നിങ്ങൾ നടത്തുന്ന എല്ലാ പരിശ്രമങ്ങളെയും യഹോവ അനുഗ്രഹിക്കുമാറാകട്ടെ.
[5-ാം പേജിലെ ചിത്രങ്ങൾ]
ബിംബോ, ബാംഗ്വി
മധ്യാഫ്രിക്കൻ റിപ്പബ്ലിക്ക്
ബെഗൂവ, ബാംഗ്വി
[6-ാം പേജിലെ ചിത്രങ്ങൾ]
ഊകോങ്ക, ടാൻസാനിയ
സലാല, ലൈബീരിയ
പെമി, ടോഗോ
സോകോഡേ, ടോഗോ
കരോയി, സിംബാബ്വേ